Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമ്പലപ്പുഴ വിജയകൃഷ്ണൻ ചരിഞ്ഞത് അണുബാധ മൂലമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; കരളിലും കുടലിലും അണുബാധ; ആന്തരികാവയവങ്ങൾ കൂടുതൽ പരിശോധയ്ക്ക് അയക്കും; പാപ്പാന്മാരുടെ മർദ്ദനമെന്ന ആരോപണത്തിൽ ദേവസ്വം ബോർഡ് എസ്‌പി പി. ബിജോയ്ക്ക് അന്വേഷണ ചുമതല

അമ്പലപ്പുഴ വിജയകൃഷ്ണൻ ചരിഞ്ഞത് അണുബാധ മൂലമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; കരളിലും കുടലിലും അണുബാധ; ആന്തരികാവയവങ്ങൾ കൂടുതൽ പരിശോധയ്ക്ക് അയക്കും; പാപ്പാന്മാരുടെ മർദ്ദനമെന്ന ആരോപണത്തിൽ ദേവസ്വം ബോർഡ് എസ്‌പി പി. ബിജോയ്ക്ക് അന്വേഷണ ചുമതല

മറുനാടൻ മലയാളി ബ്യൂറോ

അമ്പലപ്പുഴ: ഗജരാജൻ അമ്പലപ്പുഴ വിജയകൃഷ്ണൻ ചരിഞ്ഞത് അണുബാധമൂലം. ആനയുടെ കരളിലും കുടലിലും അണുബാധയുണ്ടെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഇതേതുടർന്നു ആന്തരികാവയവങ്ങൾ കൂടുതൽ പരിശോധയ്ക്ക് അയക്കാനാണ് തീരുമാനം. രോഗബാധയെത്തുടർന്ന് കുറച്ചുദിവസമായി അന്പലപ്പുഴ ക്ഷേത്രത്തിന്റെ തെക്കുഭാഗത്തുള്ള അസി. എൻജിനിയർ ഓഫീസിനു സമീപം തളച്ചിരിക്കുകയായിരുന്ന ആന, വ്യാഴാഴ്ച രാവിലെ ക്ഷേത്രക്കുളത്തിന് സമീപത്തുള്ള ആനത്തറയിൽ എത്തിച്ചപ്പോഴേക്കും കുഴഞ്ഞുവീഴുകയായിരുന്നു. 51 വയസായിരുന്നു.

ഇതിനിടെ ആനയെ നേരത്തേ മുതൽ മർദനത്തിന് ഇരയാക്കിയതാണ് പെട്ടെന്ന് ചരിയാൻ കാരണമെന്ന ആരോപണവുമായി ആനപ്രേമികളും നാട്ടുകാരും രംഗത്തെത്തിയിരുന്നു. പ്രതിഷേധവും അരങ്ങേറിയിരുന്നു. 1989ലാണ് 22 വയസുള്ള വിജയകൃഷ്ണനെ നാട്ടുകാരുടെ സഹായത്താൽ അന്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്ര വികസന ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് അന്പലപ്പുഴ കണ്ണന്റെ നടയിൽ ഇരുത്തിയത്. ഇപ്പോഴത്തെ പാപ്പാൻ ആനയെ ചട്ടത്തിൽ കൊണ്ടുവരാൻ നിരന്തരം മർദിച്ചിരുന്നതായി ഭക്തരും നാട്ടുകാരും ആരോപിച്ചിരുന്നു.

വിജയ കൃഷ്ണൻ ചരിഞ്ഞ സംഭവത്തിൽ ദേവസ്വം ബോർഡ് എസ്‌പി പി. ബിജോയ്ക്ക് അന്വേഷണ ചുമതല. അന്വേഷണം നടത്തി ഏഴ് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിർദ്ദേശം. ആനയുടെ ആരോഗ്യപരിപാലനത്തിൽ വീഴ്ച സംഭവിച്ചോടെന്നും പാപ്പാന്മാരിൽ നിന്നും ആനയ്ക്ക് ഉപദ്രവമേറ്റിരുന്നോ തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കും.

നേരത്തെ, സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പാപ്പാന്മാരെ തിരുവിതാംകൂർ ദേവസ്വം ബോർഡ് സസ്പെൻഡ് ചെയ്തിരുന്നു. അമ്പലപ്പുഴ ക്ഷേത്രത്തിന്റെ ചുമതലയുള്ള ഹരിപ്പാട് ദേവസ്വം കമ്മീഷണറെ ജോലിയിൽ നിന്നും മാറ്റി നിർത്തുകും ചെയ്തിരുന്നു. നേരത്തെ പാപ്പാന്മാരുടെ കൊടിയ പീഡനം തെളിയുക്കുന്ന വീഡിയോകൾ പുറത്തുവന്നിരുന്നു. കരുനാഗപ്പള്ളിയിൽ എഴുന്നള്ളിപ്പിനായി കൊണ്ടു പോയ ശേഷം ഹരിപ്പാട് ക്ഷേത്രത്തിലെത്തിച്ചപ്പോൾ അവിടെയുണ്ടായിരുന്നവർ പകർത്തിയ ദൃശ്യങ്ങളും എഴുന്നള്ളിപ്പിനായി കൊണ്ടു പോയ സ്ഥലങ്ങളിലെ ദൃശ്യങ്ങളുമാണ് പുറത്തു വന്നത്. അമ്പലപ്പുഴ വിജയകൃഷ്ണൻ എന്ന പേരിലുള്ള ആനപ്രേമി സംഘമാണ് ദൃശ്യങ്ങൾ പുറത്ത് വിട്ടത്.

പരിക്കേറ്റ് നീരു വന്ന കാലിൽ ചവിട്ടി ആനപ്പുറത്തേക്ക് പാപ്പാൻ കയറുന്നു. നീരു വന്ന കാൽ മുകളിലേക്കുയർത്താൻ പെടാപ്പാട് പെടുന്ന വിജയകൃഷ്ണനെ ശാസിച്ചു കൊണ്ട് പാപ്പാൻ കണ്ണില്ലാത്ത ക്രൂരത കാട്ടുകയായിരുന്നു. പരിക്കേറ്റ് നീരുവന്ന വലതുകാൽ നടക്കുമ്പോൾ അസ്വസ്ഥതയുണ്ടാക്കുന്നുണ്ടെന്ന് വീഡിയോ ദൃശ്യം കാണുമ്പോൾ മനസ്സിലാക്കാം. ഇത്രയും ഗുരുതരമായ അവസ്ഥയിലായിരുന്ന ആനയെയാണ് വിവിധ ക്ഷേത്രങ്ങളിലേക്ക് എഴുന്നള്ളിപ്പിനായി ദേവസ്വം ഡെപ്യൂട്ടി കമ്മീഷ്ണർ അയച്ചത്.

ആറുമാസം മുമ്പ് കാലിന് പരിക്കേറ്റ വിജയകൃഷ്ണന് പൂർണവിശ്രമം ആവശ്യമാണെന്ന് ദേവസ്വം ബോർഡ് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും വനംവകുപ്പും നിർദ്ദേശം നൽകിയിരുന്നതാണ്. എന്നാൽ ഇത് പരിഗണിക്കാതെ ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മീഷ്ണർ പത്തനംതിട്ട, കൊല്ലം ജില്ലകളിലെ വിവിധ ക്ഷേത്രങ്ങളിൽ ചടങ്ങുകൾക്ക് കൊടുത്തിരുന്നു.

ഈ സമയങ്ങളിൽ വിജയകൃഷ്ണനെ ക്രൂരമായി മർദ്ദിച്ചിരുന്നു. മുന്നിലെയും പിന്നിലെയും കാലുകൾ മർദ്ദനത്തിൽ പരിക്കേറ്റിട്ടുണ്ട്. തലക്കും പരിക്കുകളുണ്ട്. അവശനായ വിജയകൃഷ്ണനെ പിന്നീട് ഹരിപ്പാട് തളച്ചിരിക്കുകയായിരുന്നു. ജനുവരി 28-നാണ് വിജയകൃഷ്ണനെ മറ്റു ക്ഷേത്രങ്ങളിൽ എഴുന്നള്ളിക്കുന്നതിനായി അമ്പലപ്പുഴയിൽനിന്നു കൊണ്ടുപോയത്. അതിനിടെ ആനയുടെ നില മോശമായെന്നറിഞ്ഞ് അമ്പലപ്പുഴയിൽനിന്ന് ആനപ്രേമികൾ പോയി കണ്ടിരുന്നു.

വിവരമറിഞ്ഞ് ബിജെപി അമ്പലപ്പുഴ നിയോജക മണ്ഡലം സ്ഥാനാർത്ഥി അനൂപ് ആന്റണി ഇടപെട്ടതിനെ തുടർന്ന് ചികിത്സ നൽകിയിരുന്നു. പിന്നീട് കഴിഞ്ഞ 26ന് രാത്രിയിൽ ലോറിയിൽ അമ്പലപ്പുഴയിൽ എത്തിക്കുകയായിരുന്നു. വലതുകാലിലെ മുറിവ് വലുതായി നിൽക്കാനാവാത്തവിധം അവശതയിലായിരുന്നു. അതുമൂലം ഇത്തവണ അമ്പലപ്പുഴ ഉത്സവത്തിന് എഴുന്നള്ളിച്ചില്ല. അവശതയിലായ ആന, തളച്ചിരുന്ന തെങ്ങ് താങ്ങാക്കിയാണ് നിന്നിരുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.

ഇവിടെ വന്നതിനുശേഷവും ആനയെ മർദ്ദിച്ചിരുന്നു. ക്രൂരമർദ്ദനമാണ് വിജകൃഷ്ണനെ അമ്പലപ്പുഴക്ക് നഷ്ടപ്പെടാൻ കാരണമെന്നാരോപിച്ച് നാട്ടുകാരും ഭക്തരും പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥലത്തെത്തി കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കാതെ ആനയുടെ ജഡം മാറ്റാൻ അനുവദിക്കില്ലെന്നായിരുന്നു നിലപാട്. വൈകീട്ട് ആറുമണിയോടെ സ്ഥലത്തെത്തിയ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു, ബോർഡംഗം തങ്കപ്പൻ എന്നിവരെ പ്രതിഷേധക്കാർ തടഞ്ഞു. രോക്ഷാകുലരായി മാറിയ ജനങ്ങൾ ചെരുപ്പും കുപ്പികളും ഇവർക്ക് നെരെ വലിച്ചെറിഞ്ഞു. പൊലീസും ഇലക്ഷൻ ഡ്യൂട്ടിക്കായി എത്തിയ സി.ആർ.പി.എഫുകാരുമാണ് നാട്ടുകാരുടെ അക്രമണത്തിൽ നിന്നും രക്ഷപെടുത്തിയത്.

നാട്ടുകാരുമായി ആദ്യം ചർച്ച നടത്തിയെങ്കിലും അനുകൂലമായ നിലപാട് പ്രസിഡന്റ് സ്വീകരിച്ചില്ല. ഇത് ജനങ്ങളെ പ്രകോപിപ്പിച്ചു. ദേവസ്വം പ്രസിഡന്റിന്റെ വാഹനത്തിന്റെ ടയറിലെ കാറ്റ് ഈരിവിടുകയും ആനപിണ്ഡവും വാഴയും മറ്റുമൊക്കെ വാരി വാഹനത്തിന് മേൽ ഇടുകയും ചെയ്തു. ഒടുവിൽ വിജയകൃഷ്ണന്റെ പാപ്പാന്മാരായ പ്രദീപ്, അനിയപ്പൻ എന്നിവരെ അന്വേഷണവിധേയമായി സസ്പെൻഡുചെയ്യുമെന്നും ദേവസ്വം ഡെപ്യൂട്ടി കമ്മിഷണറെ ചുമതലകളിൽനിന്നു മാറ്റിനിർത്തുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു അറിയിച്ചതോടെയാണ് ജനങ്ങൾ ശാന്തരായത്. ദേവസ്വം ബോർഡ് വെറ്ററിനറി ഡോക്ടറുടെ സാന്നിധ്യത്തിൽ വനംവകുപ്പിന്റെ ഡോക്ടർമാർ പോസ്റ്റ്‌മോർട്ടം നടത്തും. അതിനായി ആനയുടെ ഭൗതികശരീരം രാത്രി കോന്നിയിലേക്കു കൊണ്ടുപോയി. കോന്നിയിൽത്തന്നെയാകും മറവുചെയ്യുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP