Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലോകത്തെ 70 ശതമാനം രാജ്യങ്ങളും ഒറ്റക്ക് സന്ദർശിച്ച വ്യക്തി; പ്രിൻസ് ഫിലിപ് ബ്രിട്ടനു വേണ്ടി വിദേശയാത്ര നടത്തിയത് 22,219 തവണ; ഇന്ത്യ അടക്കം 67 കോമൺവെൽത്ത് രാജ്യങ്ങളിലും ഒന്നിലേറെ തവണ സന്ദർശിച്ചു

ലോകത്തെ 70 ശതമാനം രാജ്യങ്ങളും ഒറ്റക്ക് സന്ദർശിച്ച വ്യക്തി; പ്രിൻസ് ഫിലിപ് ബ്രിട്ടനു വേണ്ടി വിദേശയാത്ര നടത്തിയത് 22,219 തവണ; ഇന്ത്യ അടക്കം 67 കോമൺവെൽത്ത് രാജ്യങ്ങളിലും ഒന്നിലേറെ തവണ സന്ദർശിച്ചു

സ്വന്തം ലേഖകൻ

രു നിത്യസഞ്ചാരി എന്നു തന്നെ വിളിക്കാവുന്നത്ര യാത്രകളാണ് രാജ്യത്തിനായി ഫിലിപ്പ് രാജകുമാരൻ ചെയ്തിട്ടുള്ളത്. വിദേശങ്ങളിൽ രാജകുമാരൻ രാജ്യത്തിനായി ചെയ്ത സേവനങ്ങളെ അനുസ്മരിച്ചുകൊണ്ട് ഇന്നലെ രാജകുമാരന്റെ വിദേശയാത്രകളുടെ ചില ചിത്രങ്ങൾ കൊട്ടാരം പുറത്തുവിട്ടിരുന്നു.1949-നും 2016-നും ഇടയിലുള്ള 67 വർഷക്കാലത്തിൽ 67 കോമ്മൺവെൽത്ത് രാജ്യങ്ങളിലേക്കായി അദ്ദേഹം നടത്തിയിട്ടുള്ളത് 229 യാത്രകളാണ്. അദ്ദേഹം ഒറ്റക്ക് നടത്തിയിട്ടുള്ള വിദേശയാത്രകളുടെ എണ്ണം 22,219 എണ്ണം വരും. ഇതുകൂടാതെ രാജ്ഞിക്കൊപ്പം ആയിരക്കണക്കിന് വിദേശയാത്രകളും നടത്തിയിട്ടുണ്ട്.

രാജകുടുംബത്തിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെയാണ് വിദേശയാത്രകളുടെ ചിത്രങ്ങൾ പുറത്തുവിട്ടത്. കോമൺവെൽത്തിനായി, അംഗരാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി അശാന്തപരിശ്രമമ നടത്തിയ രാജകുമാരൻ എന്ന കുറിപ്പോടെയാണ് ഇത് പങ്കുവച്ചിട്ടുള്ളത്. ഏകദേശം 70 ശതമാനം കോമൺവെൽത്ത് രാജ്യങ്ങളും ഫിലിപ്പ് രാജകുമാരൻ സന്ദർശിക്കുകയുണ്ടായി എന്നും ഓരോ രാജ്യത്തിലേയും ജീവിതത്തിന്റെ വിവിധ തുറകളിലുള്ള പ്രമുഖ വ്യക്തികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ട്വീറ്റർ വിശദമാക്കുന്നുണ്ട്.

ഈ കുറിപ്പിനൊപ്പം രാജകുമാരനും രാജ്ഞിയും ന്യുസിലാൻഡ് സന്ദർശിച്ച ചിത്രമാണ് കൊടുത്തിരിക്കുന്നത്. മറ്റൊന്നിൽ, നൈജീരിയയിലെ അബുജയിൽ നിന്നുള്ള ചിത്രമാണ്. പിന്നൊന്നിൽ, സ്‌കൗട്ട് അംഗങ്ങളെ അദ്ദേഹം അഭിവാദ്യം ചെയ്യുന്ന ചിത്രമാണ് . ഇത് ഏത് രാജ്യത്തിൽ നിന്നുള്ളതാണെന്ന് വ്യക്തമാക്കിയിട്ടില്ല. പാക്കിസ്ഥാനിലെ ബില്ഫോക്കിൽ, ആഗാഖാൻ സ്‌കൂളിലെ കുട്ടികളെ രാജകുമാരൻ ഇംഗ്ലീഷ് പഠിപ്പിക്കുന്ന ചിത്രവും ഇക്കൂട്ടത്തിൽ ചേർത്തിട്ടുണ്ട്.

കോമൺവെൽത്ത് കൂടാതെ ആസ്ട്രേലിയ, കാനഡ, ന്യുസിലാൻഡ്, ട്രിനിഡാഡ് ആൻഡ് ടൊബാഗൊ എന്നിവിടങ്ങളിൽ സൈനികതലത്തിലും അദ്ദേഹത്തിന് പദവികളും ചുമതലകളും ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഇതേ അക്കൗണ്ടിൽ നിന്നുള്ള മറ്റൊരു പോസ്റ്റിലുണ്ട്. ഇതോടൊപ്പം നിരവധി യൂണിവേഴ്സിറ്റികളുടെ പരിപാടികളിലും ഫിലിപ്പ് രാജകുമാരൻ പങ്കെടുത്തിട്ടുണ്ട്. അവയിൽ ചില ചിത്രങ്ങൾ മറ്റൊരു പോസ്റ്റായി കൊടുത്തിട്ടുണ്ട്.

ട്വിറ്ററിനൊപ്പം രാജകുടുംബത്തിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലും നിരവധി ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട് അതിൽ വേറിട്ടു നിൽക്കുന്ന ഒന്ന് രാജകുമാരൻ മെൽബോണിൽ നടക്കാനിറങ്ങുന്ന ചിത്രമാണ്. 2011 ഒക്ടോബറിലാണ് ഈ ചിത്രം എടുത്തിരിക്കുന്നത്. ഇതുകൂടാതെ നിരവധി രാഷ്ട്രീയ നേതാക്കളും, രാജകുമാരന്റെ സുഹൃത്തുക്കളും നിരവധി മറ്റു ചിത്രങ്ങൾ ഷെയർ ചെയ്തിട്ടുണ്ട്. വില്യം രാജകുമാരനും ഹാരിയും തങ്ങളുടെ മുത്തച്ഛനെ അനുസ്മരിച്ചുകൊണ്ട് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ ചെയ്തിരുന്നു.

പാർലമെന്റിലും ഇന്നലെ ഫിലിപ്പ് രാജകുമാരന്റെ അനുസ്മരണ പ്രസംഗങ്ങൾ നടന്നു. ജനപ്രതിനിധിസഭയിൽ നൂറോളം എം പിമാർ ഇതിൽ പങ്കെടുത്തു. ഒരു നൂറ്റാണ്ടോളം നീണ്ടുനിന്ന ജീവിതം എന്റെ മുന്നിൽ മാതൃകയായി ഉണ്ട് എന്നതുമാത്രമല്ല എന്റെ ജീവിതത്തിൽ ഉടനീളം ആ സാന്നിദ്ധ്യം അനുഭവിക്കാൻ കഴിഞ്ഞു എന്നതിലും ഞാൻ ഭാഗ്യവാനാണ് എന്നായിരുന്നു വില്യം രാജകുമാരൻ പോസ്റ്റ് ചെയ്തത്. ഫ്രോഗ്മോർ കോട്ടേജിൽ ക്വാറന്റൈനിൽ ഉള്ള ഹാരിയും ഇന്നലെ ചില ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP