Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'ചിത്തിര തിരുനാളിന് നേരെ മൂന്നു വധശ്രമങ്ങൾ; രണ്ടെണ്ണം തിരുമനസ് രാജ്യഭാരം ഏൽക്കുന്നതിന് മുൻപാണ്; ഒരെണ്ണം സ്ഥാനമേറ്റതിന്റെ അന്ന് വൈകിട്ട്; മൂന്നാമത്തെ വധശ്രമം സ്ഥാനമേറ്റിട്ട് വെളിയിലിറങ്ങി രഥത്തിൽ കയറുമ്പോൾ'; വെളിപ്പെടുത്തലുമായി ഗൗരി ലക്ഷ്മിഭായി

'ചിത്തിര തിരുനാളിന് നേരെ മൂന്നു വധശ്രമങ്ങൾ; രണ്ടെണ്ണം തിരുമനസ് രാജ്യഭാരം ഏൽക്കുന്നതിന് മുൻപാണ്; ഒരെണ്ണം സ്ഥാനമേറ്റതിന്റെ അന്ന് വൈകിട്ട്; മൂന്നാമത്തെ വധശ്രമം സ്ഥാനമേറ്റിട്ട് വെളിയിലിറങ്ങി രഥത്തിൽ കയറുമ്പോൾ'; വെളിപ്പെടുത്തലുമായി ഗൗരി ലക്ഷ്മിഭായി

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: തിരുവിതാംകൂർ രാജപരമ്പരയിലെ അവസാന മഹാരാജാവായിരുന്ന ശ്രീചിത്തിര തിരുനാളിനെതിരെ മൂന്ന് വധശ്രമങ്ങൾ നടന്നിരുന്നുവെന്ന വെളിപ്പെടുത്തലുമായി രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി. ഹിസ്റ്ററി ലിബറേറ്റഡ് എന്ന പുതിയ പുസ്തകത്തിലാണ് ഈ വിവാദ വെളിപ്പെടുത്തലുള്ളത്. ചിത്തിര തിരുനാളിന്റെ അമ്മ സേതുപാർവ്വതിഭായിയാണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്ന് അശ്വതി തിരുനാൾ വ്യക്തമാക്കി.

1924ൽ ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ നിര്യാണത്തോടെ പന്ത്രണ്ടാം വയസ്സിലാണ്, ശ്രീചിത്തിര തിരുനാൾ തിരുവിതാംകൂർ മഹരാജാവായത്. പ്രായപൂർത്തിയാകുന്നതുവരെ അമ്മയുടെ ജ്യേഷ്ഠസഹോദരി സേതുലക്ഷ്മിബായി രാജപ്രതിനിധി(റീജെന്റ്) ആയി തിരുവിതാംകൂർ ഭരിച്ചു.

ചിത്തിര തിരുനാൾ 18 വയസ്സ് പൂർത്തിയായി അധികാരത്തിലെത്തുന്നത് തടയാൻ ബോധപൂർവ്വമായ ശ്രമങ്ങൾ ഈ കാലയളിവ്ൽ നടന്നുവെന്നാണ് ഹിസ്റ്ററി ലിബറേറ്റഡ് എന്ന പുസ്തകത്തിലെ വെളിപ്പെടുത്തൽ. ചിത്തിര തിരുനാളിന്റെ അമ്മ സേതുപാർവ്വതിബായിയാണ് ഇത് തന്നോട് പറഞ്ഞതെന്ന് രാജകുടംബാഗമായ അശ്വതി തിരുനാൾ ലക്ഷ്മിബായി വ്യക്തമാക്കി.

ചിത്തിര തിരുനാൾ പ്രായപൂർത്തിയാകുന്നതിന് മുമ്പായിരുന്നു രണ്ട് വധശ്രമങ്ങൾ. മഹാരാജാവായി അധികാരമേറ്റേടുത്ത ദിവസമായിരുന്നു മൂന്നാമത്തെ വധശ്രമം. ശ്രീപത്മനാഭന്റെ അനുഗ്രഹം കൊണ്ട് എല്ലാ തടയാൻ കഴിഞ്ഞു.

ചിത്തിര തിരുനാളിനോ അമ്മയ്‌ക്കോ പുറംലോകം ഇതിറിയുന്നതിനോട് താത്പര്യമുണ്ടായിരുന്നില്ല. രാജകുടംബത്തിലെ അധികാര തർക്കത്തിൽ പങ്കാളികളായിരുന്നവർ ആരും ഇന്ന് ജീവിച്ചിരിപ്പില്ല. രാജകുടംബത്തെക്കുറിച്ചുള്ള ചരിത്ര രചനകളിൽ പലതും മുൻവിധിയുള്ളതാണ്. പൊതുസമൂഹത്തിലെ തെറ്റിദ്ധാരണ തിരുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ പസുത്കം. 

രാജകുടുംബത്തെക്കുറിച്ചുള്ള, ചില തെറ്റിദ്ധാരണകൾക്കും, മഞ്ഞ മഷിയിലുള്ള ചില രചനകൾക്കുമുള്ള മറുപടിയാണിതെന്ന് അവർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ദിവാൻ സർ സിപിക്ക്, ചിത്തിര തിരുനാൾ അമിത സ്വാതന്ത്രം നൽകിയെന്ന വിലയിരുത്തൽ ശരിയല്ലെന്ന് അശ്വതി തിരുനാളിന്റെ പുസ്തകത്തിൽ പറയുന്നു. പുന്നപ്ര വയലാർ വെടിവയപ് ഇരു വിഭാഗവും സംയമനം പാലിച്ചാൽ ഒഴിവാക്കാമായിരുന്നു. സ്വതന്ത്ര തിരുവിതാംകൂറിനായി സർ സിപി ചിത്തിര തിരനാളിന് മേൽ സമ്മർദ്ദം ചെലുത്തിയെന്ന ആക്ഷേപവും തള്ളുന്നു.

തിരുവിതാംകൂർ രാജകുടുംബത്തിലെ അധികാരത്തർക്കവും അന്തപുര രഹസ്യങ്ങളും പുതിയ വീക്ഷണകോണിലൂടെ അവതരിപ്പിക്കുന്ന ഹിസ്റ്ററി ലിബറേറ്റഡിന്റെ ഔദ്യോഗിക പ്രകാശനം കോവിഡ് സാഹചര്യത്തിൽ നീളുകയാണ്. കൊണാർക് പബ്‌ളിഷേഴ്‌സ് പുറത്തിറക്കുന്ന പുസത്കത്തിന്റെ ആദ്യ എഡിഷൻ ഇതിനകം പൂർത്തിയായതോടെ പുതിയ എഡിഷൻ ഒരുങ്ങുകയാണ്.

1912 നവംബർ ഏഴിനാണ് ചിത്തിര തിരുനാൾ ജനിച്ചത്. 1931 നവംബർ ആറിനാണ് സ്വന്തംനിലയിൽ തിരുവിതാംകൂർ ഭരണം ആരംഭിച്ചത്. ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിലെ ഓണററി മേജൽ ജനറലും തിരുവിതാംകൂർ സൈന്യത്തിന്റെ കേണൽ ഇൻ ചീഫുമായിരുന്നു.

1946ലെ പുന്നപ്ര വയലാർ പ്രക്ഷോഭത്തെ തുടർന്ന് നടന്ന വെടിവെപ്പ്, 1947ലെ സ്വതന്ത്ര തിരുവിതാംകൂർ പ്രഖ്യാപനം, സർ സിപി രാമസ്വാമി അയ്യർക്ക് ദിവാൻ എന്ന നിലയിൽ അമിത സ്വാതന്ത്ര്യം നൽകി തുടങ്ങിയവയാണ് ഭരണത്തിലെ ന്യൂനതകളായി ചരിത്രകാരന്മാർ പറയുന്നത്. 1991 ജൂലൈ 19നാണ് അദ്ദേഹം അന്തരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP