Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ എതിരെന്ന് മുഖ്യമന്ത്രി തിരിച്ചറിഞ്ഞു; കോടിയേരിയെ തീരുമാനം അറിയിക്കാൻ ചുമതലപ്പെടുത്തിയത് പിണറായി; മന്ത്രിയെ എകെജി സെന്ററിലെ ഫ്‌ളാറ്റിലേക്ക് വിളിച്ചു വരുത്തി നിലപാട് വിശദീകരിച്ചു; നേതാവിനെ കാണാൻ മന്ത്രി എത്തിയത് സ്വകാര്യ കാറിലും; നിർണ്ണായകമായത് ഈ കൂടിക്കാഴ്ച; ജലീലിന്റെ രാജി സിപിഎം ചോദിച്ചു വാങ്ങിയത് തന്നെ

ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ എതിരെന്ന് മുഖ്യമന്ത്രി തിരിച്ചറിഞ്ഞു; കോടിയേരിയെ തീരുമാനം അറിയിക്കാൻ ചുമതലപ്പെടുത്തിയത് പിണറായി; മന്ത്രിയെ എകെജി സെന്ററിലെ ഫ്‌ളാറ്റിലേക്ക് വിളിച്ചു വരുത്തി നിലപാട് വിശദീകരിച്ചു; നേതാവിനെ കാണാൻ മന്ത്രി എത്തിയത് സ്വകാര്യ കാറിലും; നിർണ്ണായകമായത് ഈ കൂടിക്കാഴ്ച; ജലീലിന്റെ രാജി സിപിഎം ചോദിച്ചു വാങ്ങിയത് തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെടി ജലീലിന്റെ മന്ത്രിസ്ഥാനത്തു നിന്നുള്ള രാജിയോടെ ഒഴിവായത് സിപിഎമ്മിൽ അഭ്യന്തര ഭിന്നത രൂപപ്പെടുന്നതിനുള്ള സാഹചര്യം. ലോകായുക്താ വിധി വന്നതോടെ തന്നെ ജലീലിനെ സംരക്ഷിക്കുന്നതിൽ രണ്ട് അഭിപ്രായം ശക്തമായി. ഈ ഭിന്നത ആളിക്കത്താനുള്ള സാധ്യത കൂടിയാണ് ജലീലിന്റെ രാജിയോടെ സിപിഎം ഒഴിവാക്കിയത്. ലോകായുക്ത വിധിയിൽ എ.കെ.ബാലൻ അദ്ദേഹത്തെ പിന്തുണച്ചു രംഗത്ത് വന്നെങ്കിലും സിപിഎമ്മിന്റേതായി ഒരു പരസ്യ പിന്തുണ ജലീലിന് ലഭിച്ചിരുന്നില്ല.

ബാലൻ ജലീലിന് നൽകിയ ക്ലീൻ ചിറ്റിനെ ചൊല്ലി പാർട്ടിയിൽ അഭിപ്രായ ഭിന്നതയുണ്ടായി. എംഎ ബേബിയും ഇപി ജയരാജനും ഇതിനെ എതിർത്തു. ജലീലിന്റെ ഹർജി ഹൈക്കോടതി പരിഗണിക്കുന്ന അതേസമയം തന്നെ രാജിക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ തീരുമാനത്തിലെത്തി എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. കോടതിയിൽ നിന്നുള്ള പ്രാഥമിക സൂചനകൾ ജലീലിന് എതിരായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ കോവിഡ് ബാധിതനായി ചികിത്സയിലുള്ള മുഖ്യമന്ത്രി തിരുവനന്തപുരത്തുള്ള പോളിറ്റ് ബ്യൂറോ അംഗവും മുൻ പാർട്ടി സെക്രട്ടറിയുമായി കോടിയേരി ബാലകൃഷ്ണനുമായി ആശയവിനിമയം നടത്തി. പിന്നാലെ കെ.ടി.ജലീലിനെ എ.കെ.ജി സെന്ററിന് അടുത്തുള്ള തന്റെ ഫ്‌ളാറ്റിലേക്ക് കോടിയേരി വിളിപ്പിച്ചു.

ഔദ്യോഗിക വസതിയിൽ നിന്നും സ്വകാര്യ കാറിൽ ഫ്‌ളാറ്റിലെത്തി ജലീൽ കോടിയേരിയെ കണ്ടു. രാജിവയ്ക്കുന്നതാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ ഉചിതമെന്നാണ് പാർട്ടി വിലയിരുത്തലെന്ന് കോടിയേരി ഇവിടെ വച്ച് ജലീലിനെ അറിയിച്ചു. കൂടിക്കാഴ്ചയിലും ഹൈക്കോടതിയിൽ നിന്നും തനിക്ക് അനുകൂലമായി വിധി വരാനുള്ള സാധ്യത ജലീൽ ചൂണ്ടിക്കാട്ടിയെങ്കിലും പാർട്ടി തീരുമാനത്തിന് വഴങ്ങുക എന്ന നിർദ്ദേശം കോടിയേരി ജലീലിന് നൽകിയത് എന്നാണ് സൂചന. ഇതിന് പിന്നാലെ ജലീലിന്റെ രാജിക്കത്തുമായി അദ്ദേഹത്തിന്റെ പേഴ്‌സണൽ ഗൺമാൻ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തികയും പ്രൈവറ്റ് സെക്രട്ടറിക്ക് രാജിക്കത്ത് കൈമാറുകയുമായിരുന്നു. അതിവേഗം ഈ കത്ത് രാജ്ഭവിലിൽ എത്തി.

അതിവേഗം ജലീലിന്റെ രാജി ഗവർണർ അംഗീകരിച്ചു. രാജി രാഷ്ട്രീയ ധാർമികത ഉയർത്തിപിടിക്കാനെന്നും ലവലേശം തെറ്റ് ചെയ്തിട്ടില്ലെന്നും ജലീൽ ഫേസ്‌ബുക്കിൽ കുറിച്ചു. എകെജി സെന്ററിലെത്തിയ ശേഷമാണ് ജലീൽ രാജി തീരുമാനിച്ചത്. രാജിവക്കണം എന്നാണ് പാർട്ടി തീരുമാനമെന്ന് കോടിയേരി ജലീലിനോട് കൂടിക്കാഴ്‌ച്ചയിൽ പറഞ്ഞു. കൂടിക്കാഴ്‌ച്ചയിൽ ഹൈക്കോടതിയിലെ ഹർജിയുടെ കാര്യം ജലീൽ സൂചിപ്പിരുന്നു. പക്ഷെ രാജി അല്ലാതെ മറ്റ് മാർഗമില്ലെന്നാണ് പാർട്ടി തീരുമാനമെന്ന് കോടിയേരി വ്യക്തമാക്കി. ഇതോടെ ഹൈക്കോടതി തീരുമാനം കാക്കാതെ രാജി കത്ത് നൽകുകയായിരുന്നു. ജലീൽ രാജിവച്ചത് നല്ല തീരുമാനമെന്ന് പി ജയരാജൻ പ്രതികരിച്ചു.

അതേസമയം, ബന്ധുനിയമന വിവാദത്തിൽ മന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന ലോകായുക്ത ഉത്തരവിനെതിരെ കെ ടി ജലീൽ സമർപ്പിച്ച ഹർജി പ്രാഥമിക വാദം പൂർത്തിയായി. ലോകായുക്തയുടെ നടപടിക്രമങ്ങൾ ചട്ടവിരുദ്ധമെന്ന് അറിയിച്ച് സർക്കാരും ജലീലിനെ കോടതിയിൽ പിന്തുണച്ചു. ജലീൽ രാജിവച്ചെന്ന് അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചു. സ്വന്തമായി അന്വേഷണം നടത്താൻ ലോകായുക്തയ്ക്ക് അധികാരമുണ്ടെന്ന് പറഞ്ഞ ഹൈക്കോടതി, ജലീന്റെ ഹർജി ഫയലിൽ സ്വീകരിക്കണമോയെന്ന കാര്യത്തിൽ ഉത്തരവിനായി ഹർജി മാറ്റിവച്ചു. അതായത് സ്‌റ്റേ നൽകാൻ ഹൈക്കോടതി വിസമ്മതിക്കുകയും ചെയ്തു.

അതിനിടെ ബന്ധുനിയമനപരാതിയിലെ ലോകായുക്ത വിധിയുടെ പശ്ചാത്തലത്തിലെ മന്ത്രി കെ ടി ജലീലിന്റെ രാജി ധാർമ്മികത ഉയർത്തിപ്പിടിച്ചെന്ന് സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ പ്രതികരിച്ചു. പൊതു ജീവിതത്തിന്റെ മാന്യത ഉയർത്തിപ്പിടിച്ചയാളാണ് ജലീലെന്നും രാജി തീരുമാനം സ്വാഗതാർഹമാണെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു. രാജിവെച്ചെന്ന് കരുതി തെറ്റ് ചെയ്‌തെന്ന അർത്ഥമില്ല. രാജിയുടെ മുഹൂർത്തം നിശ്ചയിക്കേണ്ടത് മാധ്യമങ്ങളല്ല.

നേരത്തെ പാമോയിൽ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ പരമർശമുണ്ടായി. കെ ബാബുവിനെതിരായ വിജിലൻസ് കോടതി പരാമർശവും വന്നു . എന്നാൽ ഇവരാരും രാജി വെച്ചില്ല. അത്തരം സമീപനം എൽഡിഎഫോ ജലീലോ സ്വീകരിച്ചിട്ടില്ല. നിയമപരമായ കാര്യങ്ങൾ പരിശോധിച്ചാണ് തീരുമാനം. ജലീൽ രാജി വെച്ചെന്നതാണ് പ്രധാന കാര്യമെന്നും പാർട്ടി ആവശ്യപ്പെട്ടിട്ടാണോ രാജി എന്നതല്ല പ്രധാന കാര്യമെന്നായിരുന്നു ഇത് സംബന്ധിച്ച ചോദ്യങ്ങളോട് വിജയരാഘവന്റെ പ്രതികരണം.

കെ ടി ജലീലിന്റെ രാജി പാർട്ടിയുടെയും മുന്നണിയുടെയും ധാർമിക മൂല്യങ്ങൾ ഉയർത്തിപിടിച്ചെന്ന് എം എ ബേബിയും പ്രതികരിച്ചു. ജലീൽ സ്വയം രാജി വച്ചതാണ് സ്വന്തം വാദം നീതി ന്യായ വ്യവസ്ഥയെ ബോധ്യപ്പെടുത്താൻ ഹൈക്കോടതിയിൽ പോയത്. നല്ല മാതൃകയെ അംഗീകരിക്കുന്നുവെന്നും ബേബി പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP