Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

രാഗേഷ് എംപിയുടെ ഭാര്യ കണ്ണൂരിൽ ഡീൻ; പി രാജീവിന്റെ ഭാര്യ അസിസ്റ്റന്റ് പ്രൊഫസറായി കൊച്ചിയിൽ; പി.കെ ബിജുവിന്റെ ഭാര്യയ്ക്ക് അദ്ധ്യാപക ഉദ്യോഗം കേരളയിൽ; പിന്മാറാൻ കൂട്ടാക്കാതെ തലശ്ശേരി എംഎൽഎയും; ഷംസീറിന്റെ ഭാര്യയ്ക്ക് വേണ്ടി ഓൺലൈൻ അഭിമുഖ നാടകമെന്ന് ആരോപണം

രാഗേഷ് എംപിയുടെ ഭാര്യ കണ്ണൂരിൽ ഡീൻ; പി രാജീവിന്റെ ഭാര്യ അസിസ്റ്റന്റ് പ്രൊഫസറായി കൊച്ചിയിൽ; പി.കെ ബിജുവിന്റെ ഭാര്യയ്ക്ക് അദ്ധ്യാപക ഉദ്യോഗം കേരളയിൽ; പിന്മാറാൻ കൂട്ടാക്കാതെ തലശ്ശേരി എംഎൽഎയും; ഷംസീറിന്റെ ഭാര്യയ്ക്ക് വേണ്ടി ഓൺലൈൻ അഭിമുഖ നാടകമെന്ന് ആരോപണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇടതുപക്ഷത്തിന് ഭരണ തുടർച്ച ഉണ്ടാകുമോ എന്ന് ആർക്കും ഉറപ്പില്ല. ഇതിനിടെയിലും ഭാര്യയ്ക്ക് ജോലി ഉറപ്പിക്കാനുള്ള തിരക്കിലാണ് തലശ്ശേരി എംഎൽഎയായ എഎൻ ഷംസീർ. പെരുമാറ്റച്ചട്ടം നിലനിൽക്കെ, കണ്ണൂർ സർവകലാശാലയിലെ യുജിസിയുടെ എച്ച്ആർഡി സെന്ററിൽ അസി.പ്രഫസറുടെ സ്ഥിരം തസ്തികയിലേക്കു നിയമനനീക്കം തകൃതിയായി നടക്കുകയാണ്.

എ.എൻ.ഷംസീർ എംഎൽഎയുടെ ഭാര്യയെ നിയമിക്കാനുള്ള നീക്കം തടയണമെന്നും ഇന്റർവ്യൂ നിർത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ടു സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ഗവർണർക്കും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർക്കും പരാതി നൽകി. കുസാറ്റിൽ ഒരു തസ്തികയിലേക്കുള്ള നിയമനത്തിന് ഉയർന്ന സ്‌കോർ പോയിന്റ് ഉള്ള പരമാവധി 10 പേരെ ഇന്റർവ്യൂവിനു ക്ഷണിക്കുമ്പോൾ കണ്ണൂരിൽ ഒറ്റ തസ്തികയ്ക്ക് 30 പേരെ ക്ഷണിക്കാൻ തീരുമാനിച്ചത് ഷംസീറിന്റെ ഭാര്യയെ കട്ട് ഓഫ് മാർക്കിനുള്ളിൽ പെടുത്തുന്നതിനാണെന്നും ആരോപണമുണ്ട്. ഇതാണ് പരാതിക്ക് ഇടനൽകുന്നത്.

സെന്ററിലെ തസ്തികകൾ യുജിസി വ്യവസ്ഥ അനുസരിച്ചു താൽക്കാലികമാണെങ്കിലും അസി. പ്രഫസറുടെ സ്ഥിരം തസ്തിക സൃഷ്ടിക്കാൻ സർവകലാശാലയ്ക്കു സർക്കാർ പ്രത്യേക അനുമതി നൽകിയിരുന്നു. ജൂൺ 30 നാണ് നിയമന വിജ്ഞാപനം സർവകലാശാല പുറപ്പെടുവിച്ചത്. ഡയറക്ടറുടെ തസ്തികയിൽ നിയമനം നടത്താതെയാണ് അസി. പ്രഫസറുടെ നിയമനം മാത്രം തിരക്കിട്ടു നടത്തുന്നത്. ഇതിനായി 16ന് ഓൺലൈൻ ഇന്റർവ്യൂ നടത്തുന്നതിനുള്ള അറിയിപ്പ് അപേക്ഷകരായ 30 പേർക്ക് ഇമെയിൽ ആയി അയച്ചിട്ടുണ്ട്.

അക്കാദമിക് മെറിറ്റോ ഗവേഷണപരിചയമോ അദ്ധ്യാപന പരിചയമോ കണക്കിലെടുക്കാതെ ഇന്റർവ്യൂ മാർക്കിന്റെ അടിസ്ഥാനത്തിൽ മാത്രം നിയമനം നൽകാം. ഇന്റർവ്യൂവിനു ഹാജരാവുന്ന ആരെയും കൂടുതൽ മാർക്ക് നൽകി നിയമിക്കുന്നതാണ് ഈയിടെ കാലിക്കറ്റ്, സംസ്‌കൃത, മലയാളം സർവകലാശാലകളിലെ അദ്ധ്യാപക നിയമനങ്ങൾ വിവാദമാക്കിയത്. പെരുമാറ്റച്ചട്ടം നിലവിലുള്ളപ്പോൾ നിയമനം നടത്തുന്നതു തടയണമെന്നും തിരക്കിട്ടു നടത്തുന്ന ഓൺലൈൻ ഇന്റർവ്യൂ നിർത്തിവയ്ക്കണമെന്നുമാണ് ആവശ്യം. സർക്കാർ മാറി യുഡിഎഫ് എത്തിയാൽ പിന്നീട് ഇടപെടലുകൾ ഒന്നും നടക്കില്ല. അതുകൊണ്ടാണ് അതിവേഗ നീക്കങ്ങൾ ഇപ്പോൾ നടക്കുന്നതെന്നാണ് ഉയരുന്ന ആരോപണം.

ഉയർന്ന അക്കാദമിക യോഗ്യതകളുള്ള ഉദ്യോഗാർഥികളെ മറികടന്ന് സംസ്‌കൃത സർവകലാശാലയിൽ എക്സ് എംപി എം. ബി. രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിക്ക് അസിസ്റ്റന്റ് പ്രൊഫസർ ഇന്റർവ്യൂവിൽ ഒന്നാം റാങ്ക് കിട്ടിയത് ഏറെ വിവാദമായിരുന്നു. വിവാദങ്ങളെതുടർന്ന് എ.എൻ ഷംസീർ എംഎൽഎയുടെ ഭാര്യ ഷഹന ഷംസീറിന് കാലിക്കറ്റ് സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനം നൽകുന്നത് തടഞ്ഞതിന് തൊട്ടുപിന്നാലെയാണ് രാജേഷിന്റെ ഭാര്യയ്ക്ക് മലയാള വിഭാഗത്തിൽ നിയമനം നൽകിയത്. ഉയർന്ന അക്കാദമിക മികവും നിരവധി അംഗീകൃത ഗവേഷണ പ്രബന്ധങ്ങളും അധ്യായന പരിചയവുമുള്ള ഉദ്യോഗാർത്ഥികളെ ഒഴിവാക്കിയാണ് രാജേഷിന്റെ ഭാര്യയ്ക്ക് മുസ്ലിം സംവരണ കോട്ടയിൽ ഒന്നാം റാങ്ക് നൽകിയത് എന്ന ആരോപണം സജീവമാണ്.

സർവകലാശാലകളിൽ സിപിഎം അനുഭാവികളെയും ബന്ധുക്കളെയും നിയമിക്കുന്നുവെന്ന ആക്ഷേപം വ്യാപകമാണ്. രാജേഷിന്റെ ഭാര്യ നിനിതയ്ക്ക് നിയമനം നൽകിയതിന് സമാനമായാണ് കെ.കെ. രാഗേഷ് എംപിയുടെ ഭാര്യ പ്രിയ വർഗീസിനെ സ്റ്റുഡന്റ്സ് ഡീനായി കണ്ണൂർ സർവകലാശാലയിലും, പി. രാജീവ് എക്സ് എംപി യുടെ ഭാര്യ വാണി കേസരിയെ അസിസ്റ്റന്റ് പ്രൊഫസറായി കൊച്ചിയിലും എക്സ് എംപി പി.കെ ബിജുവിന്റെ ഭാര്യ വിജി വിജയനെ അസിസ്റ്റന്റ് പ്രൊഫസറായി കേരളയിലും നിയമിച്ചതെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആരോപിച്ചിരുന്നു. ഇതേ രീതിയിൽ ഷംസീറിന്റെ ഭാര്യയേയും അസിസ്റ്റന്റ് പ്രൊഫസറാക്കാനാണ് നീക്കമെന്ന് അവർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP