Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്രിക്കറ്റ് ലോകം ഇനി ഐപിഎൽ പൂര ലഹരിയിലേക്ക്; ആറ് വേദികളിൽ 52 ദിവസങ്ങളിലായി അരങ്ങേറുക 60 മത്സരങ്ങൾ; കോവിഡ് വ്യാപനം വഴിമുടക്കില്ലെന്ന് പ്രതീക്ഷ, വെള്ളിയാഴ്ച ഉദ്ഘാടന മത്സരത്തിൽ മുംബൈയും ബാംഗ്ലൂരും നേർക്കുനേർ

ക്രിക്കറ്റ് ലോകം ഇനി ഐപിഎൽ പൂര ലഹരിയിലേക്ക്; ആറ് വേദികളിൽ 52 ദിവസങ്ങളിലായി അരങ്ങേറുക 60 മത്സരങ്ങൾ; കോവിഡ് വ്യാപനം വഴിമുടക്കില്ലെന്ന് പ്രതീക്ഷ, വെള്ളിയാഴ്ച  ഉദ്ഘാടന മത്സരത്തിൽ മുംബൈയും ബാംഗ്ലൂരും നേർക്കുനേർ

സ്പോർട്സ് ഡെസ്ക്

ചെന്നൈ: രാജ്യത്ത് കോവിഡ് ആശങ്കകൾ ഉയരുന്നതിനിടെ ഐപിഎൽ പതിനാലാം സീസണ് വെള്ളിയാഴ്ച ചെന്നൈയിൽ തുടക്കമാവും. ചെന്നൈ, മുംബൈ, ബെംഗളൂരു, അഹമ്മദാബാദ്, ന്യൂഡൽഹി, കൊൽക്കത്ത എന്നീ 6 വേദികളാണ് ഈ എഡിഷനിലുള്ളത്. 52 ദിവസം ദൈർഘ്യമുള്ള ടൂർണമെന്റിൽ 60 മത്സരങ്ങളുണ്ടായിരിക്കും.  ഫൈനൽ മെയ്‌ 30ന് അഹമ്മദാബാദ് മൊട്ടേര സ്റ്റേഡിയത്തിൽ നടക്കും.

ആദ്യ പതിനേഴ് മത്സരങ്ങൾ ചെന്നൈയിലും മുംബൈയിലും നടക്കും. ഡൽഹി, അഹമ്മദാബാദ്, ബാംഗ്ലൂർ, കൊൽക്കത്ത എന്നിവയാണ് ഈ സീസണിലെ മറ്റ് വേദികൾ. 

ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് കന്നിക്കിരീടം ലക്ഷ്യമിടുന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. വൈകിട്ട് ഏഴരയ്ക്കാണ് മത്സരത്തിന് തുടക്കമാവുക.

ഇന്ത്യൻ നായകൻ വിരാട് കോലിയും ഉപനായകൻ രോഹിത് ശർമ്മയും വീണ്ടും നേർക്കുനേർ വരുന്നു മത്സരത്തോടെയാണ് ഇത്തവണത്തെ ക്രിക്കറ്റ് പൂരത്തിന് തുടക്കമാകുന്നത്. ഹാട്രിക്ക് കിരീടത്തിനായാണ് മുംബൈ ഇക്കൊല്ലം എത്തുന്നത്. മത്സരം സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്സ്റ്റാറിലും തൽസമയം കാണാം.

കോവിഡ് ഭീഷണിയെ നേരിടാൻ തുടർച്ചയായ 2ാം വർഷവും ജൈവ സുരക്ഷാവലയത്തിലാണ് മത്സരങ്ങൾ. കാണികൾക്കു പ്രവേശനമില്ല. 

ഒട്ടേറെ മാറ്റങ്ങളോടെയാണ് ഐപിഎൽ പതിനാലാം സീസൺ അരങ്ങേറുക. തേർഡ് അംപയർക്ക് കൈമാറുന്നതിന് മുമ്പ് ഫീൽഡ് അംപയർ വിധി പറയുന്ന സംവിധാനം ഇത്തവണ വേണ്ടെന്നാണ് ഐപിഎൽ ഗവേണിങ് കൗൺസിൽ തീരുമാനിച്ചിരിക്കുന്നത്. അതിനാൽത്തന്നെ അംപയറുടെ തീരുമാനം പരിഗണനക്കെടുതെ സുതാര്യമായ തീരുമാനമെടുക്കാൻ തേർഡ് അംപയർക്ക് സാധിക്കും.

ഇത് പുറത്താക്കലുകളുടെ കൃത്യത ഉയർത്തും. തെറ്റായ വിധിയെത്തുടർന്നുണ്ടാകുന്ന വിവാദങ്ങളും കുറക്കാൻ ഇതിലൂടെ സാധിക്കും. രണ്ട് റൺസിനായുള്ള ഓട്ടത്തിനിടെ ബാറ്റ്‌സ്മാന്റെ ബാറ്റ് ക്രീസിൽ പൂർണ്ണമായും എത്താതെ രണ്ടാം റൺസ് ഓടുമ്പോൾ ഒരു റൺസ് ഷോർട്ട് റണ്ണായി ആവും പരിഗണിക്കുക. ഇത് ഫീൽഡ് അംപയറാണ് പലപ്പോഴും വിളിക്കാറ്. എന്നാൽ ഇനി മുതൽ ഷോർട്ട് റൺ തേർഡ് അംപയറാവും പരിഗണിക്കുക.

ഫീൽഡ് അംപയർക്ക് സംശയം വരികയാണെങ്കിലും തേർഡ് അംപയർക്ക് കൈമാറുകയും ഷോർട്ട് റണ്ണിൽ കൃത്യമായ വിധി പറയാനും സാധിക്കും. അവസാന സീസണിലും ഷോർട്ട് റൺസിനെച്ചൊല്ലി വിവാദം ഉണ്ടായിരുന്നു. പുതിയ പരിഷ്‌കാരത്തിലൂടെ ഈ പ്രശ്‌നത്തിന് പരിഹാരം കാണാനാവും. നോബോളുകൾ പലപ്പോഴും തെറ്റായി വിളിക്കാറുണ്ട്. പലപ്പോഴും ഫുൾടോസുകൾ തെറ്റായി നോ ബോളെന്ന് വിധിക്കാറുണ്ട്. എന്നാൽ ഇത്തവണ മുതൽ നോബോൾ അംപയർ വിധിച്ചാലും തേർഡ് അംപയർക്ക് പരിശോധിച്ച് തീരുമാനം തിരുത്താനാവും.

നിലവിൽ ക്രീസിൽ നിന്ന് കാൽ മുന്നോട്ട് കയറിയുള്ള നോ ബോളുകൾ തേർഡ് അംപയറുടെ സഹായത്തോടെ കൃത്യമായി വിധിക്കാൻ സാധിക്കുന്നുണ്ട്. മത്സരം സമനിലയിൽ അവസാനിച്ചാൽ സൂപ്പർ ഓവറിലൂടെയാവും വിജയിയെ കണ്ടെത്തുക. സൂപ്പർ ഓവർ സമനിലയായാൽ വീണ്ടും സൂപ്പർ ഓവർ നടത്തുന്നതാണ് നിലവിലെ രീതി.

പുതിയ പരിഷ്‌കാരം അനുസരിച്ച് മത്സരം സമനിലയിൽ അവസാനിച്ച ശേഷം ഒരു മണിക്കൂർ വരെ സൂപ്പർ ഓവർ നടത്താനാവും. ഇത്തരം ഒരു സന്ദർഭം ഉണ്ടാവാൻ സാധ്യത വളരെ കുറവാണെങ്കിലും ഇത്തവണ വരുത്തിയ പരിഷ്‌കാരങ്ങളിലൊന്നാണിത്.

ലോകമാകെ സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലായ 2008ൽ അവതരിപ്പിക്കപ്പെട്ട കായിക കച്ചവടത്തിന്റെ നൂതന മാതൃകയാണ് ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ട്വന്റി20 ക്രിക്കറ്റ്. ഓരോ സീസൺ കഴിയുന്തോറും വരുമാനത്തിന്റെ കാര്യത്തിൽ ഐപിഎലിനു വച്ചടിവച്ചടി കയറ്റമായിരുന്നു.

കോവിഡിനിടയിൽ യുഎഇയിൽ നടത്തിയ കഴിഞ്ഞ ഐപിഎൽ സീസണിൽ ആകെ 45,800 കോടി രൂപയുടെ ബിസിനസ് നടന്നതായാണ് കണക്ക്. 2019നെക്കാൾ 1700 കോടി രൂപയുടെ കുറവുണ്ടായെങ്കിലും സംഘാടകർ തൃപ്തരാണ്. കഴിഞ്ഞ സീസൺ ഐപിഎൽ ബിസിസിഐക്കു നൽകിയത് 4000 കോടിയുടെ വരുമാനമാണ്.

ചാനൽ സംപ്രേഷണാവകാശം സ്വന്തമാക്കിയ സ്റ്റാർ നെറ്റ്‌വർക്ക് കഴിഞ്ഞ സീസണിലുണ്ടാക്കിയത് 2600 കോടി രൂപയാണ്. ഇത്തവണ ബിസിസിഐ പ്രതീക്ഷിക്കുന്നത് 4500 കോടി രൂപയാണ്.



മുംബൈയും ബാംഗ്ലൂരും നേർക്കുനേർ

ഐപിഎല്ലിൽ മുംബൈയും ബാംഗ്ലൂരും 30 മത്സരങ്ങളിൽ ഏറ്റുമുട്ടിയിട്ടുണ്ട്. പതിനെട്ടിൽ മുംബൈയും പന്ത്രണ്ടിൽ ബാംഗ്ലൂരും ജയിച്ചു. ചാമ്പ്യൻ ടീമിലെ ഒട്ടുമിക്ക താരങ്ങളെയും നിലനിർത്തിയാണ് മുംബൈ ഇന്ത്യൻസ് എത്തുന്നത്. ക്വാറന്റൈൻ പൂർത്തിയാക്കിയ കീറോൺ പൊള്ളാർഡും മുംബൈ ക്യാമ്പിലെത്തി. രോഹിത് ശർമ്മയ്ക്കൊപ്പം ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുമ്ര, പാണ്ഡ്യ സഹോദരന്മാർ, ട്രെന്റ് ബോൾട്ട് തുടങ്ങിയവർ കൂടി ചേരുമ്പോൾ മുംബൈ അതിശക്തരാണ്.

വിരാട് കോലി, എ ബി ഡിവിലിയേഴ്‌സ് എന്നിവർക്കൊപ്പം ഗ്ലെൻ മാക്‌സ്‌വെല്ലും സച്ചിൻ ബേബിയും മുഹമ്മദ് അസ്ഹറുദ്ദീനും കെയ്ൽ ജാമിസണും ഇത്തവണ ആർസിബി നിരയിലുണ്ട്. സ്പിൻ കരുത്തായി യുസ്‌വേന്ദ്ര ചാഹലും വാഷിങ്ടൺ സുന്ദറും ടീമിനൊപ്പമുണ്ട്. ഓപ്പണർ ദേവ്ദത്ത് പടിക്കൽ കോവിഡ് മുക്തനായി തിരിച്ചെത്തിയതും ബാംഗ്ലൂരിന് ആശ്വാസം പകരുന്ന ഘടകങ്ങളാകുന്നു.

സീസണിലെ താരലേലത്തിൽ ചില മികച്ച താരങ്ങളെയും മുംബൈ ടീമിലെത്തിച്ചു. കോർ ടീമിനെ നിലനിർത്തിയതിനാൽ പകരക്കാരാണ് കൂടുതലായും ടീമിലെത്തിയത്. ലേലം കൊണ്ട താരങ്ങൾ ഫൈനൽ ഇലവനിൽ കളിക്കണമെങ്കിൽ അല്പം ബുദ്ധിമുട്ടും.

ആദം മിൽനെ, നഥാൻ കോൾട്ടർനൈൽ, പീയുഷ് ചൗള, ജെയിംസ് നീഷം, യുധ്വിർ ചറാക്, മാർക്കോ ജെൻസൺ, അർജുൻ തെണ്ടുൽക്കർ എന്നിവരാണ് ഇക്കൊല്ലം മുംബൈയിൽ എത്തിയത്. മിൽനെ മികച്ച ഒരു ബൗളറാണ്. രാജ്യാന്തര ടി-20കളിൽ അദ്ദേഹം നല്ല പ്രകടനങ്ങൾ നടത്തിയിട്ടുമുണ്ട്. ഐപിഎലിലെ പ്രകടനങ്ങൾ അത്ര ആശാവഹമല്ല. അവസാനമായി മിൽനെ ഐപിഎൽ കളിച്ചത് 2017ലാണ്. അതുകൊണ്ട് തന്നെ ട്രെയിനിംഗിലെ പ്രകടനത്തിന് അനുസരിച്ചേ മിൽനെ ഫൈനലിൽ ഇലവനിൽ കളിക്കൂ.

ജെയിംസ് നീഷവും വളരെ മികച്ച താരമാണ്. ത്രീഡി പ്ലയർ. ഐപിഎലിൽ കിട്ടിയ അവസരങ്ങൾ മുതലെടുക്കാനായില്ല. എന്നാൽ, രാജ്യാന്തര ടി-20കളിൽ നീഷം നല്ല പ്രകടനങ്ങൾ നടത്തിയിട്ടുമുണ്ട്. ഫൈനൽ ഇലവനിൽ കളിക്കാനിടയുള്ള താരമാണ്. നഥാൻ കോൾട്ടർനൈൽ മുൻപ് മുംബൈക്കായി തന്നെ കളിച്ച താരമാണ്. മികച്ച പ്രകടനങ്ങൾ കാഴ്ചവച്ചിട്ടുമുണ്ട്.

ക്രിക്കറ്റ് സർക്കിളിൽ അടുത്തകാലത്ത് ശ്രദ്ധേയനായ താരമാണ് മാർക്കോ ജെൻസൺ. ആറടി എട്ടിഞ്ച് ഉയരമുള്ള ഈ ദക്ഷിണാഫ്രിക്കൻ അൺകാപ്പ്ഡ് താരം ഒരുപക്ഷേ, ഇക്കൊല്ലത്തെ സർപ്രൈസ് താരമാവും. 20കാരനായ ജെൻസൺ തങ്ങളുടെ റഡാറിൽ ഉള്ള താരമായിരുന്നു എന്ന് മുംബൈ മാനേജ്‌മെന്റും വ്യക്തമാക്കിയ സാഹചര്യത്തിൽ താരം അവസാന ഇലവനിൽ കളിച്ചേക്കാം.

32കാരനായ പീയുഷ് ചൗളയും 21കാരനായ അർജുൻ തെണ്ടുൽക്കറും മുംബൈ ലേലം കൊണ്ടത് അത്ഭുതപ്പെടുത്തുന്നതാണ്. കരിയർ ഏറെക്കുറെ അവസാനിച്ച ചൗളയും കരിയറിൽ ഇതുവരെ ബ്രേക്കിങ് ആയുള്ള പ്രകടനം നടത്താൻ കഴിയാതിരുന്ന അർജുനും എങ്ങനെ ടീമിലെത്തി എന്നതാണ് അതിശയം. സച്ചിന്റെ മകനെന്ന പ്രിവിലേജാണ് അർജുന് ടീമിലേക്കുള്ള എൻട്രി നൽകിയതെന്ന് പറയുമ്പോഴും ആഭ്യന്തര ക്രിക്കറ്റിൽ ചില മിന്നും പ്രകടനങ്ങൾ അർജുന്റേതായുണ്ട്. താരങ്ങളിലെ പ്രതിഭ തിരിച്ചറിഞ്ഞ് വളർത്തിയെടുക്കുന്ന മുംബൈ ക്യാമ്പിൽ നിന്നും തികവുറ്റ താരമായി അർജുൻ ഉയർന്നുവന്നാലും അതിശയപ്പെടേണ്ടതില്ല. 

ആറാമത്തെയും തുടർച്ചയായി മൂന്നാമത്തെയും കിരീടം ലക്ഷ്യമിടുന്ന രോഹിത് ശർമയുടെ മുംബൈ വിജയത്തോടെ തന്നെ സീസണിനു തുടക്കം കുറിക്കാനായിരിക്കും ശ്രമിക്കുക.

കന്നിക്കിരീടം ലക്ഷ്യമിടുന്ന വിരാട് കോഹ്ലിയുടെ ആർസിബിയും ജയത്തോടെ സീസൺ ആരംഭിക്കാമെന്ന ആത്മവിശ്വാസത്തിലാണ്. ഒരുപിടി ലോകോത്തര താരങ്ങൾ ഈ മൽസരത്തിൽ ഇരുടീമുകൾക്കുമായി അങ്കത്തട്ടിലിറങ്ങുന്നുണ്ട്. ലേലത്തിൽ പ്രത്യേകിച്ച ലക്ഷ്യമില്ലാതെ താരങ്ങളെ വാങ്ങുകയും സീസൺ കഴിയുമ്പോൾ യുക്തിയില്ലാതെ വിട്ടുകളയുകയും ചെയ്യുന്ന ടീമെന്ന ആക്ഷേപമാണ്

ആർസിബിയെപ്പറ്റി നിലനിൽക്കുന്നത്. കഴിഞ്ഞ ലേലത്തിലും അത് തന്നെ സംഭവിച്ചു. കഴിഞ്ഞ സീസണിൽ പഞ്ചാബിൽ വളരെ മോശം പ്രകടനം കാഴ്ചവച്ച ഓസീസ് ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്വലിനെ ഇത്തവണ 14.25 കോടി രൂപ മുടക്കിയാണ് ബാംഗ്ലൂർ ടീമിൽ എടുത്തത്. മാക്‌സ്വലിന്റെ ഐപിഎൽ പ്രകടനങ്ങൾ അത്ര മികച്ചതല്ല. മറ്റൊരു താരം കെയിൽ ജമീസൺ ആണ്. ന്യൂസീലൻഡ് യുവ പേസറിന് ആർസിബി നൽകിയത് 15 കോടി രൂപയാണ്. ഭേദപ്പെട്ട പ്രകടനങ്ങളാണ് ജമീസൺ നടത്തിവന്നിരുന്നത്.

ഡാനിയൽ ക്രിസ്ത്യൻ ആണ് മറ്റൊരു താരം. 4.8 കോടി രൂപയ്ക്കാണ് ബിബിഎൽ പുലി ഡാനിയലിലെ ആർസിബി ലേലം കൊണ്ടത്. നല്ല താരമാണ്. യൂട്ടിലിറ്റി പ്ലയർ. ഇന്ത്യൻ സെലക്ടർമാരുടെ ഭാഷയിൽ ത്രീഡി പ്ലയർ. എന്നാൽ, ഐപിഐലിലെ പ്രകടനങ്ങൾ അത്ര മികച്ചതല്ല. എങ്കിലും, ആർസിബി നടത്തിയ ഭേദപ്പെട്ട ഒരു പർച്ചേസ് ആണിത്.

ജോഷ് ഫിലിപ്പെയ്ക്ക് പകരം ടീമിൽ എത്തിയ ഫിൻ അലന് ഐപിഎൽ ഫോർമാറ്റ് എങ്ങനെ മികവ് തെളിയിക്കുമെന്ന് കണ്ടറിയണം. രണ്ട് കേരള താരങ്ങളുണ്ട്, കോലിപ്പടയിൽ. സച്ചിൻ ബേബിയും മുഹമ്മദ് അസ്ഹറുദ്ദീനും. ഇരുവരും അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്ക് ടീമിലെത്തി. ദേവ്ദത്തിനൊപ്പം താൻ ഓപ്പൺ ചെയ്യുമെന്ന് കോലി പ്രഖ്യാപിച്ചതോടെ വഴി അടഞ്ഞത് അസ്ഹറിനാണ്. മധ്യനിരയിൽ അസ്ഹറിനെ പരീക്ഷിച്ച് നോക്കാനുള്ള സാധ്യതയുണ്ട്. ഇത് തന്നെയാണ് സച്ചിന്റെ കാര്യവും. ലോവർ ഓർഡറിൽ ഒരു ഫിനിഷർ റോളാണ് സച്ചിനിൽ ആർസിബി കാണുന്നത്.

രജത് പാടിദാർ, സുയാഷ് പ്രഭുദേശായ്, കെഎസ് ഭരത് എന്നിവരാണ് മറ്റ് താരങ്ങൾ. പാടിദാർ പ്രതീക്ഷ വെക്കാവുന്ന താരമാണ്. ടി-20കളിൽ 35 ശരാശരിയും 143 സ്‌ട്രൈക്ക് റേറ്റുമുള്ള താരം ഒരു ലിമിറ്റഡ് ഓവർ താരത്തിനു വേണ്ട എല്ലാം പാടിദാറിനുണ്ട്. സുയാഷ് പ്രഭുദേശായും മേല്പറഞ്ഞ അതേ കാറ്റഗറിയിലാണ്. ഓൾറൗണ്ടർ കൂടിയാണ്. സീസണിൽ ആർസിബിയുടെ സർപ്രൈസ് പാക്കേജ് ആവാൻ സാധ്യതയുള്ള താരം. ലോവർ ഓർഡറിൽ രജതും സുയാഷും ഇറങ്ങി ആർസിബിക്ക് കളി ഫിനിഷ് ചെയ്യുക എന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമൊന്നും അല്ല. ബാക്കപ്പ് വിക്കറ്റ് കീപ്പർ എന്ന രീതിയിലാകും ഭരത് പരിഗണിക്കപ്പെടുക.

രണ്ടു ടീമുകളിലെയും ചില മിന്നും താരങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലായിരിക്കും മൽസരവിധിയിൽ നിർണായകമാവുക.

കോഹ്ലി - ജസ്പ്രീത് ബുമ്ര

ആർസിബി ക്യാപ്റ്റൻ വിരാട് കോഹ്ലിയും മുംബൈയുടെ പേസ് ബൗളിങ് തുറുപ്പുചീട്ടായ ജസ്പ്രീത് ബുമ്രയും മുഖാമുഖം വരുമ്പോൾ ആരാവും കൈയടി നേടുക ഇത്തവണ ആർസിബിക്കായി ഓപ്പണറായി ഇറങ്ങുന്നതിനാൽ തന്നെ ബുമ്രയുടെ ന്യൂബോളുകളെ നേരിടുകയെന്ന വെല്ലുവിളി കൂടി കോഹ്ലിക്കു മുന്നിലുണ്ട്. ഇരുടീമുകളുടെയും തുറുപ്പുചീട്ടുകൾ കൂടിയാണ് രണ്ടു പേരും. അതുകൊണ്ടു തന്നെ ആര് ആർക്കുമേൽ ആധിപത്യം നേടുമെന്ന് കണ്ടു തന്നെ അറിയണം.
കോഹ്ലിയെ തുടക്കത്തിൽ തന്നെ പുറത്താക്കാൻ ബുമ്രയ്ക്കായാൽ അത് ആർസിബിയെ ഞെട്ടിക്കുമെന്നുറപ്പാണ്. മറിച്ചാണെങ്കിൽ കോഹ്ലിയുടെ ബാറ്റിന്റെ ചൂട് എല്ലാവരുമറിയും.

സൂര്യകുമാർ - ചഹൽ

മുംബൈ മധ്യനിരയിലെ മിന്നും താരമായ സൂര്യകുമാർ യാദവും ആർസിബി സ്പിന്നർ യുസ്വേന്ദ്ര ചഹലും തമ്മിൽ മധ്യഓവറുകളിലെ ഏറ്റുമുട്ടലും കളിയിലെ നിർണായക മുഹൂർത്തമായിരിക്കും. ഇന്ത്യക്കു വേണ്ടി അരങ്ങേറ്റ മൽസരത്തിൽ തന്നെ ഫിഫ്റ്റിയടിച്ചതിന്റെ ആവേശത്തിലാണ് സൂര്യയെത്തുന്നതെങ്കിൽ ചഹലിന്റെ സ്ഥിതി തീർത്തും വ്യത്യസ്തമാണ്. മോശം ഫോം കാരണം ഏകദിന പരമ്പരയിലെ ഒരു മൽസരത്തിൽപ്പോലും കളിക്കാൻ അദ്ദേഹത്തിനു അവസരം ലഭിച്ചിരുന്നില്ല. ആർസിബിക്കു നേരത്തേ നിർണായക ബ്രേക്ക്ത്രൂകൾ നേടിക്കൊടുത്തിട്ടുള്ള താരം കൂടിയാണ് ചഹൽ. സൂര്യയാവട്ടെ പല തവണ മുംബൈയെ പ്രതിസന്ധിഘട്ടങ്ങളിൽ കരകയറ്റിയിട്ടുള്ള ബാറ്റ്‌സ്മാനുമാണ്. ചഹലിനെ സൂര്യ എങ്ങനെ നേരിടുമെന്നതിനെ ആശ്രയിച്ചിരിക്കും മുംബൈയുടെ സ്‌കോറെന്നു ഉറപ്പാണ്.

ഹാർദിക് - സെയ്‌നി

മുംബൈയുടെ വെടിക്കെട്ട് ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയും ആർസിബി പേസർ നവദീപ് സെയ്‌നിയും തമ്മിലുള്ള കൊമ്പുകോർക്കലാണ് മൂന്നാമത്തേത്. ഡെത്ത് ഓവറുകളിൽ ഹാർദിക്കിനെ പിടിച്ചുനിർത്തുകയെന്നത് ഏതു ബൗളർമാർക്കും പേടിസ്വപ്നമാണ്. അതുകൊണ്ടു തന്നെ ആർസിബിക്കായി ഡെത്ത് ഓവറുകളിൽ കോഹ്ലി ആശ്രയിക്കുന്ന സെയ്‌നിയുടെ പ്രകടനം നിർണായകുമാണ്.

മുംബൈ ഇന്ത്യൻസ് ടീം

രോഹിത് ശർമ (ക്യാപ്റ്റൻ), ക്വിന്റൺ ഡി കോക്ക്, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ക്രിസ് ലിൻ, അന്മോൾപ്രീത് സിങ്, സൗരഭ് തിവാരി, ആദിത്യ താരെ, കരെൺ പൊള്ളാർഡ്, ഹാർദിക് പാണ്ഡ്യ, ക്രുനാൽ പാണ്ഡ്യ, അനുകുൽ റോയ്, ജസ്പ്രീത് ബുംറ, ട്രെന്റ് ബോൾട്ട്, രാഹുൽ ചഹർ, ജയന്ത് യാദവ്, ധവാൽ കുൽക്കർണി, മൊഹ്സിൻ ഖാൻ, ആദം മിൽനെ, നഥാൻ കോൾട്ടർ നൈൽ, പീയൂഷ് ചൗള, ജെയിംസ് നീഷാം, യുധ്വീർ ചരാക്, മാർക്കോ ജാൻസൻ, അർജുൻ ടെൻഡുൽക്കർ.

ആർസിബി ടീം

വിരാട് കോഹ്ലി (ക്യാപ്റ്റൻ), എബി ഡിവില്ലിയേഴ്‌സ്, ദേവ്ദത്ത് പടിക്കൽ, യുസ്വേന്ദ്ര ചഹൽ, ദേവ്ദത്ത് പടിക്കൽ, നവദീപ് സെയ്‌നി, വാഷിങ്ടൺ സുന്ദർ, മുഹമ്മദ് സിറാജ്, കെയ്ൻ റിച്ചാർഡ്‌സൻ, ആദം സാംപ, ഷഹബാസ് അഹമ്മദ്, പവൻ ദേശ്പാണ്ഡെ, കൈൽ ജാമിസൺ, ഗ്ലെൻ മാക്‌സ്വെൽ, ഡാൻ ക്രിസ്റ്റ്യൻ, സച്ചിൻ ബേബി, രജത് പതിധാർ, മുഹമ്മദ് അസ്ഹറുദ്ദീൻ, സുയാഷ് പ്രഭുദേശായ്, കെഎസ് ഭരത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP