Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗാന്ധിഭവൻ സംസ്ഥാന നാടകോത്സവം 15 മുതൽ കൊല്ലം സോപാനത്തിൽ

ഗാന്ധിഭവൻ സംസ്ഥാന നാടകോത്സവം 15 മുതൽ കൊല്ലം സോപാനത്തിൽ

സ്വന്തം ലേഖകൻ

കൊല്ലം: പത്തനാപുരം ഗാന്ധിഭവൻ കലാസാംസ്‌കാരിക കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഏപ്രിൽ 15 മുതൽ 22 വരെ കൊല്ലം സോപാനം ഓഡിറ്റോറിയത്തിൽ സംസ്ഥാന നാടകോത്സവം നടക്കും. ഉദ്ഘാടനം 15 ന് വൈകിട്ട് 4 ന് നടൻ ഇന്ദ്രൻസ് നിർവ്വഹിക്കും. ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ നടൻ പ്രേംകുമാർ, നാടകരചയിതാവും തിരക്കഥാകൃത്തുമായ ഹേമന്ദ്കുമാർ തുടങ്ങിയവർ പങ്കെടുക്കും.

തിരഞ്ഞെടുക്കപ്പെട്ട എട്ട് പ്രൊഫഷണൽ നാടകങ്ങളാണ് മത്സരിക്കുന്നത്. 15 ന് കൊല്ലം അനശ്വരയുടെ 'സുപ്രീംകോർട്ട്', 16 ന് കൊല്ലം അശ്വതീഭാവനയുടെ 'കുരങ്ങുമനുഷ്യൻ', 17 ന് ഓച്ചിറ സരിഗയുടെ 'നളിനാക്ഷന്റെ വിശേഷങ്ങൾ', 18 ന് കൊച്ചിൻ ചന്ദ്രകാന്തയുടെ 'അന്നം', 19 ന് കൊല്ലം സുരഭിയുടെ 'ഇവിടെ ഒരു പുഴ ബാക്കിയായി', 20 ന് കോഴിക്കോട് സങ്കീർത്തനയുടെ 'വേനലവധി', 21 ന് കൊല്ലം ആത്മമിത്രയുടെ 'അടുക്കളപക്ഷി', 22 ന് തിരുവനന്തപുരം സംഘകേളിയുടെ 'മക്കളുടെ ശ്രദ്ധയ്ക്ക്' എന്നീ നാടകങ്ങളാണ് അരങ്ങേറുന്നത്.

എല്ലാദിവസവും വൈകിട്ട് 6.30 നാണ് നാടകം. ഒന്നാം സ്ഥാനത്ത് എത്തുന്ന നാടകത്തിന് 50,000 രൂപയും ഫലകവും, രണ്ടാം സ്ഥാനത്തിന് 40,000 രൂപയും ഫലകവും, മൂന്നാം സ്ഥാനത്തിന് 35,000 രൂപയും ഫലകവുമാണ് അവാർഡ്. മെയ്‌ അവസാനവാരം തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽവച്ച് മുഖ്യമന്ത്രി അവാർഡുകൾ സമ്മാനിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംഘടിപ്പിച്ചിരിക്കുന്ന പരിപാടിയോടനുബന്ധിച്ച് എല്ലാദിവസവും 4.30 മുതൽ പ്രമുഖർ പങ്കെടുക്കുന്ന സമ്മേളനങ്ങളും സെമിനാറുകളും കലാപരിപാടികളും നടക്കും.

സാംസ്‌കാരികവകുപ്പുമായി ചേർന്ന് 'ഗാന്ധിഭവൻ കലാസാംസ്‌കാരിക കേന്ദ്രം' അവശത അനുഭവിക്കുന്ന സ്റ്റേജ് കലാകാരന്മാരുടെ ക്ഷേമത്തിനായി 40 ലക്ഷം രൂപയുടെ വിവിധ പദ്ധതികൾ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നാടകോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. പ്രൊഫഷണൽ കലാമേഖലയിൽ കഷ്ടതയനുഭവിക്കുന്ന കൊല്ലം ജില്ലയിലുള്ള 10 പേർക്ക് വീടുവയ്ക്കാൻ വസ്തു, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ 100 കലാകാരന്മാർക്ക് പ്രതിമാസ പെൻഷൻ, 200 കലാകാരന്മാർക്ക് ഒരു ജോഡി വീതം വസ്ത്രം, 60 വയസ്സ് കഴിഞ്ഞ 25 കലാകാരന്മാർക്ക് ആദരവും ധനസഹായവും, ആരോഗ്യവും തൊഴിലും നഷ്ടപ്പെട്ട കലാകാരന്മാരുടെ കുടുംബസംഗമം, സംസ്ഥാന നാടകോത്സവം എന്നിവയാണ് ഈ വർഷത്തെ പദ്ധതികൾ.

പത്രസമ്മേളനത്തിൽ ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്. അമൽരാജ്, ഗാന്ധിഭവൻ കലാസാംസ്‌കാരികകേന്ദ്രം ചെയർമാൻ കെ.പി.എ.സി. ലീലാകൃഷ്ണൻ, കൺവീനർ അനിൽ ആഴാവീട്, കോ-ഓർഡിനേറ്റർ കോട്ടാത്തല ശ്രീകുമാർ, കൺട്രോളിങ് ഓഫീസർ ബി. പ്രദീപ്, സ്വാഗതസംഘം ചെയർമാൻ ജോർജ് എഫ്. സേവ്യർ വലിയവീട്, കൺവീനർ ബൈജു എസ്. പട്ടത്താനം എന്നിവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP