Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജലീലിനെ മന്ത്രി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയ ഉത്തരവ് നടപ്പാക്കി മുഖ്യമന്ത്രി ലോകായുക്തയെ അറിയിക്കണമെന്നാണു നിയമം; ഉത്തരവു നടപ്പാക്കിയില്ലെങ്കിൽ കോടതിയലക്ഷ്യ നടപടിക്കായി പരാതിക്കാരനു വീണ്ടും ലോകായുക്തയെ സമീപിക്കാം; ഹൈക്കോടതി മനസ്സറിയാൻ കാത്തിരുന്ന് പിണറായി; ജലീലിനെ രക്ഷിച്ചെടുക്കാൻ കരുതലോടെ ഇടതു നീക്കം

ജലീലിനെ മന്ത്രി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയ ഉത്തരവ് നടപ്പാക്കി മുഖ്യമന്ത്രി ലോകായുക്തയെ അറിയിക്കണമെന്നാണു നിയമം; ഉത്തരവു നടപ്പാക്കിയില്ലെങ്കിൽ കോടതിയലക്ഷ്യ നടപടിക്കായി പരാതിക്കാരനു വീണ്ടും ലോകായുക്തയെ സമീപിക്കാം; ഹൈക്കോടതി മനസ്സറിയാൻ കാത്തിരുന്ന് പിണറായി; ജലീലിനെ രക്ഷിച്ചെടുക്കാൻ കരുതലോടെ ഇടതു നീക്കം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെ.ടി. ജലീലിനു മന്ത്രി സ്ഥാനത്തു തുടരാൻ അർഹതയില്ലെന്ന പ്രഖ്യാപനം അടങ്ങിയ ഉത്തരവ് മുഖ്യമന്ത്രിക്കു ലോകായുക്ത കൈമാറിയെങ്കിലും കാത്തിരിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനം. ജലീലിനെ മന്ത്രി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയ ഉത്തരവ് നടപ്പാക്കി മുഖ്യമന്ത്രി ലോകായുക്തയെ അറിയിക്കണമെന്നാണു നിയമം.മന്ത്രിസ്ഥാനത്തുനിന്നു നീക്കണമെന്ന ലോകായുക്ത ഉത്തരവിനെതിരെ കെ.ടി. ജലീൽ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. ലോകായുക്ത ഉത്തരവ് റദ്ദാക്കണമെന്നാണ് ഹർജിയിലെ മുഖ്യ ആവശ്യം. നടപടി ക്രമങ്ങൾ പാലിക്കാതെയുള്ള ഉത്തരവ് സ്വാഭാവിക നീതിയുടെയും ലോകായുക്ത നിയമത്തിലെ വ്യവസ്ഥകളുടെയും ലംഘനമാണെന്നും ആരോപിക്കുന്നു.

അടുത്ത ബന്ധു കെ.ടി.അദീബിനെ ന്യൂനപക്ഷ വികസന കോർപറേഷൻ ജനറൽ മാനേജരായി നിയമിച്ചതിൽ സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയെന്നാണ് ലോകായുക്തയുടെ കണ്ടെത്തൽ. ഉത്തരവു നടപ്പാക്കിയില്ലെങ്കിൽ കോടതിയലക്ഷ്യ നടപടിക്കായി പരാതിക്കാരനു ലോകായുക്തയെ സമീപിക്കാം. മുഖ്യമന്ത്രി പിണറായി വിജയന്റെ കൂടി സമ്മതത്തോടെയാണ് ജലീൽ ഈ ക്രമവിരുദ്ധ നടപടി ചെയ്തത് എന്നതിനാൽ ഹൈക്കോടതിയുടെ തുടർനടപടിക്കായി മുഖ്യമന്ത്രി കാത്തിരിക്കാനാണു സാധ്യത. മുഖ്യമന്ത്രിയെ കൂടി അറിയിച്ചാണ് ജലീൽ അപ്പീൽ നൽകിയതെന്നാണ് സൂചന.

മെയ്‌ രണ്ടിന് തെരഞ്ഞെടുപ്പ് ഫലം വരും. അതു കഴിഞ്ഞ് മുഖ്യമന്ത്രി സ്ഥാനം പിണറായി വിജയൻ രാജിവയ്ക്കുമെന്നതാണ് കീഴ് വഴക്കം. അതോടെ ജലീലും മന്ത്രി അല്ലാതെയാകും. തുടർഭരണം കിട്ടിയാൽ വീണ്ടും പിണറായി അധികാരത്തിൽ എത്തും. ആ സമയം ലോകായുക്താ വിധിയുണ്ടെങ്കിൽ ജലീലിനെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റി നിർത്തും. അതിന് അപ്പുറത്തേക്ക് ഉടനൊരു പുറത്താകൽ ഉണ്ടാകില്ലെന്നാണ് ലഭിക്കുന്ന സൂചന. അതായത് ജലീലിനെ മന്ത്രിപദത്തിൽ കാലാവധി പൂർത്തിയാക്കാൻ അനുവദിക്കാനാണ് സാധ്യത.

ലോകായുക്ത രജിസ്റ്റ്രാർ ജി.അനിൽ കുമാർ ഒപ്പിട്ട ഉത്തരവ് ഇന്നലെ വൈകിട്ടു 4ന് പ്രത്യേക ദൂതൻ വഴിയാണു മുഖ്യമന്ത്രിയുടെ ഓഫിസിൽ എത്തിച്ചത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വിലാസത്തിൽ കൈമാറിയ രേഖകളിൽ ലോകായുക്ത ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ച 83 പേജുള്ള ഉത്തരവ്, പരാതി, പരാതിക്കാരൻ ഹാജരാക്കിയ തെളിവുകൾ, അനധികൃത നിയമനവുമായി ബന്ധപ്പെട്ടു ജലീലും മുഖ്യമന്ത്രി പിണറായി വിജയനും ഉദ്യോഗസ്ഥരും നിർദ്ദേശം നൽകിയ ഉത്തരവുകൾ ഉൾപ്പെട്ട നോട്ട് ഫയൽ, ആരോപണ വിധേയരുടെയും പരാതിക്കാരുടെയും സാക്ഷികളുടെയും മൊഴികൾ എന്നിവ ഉൾപ്പെടും. ഏകദേശം 500 പേജ് പുസ്തക രൂപത്തിലാണു നൽകിയത്. കൈപ്പറ്റിയതായി മുഖ്യമന്ത്രിയുടെ ഓഫിസ് മറുപടിയും നൽകി.

ഹൈക്കോടതിയിൽ നൽകിയ അപ്പീൽ ഹർജിയിൽ ലോകായുക്തയെ തള്ളിപ്പറയുകയാണ് ജലീൽ. മന്ത്രിയുടെ നടപടി അധികാര ദുർവിനിയോഗവും സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാലംഘനവുമാണെന്ന ലോകായുക്തയുടെ കണ്ടെത്തൽ വസ്തുതകളുടെയോ തെളിവുകളുടെയോ അന്വേഷണത്തിന്റെയോ അടിസ്ഥാനത്തിൽ അല്ലെന്നു പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ മന്ത്രി കെ.ടി. ജലീലിന് എതിരായ ലോകായുക്ത വിധി മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ഫയലുകൾ പരിശോധിക്കാതെ പ്രതികരിക്കാനാവില്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചു. ജലീലിന്റെ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയമാണ് അദ്ദേഹം പറഞ്ഞു.

സുപ്രീംകോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് സിറിയക് ജോസഫും മറ്റൊരു ജഡ്ജിയായ ജസ്റ്റിസ് ഹാറൂൺ അൽ റഷീദുമാണ് ലോകായുക്ത വിധി പുറപ്പെടുവിച്ചത്. ആദ്യമായാണ് ഒരു മന്ത്രിക്ക് അധികാരത്തിൽ തുടരാൻ അർഹത നഷ്ടപ്പെട്ടു എന്നും രാജിവച്ച് പുറത്തു പോകണമെന്നും ലോകായുക്ത വിധിക്കുന്നത്. എന്നിട്ടും ഇത്രയും ഗുരുതരമായ അഴിമതിയും സ്വജനപക്ഷപാതവും നടത്തിയ മന്ത്രിയെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത് എന്ന ആരോപണം ശക്തമാണ്. ലോകായുക്ത വിധിക്ക് അപ്പീലില്ല എന്നാണ് നീതിന്യായരംഗത്തെ വിദഗ്ദ്ധർ പറയുന്നത്. സാങ്കേതികമായി ഹൈക്കോടതിയിൽ പോകാമെന്നേയുള്ളുവെന്നും വിലയിരുത്തലുകളുണ്ട്.

ബന്ധുനിയമനത്തിൽ അധികാര ദുർവിനിയോഗവും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയ മന്ത്രി കെ.ടി. ജലീലിനെ മന്ത്രിസഭയിൽനിന്നും പുറത്താക്കണമെന്ന ലോകായുക്ത വിധി മാനിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയനോട് ലോകായുക്ത നിയമം കൊണ്ടുവന്ന ഇ.കെ.നായനാരുടെ ആത്മാവ് പൊറുക്കില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ജലീലിന്റെ ബന്ധുനിയമനത്തിൽ മുഖ്യമന്ത്രിയും തുല്യ ഉത്തരവാദിയാണ്. ജലീലിന്റെ ബന്ധുവിന് ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിൽ നിയമനം നൽകാനയി യോഗ്യതയിൽ ഇളവ് വരുത്തുന്ന ഉത്തരവിൽ മന്ത്രിസഭയെ മറി കടന്ന് ഒപ്പുവച്ചത് മുഖ്യമന്ത്രിയാണ്. അങ്ങനെ ഈ കേസിലെ കൂട്ടുപ്രതിയായതിനാലാണ് മുഖ്യമന്ത്രിക്ക് ജലീലിനെ പുറത്താക്കാൻ കഴിയാതിരുന്നത് എന്നാണ് ഉയരുന്ന വിമർശനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP