Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്‌കൂളിൽ പഠിക്കുമ്പോൾ നാടകങ്ങളിൽ പെൺവേഷം കെട്ടി തുടങ്ങിയ അഭിനയ ജീവിതം; സിനിമയിൽ സജീവമായപ്പോഴും നാടകത്തെ രണ്ടാം നിരയിലേക്ക് മാറ്റാൻ തയ്യാറാകാത്ത വ്യക്തിത്വം; പ്രേക്ഷക മനസ്സിൽ ചേക്കേറിയത് 'ഇടക്ക' യായി; കമ്മട്ടിപ്പാടത്തിന്റെ തിരക്കഥയിലൂടെ രാഷ്ട്രീയ ഇടപെടലും; ബാലചന്ദ്രന്റെ വിയോഗം മലയാളസിനിമക്ക് വൻ നഷ്ടം

സ്‌കൂളിൽ പഠിക്കുമ്പോൾ നാടകങ്ങളിൽ പെൺവേഷം കെട്ടി തുടങ്ങിയ അഭിനയ ജീവിതം; സിനിമയിൽ സജീവമായപ്പോഴും നാടകത്തെ രണ്ടാം നിരയിലേക്ക് മാറ്റാൻ തയ്യാറാകാത്ത വ്യക്തിത്വം; പ്രേക്ഷക മനസ്സിൽ ചേക്കേറിയത് 'ഇടക്ക' യായി; കമ്മട്ടിപ്പാടത്തിന്റെ തിരക്കഥയിലൂടെ രാഷ്ട്രീയ ഇടപെടലും; ബാലചന്ദ്രന്റെ വിയോഗം മലയാളസിനിമക്ക് വൻ നഷ്ടം

അശ്വിൻ ശ്രീധരൻ

തിരുവനന്തപുരം: പി ബാലചന്ദ്രൻ എന്ന പേര് മലയാള സിനിമയുടെ തിരശ്ശീലയിൽ തെളിയാൻ തുടങ്ങിയിട്ട് വർഷങ്ങൾ ഏറെയായി. എങ്കിലും അ പേരിനുടമ ആരാണെന്നോ ശ്രദ്ധേയങ്ങളായ നിരവധി ചിത്രങ്ങൾ സമ്മാനിച്ച തിരക്കഥകൃത്ത് ആരാണെന്നും മലയാളി തിരിച്ചറിഞ്ഞ് തുടങ്ങിയിട്ട് അധികം നാളുകളായിട്ടില്ല. ഒരു നടൻ എന്ന നിലയിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു തുടങ്ങിയതോടെയാണ് പി ബാലചന്ദ്രൻ എന്ന തിരക്കഥകൃത്തിനെയും അദ്ദേഹത്തിന്റെ മുൻകാല ചിത്രങ്ങളെയും ഭൂരിഭാഗം ശ്രദ്ധിച്ചു തുടങ്ങിയത് എന്ന് പറഞ്ഞാൽ അത് അതിശയോക്തിയാവില്ല. ഉള്ളടക്കം,അങ്കിൾ ബൺ,പവിത്രം,തച്ചോളി വർഗ്ഗീസ് ചേകവർ, പുനരധിവാസം,അഗ്‌നിദേവൻ തുടങ്ങിയ സിനിമകൾ എഴുതിയ അദ്ദേഹമാണ് എന്ന് ഇന്നത്തെ തലമുറ തിരിച്ചറിഞ്ഞപ്പോഴേക്കും കമ്മട്ടിപ്പാട്ടം എന്ന അതിശക്തമായ തിരക്കഥയിലുടെ പുതുതലമുറയെയും അദ്ദേഹം വിസ്മയിപ്പിച്ചു.

നാടകത്തിൽ നിന്ന് വെള്ളിവെളിച്ചത്തിലേക്ക്

സിനിമയുടെയും നാടകത്തിന്റെയും വഴികളിലൂടെ മാറിമാറി സഞ്ചരിച്ച പ്രതിഭയായിരുന്നു പി ബാലചന്ദ്രൻ. രണ്ട് കലകളുടെയും ഭാഷ നന്നായി വഴങ്ങിയ അപൂർവ്വം പ്രതിഭകളിൽ ഒരാൾ. ഉള്ളടക്കം, പവിത്രം, പുനരധിവാസം, കമ്മട്ടിപ്പാടം തുടങ്ങിയ തിരക്കഥകളിലൂടെ സിനിമയിൽ തന്റെതായ ഇടം കണ്ടെത്തിയ ബാലചന്ദ്രൻ തന്നെയാണ് പാവം ഉസ്മാനും മായസീതാങ്കവും പോലുള്ള നാടകങ്ങളും എഴുതിയത്.

സിനിമയിൽ സജീവമായപ്പോഴും നാടകത്തെ രണ്ടാം നിരയിലേക്ക് മാറ്റാൻ അദ്ദേഹം ഒരുക്കമായിരുന്നില്ല.നടനും തിരക്കഥാകൃത്തും സംവിധായകനുമായി ചലച്ചിത്രരംഗത്ത് തിളങ്ങുമ്പോഴും ഒരു നാടകജീവിതം എപ്പോഴും ഉള്ളിൽക്കൊണ്ടുനടന്നിരുന്നു പി.ബാലചന്ദ്രൻ. അടിസ്ഥാനപരമായി തന്റെ പ്രതിഭ നാടകമെഴുത്തിലാണെന്ന് അദ്ദേഹം എപ്പോഴും വിശ്വസിച്ചു.

സ്‌കൂളിൽ പഠിക്കുമ്പോൾ നാടകങ്ങളിൽ സ്ഥിരം പെൺവേഷം കെട്ടി. പിന്നീട് ദേവസ്വം ബോർഡ് കോളേജിലെ പഠനത്തിനുശേഷം തൃശൂർ സ്‌കൂൾ ഡ്രാമയിലെത്താൻ ബാലചന്ദ്രനെ പ്രേരിപ്പിച്ചതും നാടകങ്ങളോടുള്ള ഈ അഭിനിവേശം കൊണ്ടുതന്നെയായിരിക്കണം. സ്‌കൂൾ ഓഫ് ഡ്രാമയിൽ ജി.ശങ്കരപ്പിള്ളയുടെ ശിഷ്യനാകാൻ കഴിഞ്ഞത് ബാലചന്ദ്രന്റെ ജീവിതത്തിൽ വഴിത്തിരിവായി. അവസാനം വരെയും ശങ്കരപ്പിള്ളയുടെ സ്വാധീനം ബാലചന്ദ്രനിലുണ്ടായിരുന്നു.

എഴുപതുകളിലാണ് മലയാള നാടകവേദിയിൽ ബാലചന്ദ്രനെത്തുന്നത്. മകുടി, ചെണ്ട, കല്യാണ സൗഗന്ധികം, മാറാമറയാട്ടം, ഒരു മധ്യവേനൽ പ്രണയ രാവ്, പാവം ഉസ്മാൻ, മായാസീതാങ്കം എന്നിവയാണ് അദ്ദേഹം എഴുതിയ പ്രധാന നാടകങ്ങൾ.പാവം ഉസ്മാൻ എന്ന നാടകത്തിന്റെ രചനയക്ക് കേരള സാഹിത്യ അക്കാദമി അവാർഡും കേരള പ്രൊഫഷണൽ നാടക അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്. ഏകാകി, ലഗോ, തീയറ്റർ തെറാപ്പി, ഒരു മധ്യവേനൽ പ്രണയരാവ്, ഗുഡ് വുമൻ ഓഫ് സെറ്റ്‌സ്വാൻ തുടങ്ങിയ നാടകങ്ങൾ സംവിധാനം ചെയ്തു.

നാടകത്തിലെ ഈ വൈഭവം തിരിച്ചറിഞ്ഞാണ് സുഹൃത്തുക്കൾ വഴി അദ്ദേഹം സിനിമയിലേക്ക് എത്തുന്നത്.1991ൽ ഭദ്രൻ സംവിധാനം ചെയ്ത അങ്കിൾ ബണ്ണിന് സംഭാഷണമെഴുതിക്കൊണ്ടാണ് ബാലചന്ദ്രൻ സിനിമാലോകത്തെത്തുന്നത്. പിന്നീട് ഉള്ളടക്കം, പവിത്രം, തച്ചോളി വർഗീസ് ചേകവർ, പുനരധിവാസം, പൊലീസ്, അഗ്നിദേവൻ, കമ്മട്ടിപ്പാടം എന്നിവ ഉൾപ്പടെ ഒമ്പത് ചിത്രങ്ങൾക്ക് തിരക്കഥയെുതി. ഏത് കാലഘട്ടത്തിനനുസരിച്ച തിരക്കഥകളും തനിക്ക് വഴങ്ങുമെന്ന് കമ്മട്ടിപ്പാടത്തിലൂടെ അദ്ദേഹം തെളിയിച്ചു.

പ്രേക്ഷക മനസ്സിൽ ചേക്കേറിയത് 'ഇടക്ക' യായി

മികച്ച നാടകങ്ങളിലൂടെയും തിരക്കഥകളിലൂടെയും പി ബാലചന്ദ്രൻ തന്റെ സ്ഥാനം അരക്കിട്ട് ഉറപ്പിച്ചെങ്കിലും പ്രേക്ഷക മനസ്സിൽ അദ്ദേഹം പ്രിയം നേടുന്നത് അഭിനേതാവായ ശേഷമാണ്. ചെറിയ ചെറിയ വേഷത്തിൽ തുടങ്ങി വേഷം വരെ തനിക്ക് യോജിക്കുമെന്നും അദ്ദേഹം തെളിയിച്ചു. എഴുത്തിന് ഒരു ഇടവേള നൽകിയാണ് അഭിനയരംഗത്തെത്തുന്നത്. വേണു നാഗവള്ളിയുമൊത്ത് തിരക്കഥ രചിച്ച അഗ്‌നിദേവൻ എന്ന ചിത്രത്തിലെ ഇടക്ക എന്ന കഥപാത്രമായാണ് പി ബാലചന്ദ്രൻ അഭിനയരംഗത്തേക്ക് വരുന്നത്. കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ അഭിനയവും തനിക്ക് വഴങ്ങുമെന്ന് കണ്ട അദ്ദേഹം അഭിനയത്തിൽ കൂടുതൽ സജീവമായി. സംഭാഷണത്തിലെ അദ്ദേഹത്തിന്റെ രീതിയാണ് പ്രേക്ഷകരുമായി അദ്ദേഹത്തെ കൂടുതൽ അടുപ്പിച്ചത്.

അഗ്‌നിദേവനിൽ തുടങ്ങിയ അഭിനയം ഏറ്റവും ഒടുവിൽ മമ്മൂട്ടിയുടെ വണ്ണിലെ എംഎൽഎ വേഷം വരെ നീണ്ടു.വക്കാലത്ത് നാരായണൻ കുട്ടി, ശേഷം, പുനരധിവാസം , ശിവം, ജലമർമ്മരം, ട്രിവാൻഡ്രം ലോഡ്ജ്, ഹോട്ടൽ കാലിഫോർണിയ, കടൽ കടന്നൊരു മാത്തുക്കുട്ടി, അന്നയും റസൂലും, കമ്മട്ടിപ്പാടം, ഓറഞ്ചു മരങ്ങളുടെ വീട്ടിൽ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.രാജീവ് രവി സംവിധായകനായതോടെ അദ്ദേഹത്തിന്റെ ത്രങ്ങളിലെ സ്ഥിരം സാന്നിദ്ധ്യമാകാനും അദ്ദേഹത്തിന് സാധിച്ചു.

ഒരു വലിയ ഇടവേളക്ക് ശേഷം പി ബാലചന്ദ്രൻ തിരക്കഥയൊരുക്കുന്നതും രാജീവ് രവിയുടെ കമ്മട്ടിപ്പാടത്തിനായിരുന്നു. ശാസ്താംകോട്ടയിൽ ജനിച്ച ബാലചന്ദ്രൻ തന്റെ ജീവിത പരിസരങ്ങളിൽ നിന്ന് തന്നെ കണ്ടെത്തിയ ജീവിതങ്ങളുടെ ശക്തമായ ചലച്ചിത്രാഖ്യാനമായിരുന്നു കമ്മട്ടിപ്പാടം.

തിളങ്ങാനാകാതെ പോയത് സംവിധാനത്തിൽ മാത്രം

തൊട്ടതെല്ലാം പൊന്നാക്കുക എന്ന പ്രയോഗം പി ബാലചന്ദ്രനെ സംബന്ധിച്ചിടത്തോളം ഒരു വലിയ അളവോളം ശരിയാണ്. അതിനൊരപവാദമെന്നത് സംവിധാനത്തിലെ നിരാശ മാത്രം.കവി പി.കുഞ്ഞിരാമൻ നായരുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഇവൻ മേഘരൂപൻ എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തു. എന്നാൽ ഈ ചിത്രം വേണ്ട പോലെ ശ്രദ്ധിക്കപ്പെട്ടില്ല.

നിരൂപകർക്കിടയിൽപ്പോലും ഭിന്നാഭിപ്രായങ്ങൾ ഉണ്ടാക്കിയ മേഘരൂപൻ വാണീജ്യപരമായും ശരാശരിയിലൊതുങ്ങി. ആ കുറവ് കൂടി പരിഹരിക്കുവാൻ ചില ആഗ്രഹങ്ങൾ അദ്ദേഹത്തിന്റെ മനസിൽ ഉണ്ടായിരുന്നു. അതിനിടയിലാണ് അപ്രതീക്ഷിതമായി രോഗബാധിതനാകുന്നത്.

പ്രിയപ്പെട്ട ബാലേട്ടൻ വിടവാങ്ങുമ്പോൾ

സ്‌കൂൾ ഓഫ് ഡ്രാമയിലെ ഗസ്റ്റ് ലക്ചററായിട്ടാണ് ബാലചന്ദ്രൻ തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്.പിന്നീട് എംജി യൂണിവേഴ്സിറ്റി സ്‌കൂൾ ഓഫ് ലെറ്റേഴ്‌സിൽ അദ്ധ്യാപകനായി. 2012ൽ വിരമിച്ചു. ഈ കാലയളവിൽ വിദ്യാർത്ഥികളും സഹപ്രവർത്തകരും സ്‌നേഹപൂർവം ബാലേട്ടൻ എന്നാണ് വിളിച്ചിരുന്നത്.

സിനിമയിൽ ആയിരുന്നപ്പോഴും ഈ വിളിക്ക് മാറ്റമൊന്നും ഉണ്ടായില്ല. എല്ലാവരുടെയും പ്രിയപ്പെട്ട ബാലേട്ടനായിരുന്നു അദ്ദേഹം.പി ബാലചന്ദ്രന്റെ വിയോഗത്തിൽ ഡോ.ബിജു അനുസ്മരിക്കുന്നത് ഇങ്ങനെ; വാഗമണ്ണിലെ ഷൂട്ടിനിടയിൽ ഷോട്ടിൽ ഓടിവന്ന കാർ കുറ്റിച്ചെടികൾക്കിടയിലേക്ക് ഇടിച്ചു കയറി മറിഞ്ഞപ്പോൾ ഞങ്ങൾ ഓടി വന്നു അതിൽ പേടിച്ചു വിറച്ചിരുന്ന ബാലേട്ടനെയും നെടുമുടി വേണു ചേട്ടനെയും ഗോവർദ്ധനെയും പുറത്തിറക്കുമ്പോൾ സ്വത സിദ്ധമായ ശൈലിയിൽ ബാലേട്ടന്റെ പ്രസ്താവന..ഇങ്ങനെ ഈ അപകടങ്ങൾ ഒക്കെ ഉണ്ടാവുമെന്നതുകൊണ്ടാ ഞാനീ കുന്ത്രാണ്ടം ഒന്നും പഠിക്കാത്തത്..

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP