Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാസർകോഡ് ജില്ലകയിൽ മൂന്ന് മുന്നണികൾക്കും തുല്യ സാധ്യത; മഞ്ചേശ്വരത്തും കാസർകോട്ടും അട്ടിമറിപ്രതീക്ഷയിൽ ബിജെപി; കണ്ണൂരിൽ എൽഡിഎഫ് ആധിപത്യം തുടരും; വയനാട്ടിൽ രണ്ടിടത്ത് വിജയം പ്രതീക്ഷിച്ച് യുഡിഎഫ്; മലപ്പുറത്തു വീശുക മുസ്ലിംലീഗിന്റെ വലതുകാറ്റ്; വോട്ടു പെട്ടിയിൽ ആയപ്പോൾ മലബാറിലെ വിലയിരുത്തൽ ഇങ്ങനെ

കാസർകോഡ് ജില്ലകയിൽ മൂന്ന് മുന്നണികൾക്കും തുല്യ സാധ്യത; മഞ്ചേശ്വരത്തും കാസർകോട്ടും അട്ടിമറിപ്രതീക്ഷയിൽ ബിജെപി; കണ്ണൂരിൽ എൽഡിഎഫ് ആധിപത്യം തുടരും; വയനാട്ടിൽ രണ്ടിടത്ത് വിജയം പ്രതീക്ഷിച്ച് യുഡിഎഫ്; മലപ്പുറത്തു വീശുക മുസ്ലിംലീഗിന്റെ വലതുകാറ്റ്; വോട്ടു പെട്ടിയിൽ ആയപ്പോൾ മലബാറിലെ വിലയിരുത്തൽ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: വോട്ടു പെട്ടിയിലായി കഴിയുമ്പോൾ മലബാറിൽ പതിവുപോലെ ഇടതു മുന്നേറ്റത്തിനാണ് കൂടുതൽ സാധ്യത. അതേസമയം കാസർകോട് ജില്ലിയൽ നിന്നും ബിജെപി അട്ടിമറികളും പ്രതീക്ഷിക്കുന്നു. കാസർകോട് ജില്ലയിൽ മുന്ന് മുന്നണികളും ഒരുപോലെ സാധ്യത കാണുമ്പോൾ കണ്ണൂരിൽ സിപിഎം ആധിപത്യം തുടരാനാണ് സാധ്യത കൂടുതലെന്നാണ് പൊതുവിലയിരുത്തൽ. വയനാട്ടിൽ ബത്തേരിയും കൽപ്പറ്റയും യുഡിഎഫ് വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മാനന്തവാടിയിൽ ഇടതു മുന്നണിക്കാണ് വിജയപ്രതീക്ഷയുള്ളത്. എന്നാൽ, രാഹുൽ ഗാന്ധി പ്രഭാവത്തിൽ മൂന്നിടത്ത് വിജയിക്കാമെന്നും യുഡിഎഫ് കണക്കു കൂട്ടുന്നു.

അതേസമയം മലപ്പുറത്ത് യുഡിഎഫ് തരംഗം തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഇടതിന് വേരോട്ടമുള്ള പൊന്നാനിയിലും തവനൂരിലും കടുത്ത വെല്ലുവിളി യുഡിഎഫ് ഉയർത്തിയിട്ടുണ്ട്. ഇവിടെ അട്ടിമറി വിജയം പോലും യുഡിഎഫ് പ്രതീക്ഷിക്കുന്നുണ്ട്. മുസ്ലിംലീഗിന്റെ കോട്ടകളിൽ അടക്കം അനായാസ വിജയമാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്.

കാസർകോട് മൂന്ന് മുന്നണികളും പ്രതീക്ഷയിൽ

മൂന്നു മുന്നണിക്കും തുല്യസാധ്യതയുള്ള ജില്ലയാണ് കാസർകോട്. ശക്തമായ ത്രികോണമത്സരം നടന്ന മഞ്ചേശ്വരത്ത് മാത്രമാണ് പോളിങ് കൂടിയത്. ബാക്കി നാലു മണ്ഡലങ്ങളിലും വോട്ടിങ് ശതമാനം കുറഞ്ഞു. ഇതെല്ലാം ആർക്ക് അനുകൂലമാകും എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. മഞ്ചേശ്വരത്ത് ജയം ആർക്കൊപ്പംനിന്നാലും ഭൂരിപക്ഷം 1500-2000 വോട്ടിന് ഇടയിലാകുമെന്ന് ഉറപ്പ്. ബിജെപി ഇവിടെ വലിയ പ്രതീക്ഷയിലാണ്.

കാസർകോട് മണ്ഡലത്തിൽ വോട്ടുശതമാനത്തിലെ ഇടിവ് ഫലം അട്ടിമറിക്കാൻവരെ ശേഷിയുള്ളതാണ്. കഴിഞ്ഞതവണ രണ്ടാംസ്ഥാനക്കാരായ എൻ.ഡി.എ. അട്ടിമറിവിജയം സ്വപ്നംകാണുമ്പോൾ നേരിയ വോട്ടിന്റെ വ്യത്യാസത്തിൽ മണ്ഡലം ഒപ്പം നിർത്താനാകുമെന്നാണ് യു.ഡി.എഫ്. പ്രതീക്ഷ.

ഉദുമ നിലനിർത്താൻ എൽ.ഡി.എഫും പിടിച്ചെടുക്കാൻ യു.ഡി.എഫും തമ്മിൽ തീപ്പൊരി പോരാട്ടമാണ് നടന്നത്. ഇവിടെ അഞ്ചുശതമാനം കുറവാണ് പോളിങ്. അട്ടിമറി ഉറപ്പാണെന്നാണ് യു.ഡി.എഫ്. ക്യാമ്പിന്റെ ഉറച്ച പ്രതീക്ഷ.

സിപിഐ.യുടെ മുതിർന്നനേതാവും മന്ത്രിയുമായ ഇ. ചന്ദ്രശേഖരൻ എൽ.ഡി.എഫ്. ടിക്കറ്റിൽ മൂന്നാമതും മത്സരത്തിനിറങ്ങിയ കാഞ്ഞങ്ങാട്ടും വോട്ടിങ് ശതമാനത്തിലുള്ള കുറവ് പുതിയ ചർച്ചകൾക്ക് വഴി തുറന്നിട്ടുണ്ട്. 26,011 വോട്ടിനാണ് കഴിഞ്ഞതവണ ചന്ദ്രശേഖരൻ തിരഞ്ഞെടുക്കപ്പെട്ടത്. ഇക്കുറി ഭൂരിപക്ഷത്തിൽ ഗണ്യമായ കുറവുണ്ടായേക്കാമെങ്കിലും ചന്ദ്രശേഖരനു തന്നെയാണ് സാധ്യത. എൽ.ഡി.എഫിന്റെ ഉറച്ച കോട്ടയായ തൃക്കരിപ്പൂരിൽ വൈകിയെത്തിയ കേരള കോൺഗ്രസ് സ്ഥാനാർത്ഥി എംപി. ജോസഫിന് അവസാന ലാപ്പിൽ യു.ഡി.എഫിനുവേണ്ടി മത്സരം കടുപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇവിടെ രാജഗോപാൽ വീണ്ടും ജയിച്ചുകയറുമെങ്കിലും പോളിങ്ങിലുള്ള കനത്ത ഇടിവ് ഭൂരിപക്ഷത്തിൽ പ്രതിഫലിച്ചേക്കും.

കണ്ണൂര് വീണ്ടും ചുവക്കും

കണ്ണൂർ ജില്ലയിലെ 11 മണ്ഡലത്തിൽ എട്ടിലും വിജയം നൂറുശതമാനം ഉറപ്പെന്ന് എൽ.ഡി.എഫ്. കണക്കുകൂട്ടൽ. മറ്റ് മൂന്നുസീറ്റിൽ യു.ഡി.എഫിന് സാധ്യത. ഉറപ്പുള്ളത് ഇരിക്കൂർ മാത്രമാണ്. പേരാവൂരിൽ വിജയത്തിനരികെയാണെന്നും കണ്ണൂർ കൈവിട്ടേക്കില്ലെന്നുമാണ് ബൂത്തുകളിൽനിന്നുള്ള കണക്കുകൾ അവലോകനം ചെയ്തശേഷം സിപിഎം. നേതൃത്വം എത്തിയ നിഗമനം. എന്നാൽ ഇവിടെ യുഡിഎഫും വിജയം പ്രതീക്ഷിക്കുന്നു. പോളിങ്ങിലെ കുറവ് എൽ.ഡി.എഫിന് അനുകൂലമാകുമെന്നും അവകാശവാദമുണ്ട്. അതേസമയം, ഇടവിട്ട തിരഞ്ഞെടുപ്പുകളിൽ ലഭിക്കാറുള്ളതുപോലെ അഞ്ചുസീറ്റ് ഉറപ്പാണെന്നാണ് യു.ഡി.എഫ്. നേതൃത്വത്തിന്റെ നിഗമനം.

യു.ഡി.എഫ്. അധികാരത്തിൽവന്ന 2011-ൽ എൽ.ഡി.എഫിന് ആറും യു.ഡി.എഫിന് അഞ്ചും സീറ്റാണ് ലഭിച്ചത്. 2016-ൽ എൽ.ഡി.എഫ്. എട്ടും യു.ഡി.എഫ്. മൂന്നും സീറ്റു നേടി.

ഇത്തവണ പയ്യന്നൂരിൽ ടി.ഐ. മധുസൂദനൻ, കല്യാശ്ശേരിയിൽ എം. വിജിൻ, തളിപ്പറമ്പിൽ എം വി ഗോവിന്ദൻ, മട്ടന്നൂരിൽ കെ.കെ. ശൈലജ, ധർമടത്ത് പിണറായി വിജയൻ, തലശ്ശേരിയിൽ എ.എൻ. ഷംസീർ എന്നിവർ വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചേക്കാം. ബിജെപി.ക്ക് സ്ഥാനാർത്ഥിയില്ലാത്തതും ബിജെപി. വോട്ട് ആർക്കെന്നതിലുള്ള ആശയക്കുഴപ്പവും ഷംസീറിന് ഭീഷണിയായേക്കുമെന്ന പ്രചാരണമുണ്ടായിരുന്നെങ്കിലും വോട്ടെടുപ്പ് കഴിഞ്ഞതോടെ ഷംസീറിന്റെ വിജയത്തിൽ ആർക്കും സംശയമില്ല. കൂത്തുപറമ്പിൽ എൽ.ജെ.ഡി. സ്ഥാനാർത്ഥി കെ.പി. മോഹനനാണ് വിജയസാധ്യതയെന്നാണ് ഒടുവിലത്തെ സൂചന. പൊരിഞ്ഞ പോരാട്ടം നടന്ന അഴീക്കോട് കെ.വി. സുമേഷ് വിജയിക്കുമെന്നാണ് ബൂത്തുകളിൽനിന്ന് പ്രവർത്തകർ നൽകിയ കണക്കെന്ന് സിപിഎം. കേന്ദ്രങ്ങൾ പറയുന്നു.

കോൺഗ്രസിൽ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് രൂക്ഷമായ തർക്കമുണ്ടായ ഇരിക്കൂറിൽ യു.ഡി.എഫ്. സ്ഥാനാർത്ഥി സജീവ് ജോസഫിന് മികച്ച ഭൂരിപക്ഷമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. പൊരിഞ്ഞ പൊരാട്ടം നടന്ന പേരാവൂർ, അഴീക്കോട്, കണ്ണൂർ, കൂത്തുപറമ്പ് മണ്ഡലങ്ങളിലും വിജയിക്കുമെന്ന് യു.ഡി.എഫ്. കേന്ദ്രങ്ങൾ ഉറപ്പിക്കുന്നു. കഴിഞ്ഞതവണ മാത്രം നഷ്ടപ്പെട്ട കണ്ണൂരിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയെയാണ് ഇത്തവണയും കോൺഗ്രസ് സ്ഥാനാർത്ഥി സതീശൻ പാച്ചേനി നേരിടുന്നത്. കണ്ണൂരിൽ കോൺഗ്രസിന്റെ ചില ശക്തികേന്ദ്രങ്ങളിൽ പോളിങ് കുറവാണെങ്കിലും പാച്ചേനി തരക്കേടില്ലാത്ത ഭൂരിപക്ഷത്തിൽ ജയംനേടുമെന്നാണ് പ്രതീക്ഷ. പേരാവൂരിൽ സിപിഎം. സ്ഥാനാർത്ഥി സക്കീർ ഹുസൈൻ ശക്തമായ വെല്ലുവിളിയാണുയർത്തിയതെങ്കിലും സണ്ണി ജോസഫിനുതന്നെയാണ് ജയസാധ്യത. കൂത്തുപറമ്പിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥി പൊട്ടങ്കണ്ടി അബ്ദുള്ളയുടെ ജയസാധ്യത തെളിഞ്ഞതോടെയാണ് സിപിഎം. അക്രമമഴിച്ചുവിട്ടതും ലീഗ് പ്രവർത്തകനെ കൊല ചെയ്തതുമെന്ന് യു.ഡി.എഫ്. ആരോപിക്കുന്നു.

വയനാട്ടിൽ യുഡിഎഫ് മേൽക്കൈ നേടിയേക്കും

മത്സരം കടുത്തതെങ്കിലും പോളിങ്ങിൽ പ്രതിഫലിക്കാത്തതാണ് വയനാട്ടിൽ മുന്നണികളുടെ നെഞ്ചിടിപ്പേറ്റുന്നത്. 74.98 ശതമാനം പേരാണ് ജില്ലയിൽ ബൂത്തിലെത്തിയത്. തപാൽ വോട്ടുകൂടി ചേർത്താൽ ഇത് 76 ശതമാനംവരെ എത്തിയേക്കാമെങ്കിലും സമീപകാല തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് കുറവാണ്. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 78.22 ശതമാനം പേരും കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ 82.18 ശതമാനം പേരും വോട്ടുചെയ്തിരുന്നു. കല്പറ്റയും പട്ടികവർഗ സംവരണങ്ങളായ മാനന്തവാടിയും സുൽത്താൻ ബത്തേരിയുമാണ് ജില്ലയിലെ മണ്ഡലങ്ങൾ.

സുൽത്താൻബത്തേരി മാത്രമാണ് യു.ഡി.എഫിന്റെ കൈവശമുള്ളത്. ഇത്തവണയും യുഡിഎഫ് ഈ മണ്ഡലം നിലനിർത്തും. കൽപ്പറ്റയും തിരിച്ചു പിടിച്ചേക്കം. കോൺഗ്രസിൽനിന്ന് രാജിവെച്ചുവന്ന കെപിസിസി. സെക്രട്ടറി എം.എസ്. വിശ്വനാഥനെ സ്ഥാനാർത്ഥിയാക്കി ബത്തേരിയിൽ എൽ.ഡി.എഫ്. സർവസന്നാഹങ്ങളുമായി അണിനിരന്നെങ്കിലും അടിയൊഴുക്കുകൾ തങ്ങൾക്ക് അനുകൂലമാവുമെന്നാണ് യു.ഡി.എഫ്. പ്രതീക്ഷ. 2016-ലെ ഭൂരിപക്ഷമില്ലെങ്കിലും ഐ.സി. ബാലകൃഷ്ണൻ ജയിച്ചുവരുമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്.

കല്പറ്റയും തങ്ങൾക്കൊപ്പമാകുമെന്ന് യുഡിഎഫ് കണക്കൂ കൂട്ടുന്നു. മാനന്തവാടിയിൽ മാത്രമാണ് അൽപ്പം വിജയപ്രതീക്ഷ കുറവുള്ളത്. മാനന്തവാടിയും തങ്ങൾക്കൊപ്പമാവുമെന്ന കാര്യത്തിൽ പൂർണ ആത്മവിശ്വാസത്തിലാണ് എൽ.ഡി.എഫ്. കല്പറ്റയിൽ എം വി ശ്രേയാംസ് കുമാറും സിപിമ്മും ഒരുമിച്ചു കൈകോർത്തത് ഇടതുപ്രതീക്ഷ കൂട്ടുന്നെങ്കിലും സിദ്ദിഖ് നല്ല പോരാട്ടമാണ് കാഴ്‌ച്ചവെച്ചത്. മാനന്തവാടിയിലും പ്രചാരണരംഗത്ത് പിന്നാക്കംപോയതാണ് യു.ഡി.എഫിനെ അലട്ടുന്നത്. നിലവിലെ എംഎ‍ൽഎ. കൂടിയായ സ്ഥാനാർത്ഥി ഒ.ആർ. കേളുവിന്റെ ജനകീയത തുണയ്ക്കുമെന്ന് എൽ.ഡി.എഫ്. കണക്കുകൂട്ടുന്നു.

കോഴിക്കോട് നില മെച്ചപ്പെടുത്താൻ യുഡിഎഫ്

കോഴിക്കോട് ഇക്കുറി നില മെച്ചപ്പെടുത്തുമെന്നാണ് യുഡിഎഫ് അവകാശപ്പെടുന്നത്. കഴിഞ്ഞതവണ 13-ൽ 11 മണ്ഡലങ്ങളുംനേടി മിന്നുന്നപ്രകടനം കാഴ്ചവെച്ച എൽ.ഡി.എഫിനെ ഞെട്ടിക്കാനാവുമെന്നാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. നാല് സീറ്റുറപ്പാണ്, ഇത് അഞ്ചുവരെയാകാമെന്നും അവർ കണക്കുകൂട്ടുന്നു. എന്നാൽ, ചിട്ടയായ പ്രവർത്തനത്തിലൂടെ മുഴുവൻ സീറ്റും ഉറപ്പാക്കിയെന്നാണ് ഇടതുനേതാക്കൾ അവകാശപ്പെടുന്നത്. കഴിഞ്ഞതവണത്തെ രണ്ടുസീറ്റുപോലും ഇക്കുറി യു.ഡി.എഫിനുണ്ടാവില്ലെന്ന് അവർ അവകാശപ്പെടുന്നു. ഇടതുമുന്നണി എട്ടുമുതൽ 10 സീറ്റുവരെ നേടുമെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തൽ.

കുറ്റ്യാടി, കോഴിക്കോട് സൗത്ത് മണ്ഡലങ്ങളാണ് കഴിഞ്ഞതവണ യു.ഡി.എഫ്. നേടിയത്. കുറ്റ്യാടിയുടെ കാര്യത്തിൽ സിപിഎം. അണികൾ കാണിച്ച ആവേശവും വോട്ടുറപ്പിക്കലും യു.ഡി.എഫിന്റെ നെഞ്ചിടിപ്പ് കൂട്ടിയിട്ടുണ്ട്. കൊടുവള്ളി, വടകര, തിരുവമ്പാടി എന്നിവയാണ് എൽ.ഡി.എഫിൽനിന്ന് പിടിച്ചെടുക്കാമെന്ന് പ്രതീക്ഷിക്കുന്ന മണ്ഡലങ്ങൾ. വടകരയിൽ ആർ.എംപി. നേതാവ് കെ.കെ. രമയുടെ സ്ഥാനാർത്ഥിത്വം ജില്ലയിലാകെ ഗുണമായെന്ന വിലയിരുത്തലും യു.ഡി.എഫ്. നേതാക്കൾക്കുണ്ട്. നാദാപുരവും കോഴിക്കോട് നോർത്തുമാണ് അവർ പ്രതീക്ഷയർപ്പിക്കുന്ന മറ്റുമണ്ഡലങ്ങൾ.

കുറ്റ്യാടി തിരിച്ചുപിടിക്കുമെന്ന് എൽ.ഡി.എഫ്. ഉറപ്പുപറയുന്നുണ്ട്. വടകരയിൽ മികച്ച പ്രചാരണപ്രവർത്തനമാണ് നടത്തിയതെന്നും അതിന്റെ ഫലമുറപ്പാണെന്നും പറയുമ്പോഴും അടിയൊഴുക്കുകളുണ്ടായോയെന്ന ശങ്ക ഇല്ലാതില്ല. വോട്ടെടുപ്പുനാളിൽ ബിജെപി. കേന്ദ്രങ്ങൾ ആലസ്യത്തിലായിരുന്നുവെന്ന് ഇടതുകേന്ദ്രങ്ങൾ പറയുന്നു. തദ്ദേശതിരഞ്ഞെടുപ്പുസമയത്തെ ആവേശവുമായി താരതമ്യം ചെയ്തുകൊണ്ടാണ് ഈ നിരീക്ഷണം. ചില മണ്ഡലങ്ങളിലെങ്കിലും അവർ യു.ഡി.എഫിന് വോട്ടുനൽകിയെന്ന ആരോപണവുമുണ്ട്. തിരിച്ചടി മുൻകൂട്ടിക്കണ്ടുള്ള ആരോപണമെന്നാണ് ഇതിന് ബിജെപി.യുടെ മറുപടി. വോട്ടുവിഹിതം ഗണ്യമായി വർധിപ്പിക്കുമെന്നാണ് അവരുടെ ഉറപ്പ്.

മലപ്പുറം ലീഗിന്റെ പച്ചക്കോട്ട

മലപ്പുറം ജില്ലയിൽ ഇത്തവണ ഇടതുമുന്നണി കാര്യമായ നേട്ടമുണ്ടാക്കാനുള്ള സാധ്യത നന്നേ കുറവ്. 2016-ൽ പിടിച്ചെടുത്ത താനൂരും നിലമ്പൂരും കൈവിട്ടേക്കും. ഇടതിന് വേരോട്ടമുള്ള പൊന്നാനിയിലും തവനൂരിലും കടുത്ത വെല്ലുവിളിയും അവർ നേരിട്ടു. 16 സീറ്റുകളിൽ പൊന്നാനി, തവനൂർ, താനൂർ, നിലമ്പൂർ എന്നീ നാലെണ്ണമാണ് കഴിഞ്ഞതവണ ഇടതുപക്ഷത്തിനൊപ്പംനിന്നത്. പഴയ കോൺഗ്രസുകാരായ വി. അബ്ദുറഹിമാനേയും പി.വി. അൻവറിനേയും സ്വതന്ത്രരായി നിർത്തിയാണ് താനൂരും നിലമ്പൂരും പിടിച്ചെടുത്തത്. അവർതന്നെ വീണ്ടും മത്സരിച്ചെങ്കിലും ഇക്കുറി ജയമത്ര എളുപ്പമാകില്ല.

പരമ്പരാഗത കോട്ടയായ താനൂർ തിരിച്ചുപിടിക്കാൻ ലീഗ് പ്രത്യേക കർമപദ്ധതിതന്നെ നടപ്പാക്കി. സ്ഥാനാർത്ഥിയായി പി.കെ. ഫിറോസ് എത്തിയത് യു.ഡി.എഫ്. ക്യാമ്പിൽ വലിയ ആവേശവുമുണ്ടാക്കി. അത് ഫലംകാണുമെന്ന് അവർ തറപ്പിച്ച് പറയുന്നു. നിലമ്പൂരിൽ പി.വി. അൻവറും കടുത്തമത്സരം നേരിട്ടു. യു.ഡി.എഫ്. കുത്തകയായിരുന്ന സീറ്റിൽ കഴിഞ്ഞതവണ അൻവർ അട്ടിമറിവിജയം നേടുകയായിരുന്നു. ഇക്കുറി കോൺഗ്രസ് കളത്തിലിറക്കിയ വി.വി. പ്രകാശും ശക്തമായ പ്രചാരണത്തിലൂടെ അൻവറിനൊപ്പമെത്തി. വോട്ടുചോർച്ച ഉണ്ടായില്ലെങ്കിൽ പ്രകാശിന് ജയിക്കാനാകും.

പൊന്നാനിയിൽ പി. ശ്രീരാമകൃഷ്ണനെ മാറ്റി നേതാവ് പി. നന്ദകുമാറിനെ സ്ഥാനാർത്ഥിയാക്കിയത് സിപിഎമ്മിൽ പരസ്യപ്രതിഷേധമുണ്ടാക്കിയിരുന്നു. പാർട്ടി നേതൃത്വത്തിന്റെ നിലപാട് പ്രതിഷേധക്കാർ എത്രത്തോളം ഉൾക്കൊണ്ടുവെന്ന് കാത്തിരുന്ന് കാണണം. ഇല്ലെങ്കിൽ അടിയൊഴുക്കിനും അട്ടിമറിക്കും പൊന്നാനി സാക്ഷിയാകും. എ.എം. രോഹിത്തിന് യുവാവെന്ന പരിഗണനകൂടി കിട്ടുമെന്ന് യു.ഡി.എഫ്. കണക്കുകൂട്ടുന്നു.

തവനൂരിൽ ആദ്യഘട്ടത്തിൽ മന്ത്രി കെ.ടി. ജലീലിനായിരുന്നു മുൻതൂക്കം. എന്നാൽ, ഫിറോസ് കുന്നംപറമ്പിൽ അവസാനഘട്ടത്തിൽ ഒപ്പമെത്തി. പ്രചാരണത്തിൽ യു.ഡി.എഫ്. കട്ടയ്ക്കുനിന്നതോടെ അപ്രതീക്ഷിത വെല്ലുവിളിയാണ് ഇടതുമുന്നണി നേരിട്ടത്. ഫിറോസിന് സാധാരണക്കാരെയും സ്ത്രീവോട്ടർമാരെയും കൂടുതൽ സ്വാധീനിക്കാനായിട്ടുണ്ടെങ്കിൽ തവനൂരിൽ കാര്യങ്ങൾ മാറിമറിയും.

യു.ഡി.എഫ്. ചേരിയിൽ ലീഗ് 12 സീറ്റുകളിലാണ് മത്സരിച്ചത്. മലപ്പുറം, വേങ്ങര, കോട്ടയ്ക്കൽ, ഏറനാട്, കൊണ്ടോട്ടി, വള്ളിക്കുന്ന് എന്നിവിടങ്ങളിൽ പറയത്തക്ക വെല്ലുവിളിയില്ല. പെരിന്തൽമണ്ണ, മങ്കട, തിരൂർ, തിരൂരങ്ങാടി എന്നിവിടങ്ങളിൽ ശക്തമായ മത്സരമുണ്ടായെങ്കിലും തിരിച്ചടിക്ക് സാധ്യതകുറവാണ്. നാലിടത്ത് മത്സരിച്ച കോൺഗ്രസിന് വണ്ടൂരിൽ ആശങ്കയില്ല. നിലമ്പൂർ, പൊന്നാനി, തവനൂർ എന്നിവയിൽ ഒന്നെങ്കിലും പിടിക്കാനായാൽ കോൺഗ്രസിന് നേട്ടമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP