Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഐ.എസ്.ആർ.ഒ ചാരക്കേസിലെ ഗൂഢാലോചനയിൽ അന്വേഷണം സിബിഐക്ക് വിട്ടു സുപ്രീംകോടതി; മൂന്ന് മാസത്തിനകം സിബിഐ റിപ്പോർട്ടു നൽകണമെന്ന് കോടതി; കോൺഗ്രസിലെ ഗ്രൂപ്പ് തർക്കം ശാസ്ത്രജ്ഞന്റെ ജീവിതം പന്താടിയെന്ന മോദിയുടെ പരാമർശത്തിന് പിന്നാലെ കേന്ദ്ര ഏജൻസി എത്തുമ്പോൾ നെഞ്ചിടിക്കുന്നത് ആർക്ക്?

ഐ.എസ്.ആർ.ഒ ചാരക്കേസിലെ ഗൂഢാലോചനയിൽ അന്വേഷണം സിബിഐക്ക് വിട്ടു സുപ്രീംകോടതി; മൂന്ന് മാസത്തിനകം സിബിഐ റിപ്പോർട്ടു നൽകണമെന്ന് കോടതി; കോൺഗ്രസിലെ ഗ്രൂപ്പ് തർക്കം ശാസ്ത്രജ്ഞന്റെ ജീവിതം പന്താടിയെന്ന മോദിയുടെ പരാമർശത്തിന് പിന്നാലെ കേന്ദ്ര ഏജൻസി എത്തുമ്പോൾ നെഞ്ചിടിക്കുന്നത് ആർക്ക്?

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഐ.എസ്.ആർ.ഓ ചാരക്കേസിൽ ഗൂഢാലോചനയിലെ അന്വേഷണം സിബിഐക്ക് വിട്ടു സുപ്രീംകോടതി. മൂന്ന് മാസത്തിനകം സിബിഐ റിപ്പോർട്ടു നൽകണമെന്നാണ് കോടതി ഉത്തവിട്ടിരിക്കുന്നത്. ഗൂഢാലോചന സംബന്ധിച്ച് നേരത്തെ അന്വേഷണം നടത്തിയ ജെയിൻ കമ്മിറ്റി റിപ്പോർട്ട് പരസ്യപ്പെടുത്തിയില്ല. നമ്പി നാരായണനെതിരെ ഗൂഢാലോചന നടത്തിയ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ആരെന്ന അന്വേഷണമാകും സിബിഐ നടത്തുക.

ജസ്റ്റിസ് ജയിൻ സമിതി റിപ്പോർട്ടിലെ ശുപാർശ അംഗീകരിച്ചാണ് കോടതി തീരുമാനം. സമിതി റിപ്പോർട്ട് സിബിഐയ്ക്ക് കൈമാറുമെന്നും റിപ്പോർട്ട് പരസ്യപ്പെടുത്തില്ലെന്നും കോടതി അറിയിച്ചു. റിപ്പോർട്ടിൽ ഗൗരവമേറിയ കണ്ടെത്തലുകളുണ്ടെന്നും കോടതി പറഞ്ഞു. കേരള പൊലീസ് നമ്പി നാരായണനെ കുടുക്കാൻ ഗൂഢാലോചന നടത്തിയിട്ടുണ്ടോ എന്നാണ് സിബിഐ അന്വേഷിക്കുക. മൂന്ന് മാസത്തിനകം അന്വേഷണം പൂർത്തിയാക്കി സിബിഐ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.

ജയിൻ സമിതിയുടേത് പ്രാഥമിക റിപ്പോർട്ടാണെന്നും ഇത് അടിസ്ഥാനമാക്കി തുടരന്വേഷണം നടത്താമെന്നുമാണ് കോടതി അറിയിച്ചത്. അതേസമയം ജയിൻ സമിതി റിപ്പോർട്ട് പുറത്തുവിടരുതെന്നും സിബിഐ അന്വേഷണത്തിന് മാത്രമേ ഉപയോഗിക്കാവു എന്നും കോടതി നിർദ്ദേശം നൽകി. റിപ്പോർട്ട് നമ്പി നാരായണനും കൈമാറില്ല.

ജസ്റ്റിസുമാരായ എ എം ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി, കൃഷ്ണ മുരാരി എന്നിവർ അടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് ഐ.എസ്.ആർ.ഒ ചാരക്കേസിൽ നമ്പി നാരായണനെതിരെ ഗൂഢാലോചനയിൽ അന്വേഷണം പ്രഖ്യാപിച്ചത്. നേരത്തെ മുദ്രവച്ച കവറിലാണ് ജസ്റ്റിസ് ഡി കെ ജയിൻ അധ്യക്ഷനായ സമിതി റിപ്പോർട്ട് സുപ്രീം കോടതിക്ക് കൈമാറിയിരുന്നത്.

ജസ്റ്റിസ് ജയിൻ നേതൃത്വം നൽകിയ സമിതിയുടെ റിപ്പോർട്ടിലെ ഉള്ളടക്കം ഇതുവരെയും പരസ്യമായിട്ടില്ല. എന്നാൽ ചാരക്കേസ് അന്വേഷിച്ച കേരള പൊലീസിലേയും ഇന്റിലിജൻസ് ബ്യുറോയിലെയും ചില ഉദ്യോഗസ്ഥർക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം എന്ന ശുപാർശ റിപ്പോർട്ടിൽ ഉണ്ടെന്നാണ് സർക്കാരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളുടെ പ്രതീക്ഷ. അതിനാലാണ് കേസിൽ കക്ഷിചേരാൻ കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ അപേക്ഷ നൽകിയിരിക്കുന്നത്.

പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരായ അന്വേഷണം ആവശ്യമെങ്കിൽ കേന്ദ്ര ഏജൻസികൾ നടത്താം എന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിക്കും. നിയമസഭാ തെരെഞ്ഞെടുപ്പ് പ്രചാരണത്തിനായി തിരുവനന്തപുരത്ത് നടത്തിയ പ്രസംഗത്തിൽ ഐ.എസ്.ആർ.ഒ ചാരക്കേസ് പ്രധാനമന്ത്രി നരേന്ദ്ര മോദി പരാമർശിച്ചിരുന്നു, കോൺഗ്രസിലെ എ, ഐ ഗ്രൂപ്പ് തർക്കത്തിന്റെ പേരിലാണ് നമ്പി നാരായണനെന്ന ശാസ്ത്രജ്ഞന്റെ ശാസ്ത്രജീവിതം പരിപൂർണമായി അവസാനിച്ചത് എന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. നമ്പി നാരായണന് എതിരായ ഗൂഢാലോചനയിൽ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടായിട്ടുണ്ട് എന്ന് ജസ്റ്റിസ് ജയിൻ സമിതി നൽകിയ റിപ്പോർട്ടിൽ പരാമർശം ഉണ്ടെങ്കിൽ അത് വലിയ തോതിൽ ചർച്ചയാക്കാനും വരും ദിവസങ്ങളിൽ ബിജെപി ശ്രമിക്കും. സിബിഐ അന്വേഷണത്തിന്റെ പശ്ചാത്തലത്തിൽ ഈ കേസ് കൂടുതൽ വിവാദമാകാൻ സാധ്യതയുണ്ട്.

2018 സെപ്റ്റംബറിലാണ് ഐ.എസ്.ആർ.ഒ ചാരക്കേസിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കാൻ ജസ്റ്റിസ് ഡി കെ ജയിൻ അധ്യക്ഷനായ സമിതിക്ക് സുപ്രീം കോടതി രൂപം നൽകിയത്. കേന്ദ്ര ആഭ്യന്തര വകുപ്പിലെ മുൻ അഡീഷണൽ സെക്രട്ടറി ബി കെ പ്രസാദ്, കേരളത്തിലെ മുൻ അഡീഷണൽ ചീഫ് സെക്രട്ടറി വി എസ് സെന്തിൽ എന്നിവരാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പ്രതിനിധികളായി സമിതിയിൽ ഉള്ളത്. 2020 ഡിസംബർ 14,15 തീയതികളിൽ ജസ്റ്റിസ് ജയിന്റെ അധ്യക്ഷതയിലുള്ള സമിതി തിരുവനന്തപുരത്ത് തെളിവെടുപ്പ് നടത്തിയിരുന്നു. നമ്പി നാരായണന്റെ ഭാഗം സമിതി വിശദമായി കേട്ടിരുന്നു.

നേരത്തെ കെട്ടിച്ചമച്ച ഐഎസ്ആർഒ ചാരക്കേസിൽ അനാവശ്യമായി പ്രതിചേർക്കപ്പെട്ട് പീഡനമേറ്റുവാങ്ങേണ്ടിവന്ന ശാസ്ത്രജ്ഞൻ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഈ തുക സംസ്ഥാന സർക്കാർ കൈമാറുകയും ചെയ്യുകയുണ്ടായി. ചാരക്കേസ് തുടക്കത്തിൽ അന്വേഷിച്ച പ്രത്യേകാന്വേഷണ സംഘത്തലവൻ സിബി മാത്യൂസ്, സിബിസിഐഡി ഡെപ്യൂട്ടി എസ്‌പിയായിരുന്ന കെ കെ ജോഷ്വ, സ്പെഷ്യൽ ബ്രാഞ്ച് ഇൻസ്പെക്ടറായിരുന്ന എസ് വിജയൻ എന്നിവർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് നമ്പി നാരായണൻ സുപ്രീംകോടതിയെ സമീപിച്ചത്. നമ്പി നാരായണന്റെ വാദങ്ങൾ ശരിവച്ച കോടതി 50 ലക്ഷം രൂപ നഷ്ടപരിഹാരം എട്ടാഴ്ചയ്ക്കകം നൽകാൻ സംസ്ഥാന സർക്കാരിനോട് നിർദ്ദേശിക്കുകയായിരുന്നു.

മാലദ്വീപ് സ്വദേശികളായ മറിയം റഷീദ, ഫൗസിയ ഹസ്സൻ തുടങ്ങിയവരുമായി ചേർന്ന് ഐഎസ്ആർഒയിലെ വിവരങ്ങൾ നമ്പി നാരായണൻ ഉൾപ്പെടെയുള്ള ശാസ്ത്രജ്ഞർ പാക്കിസ്ഥാന് ചോർത്തിനൽകിയെന്നായിരുന്നു ആക്ഷേപം. 1994 നവംബറിൽ പൊലീസ് കേസെടുത്തു. തുടക്കത്തിൽ എസ്ഐടി അന്വേഷിച്ച കേസ് പിന്നീട് സിബിഐക്ക് വിട്ടു. തെളിവില്ലാത്തതിനാൽ പ്രതികളെ കുറ്റവിമുക്തരാക്കിയുള്ള റിപ്പോർട്ട് സിബിഐ പിന്നീട് മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ചു. സിബിഐയുടെ കണ്ടെത്തൽ പിന്നീട് സുപ്രീംകോടതിയടക്കം ശരിവെക്കുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP