Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കസ്റ്റംസിന്റെ നീക്കം അതീവ രഹസ്യമായി; 50 ചോദ്യങ്ങളുമായി ഔദ്യോഗിക വസതിയിൽ എത്തിയത് കസ്റ്റംസ് സൂപ്രണ്ട് കെ. സലിലിന്റെ നേതൃത്വത്തിലുള്ള സംഘം; എട്ടു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ ഡോളർക്കടത്ത് നിഷേധിച്ചു സ്പീക്കർ; ഒരു സ്പീക്കറെ കേന്ദ്ര ഏജൻസി ചോദ്യം ചെയ്യുന്നത് ചരിത്രത്തിൽ ആദ്യം

കസ്റ്റംസിന്റെ നീക്കം അതീവ രഹസ്യമായി; 50 ചോദ്യങ്ങളുമായി ഔദ്യോഗിക വസതിയിൽ എത്തിയത് കസ്റ്റംസ് സൂപ്രണ്ട് കെ. സലിലിന്റെ നേതൃത്വത്തിലുള്ള സംഘം; എട്ടു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ ഡോളർക്കടത്ത് നിഷേധിച്ചു സ്പീക്കർ; ഒരു സ്പീക്കറെ കേന്ദ്ര ഏജൻസി ചോദ്യം ചെയ്യുന്നത് ചരിത്രത്തിൽ ആദ്യം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഡോളർ കടത്തു കേസുമായി ബന്ധപ്പെട്ട് അപ്രതീക്ഷിത നീക്കമായിരുന്നു ഇന്നലെ കസ്റ്റംസ് നടത്തിയത്. വെള്ളിയാഴ്ച ചോദ്യം ചെയ്യൽ നേരിടാൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണന് കസ്റ്റംസ് നോട്ടിസ് നൽകിയത് വ്യാഴാഴ്ച വൈകിട്ടായിരുന്നു. മുൻപു രണ്ടുതവണ നോട്ടിസ് നൽകിയെങ്കിലും തിരഞ്ഞെടുപ്പ് തിരക്ക്, അസുഖം എന്നീ കാരണങ്ങൾ അറിയിച്ചു സ്പീക്കർ ഹാജരായില്ല. ഭരണഘടനാപദവി വഹിക്കുന്നതിനാൽ കസ്റ്റംസിനു ചോദ്യം ചെയ്യാനാവില്ലെന്നു നിലപാടെടുത്തിരുന്ന സ്പീക്കർ.

തന്റെ പദവി മാനിക്കുന്ന രീതിയിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതു പരിഗണിച്ചാണ് ചോദ്യം ചെയ്യൽ ഔദ്യോഗിക വസതിയിലാക്കിയതും അദ്ദേഹത്തെ വിളിച്ചു വരുത്തേണ്ടെന്ന തീരുമാനവും കൈക്കൊണ്ടത്. സ്പീക്കറുടെ ഔദ്യോഗിക വസതിയിൽ കസ്റ്റംസ് സൂപ്രണ്ട് കെ. സലിലിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് 11ന് തുടങ്ങിയ ചോദ്യം ചെയ്യൽ വൈകിട്ട് ഏഴിനാണ് അവസാനിച്ചത്. എട്ടു മണിക്കൂറോളം ചോദ്യം ചെയ്യൽ നീണ്ടു.

അൻപതിൽപരം ചോദ്യങ്ങളാണു കസ്റ്റംസ് സ്പീക്കറോട് ചോദിച്ചത്. പല കാര്യങ്ങളും സമ്മതിച്ച സ്പീക്കർ, ചിലതു നിഷേധിക്കുകയും ചെയ്തു. സ്പീക്കർ ഉപയോഗിച്ചിരുന്ന 4 മൊബൈൽ ഫോൺ സിം കാർഡുകളുടെ വിശദാംശവും കസ്റ്റംസ് ശേഖരിച്ചു. അതിലൊന്നു സ്പീക്കറുടെ സുഹൃത്തിന്റെ പേരിലാണ്. അതുപയോഗിച്ചാണു സ്വപ്നയെയും സരിത്തിനെയും സ്ഥിരമായി വിളിച്ചതെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഡോളർ കടത്ത് ആരോപണം സ്പീക്കർ ആവർത്തിച്ചു നിഷേധിച്ചു.

ഇതേസമയം, കസ്റ്റംസ് വിശദീകരണം തേടുക മാത്രമാണു ചെയ്തതെന്നു സ്പീക്കറുടെ ഓഫിസ് വാർത്താക്കുറിപ്പ് ഇറക്കി. യുഎഇ കോൺസുലേറ്റ് ഫിനാൻസ് വിഭാഗം മുൻ തലവൻ ഖാലിദ് അലി ഷൗക്രി 2019 ഓഗസ്റ്റ് 19ന് തിരുവനന്തപുരത്തുനിന്നു മസ്‌കത്ത് വഴി കയ്‌റോയിലേക്ക് 1.90 ലക്ഷം യുഎസ് ഡോളർ കടത്തിയെന്നാണു കസ്റ്റംസ് റിപ്പോർട്ട്. കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ, യൂണിടാക് ബിൽഡേഴ്‌സ് മാനേജിങ് ഡയറക്ടർ സന്തോഷ് ഈപ്പൻ, സന്ദീപ് നായർ, ഖാലിദ് അലി ഷൗക്രി എന്നിവരടക്കം 6 പ്രതികളാണുള്ളത്. ഈ കേസിൽ പി. ശ്രീരാമകൃഷ്ണന്റെ പേരു പരാമർശിച്ചിട്ടില്ല.

കേസുമായി ബന്ധപ്പെട്ടു സ്വപ്നയും സരിത്തും നൽകിയ മൊഴികളുടെ അടിസ്ഥാനത്തിലാണു സ്പീക്കറെ ചോദ്യം ചെയ്തത്. മുഖ്യമന്ത്രി, സ്പീക്കർ എന്നിവരുടെ പ്രേരണയിൽ യുഎഇ കോൺസുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥരുടെ സഹായത്തോടെ വിദേശത്തേക്കു ഡോളർ കടത്തിയിട്ടുണ്ടെന്നും 3 മന്ത്രിമാർ നിയമവിരുദ്ധ ഇടപാടുകൾ നടത്തിയിട്ടുണ്ടെന്നും സ്വപ്നയുടെ മൊഴിയിലുണ്ടെന്നു കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പാർപ്പിട നിർമ്മാണ പദ്ധതിയുമായി ബന്ധപ്പെട്ടു യൂണിടാക് നൽകിയ 3.8 കോടി രൂപയുടെ കോഴപ്പണത്തിൽ നിന്നുള്ള ഒരുഭാഗം ഡോളറാക്കി ഖാലിദ് അലി ഷൗക്രി കടത്തിയെന്നാണു കസ്റ്റംസ് ആരോപണം.

സ്പീക്കർ ഇടയ്ക്കിടെ തങ്ങാറുള്ള പേട്ട മരതകം ഫ്‌ളാറ്റ് കസ്റ്റംസ് ഇന്നലെ 2 മണിക്കൂർ പരിശോധിച്ചു. ഇത് തന്റെ രഹസ്യ താവളമാണെന്നു സ്പീക്കർ പറഞ്ഞതായി സ്വപ്നയുടെ മൊഴി നേരത്തേ പുറത്തുവന്നിരുന്നു. സ്പീക്കറുടെ വിദേശത്തുള്ള ബന്ധുവിന്റെ പേരിലാണ് ഈ ഫ്‌ളാറ്റെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സ്വപ്നയുടെ മൊഴി പുറത്തു വന്ന ശേഷം സ്പീക്കറും ചില അടുപ്പക്കാരും ഈ ഫ്‌ളാറ്റിൽ വന്നുപോയതായി കസ്റ്റംസിനു വിവരം ലഭിച്ചിരുന്നു. ഗേറ്റിലെ രജിസ്റ്റർ പരിശോധിച്ചു; സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും.

സ്വപ്നയുടെ മൊഴിയിൽ സ്പീക്കർക്കെതിരെയുള്ള ആരോപണങ്ങൾ സ്പീക്കർ നിഷേധിച്ചുണ്ട്. യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ വിദേശത്തേക്കു ഡോളർ കടത്തി. ഗൾഫിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സ്പീക്കർക്കു നിക്ഷേപമുണ്ട്. പേട്ടയിലെ ഫ്‌ളാറ്റിലേക്ക് ദുരുദ്ദേശ്യത്തോടെ പലതവണ ക്ഷണിച്ചു എന്നുമായിരുന്നു ആരോപണം. ഇത് അദ്ദേഹം നിഷേധിച്ചു.

സരിത്തിന്റെ വീട്ടിൽ നിന്നു നേരത്തെ കസ്റ്റംസ് കണ്ടെത്തിയ ബാഗ് സ്പീക്കർ തിരിച്ചറിഞ്ഞു. സ്പീക്കർ ഈ ബാഗിൽ ഡോളർ കൈമാറിയെന്നാണു സ്വപ്നയുടെ മൊഴിയിലുള്ളത്. ചോദ്യം ചെയ്യാനെത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥർക്കും സ്പീക്കർ ബാഗ് സമ്മാനിച്ചെങ്കിലും അവരതു നിരസിച്ചു. 'ജമാൽ അൽ സാബിയെ കണ്ടിട്ടുണ്ട്, പക്ഷേ അടുപ്പമൊന്നുമുണ്ടായിരുന്നില്ല. സ്വപ്നയുമായി സൗഹൃദമുണ്ട്. സാമ്പത്തിക ഇടപാടൊന്നുമില്ല. നിയമസഭയുടെ മുദ്രയുള്ള ബാഗും പേനയും സന്ദർശകർക്കു സമ്മാനമായി നൽകാറുണ്ട്. എന്നാൽ, ബാഗിൽ ആർക്കും ഡോളർ നൽകിയിട്ടില്ല. മസ്‌കത്തിൽ കോളജ് ഉടമയായ പ്രവാസി മലയാളി ലഫീർ മുഹമ്മദിനെ അറിയാം. കോളജിൽ നിക്ഷേപമില്ല. സഹോദരൻ യുഎഇയിലും സഹോദരി യുഎസിലുമുണ്ട്. ഇവരെ കാണാൻ പോകാറുണ്ട്.' സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി.

സ്പീക്കർക്കു കോവിഡ്

സ്പീക്കർ പി. ശ്രീരാമകൃഷ്ണനു കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിശദമായ ചോദ്യം ചെയ്യലിന് കസ്റ്റംസ് തയ്യാറെടുക്കുന്നതിനിടയിലാണ് കോവിഡ് പോസിറ്റീവായത്. വെള്ളിയാഴ്ച 8 മണിക്കൂർ ചോദ്യം ചെയ്യലിനിടെ സ്പീക്കർ 2 തവണ മരുന്നു കഴിച്ചിരുന്നു. അതിനിടെ ആത്മഹത്യയ്ക്കു ശ്രമിച്ചെന്ന പ്രചാരണം സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ നിഷേധിച്ചു. ആത്മഹത്യയിൽ അഭയം പ്രാപിക്കുന്ന ഭീരുവല്ല താനെന്നും കുടുംബം തകർന്നെന്നു വരെ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ഫേസ്‌ബുക് വിഡിയോയിൽ പറഞ്ഞു. രക്തദാഹികൾ നടത്തുന്ന കുപ്രചാരണങ്ങൾക്കു മുന്നിൽ തല കുനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP