Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എനിക്കു സ്ഥാനാർത്ഥിത്വം ലഭിക്കാത്തതിൽ സന്തോഷിക്കാൻ ചിലർ ഹോട്ടലിൽ ഒത്തുകൂടി മദ്യസൽക്കാരം നടത്തി; ഇടതുപക്ഷ പാർട്ടികളിലുൾപ്പെടെ പൊളിറ്റിക്കൽ ക്രിമിനലുകൾ കടന്നുകൂടി; പുതിയ തലമുറയും പഴയ തലമുറയും ചേരുന്നതാണ് പാർട്ടി; വീണ്ടും തുറന്നു പറഞ്ഞ് ജി സുധാകരൻ; ആലപ്പുഴ സിപിഎമ്മിൽ പൊട്ടിത്തെറി ഉറപ്പ്

എനിക്കു സ്ഥാനാർത്ഥിത്വം ലഭിക്കാത്തതിൽ സന്തോഷിക്കാൻ ചിലർ ഹോട്ടലിൽ ഒത്തുകൂടി മദ്യസൽക്കാരം നടത്തി; ഇടതുപക്ഷ പാർട്ടികളിലുൾപ്പെടെ പൊളിറ്റിക്കൽ ക്രിമിനലുകൾ കടന്നുകൂടി; പുതിയ തലമുറയും പഴയ തലമുറയും ചേരുന്നതാണ് പാർട്ടി; വീണ്ടും തുറന്നു പറഞ്ഞ് ജി സുധാകരൻ; ആലപ്പുഴ സിപിഎമ്മിൽ പൊട്ടിത്തെറി ഉറപ്പ്

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: സിപിഎമ്മിനെ കൂടുതൽ വെട്ടിലാക്കി വീണ്ടും ജി സുധാകരൻ. എനിക്കു സ്ഥാനാർത്ഥിത്വം ലഭിക്കാത്തതിൽ സന്തോഷിക്കാൻ ചിലർ ഹോട്ടലിൽ ഒത്തുകൂടി മദ്യസൽക്കാരം നടത്തിയെന്ന് ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ് വിവരം നൽകിയത്. അതിൽ പല പാർട്ടികളിലുള്ളവർ ഉണ്ടായിരുന്നു. അത് പൊളിറ്റിക്കൽ ക്രിമിനലിസമാണ്. ഒരു മൂല്യങ്ങളുമില്ലാത്ത ഒരു വിഭാഗം ഇവിടെ വളർന്നുവരികയാണ്. കമ്യൂണിസ്റ്റ് പാർട്ടി സ്ഥാപിച്ച പി.കൃഷ്ണപിള്ളയുടെ സ്മാരകം തകർത്തില്ലേ?-ആലപ്പുഴയിലെ മുതിർന്ന സഖാവ് വീണ്ടും ആഞ്ഞടിക്കുകയാണ്. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തലുകൾ.

ആലപ്പുഴയിലെ സിപിഎമ്മിൽ വിഭാഗീയതയുടെ വിഷയം വീണ്ടും സജീവമാകുമെന്ന സൂചനയാണ് ജി സുധാകരൻ നൽകുന്നത്. തന്നെ ഒഴിവാക്കി പാർട്ടിയെ ഹൈജാക്ക് ചെയ്യാൻ ആഗ്രഹിക്കുന്നവരുടെ ശ്രമങ്ങൾ വിലപോവില്ലെന്ന സൂചനയാണ് സുധാകൻ നൽകുന്നത്. ആലപ്പുഴയിൽ തന്നെ തുടർന്നും പ്രവർത്തിക്കുമെന്നും പറയുന്നു. പാർട്ടിയിലെ പൊളിട്ടിക്കൽ ക്രിമിനലുകൾക്കെതിരെ പോരടിക്കുമെന്ന് സുധാകരൻ പറയുമ്പോൾ അത് ആലപ്പുഴ സിപിഎമ്മിൽ ഉരുണ്ടു കൂടുന്ന വിഭാഗീയതയുടെ കൂടെ തെളിവാണ്.

പാർട്ടിയിൽ ജി.സുധാകരനെതിരെ ഒരു വിഭാഗം പ്രവർത്തിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അങ്ങനെ ഞാൻ പറഞ്ഞിട്ടില്ല. ഇടതുപക്ഷ പാർട്ടികളിലുൾപ്പെടെ പൊളിറ്റിക്കൽ ക്രിമിനലുകൾ കടന്നുകൂടിയിട്ടുണ്ട്. അവർ എന്നെ ആക്രമിക്കുന്നുവെന്നാണു പറഞ്ഞതെന്നും വിശദീകരിക്കുന്നു. അതായത് സുധാകരനെ പാർട്ടിയിൽ ഒതുക്കാൻ ചിലർ ശ്രമിക്കുന്നുവെന്ന് ആരോപിക്കുകയാണ് സുധാകരൻ. 'വീടു പണി കഴിഞ്ഞപ്പോൾ ആശാരിയെ പുറത്താക്കി' എന്നു പറയാനുണ്ടായ സാഹചര്യംവും സുധാകരൻ വീണ്ടും വിശദീകരിക്കുന്നു. അമ്പലപ്പുഴയിൽ ഞാൻ മത്സരിച്ച തിരഞ്ഞെടുപ്പിനെക്കാൾ പ്രവർത്തനം ഇത്തവണ നടത്തിയിട്ടുണ്ട്. 3 ദിവസം കൊണ്ട് 38 മണിക്കൂർ സംഘടനാ കമ്മിറ്റികളിൽ പങ്കെടുത്തു. 3 ദിവസം ജീപ്പിൽ പര്യടനം നടത്തി. ഞാൻ അവസാനം വരെ പ്രവർത്തിച്ചിട്ടും അതുണ്ടായില്ലെന്നു വാർത്ത വന്നതിനെപ്പറ്റിയാണ് അങ്ങനെ പറഞ്ഞതെന്നാണ് ചോദ്യത്തിനുള്ള മറുപടി.

ജി.സുധാകരൻ, തോമസ് ഐസക് തുടങ്ങി സംസ്ഥാന സർക്കാരിന് മികച്ച പ്രതിഛായ ഉണ്ടാക്കിയ മന്ത്രിമാരെ മാറ്റി നിർത്തുമെന്നു പ്രതീക്ഷിച്ചിരുന്നോ എന്ന ചോദ്യത്തിന് കരുതലോടെയാണ് മറുപടി. രണ്ടു തവണ തുടർച്ചയായി മത്സരിച്ചവർ മാറിനിൽക്കണമെന്ന തീരുമാനം പാർട്ടി സംസ്ഥാന കമ്മിറ്റിയുടേതായിരുന്നു. അതിനാൽ അതേപ്പറ്റി നേരത്തെ അറിയാമായിരുന്നു. അതിൽ ഇളവു നൽകുന്ന കാര്യം സംസ്ഥാന കമ്മിറ്റിക്കു തീരുമാനിക്കാമെന്നായിരുന്നു ധാരണ. ആലപ്പുഴ ഉൾപ്പെടെയുള്ള ജില്ലാ കമ്മിറ്റികൾ ഇളവ് നൽകണമെന്ന ആവശ്യമുന്നയിച്ചെങ്കിലും സംസ്ഥാന കമ്മിറ്റി തീരുമാനത്തിൽ ഉറച്ചു നിന്നുവെന്ന് സുധാകരൻ പറയുന്നു.

കായംകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥി അരിത ബാബുവിനെതിരെ എ.എം.ആരിഫ് എംപി നടത്തിയ പ്രസംഗവും മന്ത്രിയുടെ ചിത്രമുള്ള പോസ്റ്റർ കീറി എംപിയുടെ പോസ്റ്റർ ഒട്ടിച്ചതും വിവാദമായല്ലോ എന്ന ചോദ്യത്തിനും ഉണ്ട് മറുപടി. എംപിയുടെ പ്രസംഗത്തെപ്പറ്റി ഞാൻ ഒന്നും പറയുന്നില്ല. ആ പരാമർശത്തെക്കുറിച്ച് അദ്ദേഹം തന്നെ വിശദീകരണം നൽകിയല്ലോ. അമ്പലപ്പുഴയിൽ സ്ഥാനാർത്ഥിയുടെ പോസ്റ്റർ കീറിയതാണ് പ്രശ്‌നമായത്. ആരിഫ് അല്ല പോസ്റ്റർ കീറിയത്. ആരിഫ് പോസ്റ്റർ അച്ചടിച്ചത് പാർട്ടിയുടെ അറിവോടെയല്ലെന്നു ജില്ലാ സെക്രട്ടറി തന്നെ പറഞ്ഞു കഴിഞ്ഞു-സുധാകരൻ പറയുന്നു.

1996 ൽ കായംകുളം എംഎൽഎ ആയ ഞാൻ അവിടെ വലിയ വികസനങ്ങൾ നടത്തി. എന്നിട്ടും 2001 ലെ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ ചില മുൻ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ എനിക്കെതിരെ പ്രവർത്തിച്ചു. പാർട്ടി സഖാക്കൾ കാലുവാരികളാണ് എന്നല്ല പറഞ്ഞത്. കായംകുളത്തു കാലുവാരികൾ ഉണ്ടെന്നാണ്. സിപിഎമ്മിലെ തലമുറ മാറ്റമെന്ന വാദത്തേയും സുധാകരൻ പരിഹസിക്കുന്നു. തലമുറ മാറ്റം എന്നല്ല പറയേണ്ടത്. എട്ടോ പത്തോ വയസ്സിന്റെ വ്യത്യാസമുള്ളവർ മാറി വരുന്നതാണതാണോ തലമുറ മാറ്റം? പുതിയ തലമുറയും പഴയ തലമുറയും ചേരുന്നതാണ് പാർട്ടി. തലമുറമാറ്റമാണെങ്കിൽ പ്രായമായവരെ തല്ലിക്കൊല്ലാൻ കഴിയുമോ? ഇഎംഎസും എകെജിയും മരണം വരെ പാർട്ടിയുടെ നേതൃത്വത്തിലുണ്ടായിരുന്നില്ലേ-സുധാകരൻ ചോദിക്കുന്നു.

ഞാൻ ആലപ്പുഴയിൽ പ്രവർത്തിക്കും. താൽപര്യമില്ലെന്നു പറഞ്ഞു 2 തവണ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്വം ഒഴിഞ്ഞയാളാണ് ഞാൻ. ഇനി എന്റെ മനസ്സിനു കൂടിയിണങ്ങുന്ന ചുമതല ഏറ്റെടുക്കണമെന്നാണ് ആഗ്രഹം. നിയമസഭാ തിരഞ്ഞെടുപ്പിന് 5 വർഷവും ലോക്‌സഭാ തിരഞ്ഞെടുപ്പിന് 3 വർഷവുമുണ്ട്. അതേപ്പറ്റി ഇപ്പോൾ ചർച്ച ചെയ്യേണ്ടതില്ല. എനിക്ക് ഒരു മോഹവുമില്ലെന്നും സുധാകരൻ പറയുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP