Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആസൂത്രിത രാഷ്ട്രീയ കൊലപാതകമെന്ന് പൊലീസ്; അന്വേഷണത്തിന് എത്തിയ ക്രൈംബ്രാഞ്ചിനും പ്രതികളെ പിടിക്കാൻ പേടി; ഭരണ തുടർച്ചയുണ്ടെങ്കിൽ കൊലപാതികൾ കീഴടങ്ങും; അല്ലെങ്കിൽ വിദേശത്തേക്ക് കടക്കാൻ മാസ്റ്റർ പ്ലാൻ; ഗൂഢാലോചനയിലെ അന്വേഷണം അട്ടിമറിക്കാൻ നടത്തുന്നത് കുതന്ത്രങ്ങൾ; പാനൂരിൽ മൻസൂറിനെ കൊന്നവർക്ക് സുഖവാസം

ആസൂത്രിത രാഷ്ട്രീയ കൊലപാതകമെന്ന് പൊലീസ്; അന്വേഷണത്തിന് എത്തിയ ക്രൈംബ്രാഞ്ചിനും പ്രതികളെ പിടിക്കാൻ പേടി; ഭരണ തുടർച്ചയുണ്ടെങ്കിൽ കൊലപാതികൾ കീഴടങ്ങും; അല്ലെങ്കിൽ വിദേശത്തേക്ക് കടക്കാൻ മാസ്റ്റർ പ്ലാൻ; ഗൂഢാലോചനയിലെ അന്വേഷണം അട്ടിമറിക്കാൻ നടത്തുന്നത് കുതന്ത്രങ്ങൾ; പാനൂരിൽ മൻസൂറിനെ കൊന്നവർക്ക് സുഖവാസം

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: യൂത്ത് ലീഗ് പ്രവർത്തകൻ പുല്ലൂക്കര പാറാൽ മൻസൂറിന്റേത് (21) ആസൂത്രിത രാഷ്ടീയ കൊലപാതകമെന്നു പറയുമ്പോഴും പ്രധാന പ്രതികളെല്ലാം ഇപ്പോഴും ഒളിവിൽ. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നവരെ ഇവരെ ഒളിവിൽ പാർപ്പിക്കാനാണ് രാഷ്ട്രീയ നേതൃത്വത്തിന്റെ തീരുമാനം. അതിനിടെ ഭരണമാറ്റം ഉണ്ടായാൽ ഈ കേസ് സിബിഐയ്ക്ക് വിടുമെന്ന ആശങ്കയും കൊലയാളികൾക്കുണ്ട്. അതുകൊണ്ട് തന്നെ രാജ്യം വിടാനുള്ള സാധ്യതയും ഏറെയാണ്. പ്രതികൾക്ക് രക്ഷപ്പെടാനുള്ള അവസരമാണ് ഇപ്പോൾ പൊലീസ് ഒരുക്കുന്നത്.

കൊലപാതകത്തിൽ രാഷ്ട്രീയമില്ലെന്നാണ് സിപിഎം പറയുന്നത്. ഇത് തള്ളിക്കളയുകാണ് പൊലീസ്. പൊലീസ്. അറസ്റ്റിലായ ഡിവൈഎഫ്‌ഐ പ്രവർത്തകൻ കെ.ഷിനോദിന്റെ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഷിനോദിനെ തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു. 25 പ്രതികളുള്ള കേസിൽ 11 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ കണ്ടെത്താൻ പൊലീസ് ആത്മാർത്ഥമായി ശ്രമിക്കുന്നില്ല. സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. പ്രതികൾ അതിവേഗത്തിൽ അറസ്റ്റിലായില്ലെങ്കിൽ ഗൂഢാലോചന തെളിവുകൾ നശിക്കാനും സാധ്യതയുണ്ട്.

രാഷ്ട്രീയ വിരോധമാണു കൊലയ്ക്കു പിന്നിൽ എന്ന് പൊലീസ് സമ്മതിച്ചിട്ടും കേസ് അന്വേഷണം അട്ടിമറിച്ചതിന് പിന്നിൽ സിപിഎം ആണെന്നാണ് ആരോപണം. മുസ്‌ലിം ലീഗ് പ്രവർത്തകനായ പി.മുഹ്‌സിനെ സംഘടിച്ചെത്തി തടഞ്ഞുവച്ചു മർദിച്ചും വാളു കൊണ്ടു വെട്ടിയും ഗുരുതരമായി പരുക്കേൽപിച്ചു. തടയാനെത്തിയ അനുജൻ മൻസൂറിനെയും ആക്രമിച്ചു. ബോംബ് എറിഞ്ഞു പരുക്കേൽപിച്ചു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ചോര വാർന്നു മൻസൂർ മരിച്ചു എന്നാണു റിപ്പോർട്ടിൽ ഉള്ളത്. അക്രമികൾ ഉപയോഗിച്ച മാരകായുധങ്ങളിൽ ഒന്ന് സംഭവ സ്ഥലത്തു നിന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്.

മുസ്ലിം ലീഗുകാരെ പൊലീസ് അറസ്റ്റ് ചെയ്യുന്നുമുണ്ട്. കഴിഞ്ഞ ദിവസം നടന്ന അക്രമ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത പാർട്ടി പ്രവർത്തകരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രവർത്തകർ ചൊക്ലി സ്റ്റേഷനിലെത്തി പൊലീസ് വാഹനം ഉപരോധിച്ചു. കസ്റ്റഡിയിലുള്ള 14 പേരിൽ 4 പേരെ വിട്ടയച്ചതോടെ സംഘർഷം ഒഴിവായി. 10 പേരെ കോടതിയിൽ ഹാജരാക്കി. ഇവരെ റിമാൻഡ് ചെയ്തു.

കേസിൽ ഉൾപ്പെട്ട സിപിഎമ്മുകാരുടെ പേരുവിവരങ്ങൾ കൊല്ലപ്പെട്ട മൻസൂറിന്റെ സഹോദരൻ മുഹ്‌സിൻ പൊലീസിനു നൽകിയിട്ടും കൊലപാതകം നടന്നു 40 മണിക്കൂറിനു ശേഷവും ഇവരെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചു യുഡിഎഫ് സമാധാന യോഗം ബഹിഷ്‌കരിച്ചു. അതിനിടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. മൻസൂർ വധക്കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇതിനായി കണ്ണൂർ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി കെ.ഇസ്മായിലിന്റെ നേതൃത്വത്തിൽ 15 അംഗ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയതായി സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോ അറിയിച്ചു. കൊലപാതകത്തെ തുടർന്നുണ്ടായ അക്രമ സംഭവങ്ങളും ഈ സംഘം അന്വേഷിക്കും. കേസിലെ പ്രതികൾ ഒളിവിലാണെന്നും ഉടൻ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു.

യുഡിഎഫ് സമാധാന യോഗം ബഹിഷ്‌കരിച്ചെങ്കിലും സമാധാനശ്രമങ്ങളോടുള്ള എതിർപ്പായി അതിനെ വ്യാഖ്യാനിക്കേണ്ടതില്ലെന്നു കലക്ടർ ടി.വി.സുഭാഷ് പ്രതികരിച്ചു. പ്രതികൾ അറസ്റ്റിലായ ശേഷം എല്ലാവരെയും ഉൾപ്പെടുത്തി വീണ്ടും ചർച്ച നടത്തും. സമാധാന സന്ദേശം താഴേക്കിടയിലേക്ക് എത്തിക്കും. സിപിഎം ലീഗ് ഉഭയകക്ഷി ചർച്ചയുടെ സാധ്യതയും ആരായുന്നതായി കലക്ടർ പറഞ്ഞു. അതിനിടെ വിലാപയാത്രയ്ക്കിടയിലെ അക്രമം ആസൂത്രിതമായിരുന്നുവെന്നും ആയുധങ്ങളുമായി എത്തിയ സംഘമാണ് കടകളും പാർട്ടി ഓഫിസുകളും തകർത്തെന്നും സിപിഎം ജില്ലാ സെക്രട്ടറി എം വിജയരാജൻ പറഞ്ഞു. കൊലപാതകം ദൗർഭാഗ്യകരമാണ്. ഈ സംഭവവുമായി ബന്ധപ്പെട്ട് 'ഇരന്നു വാങ്ങുന്നതു ശീലമായിപ്പോയി' എന്നു സിപിഎം നേതാവ് പി.ജയരാജന്റെ മകന്റെ ജെയിൻ രാജ് സമൂഹമാധ്യമത്തിലൂടെ നടത്തിയ പരാമർശം പാർട്ടി നിലപാട് അല്ലെന്നും എം വിജയരാജൻ വ്യക്തമാക്കി. കഴിഞ്ഞ ദിവസം തകർക്കപ്പെട്ട സിപിഎം ഓഫിസുകളും കടകളും എൽഡിഎഫ് നേതാക്കൾ സന്ദർശിച്ചു.

മൻസൂറിന്റെ കൊലപാതകം ആസൂത്രിതവും സിപിഎം നേതാക്കളുടെ അറിവോടെയുമെന്നു മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം ആരോപിച്ചു. പ്രതികളെ പിടികൂടുന്നതിൽ നിസംഗമായ നിലപാടാണു പൊലീസിന്റേത്. സമാധാനത്തിനു വേണ്ടി നിലകൊള്ളുന്ന പാർട്ടിയാണു മുസ്ലിം ലീഗും യുഡിഎഫും. ആക്രമണത്തിനിരയായവരും നാട്ടുകാരും പ്രതികളെ ചൂണ്ടിക്കാട്ടിയിട്ടും അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറായിട്ടില്ല. കേസിൽ നേരായ അന്വേഷണം നടന്നില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികൾ മുസ്ലിംലീഗ് തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

മൻസൂറിന്റെ കൊലപാതകം നടന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും പിടിച്ചു കൊടുത്ത പ്രതി മാത്രമാണ് പൊലീസിന്റെ കയ്യിൽ ഇപ്പോഴും ഉള്ളത്. പ്രതികളെ പിടിക്കാൻ പൊലീസ് തയ്യാറായിട്ടില്ല. ഏകപക്ഷീയ നിലപാടാണ് പൊലീസും ജില്ലാ ഭരണകൂടവും എടുക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും യുഡിഎഫ് നേതാക്കൾ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP