Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മഹാരാഷ്ട്രയിൽ ബുധനാഴ്ച രാത്രി മുതൽ 15 ദിവസത്തെ നിരോധനാജ്ഞ; ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ; അനുവദിക്കുക അവശ്യ സർവീസുകൾ മാത്രം; ഒഴിച്ചുകൂടാനാവാത്ത ആവശ്യങ്ങൾക്ക് വേണ്ടി മാത്രം യാത്ര; 'യുദ്ധം വീണ്ടും തുടങ്ങി'യെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ

മഹാരാഷ്ട്രയിൽ ബുധനാഴ്ച രാത്രി മുതൽ 15 ദിവസത്തെ നിരോധനാജ്ഞ; ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ; അനുവദിക്കുക അവശ്യ സർവീസുകൾ മാത്രം; ഒഴിച്ചുകൂടാനാവാത്ത ആവശ്യങ്ങൾക്ക് വേണ്ടി മാത്രം യാത്ര; 'യുദ്ധം വീണ്ടും തുടങ്ങി'യെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ

ന്യൂസ് ഡെസ്‌ക്‌

മുംബൈ: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ അടുത്ത 15 ദിവസം സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ. ബുധനാഴ്ച രാത്രി 8 മുതൽ നിരോധനാജ്ഞ നിലവിൽ വരുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു. ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ സംസ്ഥാനത്ത് ഉണ്ടാകും.

രാവിലെ ഏഴ് മുതൽ രാത്രി എട്ടുവരെ അവശ്യ സർവീസുകൾ മാത്രമെ അനുവദിക്കൂ. കോവിഡ് രോഗികൾ അപകടകരമായ രീതിയിൽ വർധിക്കുകയാണെന്നും 'യുദ്ധം' വീണ്ടും തുടങ്ങുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനം മുഴുവൻ 144 പ്രഖ്യാപിക്കും.

ഒഴിച്ചുകൂടാനാവാത്ത ആവശ്യങ്ങൾക്ക് വേണ്ടിയുള്ള യാത്രകൾ മാത്രമെ സംസ്ഥാനത്ത് ഉടനീളം അനുവദിക്കൂ. നാലു പേരിൽ കൂടുതൽ കൂട്ടംകൂടാൻ അനുവദിക്കില്ലെന്നും ഉദ്ധവ് വ്യക്തമാക്കി. ഇതിനെ ലോക്ക്ഡൗൺ എന്ന് വിശേഷിപ്പിക്കാനാവില്ലെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി.

ലോക്ക്ഡൗണിന് സമാനമായ രീതിയിലാവും നിയന്ത്രണങ്ങളെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. മെയ് ഒന്നുവരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നിയന്ത്രണങ്ങൾ കർശനമായി പാലിക്കാത്തവർക്കെതിരെ കടുത്തനടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മെഡിക്കൽ സേവനങ്ങൾ, ബാങ്കുകൾ, മാധ്യമങ്ങൾ, ഇ - കോമേഴ്സ്, ഇന്ധന വിതരണം എന്നിവ മാത്രമേ അനുവദിക്കൂ. അനാവശ്യ യാത്രകൾ തടയും. പൊതുഗതാഗതം നിർത്തിവെക്കില്ല. അവശ്യ യാത്രകൾക്കുവേണ്ടി മാത്രമെ ബസ്സുകളിലും ട്രെയിനുകളിലും ജനങ്ങൾ സഞ്ചരിക്കാവൂ.

മഹാമാരി ആരംഭിച്ചതിന് ശേഷം ഇന്ന് ആദ്യമായി പ്രതിദിന കോവിഡ് രോഗികൾ 60000 കടന്നു. 60,212 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കോവിഡ് കേസുകളുടെ എണ്ണം അപകടകരമായ രീതിയിൽ വർധിക്കുകയാണ്.

സംസ്ഥാനം മെഡിക്കൽ ഓക്സിജന്റെ ദൗർലഭ്യം നേരിടുന്നുണ്ട്. മറ്റുസംസ്ഥാനങ്ങളിൽനിന്ന് ഓക്സിജൻ എത്തിക്കാൻ വ്യോമസേനയുടെ സഹായം ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ആശുപത്രി കിടക്കകളുടെയും പകർച്ചവ്യാധി മരുന്നായ റെംഡിസിവിറിന്റെയും ദൗർലഭ്യവും സംസ്ഥാനത്തുണ്ട്.

കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കെ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് അടുത്ത ഒരു മാസത്തേക്ക് സംസ്ഥാന സർക്കാർ മൂന്നു കിലോ ഗോതമ്പും രണ്ടു കിലോ അരിയും സൗജന്യമായി നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാൻ ശ്രമിക്കുമ്പോളും സംസ്ഥാനം കടുത്ത സമ്മർദ്ദത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്രയിൽ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വാർത്താ സമ്മേളനം നടത്തിയത്.

31,624 പേർ കൂടി രോഗമുക്തി നേടി. നിലവിൽ ആറുലക്ഷത്തോളം പേരാണ് ചികിത്സയിൽ കഴിയുന്നത്. 5,93,042 പേരാണ് ചികിത്സയിൽ കഴിയുന്നതെന്ന് മഹാരാഷ്ട്ര സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. മുംബൈയിൽ മാത്രം 7898 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP