Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോവിഡ് വ്യാപനം രൂക്ഷം; രാഷ്ട്രീയ സമ്മേളനങ്ങൾ നിരോധിച്ച് പഞ്ചാബ്; രാത്രി കർഫ്യു നീട്ടും; കോവിഡ് പ്രോട്ടോക്കോൾ കടുപ്പിച്ച് ബെംഗളൂരു

കോവിഡ് വ്യാപനം രൂക്ഷം; രാഷ്ട്രീയ സമ്മേളനങ്ങൾ നിരോധിച്ച് പഞ്ചാബ്; രാത്രി കർഫ്യു നീട്ടും; കോവിഡ് പ്രോട്ടോക്കോൾ കടുപ്പിച്ച് ബെംഗളൂരു

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്തു കോവിഡ് വ്യാപനം കുതിച്ചുയരുന്നതിനിടെ നിയന്ത്രണങ്ങൾ കടുപ്പിച്ച് വിവിധ സംസ്ഥാനങ്ങൾ. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഉയർന്നു നിൽക്കുന്ന പഞ്ചാബിൽ ഏപ്രിൽ 30 വരെ രാഷ്ട്രീയ സമ്മേളനങ്ങൾ നിരോധിക്കാൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് ഉത്തരവിട്ടു. രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ള നിയമലംഘകർക്കെതിരെ കേസെടുക്കുമെന്നും അറിയിച്ചു. 12 ജില്ലകളിൽ നേരത്തേ ഏർപ്പെടുത്തിയിരുന്ന രാത്രി കർഫ്യൂ നീട്ടുന്നതായും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

ശവസംസ്‌കാരം / വിവാഹം തുടങ്ങിയ ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണം കെട്ടിടത്തിന് അകത്ത് 50 പേർക്കും പുറത്താണെങ്കിൽ 100 പേർക്കുമായി കുറച്ചു. എല്ലാ സർക്കാർ ജീവനക്കാർക്കും മാസ്‌ക് നിർബന്ധമാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടത് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളും ഏപ്രിൽ 30 വരെ തുടരും. മാളുകളിലെ കടകളിൽ 10 പേരെ മാത്രമെ പ്രവേശിപ്പിക്കൂ. സംസ്ഥാനത്തെ ഉയർന്ന പോസിറ്റിവിറ്റി, മരണനിരക്ക് എന്നിവയിൽ മുഖ്യമന്ത്രി ആശങ്ക പ്രകടിപ്പിച്ചു. 85 ശതമാനത്തിലധികം കേസുകളും വകഭേദമുണ്ടായ യുകെ വൈറസ് വഴിയാണ്.

പ്രതിദിന കോവിഡ് നിരക്ക് കുതിച്ചുയർന്നതോടെ കർണാടകയിലെ ബെംഗളൂരുവിലും കോവിഡ് പ്രോട്ടോക്കോൾ കടുപ്പിച്ചു. നഗരപരിധിയിലുള്ള അപ്പാർട്ട്‌മെന്റ് കെട്ടിടങ്ങളിലെ നീന്തൽക്കുളങ്ങൾ, ജിമ്മുകൾ, പാർട്ടി ഹാളുകൾ തുടങ്ങിയവയുടെ ഉപയോഗം ബെംഗളൂരു പൊലീസ് നിരോധിച്ചു. പൊതു സുരക്ഷയ്ക്കും ആരോഗ്യത്തിനും ന്യായമായ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ബെംഗളൂരു പൊലീസ് കമ്മിഷണറുടെ ഓഫിസ് വ്യക്തമാക്കി. നഗരപരിധിക്കു പുറത്തുള്ള ജിമ്മുകൾക്ക് 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ചു പ്രവർത്തിക്കാൻ അനുവാദമുണ്ട്.

രണ്ടാം തരംഗമുണ്ടായ കർണാടകയിൽ സമീപ ദിവസങ്ങളിൽ കൂടുതൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത് ബെംഗളൂരു നഗരത്തിലാണ്. മാർച്ചിലുണ്ടായ കേസുകളിൽ 50 എണ്ണം വരെ 10 വയസ്സിനു താഴെയുള്ള കുട്ടികളിലായിരുന്നു. ആശുപത്രികളിൽ കോവിഡ് രോഗികൾക്കായി നീക്കിവച്ചിരിക്കുന്ന കിടക്കകൾ അതിവേഗം നിറയുകയാണ്.

കൂടുതൽ പുതിയ കേസുകളുള്ള 10 ജില്ലകളിൽ ബെംഗളൂരുവും ഉള്ളതായി കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു. പുണെ, മുംബൈ, താനെ, നാഗ്പുർ, നാസിക്, ഔറംഗാബാദ്, അഹമ്മദ്നഗർ, ഡൽഹി, ദുർഗ് എന്നിവയാണു മറ്റു നഗരങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP