Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുസ്ലിംലീഗ് സമ്മർദ്ദം അൻസാരിയെ രക്ഷിച്ചില്ല; എക്‌സൈസിലെ സഹപ്രവർത്തകനെ കൊല്ലാൻ ശ്രമിച്ചവരെ സഹായിച്ച പ്രതിയെ പൊലീസ് പിടികൂടി; മറുനാടൻ ഇംപാക്ട്

മുസ്ലിംലീഗ് സമ്മർദ്ദം അൻസാരിയെ രക്ഷിച്ചില്ല; എക്‌സൈസിലെ സഹപ്രവർത്തകനെ കൊല്ലാൻ ശ്രമിച്ചവരെ സഹായിച്ച പ്രതിയെ പൊലീസ് പിടികൂടി; മറുനാടൻ ഇംപാക്ട്

പത്തനംതിട്ട: അടൂരിൽ എക്‌സൈസ് ഉദ്യോഗസ്ഥനെ വെട്ടിപ്പരുക്കേൽപ്പിച്ച കേസിൽ പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ച എക്‌സൈസ് സിവിൽ ഓഫീസർ അറസ്റ്റിൽ. തിരുവല്ല എക്‌സൈസ് ഓഫീസിലെ ഉദ്യോഗസ്ഥനായ അൻസാരിയാണ് അറസ്റ്റിലായത് . ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ ബിജുവിനെ സ്പിരിറ്റ് മാഫിയ ആക്രമിച്ച സംഭവത്തിലെ പ്രതിയെ ഒളിവിൻ കഴിയാൻ അൻസാരി സഹായിച്ചുവെന്നാണ് കേസ്.

അടൂരിൽ വീട്ടിൽ നടക്കുന്ന അനധിക്യത മദ്യക്കച്ചവടം പിടികൂടാനെത്തിയ എക്‌സൈസ് ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസറെ വധിക്കാൻ ശ്രമിച്ച കേസിലെ നാലു പ്രതികൾക്ക് ഒളിസങ്കേതം ഒരുക്കിയതും വേണ്ട സൗകര്യങ്ങൾ ചെയ്തുകൊടുത്തതും വിവരങ്ങൾ ചോർത്തി നൽകിയതും സുഹൃത്തായ എക്‌സൈസ് സിവിൽ ഓഫീസറാണെന്ന് മറുനാടൻ മലയാളി വാർത്ത നൽകിയിരുന്നു. തലയ്ക്കടിയേറ്റ് മൃതപ്രായനായ പ്രിവന്റീവ് ഓഫീസറെ മദ്യമാഫിയയ്ക്ക് ഒറ്റു കൊടുത്ത സിവിൽ ഓഫീസർക്ക് വേണ്ടി രംഗത്തിറങ്ങിയിരിക്കുന്നത് സാക്ഷാൽ മുസ്ലിം ലീഗ് രംഗത്ത് വന്നതും വാർത്തയാക്കി. എക്‌സൈസ് മന്ത്രി ഉത്തരവിട്ടിട്ടും കുറ്റക്കാരനായ എക്‌സൈസ് സിവിൽ ഓഫീസറെ അറസ്റ്റ് ചെയ്യാനുള്ള പൊലീസിനു പേടി ഇതോടെ മാറി. തുടർന്നാണ് അൻസാരിയെ അറസ്റ്റ് ചെയ്തത്.

ഒറ്റുകാരനായ എക്‌സൈസ് സിവിൽ ഓഫീസറെ കസ്റ്റഡിയിലെടുത്ത് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വധശ്രമക്കേസിലെ പ്രതികളെല്ലാം അറസ്റ്റിലായത്. പ്രതികളെ ഒളിപ്പിക്കുകയും സഹായിക്കുകയും ചെയ്ത ഇയാളെ മാത്രം പൊലീസ് അറസ്റ്റ് ചെയ്തില്ല. ഉന്നത സമ്മർദ്ദങ്ങളായിരുന്നു കാരണം. എന്നാൽ ഇക്കാര്യം വാർത്തയായതോടെ കളി മാറി. അറസ്റ്റ് ചെയ്യേണ്ട സാഹചര്യം അങ്ങനെയാണ് ഉണ്ടായത്. കഴിഞ്ഞ ഒന്നിന് രാത്രി എട്ടരയോടെ അടൂർ മാഞ്ഞാലിയിൽ വച്ച് പ്രിവന്റീവ് ഓഫീസർ പി. ബിജുവി(43)നെയാണ് മാരകായുധങ്ങളുമായി ആക്രമിച്ചത്. കടമ്പനാട് തുവയൂർ തെക്ക് രാജീവം വീട്ടിൽ രാജീവ് (46), ഭാര്യ രാജി(36), ഏറത്ത് തുവയൂർ വടക്ക് അന്തിച്ചിറ രാജേഷ് ഭവനിൽ അനീഷ്‌കുമാർ (36), കടമ്പനാട് വടക്ക് മലങ്കാവ് പൊന്നാലയം രതീഷ് (33) എന്നിവരാണ് ബിജുവിനെ മൃതപ്രായനാക്കിയത്.

സംഭവത്തിനു ശേഷം കായംകുളത്തേക്ക് പോയ പ്രതികളെ അവിടെനിന്നുമാണ് എക്‌സൈസ് സിവിൽ ഓഫീസർ ഏറ്റെടുത്ത് ഒളിസങ്കേതത്തിലേക്ക് മാറ്റിയത്. തിരുവല്ല എക്‌സൈസ് ഓഫീസിലാണ് നൂറനാട് താമരക്കുളം സ്വദേശിയായ ഈ ഉദ്യോഗസ്ഥൻ ജോലി ചെയ്യുന്നത്. മൊബൈൽ ടവർ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ടാകുമെന്ന് കരുതി പ്രതികൾ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ഫോണിൽ വിളിച്ചിരുന്നില്ല. പൊലീസ് സൈബർ സെൽ നടത്തിയ അന്വേഷണത്തിനൊടുവിൽ ചെങ്ങന്നൂർ ടവറിന്റെ പരിധിയിലുള്ള രണ്ടു നമ്പരുകളുമായി എക്‌സൈസ് ഉദ്യോഗസ്ഥൻ നിരന്തരം ബന്ധപ്പെടുന്നത് കണ്ടെത്തി. ഇതിന് പിന്നാലെ പൊലീസ് ചുറ്റിത്തിരിഞ്ഞെങ്കിലും പ്രതികളെ കണ്ടെത്താൻ കഴിഞ്ഞില്ല.

ഇതിനിടെ ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്ന ബിജുവിനെ ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് മാറ്റി. ബിജുവിന്റെ ക്ഷേമവിവരങ്ങൾ അന്വേഷിക്കാനെന്ന വ്യാജേനെ വീട്ടിലെത്തിയ സിവിൽ എക്‌സൈസ് ഓഫീസർ അവിടെ നിന്ന് ഇറങ്ങിയതിന് പിന്നാലെ പ്രതികളെ വിളിച്ച് ഈ വിവരം ചോർത്തിക്കൊടുത്തു. ബിജുവും പ്രതിക്കൂട്ടിൽ നിൽക്കുന്ന എക്‌സൈസ് ഉദ്യോഗസ്ഥനും നേരത്തേ ആംഡ് പൊലീസിലായിരുന്നു. അന്നു മുതൽ ഇവർ തമ്മിൽ അടുത്ത ബന്ധവും ഉണ്ടായിരുന്നു. അവന് കുഴപ്പമൊന്നുമില്ല നിങ്ങൾ പേടിക്കേണ്ട എന്നായിരുന്നു അറിയിച്ചത്. ഈ സംഭാഷണം പൊലീസ് ടാപ്പ് ചെയ്തിരുന്നു.

സിവിൽ എക്‌സൈസ് ഓഫീസറെ നിരന്തരം നിരീക്ഷിച്ചു വന്ന പൊലീസ് കായംകുളം മുതൽ താമരക്കുളം വരെ പിന്തുടർന്ന് കസ്റ്റഡിയിൽ എടുത്തു. അടൂരിൽ കൊണ്ടുവന്ന് പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിനൊടുവിൽ കാര്യങ്ങളെല്ലാം ഇയാൾ തുറന്നു പറഞ്ഞു. പ്രതികൾ ഗുരുവായൂരാണുള്ളതെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി. പൊലീസ് ചോദ്യം ചെയ്തു കൊണ്ടിരിക്കുന്നതിനിടെ മുഖ്യപ്രതി രാജീവും അയാളുടെ ഭാര്യയും എക്‌സൈസ് ഉദ്യോഗസ്ഥന്റെ ഫോണിലേക്ക് രണ്ടു തവണ വിളിച്ചു. തുടർന്ന് ഇയാളെക്കൊണ്ടു തന്നെ പ്രതികളെ വിളിപ്പിച്ച പൊലീസ് അവരോട് എറണാകുളത്ത് എത്താൻ ആവശ്യപ്പെട്ടു. അതനുസരിച്ച് എറണാകുളത്ത് വന്നപ്പോഴാണ് പ്രതികൾ പൊലീസ് പിടിയിലായത്.

പ്രതികൾ പിടിയിലായതിന് ശേഷം എക്‌സൈസ് ഉദ്യോഗസ്ഥനെ പൊലീസ് വിട്ടയച്ചു. എപ്പോൾ വിളിച്ചാലും ഹാജരാകണമെന്ന വ്യവസ്ഥയിലാണ് വിട്ടയത്. പിറ്റേന്ന് പുലർച്ചെ തന്നെ ഇയാളെ പൊലീസ് വീണ്ടും കസ്റ്റഡിയിൽ എടുത്തു. ഇതോടെയാണ് സർക്കാരിലെ ഒരു പ്രമുഖ കക്ഷി സമ്മർദവുമായി രംഗത്തു വന്നത്. എക്‌സൈസ് ഉദ്യോഗസ്ഥനെ പ്രതിയാക്കാൻ പാടില്ലെന്നായിരുന്നു ഇവരുടെ ആവശ്യം. പ്രിവന്റീവ് ഓഫീസറെ വെട്ടിയ കേസിൽ ആരെയും ഒഴിവാക്കേണ്ടതില്ല എന്ന നിലപാടിലാണ് വകുപ്പു മന്ത്രി കെ. ബാബു. കുറ്റക്കാരനായ എക്‌സൈസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യണമെന്ന് അദ്ദേഹം ജില്ലാ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി. ഇതാണ് ഇപ്പോൾ നടപ്പാക്കിയത്.

എല്ലാ വശത്തും നിന്നും സമ്മർദം ഉണ്ടായതോടെ അന്വേഷണ ഉദ്യോഗസ്ഥരും വെട്ടിലായി. അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന അടൂർ സിഐ എസ്. നന്ദകുമാർ ഇയാളെ അറസ്റ്റ് ചെയ്യുമെന്ന ഉറച്ച നിലപാടിലെത്തിയതോടെ അൻസാരി കുടുങ്ങി. കഴിഞ്ഞ ഏഴിനാണ് പ്രതികളെ പിടികൂടിയത്. എട്ടിന് കോടതിയിൽ ഹാജരാക്കുകയും ചെയ്തു. ഇതിന് ശേഷം ദിവസങ്ങൾ കഴിഞ്ഞിട്ടും എക്‌സൈസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യാൻ വൈകുന്നതിൽ സേനയ്ക്കുള്ളിലും അമർഷം ഉയർന്നിരുന്നു.

അഞ്ചു വർഷം മുമ്പ് ഈ എക്‌സൈസ് സിവിൽ ഓഫീസർ അടൂരിൽ ജോലി ചെയ്തിരുന്നു. ഈ കേസിലെ മുഖ്യപ്രതി രാജീവുമായി അന്നുണ്ടാക്കിയ അടുപ്പം അതിന് ശേഷവും തുടർന്നു വരികയായിരുന്നു. ഇതാണ് ഇപ്പോഴത്തെ സംഭവങ്ങളിലേക്ക് കാര്യങ്ങളെത്തിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP