Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വാർത്ത അറിയുമ്പോൾ അവിടെ നിലവിളികൾ ഉയരും; ആചാരപരമായ വിലാപവും നൃത്തവും അരങ്ങേറും; ഫിലിപ്പ് രാജകുമാരനെ ദൈവമായി കണക്കാക്കുന്ന ഗോത്രസമൂഹം; തെക്കൻ പസഫിക്കിലെ വനുവാടു ടനയിലെ ഗ്രാമവാസികൾക്ക് നഷ്ടമായത് കാവലാളായ ദൈവത്തെ; വനുവാടുവിന്റെ കഥ

വാർത്ത അറിയുമ്പോൾ അവിടെ നിലവിളികൾ ഉയരും; ആചാരപരമായ വിലാപവും നൃത്തവും അരങ്ങേറും; ഫിലിപ്പ് രാജകുമാരനെ ദൈവമായി കണക്കാക്കുന്ന ഗോത്രസമൂഹം; തെക്കൻ പസഫിക്കിലെ വനുവാടു ടനയിലെ ഗ്രാമവാസികൾക്ക് നഷ്ടമായത് കാവലാളായ ദൈവത്തെ; വനുവാടുവിന്റെ കഥ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ഈ വാർത്ത അവർ അറിഞ്ഞുകാണുമോ? ഫെബ്രുവരി 16 ന് രോഗാണുബാധ മൂലം 99 കാരനായ ഫിലിപ്പ് രാജകുമാരൻ ആശുപത്രിയിലായപ്പോൾ അവരറിഞ്ഞിരുന്നുവോ? വെള്ളിയാഴ്ച അദ്ദേഹത്തിന്റെ വിയോഗവാർത്തയും. ആരാണീ അവർ? തെക്കൻ പസഫിക്ക് ദ്വീപായ വനുനാടു ടന്നയിലെ ഗോത്രവർഗ്ഗനിവാസികൾ. 29,000 പേരുണ്ട് ഈ ദ്വീപിൽ. അതിൽ ഏകദേശം 700 പേർ വിശ്വസിക്കുന്നത് ഫിലിപ്പ് രാജകുമാരൻ ദൈവമാണെന്നാണ്. അതെ, അവരുടെ ദൈവം നാടുനീങ്ങിയിരിക്കുന്നു.

മഴക്കാടുകൾ നിറഞ്ഞ ടനയിലെ യാഹ്‌നാനെൻ ഗ്രാമത്തിൽ ഈ വിശേഷം വൈകിയേ എത്തൂ. കാരണം ആശയവിനിമയ സംവിധാനങ്ങളുടെ അഭാവം തന്നെ. തങ്ങളുടെ പൂർവികരിൽ ഒരാളുടെ ആത്മാവിൽ നിന്ന് പിറവി കൊണ്ടതാണ് എലിസബത്ത് രാജ്ഞിയുടെ ഭർത്താവെന്നും തങ്ങളുടെ ഗോത്രസമൂഹത്തിന്റെ കാവൽ ദൈവമെന്നും അവർ വിശ്വസിക്കുന്നു. അതെ കാവലാൾ ഇല്ലാതായിരിക്കുന്നു. തങ്ങളുടെ ദൈവം രോഗാതുരനെന്ന് വന്നുവാട്ടു സാംസ്‌കാരിക കേന്ദ്രത്തിലെ ഷാൻ പാസ്‌കൽ വാഹെ അവരെ അറിയിച്ചിരുന്നു. അതറിഞ്ഞപ്പോൾ മുതൽ അവർ വളരെ ഉത്കണ്ഠാകുലരായിരുന്നു. ഫിലിപ്പ് രാജകുമാരൻ അവർക്കൊരു പ്രസ്ഥാനമാണ്. ആ പ്രസ്ഥാനം അവരുടെ മൂല്യമേറിയ സംസ്‌കാരിക സൂക്ഷിപ്പുകളിൽ ഒന്നായി കണക്കാക്കുകയും ചെയ്യുന്നു.

കാർഗോ കൾട്ട്

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം നരവംശ ശാസ്ത്രജ്ഞന്മാർ കണ്ടുപിടിച്ച ഒരുസംഗതി ഇതാണ്: തെക്കൻ പസഫിക് ദ്വീപുനിവാസികൾക്കിയിൽ അസാധാരണമായ ഒരു കൾട്ട് രൂപപ്പെട്ടിരിക്കുന്നു. ശരിയായ രീതിയിൽ ആചാരങ്ങൾ അനുഷ്ഠിച്ചാൽ ഒരുസ്വർഗ്ഗീയ സ്ഥലത്ത് നിന്ന് സമ്പത്ത് എത്തുമെന്നായിരുന്നു ദ്വീപ് നിവാസികളുടെ വിശ്വാസം. യൂറോപിലോ അമേരിക്കയിലോ നിന്ന് വരുന്ന ചരക്കുകൾ ഇങ്ങനെ സ്വർഗ്ഗീയ സമ്പത്തായി അവർ കണക്കാക്കുന്നു. തങ്ങൾ നന്നായി പണിയെടുത്തിട്ടും ദരിദ്രരായി ജീവിതം കഴിക്കുന്നു. എന്നാൽ, യൂറോപ്യരും, അമേരിക്കക്കാരും പണിയെടുക്കാതെ പേപ്പറിൽ കാര്യങ്ങൾ കുറിക്കുന്നു. സമയമാകുമ്പോൾ കപ്പലുകളിൽ അദ്ഭുതകരമായ സാധനങ്ങളുമായി കപ്പലുകൾ വരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന് മുമ്പ് തന്നെ ഈ കാർഗോ കൾട്ട് നിലവിലുണ്ടായിരുന്നു. തങ്ങളുടെ ഏതോ പൂർവിക ദൈവം പടിഞ്ഞാറേക്ക് സഞ്ചരിച്ചുവെന്നും ഒരിക്കൽ മടങ്ങി വരുമെന്നും അവർ വിശ്വസിച്ചു. പടിഞ്ഞാറ് മരണമടഞ്ഞവരുടെ ഭൂമിയായാണ് ദ്വീപുവാസികൾ കണ്ടത്. ഏതായാലും തങ്ങളുടെ ദൈവമായ ഫിലിപ്പ് രാജകുമാരനും എന്നെങ്കിലും മടങ്ങി വരുമെന്ന് ടനയിലെ യാഹ്‌നാനെൻ ഗ്രാമവാസികൾ വിശ്വസിക്കുന്നുണ്ടാവണം.

ഒരിക്കൽ രാജകുമാരൻ വന്നു വനുവാടുവിൽ

1980 ൽ വനുവാടു ദ്വീപസമൂഹത്തിന് സ്വാതന്ത്ര്യം കിട്ടും മുമ്പ് തന്നെ പൊതുകെട്ടിടങ്ങളിൽ ഫിലിപ്പ് രാജകുമാരന്റെ ഛായാചിത്രങ്ങൾ തൂക്കിയിരുന്നു. കോമൺ വെൽത്ത് ടൂറിന്റെ ഭാഗമായി 1974 -ൽ രാജകുമാരനും കുടുംബവും വനുവാടു സന്ദർശിച്ചിരുന്നു. അതോെട വിശ്വാസം ശക്തമായി. അങ്ങേയറ്റം ആദരവോടെയാണ് അവർ എലിസബത്ത് രാജ്ഞിയെ സ്വീകരിച്ചത്. അവരുടെ ഭർത്താവായിരിക്കും നാം കാത്തിരിക്കുന്ന ആ മഹാത്മാവ് എന്നും അവർ വിശ്വസിച്ചു. ഗോത്രവർഗ്ഗത്തിലെ ഒരു പ്രധാനിയും പോരാളിയുമായിരുന്ന മരിച്ചുപോയ നൈവ എന്നയാൾ ഫിലിപ്പ് രാജകുമാരനെ ആദ്യം കണ്ടതിനെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്. 'അദ്ദേഹം തന്റെ വെളുത്ത യൂണിഫോമിൽ കപ്പലിന്റെ മേൽത്തട്ടിൽ നിൽക്കുന്നത് ഞാൻ കണ്ടു. അദ്ദേഹമാണ് യഥാർത്ഥ മിശിഹായെന്ന് അപ്പോഴെനിക്ക് തോന്നി.''

പിന്നീട് അവർ കൊട്ടാരവുമായി കത്തിടപാടുകൾ നടത്തുകയും അവരുടെ പരമ്പരാഗതമായ സമ്മാനങ്ങൾ രാജകുമാരന് അയച്ചുകൊടുക്കുകയുമെല്ലാം ചെയ്യുന്നുണ്ടായിരുന്നു. ദ്വീപുവാസികളുടെ അഭ്യർത്ഥനപ്രകാരം അദ്ദേഹം അതുമായി പോസ് ചെയ്യുന്ന ചിത്രമെടുത്ത് അവർക്ക് അയച്ചുകൊടുക്കുകയും ചെയ്തു. ദ്വീപുവാസികളെ സംബന്ധിച്ച് ഫിലിപ് രാജകുമാരൻ ദൈവികതയുള്ള മനുഷ്യനാണ്. ദൈവത്തിന്റെ പുനർജന്മം. ''അവർ യേശുവിൽ നിന്നുള്ള ഒരു അടയാളത്തിനായി 2,000 വർഷമായി കാത്തിരിക്കുന്നു. എന്നാൽ, ഞങ്ങളുടെ ഫിലിപ്പ് ഞങ്ങൾക്ക് ഫോട്ടോകൾ അയയ്ക്കുന്നു. ഒരുദിവസം അവൻ ഞങ്ങളുടെ അടുത്തേക്ക് തന്നെ വരും'' എന്നായിരുന്നു ദ്വീപുകാർ പറഞ്ഞിരുന്നത്.

വനുവാടു ദ്വീപ് നിവാസികളുടെ വിശ്വാസപ്രകാരം ഫിലിപ്പ് രാജകുമാരൻ ഇംഗ്ലീഷുകാരനല്ല, തങ്ങളുടെ ദ്വീപിൽ നിന്നുള്ളയാളാണ്, നരവംശശാസ്ത്രജ്ഞനായ കിർക്ക് ഹഫ്മാൻ പറയുന്നു. ചിലപ്പോഴൊക്കെ അവർ അദ്ദേഹത്തിന്റെ ശബ്ദം കേൾക്കുന്നു..എന്നാൽ അവർക്ക് അദ്ദേഹത്തെ കാണാൻ കഴിയുന്നില്ല. ഏതായാലും ഫിലിപ്പ് രാജകുമാരന്റെ വിയോഗ വാർത്തയോടെ ഇനി അദ്ദേഹം ദ്വീപിലേക്ക് മടങ്ങില്ല എന്നവർ മനസ്സിലാക്കും. എന്നാൽ, അദ്ദേഹത്തിന്റെ ആത്മാവ് ദ്വീപിലേക്ക് മടങ്ങും എന്നാവും അവർ വിശ്വസിക്കുക.

ഫിലിപ്പ് രാജകുമാരന്റെ മൂത്ത മകൻ ചാൾസ് രാജകുമാരൻ 2018 ഏപ്രിലിൽ ഏതാനും മണിക്കൂറിൽ ദ്വീപിൽ ചെലവഴിച്ചിരുന്നു. അന്ന് ഗോത്രാംഗമായ ജിമ്മി ജോസഫ് തടിയിൽ കൊത്തിയ വാക്കിങ് സ്റ്റിക്ക് ചാൾസിന് സമ്മാനിച്ചിട്ട് പറഞ്ഞു: 'ഇത് താങ്കളുടെ പിതാവിനെ നടക്കാൻ സഹായിക്കും. അദ്ദേഹത്തിനെ വളരെ പ്രായമായല്ലോ'.ചാൾസ് രാജകുമാരനൊപ്പം ഈ പ്രസ്ഥാനം തുടരുമോ? ടന്നയിലേക്ക് ഫിലിപ്പ് രാജകുമാരന്റെ ആത്താവ് വരുന്നതും കാത്തിരിപ്പാണ് ഈ ഗോത്രവിശ്വാസികൾ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP