Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിബിഎസ് ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി; പ്ലസ് ടു പരീക്ഷ മാറ്റി വച്ചു; പന്ത്രണ്ടാംക്ലാസ് പരീക്ഷയിൽ തീരുമാനം എടുക്കുക ജൂൺ മാസത്തിലെ അവലോകന യോഗത്തിൽ; പത്താം ക്ലാസുകാർക്ക് ഇന്റേണൽ മാർക്കിന്റെ അടിസ്ഥാനത്തിൽ സ്ഥാനക്കയറ്റം നൽകുന്നതും പരിഗണനയിൽ; പരീക്ഷ മാറ്റുന്നത് കോവിഡ് അതിവ്യാപന ഭീഷണിയിൽ; നിർദ്ദേശം നൽകിയത് പ്രധാനമന്ത്രി

സിബിഎസ് ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി; പ്ലസ് ടു പരീക്ഷ മാറ്റി വച്ചു; പന്ത്രണ്ടാംക്ലാസ് പരീക്ഷയിൽ തീരുമാനം എടുക്കുക ജൂൺ മാസത്തിലെ അവലോകന യോഗത്തിൽ; പത്താം ക്ലാസുകാർക്ക് ഇന്റേണൽ മാർക്കിന്റെ അടിസ്ഥാനത്തിൽ സ്ഥാനക്കയറ്റം നൽകുന്നതും പരിഗണനയിൽ; പരീക്ഷ മാറ്റുന്നത് കോവിഡ് അതിവ്യാപന ഭീഷണിയിൽ; നിർദ്ദേശം നൽകിയത് പ്രധാനമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോവിഡ് അതിവ്യാപനത്തെ തുടർന്ന് സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി. പ്ലസ് ടു പരീക്ഷ മാറ്റി വച്ചു. രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം ആഞ്ഞടിക്കവേ, സിബിഎസ്ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതലയോഗം വിളിച്ചിരുന്നു. ഈ യോഗത്തിന് ശേഷമാണ് തീരുമാനം. പന്ത്രാണ്ടാം ക്ലാസ് പരീക്ഷയുടെ കാര്യത്തിൽ ജൂൺ മാസത്തിൽ തീരുമാനം വരും.

വിദ്യാഭ്യാസത്തിന്റെ ചുമതലയുള്ള മന്ത്രി രമേശ് പൊഖ്‌റിയാലിനെയും സിബിഎസ്ഇയിലെ ഉന്നത ഉദ്യോഗസ്ഥരെയുമാണ് ഉച്ചയ്ക്ക് ശേഷമുള്ള യോഗത്തിൽ പ്രധാനമന്ത്രി കാര്യങ്ങൾ ചർച്ച നടത്തിയത്. ഡൽഹി മുഖ്യമന്ത്രിയടക്കം വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ സിബിഎസ്ഇ പരീക്ഷകൾ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതാണ് അംഗീകരിക്കപ്പെട്ടത്. ഓൺലൈൻ സംവിധാനത്തിലെ പരീക്ഷയെ കുറിച്ചും ആലോചിച്ചു. എന്നാൽ എല്ലാ കുട്ടികൾക്കും ഓൺലൈൻ ലഭ്യമല്ലെന്ന് വിലയിരുത്തി. അതുകൊണ്ടാണ് പത്താംക്ലാസിലെ പരീക്ഷ വേണ്ടെന്ന് വച്ചത്.

പ്ലസ് ടു കുട്ടികൾക്ക് കോളേജ് പ്രവേശനത്തിന് പരീക്ഷ അനിവാര്യമാണ്. ഈ സാഹചര്യത്തിൽ പ്ലസ് ടു പരീക്ഷ നടത്തും. അത് ഓൺലൈനിലൂടെ വേണമോ എന്നതുൾപ്പെടെ പരിഗണിക്കും. ഏതായാലും ജൂണിലാകും ഇക്കാര്യത്തിൽ തീരുമാനം എടുക്കുക. പരീക്ഷ നടത്താനുള്ള സാഹചര്യം പരിശോധിക്കും. പരീക്ഷ വൈകിയാൽ കോളേജ് പ്രവേശനത്തിനായി അക്കാദമിക് കലണ്ടറിലും മാറ്റം വരുത്തും.

മെയ് നാലിനാണ് സിബിഎസ്ഇ 10, 12 പരീക്ഷകൾ നടക്കാനിരിക്കുന്നത്. ഓഫ് ലൈനായിട്ടാകും പരീക്ഷകൾ നടത്തുകയെന്ന് സിബിഎസ്ഇ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരിയിലാണ് പരീക്ഷാത്തീയതികൾ പ്രഖ്യാപിച്ചത്. അന്ന് കോവിഡ് നിയന്ത്രണത്തിലായ ഘട്ടത്തിലായിരുന്നു. പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകൾ പതിനയ്യായിരത്തിൽ താഴെയായ കാലത്താണ് പരീക്ഷകൾ നടത്താൻ സിബിഎസ്ഇ തീരുമാനിച്ചത്. എന്നാൽ പിന്നീട് കാര്യങ്ങൾ കൈവിട്ടുപോയി.

ഇന്ന് മാത്രം രാജ്യത്ത് പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകൾ 1.84 ലക്ഷമാണ്. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും വലിയ പ്രതിദിന വർദ്ധനയാണിത്. പ്രതിദിനമരണം ആയിരം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് ബാധിച്ച് മരിച്ചത് 1027 പേരാണ്. ഇതും കഴിഞ്ഞ ആറ് മാസത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ടതിലെ ഏറ്റവും വലിയ മരണനിരക്കാണ്. രാജ്യത്ത് നിലവിൽ 13 ലക്ഷത്തിലധികം പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, രാഹുൽ ഗാന്ധി എംപി, പ്രിയങ്ക ഗാന്ധി വധേര എന്നിവരടക്കം നിരവധി നേതാക്കളും സംസ്ഥാനങ്ങളും പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ സിബിഎസ്ഇ പരീക്ഷ മാറ്റിവയ്ക്കണമെന്ന് പല തവണ ആവശ്യപ്പെട്ടിരുന്നു. ഡൽഹിയിൽ മാത്രം ആറ് ലക്ഷം വിദ്യാർത്ഥികളാണ് സിബിഎസ്ഇ പരീക്ഷ എഴുതാനുള്ളത്. ഒരു ലക്ഷം അദ്ധ്യാപകർ പരീക്ഷാഡ്യൂട്ടിയിലുണ്ടാകും.

ഓൺലൈൻ മാതൃകയിൽ പരീക്ഷ നടത്തണമെന്നും, ഒരു മാസം കൊണ്ട് അതിനുള്ള സജ്ജീകരണങ്ങളൊരുക്കണമെന്നുമാണ് ഡൽഹി സർക്കാരിന്റെ ആവശ്യം. ഇന്റേണൽ അസസ്‌മെന്റ് മാർക്കിന്റെ അടിസ്ഥാനത്തിൽ കുട്ടികളെ ജയിപ്പിക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കളുടെ ഒരു സംഘടനയും പ്രധാനമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്. കുട്ടികളും, ബഹുഭൂരിപക്ഷം അദ്ധ്യാപകരും ഇപ്പോഴും വാക്‌സീൻ സ്വീകരിച്ചിട്ടില്ലാത്തതിനാൽ വൻ കോവിഡ് വ്യാപനത്തിന് സാധ്യതയുണ്ടെന്നാണ് അവർ ചൂണ്ടിക്കാട്ടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP