Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കടബാധ്യതകൾ കൂടിയപ്പോൾ വീട് വിറ്റു; ഭർത്താവ് ഹൃദയാഘാതം മൂലവും മകൾ അപകടത്തിലും മരിച്ചു; സ്വന്തമെന്ന് പറയാനുള്ളത് കാഴ്ചയക്തിയില്ലാത്ത മകനും: പാവപ്പെട്ട വീടുകളിലെ മണവാട്ടികൾക്ക് സൗജന്യമായി വിവാഹമേക്കപ്പ് ചെയ്തുകൊടുക്കുന്ന ത്രിവേണിയുടെ കഥ

കടബാധ്യതകൾ കൂടിയപ്പോൾ വീട് വിറ്റു; ഭർത്താവ് ഹൃദയാഘാതം മൂലവും മകൾ അപകടത്തിലും മരിച്ചു; സ്വന്തമെന്ന് പറയാനുള്ളത് കാഴ്ചയക്തിയില്ലാത്ത മകനും: പാവപ്പെട്ട വീടുകളിലെ മണവാട്ടികൾക്ക് സൗജന്യമായി വിവാഹമേക്കപ്പ് ചെയ്തുകൊടുക്കുന്ന ത്രിവേണിയുടെ കഥ

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: ഇന്ന് ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാക്കുന്നവരാണ് മേക്കപ്പ് ആർട്ടിസ്റ്റുകൾ. ന്യൂ ജെനറേഷൻ കാലത്ത് മേക്കപ്പിന് അത്ര വലിയ പ്രാധാന്യമാണുള്ളത്. അതുകൊണ്ട് തന്നെ പാവപ്പെട്ട വീട്ടിലെ പെൺകുട്ടികൾക്ക് വിവാഹ മേക്കപ്പ് എന്നത് വലിയ സാമ്പത്തിക ബാധ്യതയാണ്. എന്നാൽ പാവപ്പെട്ട പെൺകുട്ടികള സൗജന്യമായി അണിയിച്ചൊരുക്കാൻ സ്വമനസ്സാലെ ഇറങ്ങി തിരിച്ചിരിക്കുകയാണ് ഫ്രീലാൻസ് മേക്കപ്പ് ആർട്ടിസ്റ്റ് ത്രിവേണി. ജോലിയിലെ പൊലിമയൊന്നും ത്രിവേണിയുടെ ജീവിതത്തിലില്ല. എങ്കിലും കാശു കുറച്ച് കയ്യിൽ നിന്നും പോയാലും പാവപ്പെട്ട പെൺകുട്ടികളുടെ മുഖത്ത് ചിരി വിരിയിക്കാൻ ഇറങ്ങി തിരിച്ചിരിക്കുകയാണ് ത്രിവേണി എന്ന ഈ നല്ല മനസ്സിനുടമ.

പൂത്തോൾ അടിയാട്ട് ലെയിനിലെ വാടകവീട്ടിൽ മകനുമൊത്താണ് താമസം. ദുരന്തങ്ങളുടെ ഘോഷയാത്ര നിറഞ്ഞതാണ് ത്രിവേണിയുടെ ജീവിതം. ദുരന്തങ്ങൾ ഓരോ പ്രാവശ്യവും തളർത്തിയപ്പോഴും പ്രതിസന്ധി മറികടക്കാൻ ത്രിവേണിക്ക് തുണയായത് മേക്കപ്പ് കിറ്റാണ്. ആ മേക്കപ്പ് കിറ്റിലാണ് ത്രിവേണി ഇപ്പോൾ കാരുണ്യത്തിന്റെ ചായം കലർത്തിയിരിക്കുന്നത്. വിദേശരാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്ത ബ്രാൻഡഡ് സൗന്ദര്യവർധകവസ്തുക്കളിലൂടെയാണ് പാവപ്പെട്ട പെൺകുട്ടികളെ ത്രിവേണി അണിയിച്ചൊരുക്കുന്നത്. 15,000 രൂപ വില വരുന്ന എച്ച്.ഡി. മേക്കപ്പിലൂടെയാണിവർ കല്യാണപ്പെണ്ണിനെ സുന്ദരിയാക്കുന്നത്.

നിർധന വീടുകളിലെ വധുവിനെ സൗജന്യമായി ഒരുക്കാമെന്ന് വാഗ്ദാനം സാമൂഹികമാധ്യമത്തിലൂടെയാണ് ത്രിവേണി പങ്കുവെച്ചത്. അങ്ങനെയാണ് മുണ്ടത്തിക്കോടുനിന്ന് ഒരു വിളിയെത്തുന്നത്. കല്യാണദിവസം രാവിലെ നേരത്തേ പുറപ്പെട്ടു. കുടുസ്സുമുറി, ഫാനില്ല. ബൾബ് വേണമെങ്കിൽ മറ്റൊരു മുറിയിൽനിന്ന് മാറ്റിയിടണം. വിയർത്തുകുളിച്ചെങ്കിലും വധുവിനെയൊരുക്കി സുന്ദരിയാക്കി ത്രിവേണി. ആഭരണങ്ങളണിയുന്ന സമയം കണ്ണുനിറഞ്ഞെന്ന് ത്രിവേണി. അരപ്പവൻ മാല മാത്രമാണ് ആഡംബരം. ബാക്കിയുള്ള മാലകളും കമ്മലും വളകളുമെല്ലാം മുക്കുപണ്ടങ്ങൾ. ഒടുവിൽ ഒരുക്കം കഴിഞ്ഞ് കണ്ണാടി കാണിച്ചപ്പോൾ വധു ഹാപ്പി; ത്രിവേണിയും. മെയ്‌ രണ്ടിന് മറ്റൊരു വിവാഹത്തിനും സൗജന്യമായി അണിയിച്ചൊരുക്കുന്നുണ്ട്.

കാരുണ്യ പ്രവർത്തനം നടത്തുക എന്നത് ത്രിവേണിയുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ്. എന്നാൽ പണം കൊടുത്ത് സഹായിക്കാൻ ത്രിവേണിക്ക് കഴിയില്ല. അതിനു പകരമായാണ് പാവപ്പെട്ട വീട്ടിലെ പെൺകുട്ടികളെ സൗജന്യമായി മേക്കപ്പ് ചെയ്ത് സഹായിക്കാമെന്ന് ത്രിവേണി തീരുമാനിച്ചത്. വർഷങ്ങൾക്ക് മുമ്പ് മരിച്ചു പോയ മകളുടെ ഓർമ്മയ്ക്കായാണ് ഈ കാരുണ്യ പ്രവൃത്തി.

ദുരന്തങ്ങൾ നിറഞ്ഞതാണ് ത്രിവേണിയുടെ ജീവിതം. കടബാധ്യതകൾ താളംതെറ്റിച്ചപ്പോൾ വീട് വിറ്റു. നാലുവർഷംമുമ്പ് ഉണ്ടായ അപകടത്തിൽ മകൾ രമ്യാ ലക്ഷ്മി മരിച്ചു. രണ്ടുവർഷംമുമ്പ് ഭർത്താവ് സേതുവും ഹൃദയാഘാതംമൂലം വിട്ടുപോയി. ജീവിത്തതിലെ ഏക തുണയായ മകൻ രാംകുമാറിന് ജന്മനാ കാഴ്ചശക്തിയുമില്ല. ഈ പ്രതിസന്ദികളിലെല്ലാം ത്രിവേണിയെ തളരാതെ കാത്തത് മേക്കപ്പ് എന്ന തൊഴിലാണ്.

ത്രിവേണിയുടെ പ്രധാന വരുമാനമാർഗം കൂടിയാണിത്. സ്വന്തമായി പാർലർ എന്നത് സാമ്പത്തികബാധ്യത ഓർക്കുമ്പോൾ സ്വപ്നങ്ങളിലേയില്ല. ആറുവർഷമായി മേക്കപ്പ് രംഗത്തുള്ള ഇവർ നിരവധി പരസ്യങ്ങൾക്കും ഒരു തമിഴ് സിനിമയ്ക്കും വേണ്ടി മേക്കപ്പ് ചെയ്തിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP