Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാണാതിരിക്കാനാകുമോ സഞ്ജുവിന്റെ പ്രതിഭ; ക്രിക്കറ്റ് പിച്ചിലെത്തിയത് മൂന്നാം വയസിൽ; ദ്രാവിഡിന്റെ നിർദ്ദേശങ്ങൾ കരുത്തായി: ഇന്ത്യൻ ടീമിന്റെ പടിവാതിലിൽ എത്തിയ മലയാളി താരത്തിന്റെ വിശേഷങ്ങൾ ഇങ്ങനെ

കാണാതിരിക്കാനാകുമോ സഞ്ജുവിന്റെ പ്രതിഭ; ക്രിക്കറ്റ് പിച്ചിലെത്തിയത് മൂന്നാം വയസിൽ; ദ്രാവിഡിന്റെ നിർദ്ദേശങ്ങൾ കരുത്തായി: ഇന്ത്യൻ ടീമിന്റെ പടിവാതിലിൽ എത്തിയ മലയാളി താരത്തിന്റെ വിശേഷങ്ങൾ ഇങ്ങനെ

ആവണി ഗോപാൽ

ന്ത്യൻ ക്രിക്കറ്റ് ടീമിന്റെ തൊട്ടടുത്താണ് തിരുവനന്തപുരത്തുകാരൻ സഞ്ജു വി സാംസൺ. ടിനു യോഹന്നാനും ശ്രീശാന്തും അണിഞ്ഞ രാജ്യത്തിന്റെ നീലക്കുപ്പായം വീണ്ടും കേരളത്തിലെത്തിക്കാൻ കരുത്തുള്ള പ്രതിഭ. സിംബാബ് വെ പര്യടനത്തിനുള്ള ടീമിൽ അമ്പാടി റായിഡുവിന് പകരക്കാരനായി ഈ മലയാളി എത്തുന്നത് കഠിനാധ്വാനത്തിന്റെ വഴിയിലൂടെയാണ്. കുടുംബം തന്നെയായിരുന്നു സഞ്ജുവിന് ക്രിക്കറ്റ് വഴിയിൽ താങ്ങും തണലുമായത്. കാല് നിലത്തുറച്ചപ്പോൾ ക്രിക്കറ്റ് ബാറ്റ് എടുത്ത സഞ്ജു ഇന്ത്യൻ ടിനായി വമ്പൻ സ്‌കോറുകളുയർത്തുന്നത് കാണാൻ കൊതിക്കുകയാണ് മലയാളികൾ. 

സഞ്ജുവിനും സാലിക്കും വേണ്ടി അച്ഛൻ പണ്ടൊരു ക്രിക്കറ്റ് പിച്ചുണ്ടാക്കി. ഡൽഹിയിലെ കിംങ്കി ലൈനിലെ പൊലീസ് ക്വാർട്ടേഴ്‌സിന് താഴെ വലിയൊരാൽ മരത്തിന് കീഴിൽ മണലും സിമന്റും മിക്‌സ് ചെയ്തുണ്ടാക്കിയ നാടൻ പിച്ചിൽ നാലുവയസ്സുകാരൻ സാലിയും മൂന്ന് വയസ്സുള്ള സഞ്ജുവും ബാറ്റു പിടിച്ചു തുടങ്ങി. കളിക്കാൻ ക്വാർട്ടേഴ്‌സിലെ കുട്ടികളും. പ്രോൽസാഹനമായി അച്ഛൻ എപ്പോഴും പിച്ചിന് പുറത്തുണ്ടായിരുന്നു.

വീറും വാശിയും നിറഞ്ഞ കുട്ടിക്കൂട്ടത്തിന്റെ കളിയിൽ പലപ്പോഴും സഞ്ജു ഔട്ടാകാറേ ഇല്ല. അപ്പോൾ അച്ഛൻ ഒരു പ്രഖ്യാപനം നടത്തും. സഞ്ജുവിനെ ഔട്ടാക്കുന്നവർക്ക് ഉഗ്രൻ സമ്മാനം. സഞ്ജുവിനെ ഔട്ടാക്കാൻ വേണ്ടി ആഞ്ഞു പരിശ്രമിക്കാൻ കുട്ടികളേറുമ്പോൾ കൊച്ചു സഞ്ജുവിനും വാശി കൂടും. ഔട്ടാകാതെ കളി തീരും വരെ സഞ്ജു ക്രീസിൽ നിൽക്കും. ഇതു തന്നെയാണ് ഇപ്പോഴും ക്രിസിലെത്തിയാൽ സഞ്ജുവിന്റെ മനസ്സിൽ നിറയുക.

ഡൽഹിക്ക് വേണ്ടി സന്തോഷ് ട്രോഫി കളിച്ച അച്ഛൻ സാസൺ വിശ്വനാഥിന് ഫുട്‌ബോളായിരുന്നു പ്രാണ വായു. 'കല്ല്യാണം കഴിഞ്ഞ് പതിമൂന്നാമത്തെ ദിവസം സാംസണും ഭാര്യ ലിജിയും ഡൽഹിയിലേക്ക് പോയി. ഡൽഹി പൊലീസിൽ കോൺസ്റ്റബിളായിരുന്നു സഞ്ജുവിന്റെ അച്ഛൻ. വീടിന് തൊട്ടടുത്ത ഗ്രൗണ്ടിൽ എപ്പോഴും ഫുട്‌ബോൾ പ്രാക്ടീസ് ചെയ്തു കൊണ്ടിരിക്കുന്ന അച്ഛൻ. കുട്ടികൾ അങ്ങനെയേ അദ്ദേഹത്തെ കണ്ടിട്ടുള്ളൂ'-ഇതു തന്നെയാണ് സഞ്ജുവിനേയും ഗ്രൗണ്ടിലേക്ക് അടുപ്പിച്ചത്.

എന്നും രാവിലേയും വൈകുന്നേരവും അച്ഛനൊപ്പം പ്രാക്ടീസിന് സഞ്ജുവും ചേട്ടൻ സാലിയും പോകും. അച്ഛൻ ഫുട്‌ബോളാണ് തട്ടുന്നതെങ്കിൽ കുട്ടികൾക്ക് കുഞ്ഞു ബാറ്റും ബോളുമാണ് കൂട്ട്. അതു വച്ച് അവർ അവർക്കറിയാവുന്നത് പോലെ ക്രിക്കറ്റ് കളി തുടങ്ങി. അദ്ദേഹം പ്രാക്ടീസിന് പോകുന്ന ഗ്രൗണ്ടിൽ ചിലപ്പോൾ ഡൽഹി പൊലീസിന്റെ ക്രിക്കറ്റ് ടീമും കളിക്കാനെത്തും. സാലിയും സഞ്ജുവും അവർക്കൊപ്പം കൂടും. അവരുടെ താൽപ്പര്യം ക്രിക്കറ്റാണെന്ന് അച്ഛൻ തിരിച്ചറിഞ്ഞു.

പുറത്തെ കളി കഴിഞ്ഞ് വീടിനകത്ത് കയറിയാലും കളി നിർത്തില്ല. ഡൽഹിയിലെ വീട്ടുപകരണങ്ങൾ അധികവും മടക്കി വെക്കാവുന്നവയുമായിരുന്നു. കുട്ടികൾക്ക് വീട്ടനകത്തു നിന്ന് ക്രിക്കറ്റ് കളിക്കാനുള്ള സൗകര്യത്തിന് വേണ്ടി അച്ഛൻ ചെയ്തതാണ് അത്. വീട്ടിനകത്തുള്ള സ്ഥലത്തും അതുകൊണ്ട് അവർ ക്രിക്കറ്റ് കളിച്ചു. പുറത്ത് നല്ല മഴയായാലും അവരുടെ കളി മുടങ്ങിയില്ല. എല്ലാ പിന്തുണയുമായി അച്ഛനും അമ്മയും സാലിക്കും സഞ്ജുവിനൊമൊപ്പം നിന്നു. സച്ചിനും ഗാംഗുലിയും ദ്രാവിഡുമൊക്കെയായിരുന്നു അവരുടെ ആരാധ്യർ.

ഡൽഹിയിൽ റോസറി സെക്കന്ററീ സ്‌കൂളിൽ സ്‌കൂളിൽ പഠിക്കുമ്പോഴാണ് രണ്ട് പേർക്കും സായിയിൽ പ്രാക്ടീസ് ചെയ്യാൻ അവസരം കിട്ടുന്നത്. രാവിലെ മുതൽ ഉച്ചവരെയാണ് സ്‌കൂളിലെ ക്ലാസ്. അതുകഴിഞ്ഞ് സായിയുടെ കോച്ചിങ്ങ്. സ്‌കൂൾ ബസ് കാത്ത് നിന്നാൽ അവർക്ക് സമയത്തിന് എത്താൻ കഴിയില്ല. അതുകൊണ്ട് രണ്ട് സൈക്കിൾ മേടിച്ചുകൊടുത്തു. സാലിയും സഞ്ജുവും സൈക്കിളിലായി സ്‌കൂളിലേക്കുള്ള വരവും പോക്കും. ഉച്ചയ്ക്ക് വീട്ടിലെത്തി ഭക്ഷണം കഴിച്ച് കളിക്കളത്തിലേക്ക് പോവും. ബസ് കയറി വേണം പ്രാക്ടീസിനു പോവാൻ. തിരിച്ചെത്തുമ്പോൾ രാത്രി 7.00 മണിയാകും കുളിച്ച് ഭക്ഷണം കഴിച്ച് കിടന്നുറങ്ങും. രാവിലെ ഏഴുന്നേറ്റാണ് പഠനം.

സഞ്ജു നന്നായി പഠിക്കുമായിരുന്നു. അതു കൊണ്ട് കളിക്കുന്നതുകൊണ്ട് സ്‌കൂളിലാർക്കും പരാതിയുണ്ടായിരുന്നില്ല. പുറത്തു മാച്ചിന് പോകേണ്ടിവരുമ്പോൾ പ്രിൻസിപ്പൽ അച്ഛനോട് അനുവാദം ചോദിക്കും. കളിക്കുക എന്ന ചിന്ത തന്നെയാണ് അവന്റെ മനസ്സിലെപ്പോഴും. വീട്ടിലുണ്ടെങ്കിൽ, പ്രാക്ടീസ് ഇല്ലെങ്കിൽ അവനിഷ്ടം കിടന്നുറങ്ങാനാണ്. രാവിലെ 10 മണിയ്‌ക്കേ എണീക്കൂ. പക്ഷേ, എത്ര രാവിലെ പ്രാക്ടീസുണ്ടെങ്കിലും അവർ കൃത്യസമയത്ത് ഗ്രൗണ്ടിൽ ഹാജരാകും. കപ്പയും മീനുമാണ് ഏറ്റവും ഇഷ്ടം.

അച്ഛൻ വിആർഎസ് എടുത്തപ്പോഴാണ് സഞ്ജുവും സാലിയും തിരുവനന്തപുരത്തേയ്ക്ക് വന്നത്. കേരളത്തിന് വേണ്ടി മക്കളെ കളിപ്പിക്കുകയെന്ന സാംസണിന്റെ ആഗ്രഹമായിരുന്നു അതിന് പിന്നിൽ. തിരുവനന്തപുരത്ത സെന്റ് ജോസഫ് സ്‌കൂളിൽ സഞ്ജു ഏഴിലും സാലിയും എട്ടിലും ചേർന്നു. എന്നാൽ ഇവിടെ പ്രതീക്ഷിച്ച പോലെ കോച്ചിങ്ങിനു സൗകര്യമില്ലല്ലോ എന്ന കാര്യം അപ്പോഴാണ് ഈ കുടുംബം തിരിച്ചറിഞ്ഞത്. എന്നാൽ പിന്നെ ഡൽഹിയിലേക്ക് തിരിച്ചു പോവാം എന്നായി തീരുമാനം. അങ്ങനെ, ടിക്കറ്റെടുക്കാൻ റെയിൽവേ സ്റ്റേഷനിലെത്തി. അവിടെ വച്ച് കണ്ട സാംസണിന്റെ ഒരു സുഹൃത്ത് കഥയാകെ മാറ്റി.

അണ്ടർ 13 ജില്ലാ ടീമിന്റെ സെലക്ഷന്റെ കാര്യം അയാളാണ് സാംസണോട് പറഞ്ഞത്. എന്നാലും ഡൽഹിക്ക് ടിക്കറ്റെടുത്തു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഗ്രൗണ്ടിലായിരുന്നു ട്രയൽസ്. അവിടെ പോയി നോക്കിയ ശേഷം യാത്രയിൽ തീരുമാനമെടുക്കാമെന്നും തീരുമാനിച്ചു. കളിക്കാനുള്ള സാമഗ്രികളുമായി അച്ഛനും മക്കളും ഗ്രൗണ്ടിലേക്ക് പോയി. കോച്ച് ബിജു ജോർജ്ജ് സാറിന് സഞ്ജുവിന്റെ പ്രകടനം ഇഷ്ടമായി. സഞ്ജു തിരുവനന്തപുരം ക്രിക്കറ്റ് ടീമിന്റെ ഭാഗമായി. അണ്ടർ 13 ടീമിൽ കിട്ടിയ അവസരം സഞ്ജു പാഴാക്കിയില്ല. അന്ന് മുതൽ ബിജു ജോർജ്ജ് സാറാണ് ഇരുവരുടേയും പരിശീലകൻ. അതോടെ ഡൽഹിയിലേക്കുള്ള ടിക്കറ്റ് ക്യാൻസൽ ചെയ്തു. സാലി വയനാട് ടീമിലുമെത്തി. പിന്നീട് ബിജു ജോർജ്ജിന്റെ ഉപദേശങ്ങളിൽ സഞ്ജു ബാറ്റ് വീശി.

അടിച്ച് തകർത്ത് റൺസ് നേടുന്ന ഈ മിടുക്കന്റെ ടാലന്റ് വേഗത്തിൽ ദേശീയ ശ്രദ്ധയിലെത്തി. ഇന്ത്യൻ ക്രിക്കറ്റിൽ ടി സി മാത്യുവെന്ന കേരളാ ക്രിക്കറ്റിന്റെ അമരക്കാരന് നിർണ്ണായക പ്രാധാന്യം കിട്ടിയതും ഈ കാലത്താണ്. അതുകൊണ്ട് തന്നെ സഞ്ജുവിന്റെ കൂറ്റനടികൾ കണ്ടില്ലെന്ന് നടിക്കാൻ ഇന്ത്യയിലെ ക്രിക്കറ്റ് അധികാരികൾക്ക് കഴിഞ്ഞില്ല. കിട്ടിയ അവസരങ്ങളിൽ പ്രതിഭ തെളിയുക്കുകയും ചെയ്തു. വിക്കറ്റ് കീപ്പറായി തിളങ്ങാനുള്ള കഴിവ് സഞ്ജുവിന് തുണയാണ്. ഇതു തന്നെയാണ് രാജസ്ഥാൻ റോയൽസിന്റെ യുവതാരത്തിനും തുണയാകുന്നത്.

പതിമൂന്നാം വയസ്സിൽ സഞ്ജു ഐ.പി.എൽ ടീമായ കൊൽക്കത്താ നൈറ്റ് റൈഡേഴ്‌സിന്റെ ട്രയൽസിന്റെ ട്രയിനിങ്ങിന് പോയി. രാജസ്ഥാൻ റോയൽസിന്റെ ട്രയലിന് പോയപ്പോഴാണ് ഇഷ്ടകളിക്കാരനായ ദ്രാവിഡിനെ കൊച്ചു മിടുക്കൻ കാണുന്നത്. രാജസ്ഥാൻ റോയൽസിന് വേണ്ടി സഞ്ജു നടത്തിയ മികച്ച പ്രകടനങ്ങളിൽ ദ്രാവിഡിന്റെ പ്രചോദനവുമുണ്ടായിരുന്നു. കേരളത്തിന് വേണ്ടിയും ഇന്ത്യൻ അണ്ടർ 19 ടീമിനും വേണ്ടി അടിച്ചു കൂട്ടിയ ഓരോ റണ്ണും സഞ്ജുവിന് തുണയായി. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഏകദിന ടീമിലും 20-20 ടീമിലുമെല്ലാം സഞ്ജു ഇതിനു മുമ്പും എത്തിയിട്ടുണ്ട്.

ഇത്തവണ നീലക്കുപ്പായത്തിൽ കളിക്കാനുള്ള സാധ്യത കൂടുതലാണ്. കാരണം സിംബാബ്‌വെയ്ക്ക് എതിരായ ആദ്യ രണ്ട് കളിയിലും റോബിൻ ഉത്തപ്പയാണ് വിക്കറ്റിന് പിന്നിൽ നിന്നത്. ബാറ്റിങ്ങിൽ ഫോമായതുമില്ല. ഇതിനൊപ്പം ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്ന അമ്പാട്ടി റായിഡുവിന് പകരമായാണ് എത്തുന്നത്. ഇനിയൊരു ഏകദിനം മാത്രമേ ഉള്ളൂ. ഈ സാഹചര്യത്തിൽ രാജ്‌സഥാൻ റോൽസിലെ സഹ താരമായ അജിങ്ക രഹാനെയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീമിലേക്ക് വിളി വരുമ്പോൾ സഞ്ജുവിന് കാര്യങ്ങൾ അനുകൂലം തന്നെയാണ്. രഹാനെയുടെ മനസ്സിലെ ഭാവി ഇന്ത്യൻ പ്രതീക്ഷയാണ് സഞ്ജു. ഈ സാഹചര്യത്തിൽ ടിനു യോഹന്നാനും ശ്രീശാന്തിനും ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കളിക്കുന്ന മൂന്നാമനായി സഞ്ജു മാറുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP