Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'വിജിലൻസ് പിടിച്ചെടുത്ത അരക്കോടി രൂപയ്ക്ക് മതിയായ രേഖകൾ ഉണ്ട്'; ബന്ധുവിന്റെ ഭൂമി ഇടപാടിനായി കൊണ്ടുവച്ചത്'; രേഖകൾ ഹാജരാക്കാൻ ഒരു ദിവസത്തെ സമയം വേണമെന്നും വിജിലൻസിനോട് കെ എം ഷാജി; കണ്ണൂരിലെയും കോഴിക്കോട്ടെയും വീടുകളിൽ പരിശോധന നടത്തിയത് എംഎൽഎയ്ക്ക് 166 ശതമാനം അധിക വരുമാനം ഉണ്ടായെന്ന കണ്ടെത്തലിൽ

'വിജിലൻസ് പിടിച്ചെടുത്ത അരക്കോടി രൂപയ്ക്ക് മതിയായ രേഖകൾ ഉണ്ട്'; ബന്ധുവിന്റെ ഭൂമി ഇടപാടിനായി കൊണ്ടുവച്ചത്'; രേഖകൾ ഹാജരാക്കാൻ ഒരു ദിവസത്തെ സമയം വേണമെന്നും വിജിലൻസിനോട് കെ എം ഷാജി; കണ്ണൂരിലെയും കോഴിക്കോട്ടെയും വീടുകളിൽ പരിശോധന നടത്തിയത് എംഎൽഎയ്ക്ക് 166 ശതമാനം അധിക വരുമാനം ഉണ്ടായെന്ന കണ്ടെത്തലിൽ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: വിജിലൻസ് റെയ്ഡിൽ കണ്ണൂരിലെ വീട്ടിൽ നിന്നും കണ്ടെത്തിയ അരക്കോടി രൂപയ്ക്ക് മതിയായ രേഖകളുണ്ടെന്ന് കെ എം ഷാജി എംഎൽഎ. ബന്ധുവിന്റെ ഭൂമി ഇടപാടിനായി കൊണ്ടുവച്ചതാണെന്നും രേഖകൾ ഹാജരാക്കാൻ ഒരു ദിവസത്തെ സമയം വേണമെന്നും ഷാജി വിജിലസിനെ അറിയിച്ചു.

ഇന്ന് വിജിലൻസ് നടത്തിയ പരിശോധനയിലാണ് കെഎം ഷാജി എംഎൽഎയുടെ കണ്ണൂരിലെ വീട്ടിൽനിന്നും വിജിലൻസ് 50 ലക്ഷം രൂപ കണ്ടെത്തിയത്. അനധികൃത സ്വത്ത് സമ്പാദനകേസിൽ കെഎം ഷാജിക്കെതിരെ വിജിലൻസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി എംഎൽഎയുടെ കോഴിക്കോട് മാലൂർ കുന്നിലെയും കണ്ണൂർ ചാലാടിലേയും വീടുകളിൽ ഒരേസമയം വിജിലൻസ് റെയ്ഡ് നടത്തി. കെഎം ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

തിങ്കളാഴ്ച രാവിലെ ഏഴരയോടെയാണ് വിജിലൻസ് എസ്‌പി ശശിധരന്റെ നേതൃത്വത്തിലുള്ള പ്രത്യക സംഘം ഷാജിയുടെ മാലൂർകുന്നിലെ വീട്ടിലെത്തിയത്. ഒന്നര മണിക്കൂറോളം പുറത്ത് പരിശോധന നടത്തിയ സംഘം പിന്നീട് അകത്തേയ്ക്ക് കയറി. ഈ സമയമെല്ലാം റെയ്ഡ് വീക്ഷിച്ച് കെ.എം. ഷാജിയും വീടിന് പുറത്തുണ്ടായിരുന്നു.

കണ്ണൂർ ചാലോടിലും ഇതേസമയം വിജിലൻസിന്റെ മറ്റൊരു സംഘം പരിശോധന ആരംഭിച്ചു. പ്രധാനമായും കെ.എം ഷാജിയുടെ സാമ്പത്തിക ഇടപാടുകളെപ്പറ്റി കൂടുതൽ വിവരങ്ങൾ തേടുകയാണ് ലക്ഷ്യം. 2012 മുതൽ 2021 വരെയുള്ള 9 വർഷ കാലഘട്ടത്തിൽ കെ.എം. ഷാജിക്ക് 166 ശതമാനം അധിക വരുമാനം ഉണ്ടായെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. കോഴിക്കോട് വിജിലൻസ് യൂണിറ്റാണ് കണ്ണൂരിൽ റെയ്ഡ് നടത്തിയത്.

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കഴിഞ്ഞ ദിവസമാണ് ഷാജിക്കെതിരേ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്. ഇതിന് പിന്നാലെയാണ് റെയ്ഡ് നടന്നത്. കെ.എം ഷാജി സമർപ്പിച്ച സത്യവാങ്മൂലവും ഷാജിയുടെതായി കണ്ടെത്തിയ സ്വത്ത് വിവരങ്ങളും തമ്മിൽ 165 ശതമാനത്തിലധികം വ്യത്യാസം ഉണ്ടെന്നായിരുന്നു കണ്ടെത്തൽ.

അഭിഭാഷകനായ എം.ആർ. ഹരീഷ് നൽകിയ പരാതിയിൽ ആണ് ഷാജിക്കെതിരെ കേസ് എടുക്കാൻ വിജിലൻസ് കോടതി അനുമതി നൽകിയത്. കോഴിക്കോടുള്ള ഷാജിയുടെ വീട് നേരത്തെയും വിവാദത്തിലായിരുന്നു. കോർപറേഷനിൽ നൽകിയ പ്ലാനിനേക്കാൾ വലിയ വീട് നിർമ്മാണം നടത്തിയെന്നായിരുന്നു അന്നുയർന്ന പരാതി. ഭാര്യയുടെ പേരിലുള്ള ഈ വീടുമായി ബന്ധപ്പെട്ട് പിഴയടയ്ക്കാൻ ഷാജിക്ക് കോർപറേഷൻ നിർദ്ദേശം നൽകിയിരുന്നു.

കഴിഞ്ഞ നവംബറിൽ ഷാജിക്കെതിരെ വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിരുന്നു. കെ.എം. ഷാജി അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയിൽ കേസെടുക്കാൻ വിജിലൻസ് അന്വേഷണ ഉദ്യോഗസ്ഥന് സ്വന്തം നിലക്ക് തന്നെ അധികാരമുണ്ടെന്ന് നേരത്തെ കോടതി വ്യക്തമാക്കിയതാണ്. ഇതിനായി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ കോടതിയുടെ പ്രത്യേക അനുമതി വേണ്ടെന്നും കോഴിക്കോട് വിജിലൻസ് പ്രത്യേക കോടതി ജഡ്ജി ടി. മധുസൂദനൻ ഷാജിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ നിർദ്ദേശം നൽകണമെന്ന ഹർജി പരിഗണിക്കവേ പരാമർശിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP