Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരള അഡ്‌മിനിസ്‌ട്രേറ്റിവ് സർവിസിലെ വിവരണാത്മക പരീക്ഷാ മൂല്യനിർണയം നടത്തിയ ഉത്തരക്കടലാസുകളും രേഖകളും സർവറിൽ നിന്ന് നഷ്ടമായി; ചുരുക്കപ്പട്ടികയിൽ പിന്നിലായവരെ അഭിമുഖത്തിലൂടെ മുന്നിലെത്തിക്കുന്നതിനുള്ള ഗൂഢാലോചനയെന്ന് സംശയം; പ്രശ്‌നമായത് സുരക്ഷാ മാനദണ്ഡങ്ങൾ മറികടന്നുള്ള ഇടപെടലുകൾ; പി എസ് സി വീണ്ടും വിവാദത്തിൽ

കേരള അഡ്‌മിനിസ്‌ട്രേറ്റിവ് സർവിസിലെ വിവരണാത്മക പരീക്ഷാ മൂല്യനിർണയം നടത്തിയ ഉത്തരക്കടലാസുകളും രേഖകളും സർവറിൽ നിന്ന് നഷ്ടമായി; ചുരുക്കപ്പട്ടികയിൽ പിന്നിലായവരെ അഭിമുഖത്തിലൂടെ മുന്നിലെത്തിക്കുന്നതിനുള്ള ഗൂഢാലോചനയെന്ന് സംശയം; പ്രശ്‌നമായത് സുരക്ഷാ മാനദണ്ഡങ്ങൾ മറികടന്നുള്ള ഇടപെടലുകൾ; പി എസ് സി വീണ്ടും വിവാദത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരള അഡ്‌മിനിസ്‌ട്രേറ്റിവ് സർവിസ് (കെ.എ.എസ്) വിവരണാത്മകപരീക്ഷ മൂല്യനിർണയം നടത്തിയ ഉത്തരക്കടലാസുകളും വിലപ്പെട്ട രേഖകളും പി.എസ്.സി സർവറിൽനിന്ന് നഷ്ടമായി എന്ന് റിപ്പോർട്ട്. മൂന്ന് സ്ട്രീമിലായി 3190 പേർ എഴുതിയ പരീക്ഷയുടെ ഓൺ സ്‌ക്രീൻ മാർക്കിങ് (ഒ.എസ്.എം) രേഖകളും ഉത്തരക്കടലാസുകളുടെ സ്‌കാൻ ചെയ്ത ചിത്രങ്ങളുമാണ് നഷ്ടമായത്. സുപ്രധാന രേഖകളും ചിത്രങ്ങളും വീണ്ടെടുക്കാൻ പി.എസ്.സി സി-ഡിറ്റ് സഹായം തേടി. മാധ്യമമാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. കേരളാ സർവ്വകലാശാലയിലെ അസിസ്റ്റന്റ് ഗ്രേഡ് തട്ടിപ്പിന് സമാനമാണ് ഇതെന്നാണ് വിലയിരുത്തൽ.

ഉത്തരക്കടലാസുകൾ പി.എസ്.സി ആസ്ഥാനത്ത് സൂക്ഷിച്ചശേഷം വിഷയാടിസ്ഥാനത്തിൽ സ്‌കാൻ ചെയ്ത് മൂല്യനിർണയത്തിനായി കമ്പ്യൂട്ടർ സ്‌ക്രീനിൽ ലഭ്യമാക്കുന്ന രീതിയാണ് ഓൺസ്‌ക്രീൻ മാർക്കിങ്. മൂല്യനിർണയം നടത്തുന്നവർ സ്‌ക്രീനിൽ തന്നെ മൂല്യനിർണയം നടത്തി കൈമാറും. ഇവ തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിന് സമീപത്തെ സംസ്ഥാന ഡേറ്റ സെന്ററിലെ പി.എസ്.സിയുടെ എട്ട് ബൃഹത്തായ സർവറുകളിൽ സൂക്ഷിക്കുകയാണ് പതിവ്. ഇതിന് പുറമെ ടെക്‌നോപാർക്കിലെ തേജസ്വിനി ബിൽഡിങ്ങിലും ആറ് സർവറുകൾ പി.എസ്.സിക്കുണ്ട്.

ഇവയിലേക്ക് ഉത്തരക്കടലാസുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ സർവറിൽ സ്ഥാപിച്ച 'റെയിഡ്' എന്ന സോഫ്റ്റ്‌വെയറിലൂടെ മാർക്ക് രേഖപ്പെടുത്തിയ ഉത്തരക്കടലാസുകളുടെ പകർപ്പുകളും പി.എസ്.സിക്ക് ലഭിക്കും. എന്നാൽ കെ.എ.എസ് ഉത്തരക്കടലാസുകൾ ഈ സർവറുകളിലേക്കൊന്നും നൽകാതെ ഒരു സുരക്ഷാമാനദണ്ഡവും ഇല്ലാത്ത പരീക്ഷവിഭാഗം അഡീഷനൽ സെക്രട്ടറിയുടെ കീഴിലെ സർവറിലാണ് സൂക്ഷിച്ചത്. രേഖകൾ നഷ്ടമായതോടെ മൂല്യനിർണയം നടത്താത്ത ഉത്തരക്കടലാസുകൾ മാത്രമാണ് ഇപ്പോൾ പി.എസ്.സി ആസ്ഥാനത്തുള്ളതെന്ന് അനിരു അശോകന്റെ റിപ്പോർട്ട് പറയുന്നു.

വിവരണാത്മകപരീക്ഷ മാർക്ക് അടിസ്ഥാനത്തിൽ മാർച്ച് 24നാണ് കെ.എ.എസ് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചത്. മൂന്ന് സ്ട്രീമിലുമായി 582 പേരെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്. പ്രതീക്ഷ പുലർത്തിയ നൂറുകണക്കിന് പേർ പുറത്തായി. ഇവർ ഉത്തരക്കടലാസ് പകർപ്പിന് പി.എസ്.സിയെ സമീപിക്കാനൊരുങ്ങുകയാണ്. അന്തിമ റാങ്ക് പ്രസിദ്ധീകരിച്ച ശേഷമേ സൂക്ഷ്മപരിശോധന, പുനർമൂല്യനിർണയ അപേക്ഷ പി.എസ്.സി സ്വീകരിക്കൂ. കോപ്പികൾ വീണ്ടെടുക്കാനായില്ലെങ്കിൽ ഉത്തരക്കടലാസുകളിൽ ഒരിക്കൽ കൂടി മൂല്യനിർണയം വേണ്ടിവരും.

ചുരുക്കപ്പട്ടികയിൽ പിന്നിലായവരെ അഭിമുഖത്തിലൂടെ മുന്നിലെത്തിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്ന വാദം സജീവമാണ്. മാർക്കിങ് രേഖപ്പെടുത്തിയ ഉത്തരക്കടലാസുകൾ അതിസുരക്ഷ സർവറുകളിൽ സൂക്ഷിക്കുന്നതിന് പകരം ഉദ്യോഗസ്ഥർക്ക് പ്രവേശിക്കാൻ സാധിക്കുന്ന സർവറിൽ സൂക്ഷിച്ചത് അട്ടിമറി ആണോയെന്ന സംശയം സാങ്കേതികവിഭാഗം ജീവനക്കാർക്കിടയിൽ ഉണ്ട്. ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ ഉത്തരക്കടലാസുകളും അപ്രത്യക്ഷമായത്.

ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവരുടെ മാർക്ക് പി.എസ്.സി പുറത്തുവിട്ടിട്ടില്ല. അഭിമുഖത്തിന്റെ മാർക്ക് കൂടി ഉൾപ്പെടുത്തിയശേഷമായിരിക്കും അന്തിമ റാങ്ക് ലിസ്റ്റ് പുറത്തിറക്കുക. ചുരുക്കപ്പട്ടികയിൽ പിന്നിലായവരെ അഭിമുഖത്തിലൂടെ മുന്നിലെത്തിക്കുന്നതിന്റെ ഭാഗമാണോ രേഖകൾ അപ്രത്യക്ഷമായതെന്ന സംശയവും ഉയർന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP