Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പൈപ്പ് തുറന്നപ്പോൾ എം ബി രാജേഷിന് കിട്ടിയത് ശുദ്ധമായ കാറ്റ്; തൊട്ടടുത്ത ദിവസം പാത്തുമ്മബീവി തുറന്നപ്പോൾ വന്നത് വെള്ളത്തിന്റെ കുത്തൊഴുക്ക്; പൈപ്പിൻചോട്ടിലെ രാഷ്ട്രീയത്തിൽ ജയം വി ടി ബൽറാമിന്; തൃത്താലയിൽ വോട്ടുപിടിക്കാനുള്ള യുദ്ധം സൈബർ ലോകത്തും

പൈപ്പ് തുറന്നപ്പോൾ എം ബി രാജേഷിന് കിട്ടിയത് ശുദ്ധമായ കാറ്റ്; തൊട്ടടുത്ത ദിവസം പാത്തുമ്മബീവി തുറന്നപ്പോൾ വന്നത് വെള്ളത്തിന്റെ കുത്തൊഴുക്ക്; പൈപ്പിൻചോട്ടിലെ രാഷ്ട്രീയത്തിൽ ജയം  വി ടി ബൽറാമിന്; തൃത്താലയിൽ വോട്ടുപിടിക്കാനുള്ള യുദ്ധം സൈബർ ലോകത്തും

ന്യൂസ് ഡെസ്‌ക്‌

തൃത്താല: നിയമസഭാ തിരഞ്ഞെടുപ്പിൽ തൃത്താല മണ്ഡലത്തിൽ കടുത്ത പോരാട്ടമാണ് ഇത്തവണ അരങ്ങേറുന്നത്. മണ്ഡലം നിലനിർത്താനുറച്ച് പോരാട്ടിനിറങ്ങിയ യുഡിഎഫ് സ്ഥാനാർത്ഥി വി ടി ബൽറാമും തിരിച്ചുപിടിക്കാൻ കച്ചമുറുക്കി ഇറങ്ങിയ ഇടതുമുന്നണി സ്ഥാനാർത്ഥി എം ബി രാജേഷും തമ്മിലാണ് ശ്രദ്ധേയമായ പോരാട്ടം.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മണ്ഡലത്തിലെ വികസനത്തിനൊപ്പം കുടിവെള്ള പ്രശ്‌നവും ചർച്ചയായിരുന്നു. മണ്ഡലത്തിൽ ഉൾപ്പെട്ട പട്ടിത്തറ പഞ്ചായത്തിലെ കാശാമുക്ക് പ്രദേശത്ത് കുടിവെള്ളം കിട്ടുന്നില്ല എന്ന് ദൃശ്യങ്ങൾ പങ്കുവച്ചുകൊണ്ട് എം ബി രാജേഷ് ഉന്നയിച്ച ആരോപണവും ഇതിന് വി ടി ബൽറാം നൽകുന്ന മറുപടിയുമാണ് സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്.

കുടിവെള്ള പ്രതിസന്ധിയിലാണ് നാട് എന്ന് വ്യക്തമാക്കാൻ ഒരു വീടിന് മുന്നിലെ പൈപ്പ് തുറന്ന് അതിൽ നിന്നും വായുമാത്രമാണ് വരുന്നത് എന്നായിരുന്നു എം.ബി.രാജേഷിന്റെ വിഡിയോ. ഈ വിഡിയോ എൽഡിഎഫ് കേന്ദ്രങ്ങൾ ഏറ്റെടുക്കുകയും വൈറലാക്കുകയും ചെയ്തു.

ഇതു ശ്രദ്ധയിൽപെട്ട ബൽറാം ഇതേ സ്ഥലത്തെത്തി. അവിടെ താമസിക്കുന്ന പ്രദേശവാസിയായ പാത്തുമ്മ എന്ന വയോധികയെ കൊണ്ട് തന്നെ പൈപ്പ് തുറപ്പിച്ചു. അതിൽ നിന്നുള്ള വെള്ളം കൈകളിൽ കോരിയെടുത്താണ് വ്യാജപ്രചാരണമെന്ന് ബൽറാം പറയുന്നത്. കുടിവെള്ള പ്രതിസന്ധിയുള്ള സ്ഥലത്ത് പൈപ്പ് ലൈൻ സ്ഥാപിച്ച് പ്രശ്‌നം പരിഹരിച്ചെന്നും ഇവിടെ 250 മീറ്റർ ദൂരം കൂടി പൈപ്പിടാനുള്ള ഫണ്ടും അനുവദിച്ചിട്ടുണ്ടെന്നും ബൽറാം വിഡിയോയിൽ പറയുന്നു.

 

കാശാമുക്കിലുള്ള കുടിവെള്ള പൈപ്പ് തുറന്നു കാണിച്ചുകൊണ്ട് ചിത്രീകരിച്ച വീഡിയോ സഹിതമാണ് എം ബി രാജേഷ് ആരോപണം ഉന്നയിച്ചത്. പൈപ്പ് തുറന്നാൽ വെള്ളം കിട്ടും എന്നാണ് എംഎൽഎയും അനുയായികളും ഫേസ്‌ബുക്കിൽ പറയുന്നത്. ഈ പൈപ്പ് ഒന്നു തുറന്നുനോക്കാം, വെള്ളമാണോ അതോ വായുവാണോ കിട്ടുന്നത് എന്നും എം ബി രാജേഷ് വീഡിയോയിൽ പറയുന്നുണ്ട്. പൈപ്പ് തുറന്നപ്പോൾ വെള്ളമില്ല, വായുവാണ് എന്ന് രാജേഷ് വീഡിയോ സഹിതം കാണിക്കുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് താൻ ഇവിടെ എത്തിയതെന്നും സംഘത്തിലുള്ളവർ പറയുന്നു.

തൊട്ടടുത്ത ദിവസം അതേ സ്ഥലത്തുനിന്നും ചിത്രീകരിച്ച വീഡിയോ ദൃശ്യം പങ്കുവച്ചുകൊണ്ടാണ് എം ബി രാജേഷ് ഉന്നയിച്ച ആരോപണം വി ടി ബൽറാം ഖണ്ഡിക്കുന്നത്.

'കഴിഞ്ഞ ദിവസം തൃത്താല മണ്ഡലത്തിൽ മത്സരിക്കുന്ന ഇടതുപക്ഷത്തിന്റെ സ്ഥാനാർത്ഥി പട്ടിത്തറ പഞ്ചായത്തിലെ കാശാമുക്ക് എന്ന് പറയുന്ന പ്രദേശത്ത് വന്ന് ഈ പ്രദേശത്ത് ഒന്നും ആർക്കും വെള്ളം കിട്ടുന്നില്ല, വലിയ ബുദ്ധിമുട്ടാണ് എന്ന് ആരോപിച്ചിരുന്നു. അദ്ദേഹം അവതരിച്ചതിന് ശേഷം ഈ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കും, ഒരു വർഷത്തിനുള്ളിൽ മാന്ത്രിക ദണ്ഡ് വിശീ ഈ പ്രദേശത്തെയും തൃത്താല മണ്ഡലത്തിലേയും എന്നൊക്കെയുള്ള അവകാശ വാദങ്ങളുമായി കടന്നുവന്നിരുന്നു'. 

'ഈ പൈപ്പിന്റെ ചുവട്ടിൽ നിന്നുകൊണ്ട് ഈ പൈപ്പ് തുറന്നാണ് വെള്ളം കിട്ടുന്നില്ല. വായു മാത്രമാണ് എന്നാണ് പറഞ്ഞത്. പൈപ്പ് എങ്ങോട്ടാണ് അദ്ദേഹം തിരിച്ചതെന്ന് അറിയില്ല. ഞാൻ ആയിട്ട് ഈ പൈപ്പ് തിരിക്കുന്നില്ല. ഇവിടുത്തെ തദ്ദേശ വാസിയായട്ടുള്ള ഈ വീട്ടിലെ പാത്തുമത്താത്ത ഇവിടുണ്ട്. തുറന്നുനോക്കട്ടെ' ബൽറാം വീഡിയോ ദൃശ്യത്തിൽ പറയുന്നു.

തുടർന്ന് പൈപ്പ് തുറക്കുന്നതും വീഡിയോ ദൃശ്യത്തിലുണ്ട്. 'ഈ പൈപ്പ് തുറന്നപ്പോൾ വെള്ളമാണോ, വായുവാണോ കിട്ടിയതെന്ന് മനസിലായല്ലോ. ഇപ്പോൾ ഞാൻ അല്ല തുറന്നത് പ്രദേശവാസികളാണ്. ഈ പ്രദേശത്ത് ഇതുവരെ പൈപ്പ് ലൈൻ എത്തിയിട്ടുണ്ട്. എത്തിയത്ത് വെള്ളം കിട്ടുന്നുണ്ട്. ഇവിടെനിന്നും 250 മീറ്റർ പൈപ്പ് ലൈൻ നീട്ടാനുള്ള ഫണ്ടു വച്ചിട്ടുണ്ട്. ആ നടപടിക്രമങ്ങൾ നടന്നുവരികയാണെന്നും ബൽറാം പറയുന്നു. പ്രദേശത്തെയും സമീപത്തെ മൂന്ന് പഞ്ചായത്തുകളിലെയും കുടിവെള്ള പ്രശ്‌നം പരിഹരിക്കാൻ സമഗ്ര പദ്ധതി നടപ്പാക്കി വരികയാണെന്നും ബൽറാം തുറന്നുപറയുന്നു.

എം ബി രാജേഷിന്റെ വീഡിയോയ്ക്ക് പിന്നാലെ യുഡിഎഫ് കേന്ദ്രങ്ങൾ മറുവിഡിയോയും പ്രചരിപ്പിച്ചതോടെ കുടിവെള്ളപ്പോര് മണ്ഡലത്തിൽ രൂക്ഷമായി. ഇതോടെ പല ഭാഷ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചകൾക്ക്. ഏതായാലും സത്യമറിയാൻ താരമായ പൈപ്പ് തേടി ആളുകളെത്തുന്നുമുണ്ട്. 

കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് അഴീക്കോട് മണ്ഡലത്തിലും സമാനമായ വിവാദം തലപൊക്കിയിരുന്നു. കിണറിൽ ഇറങ്ങി കുടിവെള്ളം പരിശോധിച്ചതായിരുന്നു അന്നത്തെ ചർച്ച. ഇങ്ങനെ തെറ്റിദ്ധരിപ്പിക്കരുത് എന്ന് രാജേഷിനെ ഉപദേശിച്ചാണ് ബൽറാം വിഡിയോ അവസാനിപ്പിക്കുന്നത്.തൊട്ടുപിന്നാലെ വിഷയം ചൂണ്ടിക്കാട്ടി ഒരു ട്രോളും അദ്ദേഹം ഫേസ്‌ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP