Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പണികൊടുത്ത മന്ത്രിക്ക് തിരിച്ച് പണിത് ഋഷിരാജ് സിങ്; ആഭ്യന്തരമന്ത്രി സ്‌റ്റേജിൽ എത്തിയപ്പോൾ മൈൻഡ് ചെയ്യാതെ എഡിജിപി സീറ്റിലിരുന്നു; ചമ്മി ചിരിച്ച് അറിയാത്ത ഭാവം നടിച്ച് ചെന്നിത്തലയുടെ മടക്കം

പണികൊടുത്ത മന്ത്രിക്ക് തിരിച്ച് പണിത് ഋഷിരാജ് സിങ്; ആഭ്യന്തരമന്ത്രി സ്‌റ്റേജിൽ എത്തിയപ്പോൾ മൈൻഡ് ചെയ്യാതെ എഡിജിപി സീറ്റിലിരുന്നു; ചമ്മി ചിരിച്ച് അറിയാത്ത ഭാവം നടിച്ച് ചെന്നിത്തലയുടെ മടക്കം

തൃശൂർ: മന്ത്രിമാരെ കണ്ടാൽ പഞ്ചപുച്ഛമടക്കി തൊഴുതുനിൽക്കുന്നതൊണ് പൊതുവേ പൊലീസുകാരുടെ രീതി. അത് ആഭ്യന്തരമന്ത്രിയായാലോ.. ? പിന്നെ പറയാനുണ്ടോ ഇല്ലേ? എന്നാൽ നമ്മുടെ സിങ്കം ഋഷിരാജ് സിങ് മറ്റു പൊലീസ് ഉദ്യോഗസ്ഥരെ പോലൊന്നും അല്ലെന്ന് വീണ്ടും തെളിയിക്കുകയാണ്.

ആഭ്യന്തരമന്ത്രി സ്‌റ്റേജിൽ എത്തിയപ്പോൾ മറ്റ് ഉന്നതഉദ്യോഗസ്ഥർ ബഹുമാനത്തോടെ എണീറ്റ് നിന്ന് സല്യൂട്ട് ചെയ്തിട്ടും മന്ത്രിയെ കണ്ട് ഇരിപിടത്തിൽ നിന്നും എണീറ്റ് ബഹുമാനിക്കാൻ തയ്യാറാകാത്ത സിങ്കമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. ഈ ചിത്രത്തിനും സോഷ്യൽ മീഡിയയിൽ വലിയ പ്രചാരമാണ് കിട്ടുന്നത്. തന്നെ ബറ്റാലിയൻ എഡിജിപിയായി നിയമിച്ച മന്ത്രിക്ക് സിങ്കം കൊടുത്ത ഒരു ചെറിയ പണിയാണ് ഇതെന്നാണ് സിങ്കം ഫാൻസ് പറയുന്നത്.

ഇന്നലെ തൃശൂരിലെ വനിത പൊലീസ് പാസിങ് ഔട്ട് പരേഡിനിടെയാണ് സംഭവം നടന്നത്. പാസിങ് ഔട്ട് പരേഡിനെത്തിയതായിരുന്നു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇന്നലെ രാവിലെ രാമവർമപുരം പൊലീസ് അക്കാഡമിയിലെ ചടങ്ങിനെത്തിയ ഋഷിരാജ് സിങ് മന്ത്രിയെത്തുന്നതിനു മുമ്പു സോഫയിൽ വന്നിരുന്നു. മന്ത്രി ചടങ്ങിനെത്തുന്നുവെന്നു മൈക്കിൽ അനൗൺസ്‌മെന്റ് ചെയ്തതോടെ ചടങ്ങിലുണ്ടായിരുന്ന എഡിജിപി രാജേഷ് ദിവാനും ഐജിയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും അതിഥികളുമൊക്കെ എഴുന്നേറ്റു നിന്നെങ്കിലും ഋഷിരാജ് സിങ് അനങ്ങിയില്ല. മറ്റുള്ളവർ സല്യൂട്ട് ചെയ്താണു മന്ത്രിയെ സ്വീകരിച്ചത്. മന്ത്രിയെ തിരിഞ്ഞു പോലും നോക്കാതിരുന്ന ഋഷിരാജ് സിംഗിനെ ഒന്നു പാളി നോക്കിയതിനു ശേഷം മന്ത്രി സല്യൂട്ട് സ്വീകരിക്കാനായി പോയപ്പോഴും തലയുയർത്തിപിടിച്ച് ഋഷിരാജ് സോഫയിൽ തന്നെ ഇരിക്കുകയായിരുന്നു. ചടങ്ങു കഴിഞ്ഞു മന്ത്രിയടക്കം എല്ലാവരും മടങ്ങുമ്പോഴാണു ഋഷിരാജ്‌സിംഗും എഴുന്നേറ്റത്. പിന്നീട് അടുത്തുനിന്ന മന്ത്രി കൈകാണിച്ചിട്ടും കാര്യമായി പ്രതികരിക്കാതെ എഡിജിപി നിന്നു. തുടർന്ന് പെട്ടെന്ന് തന്നെ മാദ്ധ്യമങ്ങൾക്ക് മുന്നിൽനിൽക്കാതെ മന്ത്രി യാത്രയാവുകയായിരുന്നു.

വൈദ്യുതി ബോർഡ് വിജിലൻസ് ഓഫീസറായിരുന്ന ഋഷിരാജ് സിംഗിനെ ദിവസങ്ങൾക്ക് മുമ്പാണ് ബറ്റാലിയൻ എഡിജിപിയായി നിയമിച്ചത്. ഇത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. വൈദ്യുതി മോഷ്ടാക്കളെ പിടികൂടാൻ മുഖം നോക്കാതെ നടപടിയുമായി മുന്നോട്ടു പോകവേയാണ് അദ്ദേഹത്തെ ഉന്നത ഇടപെടലോടെ ട്രാൻസ്ഫർ ചെയ്തത് എന്നായിരുന്നു ആരോപണം. ഇത് കാരണമാണത്ര മന്ത്രിയെ കണ്ടിട്ടും ഋഷിരാജ് സിങ് എണീക്കാത്തത്.

വൈദ്യുതി ബോർഡ് വിജിലൻസ് ഓഫീസറായിരിക്കെ കോടിക്കണക്കിനു രൂപയാണു വിവിധ സർക്കാർ വകുപ്പുകളിൽനിന്നും ഉന്നതരുടെ വ്യവസായ സ്ഥാപനങ്ങളിൽനിന്നും ബോർഡിനു കിട്ടാനുള്ള കുടിശിക ഋഷിരാജ് സിങ് പിരിച്ചെടുത്തത്. നിലവിൽ ഇത്തരത്തിൽ 713 കോടി രൂപ തിരിച്ചു പിടിക്കാൻ വിവിധ സ്ഥാപനങ്ങൾക്കു അദേഹം നോട്ടീസ് നൽകിയിരിക്കെയാണു വിജിലൻസ് ഓഫീസർ സ്ഥാനത്തുനിന്ന് അദ്ദേഹത്തെ മാറ്റിയത്. പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവർ ഋഷിരാജ് സിംഗിനെ തിരിച്ചുകൊണ്ടുവരാൻ ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്കു കത്തും നൽകിയിരുന്നു.

ഇതേസമയം പരസ്യമായി എല്ലാം നിഷേധിച്ച് ഋഷിരാജ് മാദ്ധ്യമങ്ങൾക്ക് പ്രതികരണം നൽകി. വൈദ്യുതി ബോർഡ് ചീഫ് വിജിലൻസ് ഓഫീസർ സ്ഥാനത്തുനിന്നു തന്നെ സർക്കാർ മാറ്റിയതാണെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ഋഷിരാജ്‌സിങ് പറഞ്ഞു. ഏതെങ്കിലും സ്ഥാപനത്തിനെതിരെ നടപടി സ്വീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് തന്നെ നീക്കിയതെന്ന ആരോപണവും തെറ്റാണ്. പൊലീസ് സർവീസിലേക്കു തിരിച്ചുവരാൻ സർക്കാർ ആവശ്യപ്പെട്ടപ്പോൾ താൻ സന്നദ്ധത അറിയിച്ചതാണ്. ഇക്കാര്യത്തിൽ തന്റെ അഭിപ്രായം ആരാഞ്ഞ ശേഷമാണു ആംഡ് പൊലീസ് ബറ്റാലിയൻ എഡിജിപിയായി സ്ഥാനം നൽകിയതെന്നും അദേഹം വ്യക്തമാക്കി.

ഇന്നലെ രമേശ് ചെന്നിത്തലയും വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഫേസ്‌ബുക്കിൽ ഇതുസംബന്ധിച്ച് പോസ്റ്റിട്ടിരുന്നു. കെഎസ്ഇബി ആന്റി തെഫ്റ്റ് സ്‌ക്വാഡിന്റെ ചുമതലയിൽ നിന്ന് എഡിജിപി ഋഷിരാജ് സിങ്ങിനെ മാറ്റിയതുമായി ബന്ധപ്പെട്ട് ഉയർന്ന വിമർശനങ്ങൾ അനാവശ്യമാണെന്നാണ് ആഭ്യന്തര മന്ത്രി ഫേസ്‌ബുക്കിൽ കുറിച്ചത്. സേനയിലേക്ക് തിരിച്ചുവരാൻ ആഗ്രഹമുണ്ടെന്ന് ഋഷിരാജ്‌സിങ് ഡിജിപിയെ നേരിൽ കണ്ട് അറിയിച്ചതിനാലാണ് അദ്ദേഹത്തിന് പുതിയ ഉത്തരവാദിത്വം ലഭിച്ചതെന്നും ചെന്നിത്തല ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.

കാര്യക്ഷമതയും, സത്യസന്ധതയും മുഖമുദ്രയാക്കി പ്രവർത്തിക്കുന്ന മിടുക്കനായ ഉദ്യേഗസ്ഥനാണ് ഋഷിരാജ്‌സിങ്. കേരളാ പൊലീസ് അക്കാദമിയിൽ നടന്ന വനിത പൊലീസ് കേഡറ്റുകളുടെ പാസിങ്ഔട്ട് പരേഡുമായി ബന്ധപ്പെട്ടുയർന്ന സല്യുട്ട് വിവാദവും അനാവശ്യമാണെന്നും ചെന്നിത്തല പറഞ്ഞു. അതിന് ശേഷം ഋഷിരാജ്‌സിങ്‌ഫോണിൽഎന്നോട് ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ വിശദീകരണവും നൽകിയിരുന്നു. വെറും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം പ്രചരിച്ച വാർത്തകളാണിതെല്ലാമെന്നും പോസ്റ്റിൽ പറയുന്നു.

മനഃപൂർവ്വമല്ല ഋഷിരാജ് സിങ് ഇങ്ങനെ പ്രവർത്തിച്ചത് എന്ന് കരുതുന്നു എന്ന് പറഞ്ഞ് മന്ത്രിയുടെ ഓഫീസ് വിവാദം ഒഴിവാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഋഷിരാജ് സിംഗിന്റെ പ്രതികരണം മനഃപൂർവ്വം ആണ് എന്ന് തന്നെയാണ് സൂചിപ്പിക്കുന്നത്. ദേശീയ ഗാനത്തിന് മാത്രം എണീറ്റ് നിന്നാൽ മതിയെന്നാണ് നിയമം എന്നും വിഐപികളെ കാണുമ്പോൾ എണീക്കണമെന്ന് പറയുന്നത് പ്രോട്ടോക്കോൾ അറിയാത്തവരാണന്നുമാണ് ഋഷിരാജ് പ്രതികരിച്ചത്. എന്തായാലും വരും ദിവസങ്ങളിൽ ഋഷിരാജ് സിംഗിനെ കൂടുതൽ മൂലയ്ക്കിരുത്താൻ ഈ നടപടി കാരണമാകുമെന്നാണ് മന്ത്രിയുടെ അടുത്ത വൃത്തങ്ങൾ സൂചന നൽകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP