Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'എന്തോ പന്തികേട് മണക്കുന്നു'; ലൗ ജിഹാദ് ആരോപിച്ച് ജാനകിക്കും നവീനുമെതിരെ വിദ്വേഷ പ്രചാരണം ;'ജാനകിയുടെ മാതാപിതാക്കൾ ശ്രദ്ധിക്കണം..';പ്രതികൂല പോസ്റ്റുകളുമായി സംഘപരിവാർ പ്രൊഫൈലുകൾ; പ്രതികൂല പോസ്റ്റുകളിൽ പൊങ്കാല നിറച്ച് സോഷ്യൽ മീഡിയ

'എന്തോ പന്തികേട് മണക്കുന്നു'; ലൗ ജിഹാദ് ആരോപിച്ച് ജാനകിക്കും നവീനുമെതിരെ വിദ്വേഷ പ്രചാരണം ;'ജാനകിയുടെ മാതാപിതാക്കൾ ശ്രദ്ധിക്കണം..';പ്രതികൂല പോസ്റ്റുകളുമായി സംഘപരിവാർ പ്രൊഫൈലുകൾ; പ്രതികൂല പോസ്റ്റുകളിൽ പൊങ്കാല നിറച്ച് സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിൽ തരംഗമായ മുപ്പത് സെക്കൻഡ് നൃത്തത്തിലെ ജാനകിക്കും നവീനുമെതിരെ വർഗീയ പ്രചരണം. ചില സംഘ്പരിവാർ അനുഭാവികളും, തീവ്ര ഹിന്ദുത്വവാദികളുമാണ് ലൗ ജിഹാദ് പോലുള്ള ആരോപണങ്ങളുമായി മെഡിക്കൽ കോളേജ് വിദ്യാർത്ഥികളായ ഇരുവർക്കുമെതിരെ വർഗീയ ചേരിതിരിവ് സൃഷ്ടിക്കുന്ന തരത്തിൽ പ്രചരണം നടത്തുന്നത്.

കൃഷ്ണരാജ് എന്ന അഭിഭാഷകൻ ഇവരെ കുറിച്ച് ഫേസ്‌ബുക്കിൽ എഴുതിയ വിദ്വേഷ കുറിപ്പാണ് വിവാദമായിരിക്കുന്നത്. 'ജാനകിയും നവീനും. തൃശൂർ മെഡിക്കൽ കോളേജിലെ രണ്ട് വിദ്യാർത്ഥികളുടെ ഡാൻസ് വൈറൽ ആകുന്നു. ജാനകി എം ഓംകുമാറും നവീൻ കെ റസാക്കും ആണ് വിദ്യാർത്ഥികൾ. എന്തോ ഒരു പന്തികേട് മണക്കുന്നു. ജാനകിയുടെ മാതാപിതാക്കൾ ഒന്ന് ശ്രദ്ധിച്ചാൽ നന്ന്. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്നല്ലേ നിമിഷയുടെ അമ്മ തെളിയിക്കുന്നത്. ജാനകിയുടെ അച്ഛൻ ഓംകുമാറിനും ഭാര്യക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം' - എന്നാണ് ഇയാളുടെ കുറിപ്പ്.

ജാനകിക്കൊപ്പം ഡാൻസ് ചെയ്ത നവീന്റെ പേരിനൊപ്പമുള്ള റസാഖ് ചൂണ്ടിക്കാട്ടി, മതം പറഞ്ഞാണ് തീവ്ര ഹിന്ദു സംഘടന പ്രവർത്തകർ സാമൂഹമാധ്യമങ്ങൾ വഴി വിദ്വേഷപ്രചരണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഇത്തരം കുറിപ്പുകൾക്കെതിരെ വ്യാപക പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. സൈബർ ആക്രമണത്തിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്. നൃത്തം കണ്ട് ആസ്വദിക്കുന്നതിന് പകരം അവരുടെ മതം ഉയർത്തിപ്പിടിച്ച് വിദ്വേഷം പ്രചരിപ്പിക്കുന്ന വക്കീൽ കേരള സമൂഹത്തിന് തന്നെ അപമാനവും അപകടകാരിയും ആണെന്ന്, കൃഷ്ണരാജിന് ആളുകൾ മറുപടി നൽകുന്നുണ്ട്.

ഇരുവർക്കുമെതിരെ സമാനമായ പരാമർസങ്ങളുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം ഇരുവരെയും അനുകൂലിച്ചും നിരവധി പേർ കമന്റ് ചെയ്തിട്ടുണ്ട്. 'നവീനും ജാനകിയും ഇനിയും ചുവടുകൾ വെക്കുമെങ്കിൽ കേരള ജനത അതും ഏറ്റു വാങ്ങും. അതും ആസ്വദിക്കും. നിങ്ങളുടെ ജന്മം അറപ്പും വെറുപ്പും വിതയ്ക്കുന്ന വിഷങ്ങളായും തുടരും' എന്ന് പ്രമുഖ ബ്ലോഗർ ബഷീർ വള്ളിക്കുന്ന് ഫേസ്‌ബുക്കിൽ കുറിച്ചു.

ഡോക്ടർ സൗമ്യ സരിന്റെ കുറിപ്പ്;

'ഇങ്ങള് പൊളിക്ക് മക്കളെ! കുരു പൊട്ടുന്നവർക്ക് ഇത് കഴിഞ്ഞു നമുക്ക് നല്ല ഒരു ഡ്രസിങ് ചെയ്തുകൊടുക്കാം! അല്ല പിന്നെ! കട്ട സപ്പോർട്ട് ചങ്കുകളെ! ഇങ്ങള് ഇനീം ഡാൻസും പാട്ടും ഒക്കെയായി അടിച്ചു പൊളിച്ചു ജീവിക്ക്'

ഡോക്ടർ ഷിംന അസീസിന്റെ കുറിപ്പ്


'ഒരൈറ്റം കൂടിയുണ്ട്. നവീന്റെ ഉപ്പാന്റെ പേരും ജാനകിയുടെ അച്ഛന്റെ പേരും വെച്ചിട്ടുള്ള സൂക്കേട്... മെഡിക്കൽ കോളേജിൽ കൂടിയേ വർഗീയ വിഷം കലങ്ങാനുള്ളൂ...ഒന്നിച്ച് ഡാൻസ് കളിക്കുന്നോരൊക്കെ തമ്മിൽ പ്രേമമാണെന്ന തിയറി എവിടുന്നാണ്? ഇനി ആണെങ്കിലും അല്ലെങ്കിലും നിങ്ങൾക്കെന്താണ്? വിട്ട് പിടിക്ക്. സ്ലട്ട് ഷെയിം ചെയ്യുന്ന വൃത്തികെട്ട സംസ്‌കാരം ഞങ്ങളുടെ കുട്ടികളോട് വേണ്ട. അവരിനിയും ആടും പാടും. നവീനും ജാനകിയും മാത്രമല്ല, ഇനിയുമൊരുപാട് മക്കൾ അവരുടെ സന്തോഷം കാണിക്കും. പറ്റില്ലെങ്കിൽ കാണേണ്ടാന്നേ... മതം തിന്ന് ജീവിക്കുന്ന കഴുകൻ കൂട്ടങ്ങൾ... നാണമില്ലേടോ'

'രണ്ടു മെഡിക്കൽ വിദ്യാർത്ഥികൾ ഒരുമിച്ച് മനോഹരമായ ഒരു ഡാൻസ് കളിച്ചു. സാധാരണ ആരും അത് ആസ്വദിക്കും. അതിനുപകരം ഇമ്മാതിരി വൃത്തികേട് ചിന്തിക്കുന്ന തന്നെയൊക്കെ എന്ത് പറയാനാണ്.' എന്നാണ് ഡോ. ജിനേഷ് പി എസ് കൃഷ്ണരാജിന്റെ പോസ്റ്റിന് മറുപടി പറഞ്ഞിരിക്കുന്നത്.

കൃഷ്ണരാജിന്റെ പോസ്റ്റിനെ പിന്തുടർന്ന് പല മത സംഘടനകളും സമാന രീതിയിൽ പോസ്റ്റുകൾ ഇട്ടിട്ടുണ്ട്.ഡാൻസ് ജിഹാദ് വിവാദം എന്ന ടാഗോടെയാണ് ഇത്തരം പോസ്റ്റുകൾ പ്രചരിക്കുന്നത്.

ഒപ്പം വീഡിയോ എടുത്തത് മറ്റൊരു മുസ്ലീമാണെന്നും പദ്ധതി പ്ലാൻഡ് ആണെന്നുമുള്ള പരാമർശവുമായി കെ ആർ ഇന്ദിര രംഗത്ത് വന്നു. ഇന്ദിരയുടെ പോസ്റ്റ് ഇങ്ങനെ;

ഇന്ദിരക്കെതിരെയും പ്രതിഷേധം ശക്തമായിട്ടുണ്ട്.വിഷം ചീറ്റുന്ന മനസുമായി രംഗത്ത് വന്നു എന്ന രീതിയിലാണ് പോസ്്റ്റുകൾ.


ബോണി എം ബാൻഡിന്റെ 'റാ റാ റാസപുടിൻ ലവർ ഓഫ ദ റഷ്യൻ ക്വീൻ' എന്ന തുടങ്ങുന്ന ലോകപ്രശസതമാ ഗാനത്തിനാണ് തൃശൂർ മെഡിക്കൽ കോളജിലെ വിദ്യാർത്ഥികളായ ജാനകി എം. ഓംകുമാറും നവീൻ കെ. റസാഖും ചുവട് വെച്ചത്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെ മികച്ച പ്രതികരണമാണ് ഡാൻസിന് ഏവരിലും നിന്നും ലഭിച്ചത്. തിരുവനന്തപുരം സ്വദേശിയായ ജാനകി മൂന്നാം വർഷ എം.ബി.ബി.എസ വിദ്യാർത്ഥിയും മാനന്തവാടി സ്വദേശിയായ നവീൻ നാലാം വർഷ വിദ്യാർത്ഥിയുമാണ്.

നഴ്‌സുമാർ, മെഡിക്കൽ വിദ്യാർത്ഥികൾ എന്നിവരുടെ നൃത്തം പലപ്പോഴും സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറാറുണ്ട്. തിരക്കിട്ട ജീവിതത്തിനിടയിൽ വീണുകിട്ടുന്ന വിലയേറിയ ഒഴുവുസമയമാണ് ഇവർ ഇത്തരത്തിൽ ചെലവിടുന്നത്.മാരക ഫൂട്ടവർക്കുകളും, ഒരു രക്ഷയുമില്ലാത്ത ഭാവങ്ങളും അനായാസേനയുള്ള ചലനങ്ങളുമായി ഇരുവരും നെറ്റിസൺസിന്റെ ഹൃദയത്തിലേക്കാണ് ചുവടുവെച്ച കയറിയത്. വൈറൽ ഡാൻസേഴസിന്റെ സറ്റെപ്പുകളെ മാത്രമല്ല അവർ തെരഞ്ഞെടുത്ത ഗാനവും നന്നായിരിക്കുന്നുവെന്ന് അഭിനന്ദിക്കുന്നവരും കുറവല്ല.

പരീക്ഷ സമ്മർദ്ദങ്ങളിൽ നിന്നും ഇടവേള നേടാനായിട്ടാണ് ഇരുവരും കോളജിൽ വെച്ച് ഇഷടഗാനത്തിന് ചുവടുവെച്ചത്. വെറും രണ്ട് മണിക്കൂറിനിടയിലാണ് ഈ ഡാൻസിങ് പരീക്ഷണം. ക്ലാസിന് ശേഷം കണ്ടുമുട്ടിയ ഇരുവരും യൂനിഫോമിൽ തന്നെ ഡാൻസ് ചെയ്യുകയായിരുന്നു.30 സെക്കൻഡ ദൈർഘ്യമുള്ള വിഡിയോ നവീനാണ് ആദ്യം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ഇൻസ്റ്റഗ്രാം പോസ്റ്റിന് ദക്ഷിണേന്ത്യയിലെ പ്രമുഖ നൃത്ത സംവിധായകനായ പ്രസന്ന സുജിത്ത് കൈയടിച്ചിരുന്നു. നവീന്റെ ഇൻസ്റ്റ റീൽസ് വിഡിയോ ഇതിനോടകം 2.3 ദശലക്ഷം ആളുകൾ കണ്ടു.

സംഗതി ഹിറ്റായതോടെ വിഡിയോ ട്വിറ്ററിലും തരംഗമായി. ജാനകിയുടെ യൂട്യൂബ ചാനലിലും വിഡിയോ പങ്കുവെച്ചിട്ടുണ്ട്. ട്വിറ്ററിൽ 2.7 ലക്ഷം കാഴ്ചക്കാരുമായി മുന്നേറുകയാണ് വിഡിയോ.

തിരുവനന്തപുരം സ്വദേശിയാണ് ജാനകി രാജീവ് ഗാന്ധി സെന്ററിലെ ശാസ്ത്രജ്ഞൻ ഡോ. ഓം കുമാറിന്റെയും ചൈൽഡ് ഡവലപ്മെന്റ് സെന്ററിലെ ഡോക്ടർ മായാദേവിയുടെയും മകളാണ്. മാനന്തവാടി സ്വദേശി റസാഖിന്റെയും ദിൽഷാദിന്റെയും മകനാണ് നവീൻ റസാഖ്. സഹോദരൻ റോഷൻ ഹൈദരാബാദിൽ സിവിൽ എഞ്ചിനീയറാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP