Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗൂഢാലോചകരുടെ കൈകളിൽ വിലങ്ങുവീഴാതെ അക്രമ രാഷ്ട്രീയത്തിൽ നിന്നും മോചനമില്ല; എത്രയെത്ര പേരുടെ ജീവിതപ്രതീക്ഷകളേയും സ്‌നേഹാഹ്ലാദങ്ങളേയുമാണ് ഈ ക്രിമിനൽ കൂട്ടങ്ങൾ ചോരയിൽ കുളിപ്പിച്ച് കിടത്തുന്നത്; മുഹ്‌സിന്റെ കൊലപാതകത്തെ അപലപിച്ചു കെ കെ രമ

ഗൂഢാലോചകരുടെ കൈകളിൽ വിലങ്ങുവീഴാതെ അക്രമ രാഷ്ട്രീയത്തിൽ നിന്നും മോചനമില്ല; എത്രയെത്ര പേരുടെ ജീവിതപ്രതീക്ഷകളേയും സ്‌നേഹാഹ്ലാദങ്ങളേയുമാണ് ഈ ക്രിമിനൽ കൂട്ടങ്ങൾ ചോരയിൽ കുളിപ്പിച്ച് കിടത്തുന്നത്; മുഹ്‌സിന്റെ കൊലപാതകത്തെ അപലപിച്ചു കെ കെ രമ

മറുനാടൻ മലയാളി ബ്യൂറോ

കൂത്തുപറമ്പ്: കണ്ണൂർ കൂത്തുപറമ്പിൽ മുസ്‌ലിം ലീഗ് പ്രവർത്തകൻ പാറാൽ മൻസൂറിനെ (22) വെട്ടിക്കൊന്ന കേസിൽ പ്രതികരണവുമായി ആർ.എംപി നേതാവ് കെ.കെ രമ. കൊലയാളിനേതൃത്വങ്ങളെ പിടികൂടി തുറുങ്കിലടയ്ക്കാതെ ഈ ചോരക്കളിക്ക് അറുതിയുണ്ടാവില്ലെന്ന് എത്രയോ കാലമായി നാം പറഞ്ഞു കൊണ്ടേയിരിക്കുന്നുവെന്ന് അവർ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഗൂഢാലോചകരുടെ കൈകളിൽ വിലങ്ങുവീഴാതെ തീർച്ചയായും നമ്മുടെ രാഷ്ട്രീയത്തെ വാൾവാഴ്‌ച്ചകളിൽ നിന്ന് നമുക്ക് ഒരിക്കലും മോചിപ്പിക്കാനാവില്ലെന്നും രമ വ്യക്തമാക്കി. ആക്രമണത്തിൽ സിപിഎം പ്രവർത്തകൻ ഷിനോസ് പിടിയിയിലായിരുന്നു. വീട്ടിൽ കയറിബോംബെറിഞ്ഞ ശേഷമായിരുന്നു ആക്രമണം. സഹോദരൻ മുഹ്‌സിന് ആക്രമണത്തിൽ സാരമായി പരിക്കേറ്റിരുന്നു.

കെ.കെ രമ പങ്കുവെച്ച ഫേസ്‌ബുക് പോസ്റ്റ്:

നമ്മുടെ ജനാധിപത്യത്തിന്റെ മുഖത്ത് വീണ്ടും കുരുതിച്ചോര വീണിരിക്കുന്നു. പാനൂർ പുല്ലൂക്കരയിലെ യൂത്ത് ലീഗ് പ്രവർത്തകൻ 22 വയസ്സുകാരനായ മൻസൂറിനെയാണ് സിപിഎം കൊലയാളിക്കൂട്ടം ഇന്നലെ തെരഞ്ഞെടുപ്പിന്റെ രാവിൽ പതിയിരുന്ന് ആക്രമിച്ച് ബോംബെറിഞ്ഞ് വെട്ടിക്കൊന്നുകളഞ്ഞത്. ഇനിയൊരു ചോരക്കുരുതി നമ്മുടെ രാഷ്ട്രീയ മണ്ഡലത്തിൽ അരുതെന്ന് എത്രയോ കാലമായി നെഞ്ചുകീറി വിലപിച്ചുകൊണ്ടിരിക്കുന്ന കേരളത്തിന്റെ ഹൃദയത്തിലേക്ക് എത്ര ക്രൂരവും ഭീകരവുമായാണ് തെല്ലും കയ്യറപ്പില്ലാതെ നമ്മുടെ കൊലവാൾ രാഷ്ട്രീയം പിന്നെയും പിന്നെയും കത്തിയാഴ്‌ത്തിക്കൊണ്ടിരിക്കുന്നത്

എത്രയെത്ര പേരുടെ ജീവിതപ്രതീക്ഷകളേയും സ്‌നേഹാഹ്ലാദങ്ങളേയുമാണ് ഈ ക്രിമിനൽ കൂട്ടങ്ങൾ ചോരയിൽ കുളിപ്പിച്ച് കിടത്തുന്നത് മരണം വരെ ഹൃദയം പിളർന്ന വേദനയുമായി കണ്ണീരിലുരുകി ജീവിക്കേണ്ടി വരുന്ന ആ അമ്മയുമ്മമാരോട് ഈ നാടിന്റെ ജനാധിപത്യ രാഷ്ട്രീയത്തിന് എന്ത് മറുപടിയാണ് പറയാനുള്ളത് തങ്ങൾക്ക് ഇഷ്ടമുള്ള രാഷ്ട്രീയം പറയാനും പ്രവർത്തിക്കാനുമെല്ലാമുള്ള പരിമിതമായ ജനാധിപത്യ സ്വാതന്ത്ര്യം പോലും കൊലവാളുകളാൽ വെട്ടിയരിഞ്ഞുതള്ളുന്ന ഈ പൈശാചിക കുലപ്രഭു രാഷ്ട്രീയത്തിന് അന്ത്യം കുറിക്കാതെ ഒരു മാനവിക ജനാധിപത്യ സമൂഹമെന്ന നിലയിൽ തീർച്ചയായും നമുക്ക് ഒരടി മുന്നോട്ടുനീങ്ങാനാവില്ല.

കൊലയാളിനേതൃത്വങ്ങളെ പിടികൂടി തുറുങ്കിലടയ്ക്കാതെ ഈ ചോരക്കളിക്ക് അറുതിയുണ്ടാവില്ലെന്ന് എത്രയോ കാലമായി നാം പറഞ്ഞു കൊണ്ടേയിരിക്കുന്നു. ഗൂഢാലോചകരുടെ കൈകളിൽ വിലങ്ങുവീഴാതെ തീർച്ചയായും നമ്മുടെ രാഷ്ട്രീയത്തെ വാൾവാഴ്‌ച്ചകളിൽ നിന്ന് നമുക്ക് ഒരിക്കലും മോചിപ്പിക്കാനാവില്ല. കൊലയാളിക്കൂട്ടങ്ങളെ ചെല്ലും ചെലവും നൽകിപ്പോറ്റി വളർത്തി സംരക്ഷിക്കുന്ന രക്തദാഹി രാഷ്ട്രീയ നേതൃത്വങ്ങൾക്കെതിരെ വലിയ ജനകീയ പ്രതികരണമുയർത്താൻ നാമോരോരുത്തരും രംഗത്തുവന്നേ തീരൂ. മൻസൂറിന്റെ കൊലപാതകത്തിൽ കടുത്ത പ്രതിഷേധം., രോഷം., വേദന.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP