Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇടതുമുന്നണി മേധാവിത്വം പുലർത്തിയ മണ്ഡലങ്ങളിൽ പോലും മികച്ച സ്ഥാനാർത്ഥികളിലൂടെ മേൽക്കൈ നേടിയത് യുഡിഎഫ്; വോട്ടർമാരെ സ്വാധീനിക്കാൻ ഇത്തരം സ്ഥാനാർത്ഥികൾക്ക് ആയെന്ന് ഇടത് അനുഭാവികൾ; വോട്ടെടുപ്പിന് മുമ്പ് ഉയർത്തിയ തുടർഭരണമെന്ന എൽഡിഎഫ് അവകാശവാദം യാഥാർത്ഥ്യം ആയേക്കില്ലെന്ന് വിലയിരുത്തൽ

ഇടതുമുന്നണി മേധാവിത്വം പുലർത്തിയ മണ്ഡലങ്ങളിൽ പോലും മികച്ച സ്ഥാനാർത്ഥികളിലൂടെ മേൽക്കൈ നേടിയത് യുഡിഎഫ്; വോട്ടർമാരെ സ്വാധീനിക്കാൻ ഇത്തരം സ്ഥാനാർത്ഥികൾക്ക് ആയെന്ന് ഇടത് അനുഭാവികൾ; വോട്ടെടുപ്പിന് മുമ്പ് ഉയർത്തിയ തുടർഭരണമെന്ന എൽഡിഎഫ് അവകാശവാദം യാഥാർത്ഥ്യം ആയേക്കില്ലെന്ന് വിലയിരുത്തൽ

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടതുമുന്നണിക്ക് തുടർഭരണം എന്ന നേതാക്കളുടെ അവകാശവാദം യാഥാർത്ഥ്യമായേക്കില്ലെന്ന് വിലയിരുത്തൽ. ഇടതുമുന്നണിക്ക് വ്യക്തമായ സ്വാധീനമുള്ള ചില മണ്ഡലങ്ങളിൽ പോലും യുഡിഎഫിന് അനുകൂലമായ വിധിയെഴുത്ത് ഇത്തവണ ഉണ്ടായെന്നാണ് അതത് മണ്ഡലങ്ങളിലെ ഇടത് അനുഭാവികളിൽ നിന്നടക്കം ലഭിക്കുന്ന വിവരങ്ങൾ. ഇടത് മുന്നണി തുടർച്ചയായി ജയിക്കുന്ന മണ്ഡലങ്ങളിൽ വോട്ടെടുപ്പിന് ശേഷം നടത്തിയ അന്വേഷണത്തിലാണ് ഇത്തരത്തിലുള്ള റിപ്പോർട്ട് പുറത്തുവരുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയിൽ ഇടതുമുന്നണി സർക്കാരിന് തുടർഭരണം എന്നതായിരുന്നു ഏറ്റവും കൂടുതൽ ഉയർന്നുകേട്ട അവകാശവാദം. വോട്ടെടുപ്പ് നടക്കുന്ന ദിവസങ്ങളിൽ അതായത് അവസാന 72 മണിക്കൂറുകൾ വരെ ഈ അവകാശവാദം വളരെ ഫലപ്രദമായി ഉയർത്തുവാൻ ഇടതുമുന്നണിക്ക് സാധിച്ചിരുന്നു. എന്നാൽ വോട്ടെടുപ്പിന്റെ മണിക്കൂറുകളിൽ ഇതിന്റെ ഫ്‌ളോ നഷ്ടപ്പെടുന്നതാണ് കണ്ടത്.

വോട്ടെടുപ്പ് പൂർത്തിയായതോടെ ഭൂരിപക്ഷം ലഭിക്കുമെന്ന അവകാശവാദവുമായി ഇടത് വലത് മുന്നണികൾ രംഗത്തെത്തുകയും ചെയ്തു. എന്നാൽ ഭരണത്തുടർച്ച എന്ന അവകാശവാദം സിപിഎം അവസാനിപ്പച്ചതാണ് പിന്നീടുകണ്ടത്. മുഖ്യമന്ത്രി ഇത്തരം ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുന്നതും കണ്ടു. ചാനൽ സർവേകളിലെ ഫലങ്ങൾ അഭിപ്രായം മാത്രമാണെന്ന് പിന്നീട് തുറന്നു പറയേണ്ടി വരുന്നിരുന്നു.

തിരഞ്ഞെടുപ്പിന് മുമ്പ് കേരളത്തിൽ നടന്ന അഭിപ്രായ സർവേകൾ ഒക്കെ പെയ്ഡ് ആണ് എന്ന് ആക്ഷേപം ഉയർന്നപ്പോഴും മറുനാടൻ മലയാളി ദിവസങ്ങളോളം എടുത്ത് എല്ലാ മണ്ഡലങ്ങളിലും കൃത്യമായി നടത്തിയ സർവേയിലും ഇടതുപക്ഷത്തിന് തുടർഭരണമായിരുന്നു ഫലം. ഡേറ്റാകൾ കറക്ടടായി സൂക്ഷിച്ചുകൊണ്ടായിരുന്ന സർവേ നടത്തിയത്. 140 മണ്ഡലങ്ങലിലൂടെ പോകാൻ വലിയ ബജറ്റ് കരുതിയിരുന്നു. അത് വിനിയോഗിച്ചാണ് സർവേ നടത്തിയത്. ആരിൽ നിന്നും നയാ പൈസപോലും സ്പോൺസർഷിപ്പ് വാങ്ങാതെ നടത്തിയ സർവേയ്ക്കായി പത്ത് ടീമുകളെയാണ് നിയോഗിച്ചിരുന്നു. നാലഞ്ച് ദിവസത്തോളം മണ്ഡലങ്ങൾ സന്ദർശിച്ചാണ് സർവേ പൂർത്തിയാക്കിയത്. ഈ സർവേയിലും ഇടത് മുന്നണിക്ക് തുടർഭരണം എന്നായിരുന്നു ലഭിച്ചത്.

ഈ സർവേകളിൽ ഒക്കെ അവരെ സ്വാധീനിച്ച ഒരു പൊതുബോധമുണ്ട്. മുഖ്യമന്ത്രി അടക്കം ഉയർത്തിയ തുടർഭരണം എന്ന അവകാശവാദം, അതുപോലെ ചാനൽ സർവേകളിൽ നിന്നും കേൾക്കുന്നത്. പത്രങ്ങളിൽ വായിക്കുന്നത്. പുറത്തിറങ്ങിയാൽ ഹോൾഡിങ്ങുകളിൽ കാണുന്നത് എന്നുവേണ്ട ആകാശവാണി മുതൽ സകല മാധ്യമങ്ങളിലും ഉയർുന്നു കേൾക്കുന്നത് ഇടത് തരംഗത്തെക്കുറിച്ചായിരുന്നു. സോഷ്യൽ മീഡിയയിലും ഇതുതന്നെയായിരുന്നു അവസ്ഥ. തുടർഭരണത്തെക്കുറിച്ച് സാധാരണക്കോരോട് ചോദ്യം ഉയർന്നപ്പോൾ അവരുടെ പ്രതികരണവും വിഭിന്നമായില്ല. കാരണം അവരെ സ്വാധീനിച്ച പൊതുബോധം ഇതുതന്നെയായിരുന്നു. മറിച്ചൊരു അഭിപ്രായം അവർക്ക് തുറന്നു പറയാൻ സാധിക്കുമായിരുന്നില്ല. വലിയ സ്വാധീനമാണ് പ്രചാരണങ്ങൾ ചെലുത്തിയത്. തുടർഭരണത്തെക്കുറിച്ച് ചോദ്യം ഉയരുമ്പോൾ ഞാനായിട്ട് എങ്ങനെ മറുത്ത് പറയും എന്ന ചിന്തയോടെയാണ് ഒട്ടുമിക്കവരും പ്രതികരിച്ചിട്ടുണ്ടാകുക.

എന്നാൽ വോട്ടെടുപ്പിന് ശേഷം നടത്തിയ അന്വേഷണത്തിൽ ഇടതുപക്ഷം ഉറപ്പായും ജയിക്കുമെന്ന് കരുതുന്ന ആറ് മണ്ഡലങ്ങളിൽ മറുനാടൻ മലയാളി നടത്തിയ അന്വേഷണത്തിൽ വിഭിന്നമായ അഭിപ്രായമാണ് ഉയർന്നുകേട്ടത്. ഈ മണ്ഡലങ്ങളിൽ ഒക്കെ വിവരങ്ങൾ ആരാഞ്ഞത് ഇടത് അനുഭാവികളോടായിരുന്നു. എന്നാൽ അതത് മണ്ഡലങ്ങളിലെ സാഹചര്യങ്ങളെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായമാണ് ഇവർ പ്രകടിപ്പിച്ചത്.

കോഴിക്കോട് നോർത്ത് മണ്ഡലത്തിലാണ് ആദ്യം വിവരങ്ങൾ തേടിയത്. മണ്ഡലത്തിൽ വോട്ടുള്ള ഇടതുപക്ഷ അനുഭാവിയായ സുഹൃത്തിനെ വിളിച്ചു. ശബരിമല വിഷയത്തോട് വിയോജിപ്പ് പ്രകടിപ്പിക്കുമ്പോഴും എൽഡിഎഫിന് തന്നെയാണ് തുടർഭരണം എന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു. എന്നാൽ അദ്ദേഹം വോട്ട് ചെയ്ത കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ ചെറിയ മുൻതൂക്കം യുഡിഎഫിനാണ് എന്ന് തുറന്നു സമ്മതിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി കെ എം അഭിജിത്തിനാണ് മുൻതൂക്കം എന്ന് പറയാൻ കാരണമായി ചൂണ്ടിക്കാട്ടിത്.

തോട്ടത്തിൽ രവീന്ദ്രൻ എന്ന സ്ഥാനാർത്ഥിയുടെ സാന്നിദ്ധ്യം തന്നെയാണ്. കഴിഞ്ഞ തവണ പ്രതീപ് കുമാർ 28000 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ച മണ്ഡലത്തിൽ നിന്നും അദ്ദേഹത്തെ മാറ്റിയതിന്റെ അമർഷം പൊതുവെ പ്രവർത്തകർക്ക് ഇടയിൽ ഉണ്ട് എന്ന് വ്യക്തമാക്കുന്നതായിരുന്നു പ്രതികരണം.അഭിജിത്ത് ചെറുപ്പക്കാനാണ് എന്ന ഒരു ചായ്വ് വോട്ടർമാരിൽ പ്രകടമായി എന്നതും അദ്ദേഹം തുറന്നു സമ്മതിച്ചു. തോട്ടത്തിൽ രവീന്ദ്രൻ പോരാ എന്ന തോന്നലുണ്ട് അതിനാൽ ഇവിടെ അഭിജിത്ത് ആകും ജയിക്കുക. പക്ഷേ എൽഡിഎഫിനാകും ഭരണം എന്നും അദ്ദേഹം പറഞ്ഞു.

ഒറ്റപ്പാലം മണ്ഡലത്തിൽ ആണ് അടുത്തതായി വിളിച്ചത്. എൽഡിഎഫിന്റെ ഉറച്ച മണ്ഡലമാണ്. 2011ലും 2016 ലും 14000 ലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിന് ഇടതുമുന്നണി ജയിച്ച മണ്ഡലമാണ്. ഇത്തവണപ്രേംകുമാറാണ് സ്ഥാനാർത്ഥി. യുഡിഎഫ് സ്ഥാനാർത്ഥിയായ ഡോ. സരിൻ ജയിക്കാനഉള്ള സാധ്യത ഉണ്ട് എന്നായിരുന്നു ഇവിടെനിന്നും പ്രതികരിച്ച ഇടത് അനുഭാവിക്ക് പറയാനുണ്ടായിരുന്നത്. സ്ഥാനാർത്ഥി എന്ന നിലയിൽ പ്രേംകുമാറിനേക്കാൾ വോട്ടർമാർക്ക് താൽപര്യം സരിനോടാകും എന്നതാണ് കാരണമായി പറഞ്ഞ്ത്. സിവിൽ സർവീസ് ഉപേക്ഷിച്ച് പൊതുപ്രവർത്തന രംഗത്ത് വന്നതാണ് ഈ മണ്ഡലത്തിൽ സരിനാണ് സാധ്യത എന്ന് അദ്ദേഹം പറഞ്ഞു.

പട്ടാമ്പിയിൽ വിളിച്ചപ്പോഴും അതേ വികാരമാണ് പ്രകടിപ്പിച്ചത്. ഇത്തവണ ഇടതു തരംഗമുണ്ടെങ്കിൽ മണ്ഡലത്തിൽ എന്താകും ഫലം എന്നതറിയാനാണ് ഇടതുപക്ഷ അനുഭാവമുള്ള ഒരു സുഹൃത്തിനോട് ചോദിച്ചത്. ജെഎൻയുവിൽ നിന്നും പഠനം പൂർത്തിയാക്കി കഴിഞ്ഞ തവണ മണ്ഡലത്തിൽ മണ്ഡലത്തിൽ ജയിച്ച മുഹമ്മദ് മുഹ്‌സീന് വേണ്ടത്ര ജനപിന്തുണ ആർജിക്കാൻ സാധിച്ചില്ല എന്ന പൊതുവികാരമാണ് അദ്ദേഹം പങ്കുവച്ചത്. സമസ്തയുടെ ഒരു ഉന്നത നേതാവിന്റെ ബന്ധുത്വം അടക്കമുള്ള കാര്യങ്ങൾ മുന്നോട്ട് വച്ചായിരുന്നു കഴിഞ്ഞ തവണ എൽഡിഎഫ് സ്ഥാനാർത്ഥി ഇവിടെ വോട്ടു തേടിയത്. ഇക്കുറി ഭരണം ഉറപ്പാണ്. പക്ഷേ പട്ടാമ്പിയിൽ യുഡിഎഫ് സ്ഥാനാർത്ഥി റിയാസ് മുക്കോളി ജയിക്കും, ആളുകളെ സ്വീധീനിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു എന്നതായിരുന്നു വിലയിരുത്തൽ.

കൈപമംഗലം കാലങ്ങളായി ഇടതു മണ്ഡലമാണ്. സിപിഐയുടെ സ്ഥാനാർത്ഥി 34,000 ഓളം വോട്ടുകളുടെ ഭൂരിപക്ഷത്തിന് കഴിഞ്ഞ തവണ ഇവിടെ ജയിച്ചതാണ്. എന്നാൽ ഇത്തവണ മറിച്ചൊരു ഫലം ഉണ്ടായേക്കുമെന്ന സൂചനയാണ് ഇടത് അനുഭാവി നൽകിയത്. ഒന്നിലേറെ പേരോട് അഭിപ്രായം തേടി, ഇടത് തരംഗമാണ്,. പിണറായി ജയിച്ച് ഭരണത്തിലെത്തും എന്നായിരുന്നു അവർ അഭിപ്രായപ്പെട്ടത്. പക്ഷേ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയോട് ജനങ്ങൾക്ക് പൊതുവെ താൽപര്യമുണ്ട് ഒരു സഹതാപ തരംഗമുണ്ട്. അമ്മയെ അച്ഛൻ കൊലപ്പെടുത്തി അനാഥനാക്കപ്പെട്ട ബാല്യമാണ്. യുവാവാണ്. മത്സ്യത്തൊഴിലാളി ആയിരുന്നു എന്നതാണ് ഇതിന് കാരണമായി പറഞ്ഞത്.

തിരുവനന്തപുരത്ത് എൽഡിഎഫ് മേധാവിത്വം പുലർത്തുന്ന മണ്ഡലങ്ങളായ ആറ്റിങ്ങൽ, ചിറയൻകീഴ് വാമനപുരം മണ്ഡലങ്ങളുടെ കാര്യമെടുത്താലും സമാനമായ സ്ഥിതിയാണ് ഇത്തവണ കാണാൻ കഴിയുക. ഇതിൽ ആറ്റിങ്ങൽ എൽഡിഎഫ് വിജയത്തുടർച്ച നേടിയേക്കാമെങ്കിൽ വാമനപുരത്തും ചിറയിൻകീഴും വ്യത്യസ്ഥമാണ്.

ചിറയൻകീഴ് കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും 14000, 12000 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ചതാണ്. ശശിയായികരുന്നു സ്ഥാനാർത്ഥി ഇത്തവണ യുഡിഎഫിനായി ഇവിടെ മത്സരിക്കുന്നത് അനൂപാണ്. കടം മേടിച്ച തുക വിനിയോഗിച്ചാണ് തിരഞ്ഞെടുപ്പ് പ്രചാരണം വരെ നടത്തിയത്. ഇത്തവണ മണ്ഡലത്തിലാകെ മികച്ച പ്രചാരണം കാഴ്ചവയ്ക്കാൻ യുഡിഎഫിന് സാധിച്ചിട്ടുണ്ട്. ചിറയിൻകീഴിൽ അനൂപ് ജയിക്കും എന്ന അഭിപ്രായമാണ് പൊതുവെ ഉള്ളതെന്ന് ഫോണിൽ ബന്ധപ്പെട്ടപ്പോൾ മണ്ഡലത്തിൽ നിന്നുള്ളവർ തുറന്നുപറയുന്നു. വാമനപുരം മണ്ഡലത്തിൽ സ്ഥിതി വിഭിന്നമല്ല. കോലിയക്കോട് കൃഷ്ണൻനായർ ജയിച്ചുകൊണ്ടിരുന്ന മണ്ഡലമാണ്. 10 000 ലേറെ വോട്ടുകളുടെ ഭൂരിപക്ഷമാണ് ഡി കെ മുരളി കഴിഞ്ഞ തവണ ജയിച്ചത്. കോൺഗ്രസ് സ്ഥാനാർത്ഥി ആനാട് ജയൻ എന്ന സ്ഥാനർത്ഥിയിലൂടെ ഇത്തവണ മണ്ഡലം കോൺഗ്രസ് പിടിച്ചെടുക്കുമെന്നാണ് പൊതുവെയുള്ള അഭിപ്രായം.

ഇടതുമുന്നണി കാലങ്ങളായി കൈവശം വച്ചിരിക്കുന്ന മണ്ഡലങ്ങളിൽ യുഡിഎഫ് ആണ് ജയിക്കുന്നതെങ്കിൽ എങ്ങനെ തുടർഭരണം ലഭിക്കും എന്ന ചോദ്യമാണ് ഉയരുന്നത്. . യുഡിഎഫിന്റെ നിശബ്ദ വിപ്ലവത്തിന്റെ മികവ് കാണുന്നത്. പീതാംബരക്കുറുപ്പ് സജീവ് ജോസഫ് എന്നീ സ്ഥാനാർത്ഥികളടക്കം ചിലരെക്കുറിച്ച് അഭിപ്രായഭിന്നത ഉണ്ടെങ്കിലും കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടിക മികച്ചതാണ് എന്ന പൊതു അഭിപ്രായം കൂടി ഇതോടൊപ്പം പറയേണ്ടതുണ്ട്.

വർക്കലയിലെ ബിആർഎം ഷഫീർ നെടുമങ്ങാട് പ്രശാന്ത് എന്നിവരെപ്പോലെ ജനങ്ങൽ പിന്തുണ നൽകാൻ സാധ്യതയുള്ള സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാൻ കോൺഗ്രസിന് കഴിഞ്ഞത് നേട്ടമാകും എന്ന വിലയിരുത്തലാണ് പൊതുവെയുള്ളത്.

എ ബി വാജ്‌പേയ് യുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ ഉയർത്തിയ ഇന്ത്യ തിളങ്ങുന്നു എന്ന പ്രചരണം പോലെ പിണറായി വിജയൻ സർക്കാറിന്റെ തുടർഭരണം എന്ന അവകാശവാദം തിരിച്ചടിക്കുമോ എന്നതാണ് ഇനി അറിയേണ്ടത്. ഞെട്ടിക്കുന്ന സ്ഥാനാർത്ഥിത്വത്തിലൂടെ യുഡിഎഫ് അതികാരത്തിൽ വന്നാലും അതിശപ്പെടേണ്ടതില്ല എന്നതാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP