Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പമ്പ്ഹൗസിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്ന് കിണറ്റിൽ വീണു; ജല അഥോറിറ്റി ജീവനക്കാരന് ദാരുണാന്ത്യം: മരിച്ചത് രണ്ട് മാസം മുമ്പ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി ജോലിക്ക് കയറിയ രാജേഷ്

പമ്പ്ഹൗസിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്ന് കിണറ്റിൽ വീണു; ജല അഥോറിറ്റി ജീവനക്കാരന് ദാരുണാന്ത്യം: മരിച്ചത് രണ്ട് മാസം മുമ്പ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി ജോലിക്ക് കയറിയ രാജേഷ്

സ്വന്തം ലേഖകൻ

കിടങ്ങൂർ: പമ്പ്ഹൗസിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്ന് കിണറ്റിൽ വീണ ജല അഥോറിറ്റി ജീവനക്കാരന് ദാരുണാന്ത്യം. 13 മീറ്റർ ആഴമുള്ള കിണറ്റിൽ വീണ പാലാ കടയം ശാസ്താസദനം രാജേഷ് കുമാർ (37) ആണു മരിച്ചത്. കിടങ്ങൂർ ടൗണിനു സമീപമുള്ള കാവാലിപ്പുഴ കുടിവെള്ള പദ്ധതിയുടെ പമ്പ് ഹൗസിൽ ഇന്നലെ രാവിലെ എട്ടിനായിരുന്നു അപകടം. കിണറിനു മുകളിൽ കോൺക്രീറ്റ് ചെയ്താണ് പമ്പ് ഹൗസ് സ്ഥാപിച്ചിരിക്കുന്നത്. ഇതിന്റെ ഒരു ഭാഗത്തെ രണ്ട് അടിയോളം വീതിയുള്ള ആൾനൂഴിയുടെ സ്ലാബ് തകർന്നാണ് രാജേഷ് കിണറ്റിൽ വീണത്.

ഈ സമയത്ത് ഒപ്പം മറ്റാരും ഇല്ലാതിരുന്നതും അപകട വിവരം തക്ക സമയത്ത് പുറം ലോകത്ത് എത്താതിരുന്നതും രാജേഷിന്റെ മരണ കാരണമായി. ജോലിസമയം കഴിഞ്ഞു പോകുന്നതിനു മുൻപ് അതുവരെ ഉപയോഗിച്ച വൈദ്യുതിയുടെ അളവ് രേഖപ്പെടുത്താൻ സ്ലാബിൽ കയറിനിന്നു മീറ്റർ പരിശോധിക്കുന്നതിനിടെയാണ് ദുരന്തം ഉണ്ടായത്. കോൺക്രീറ്റ് സ്ലാബ് തകർന്ന് രാജേഷ് നേരെ കിണറ്റിലേക്ക് വീഴുകയായിരുന്നു. ഈ സമയം മറ്റു ജീവനക്കാർ ഉണ്ടായിരുന്നില്ല. നിലവിളി ശബ്ദം കേട്ട് സമീപ പുരയിടത്തിൽ ചക്ക ഇടാനെത്തിയവർ ഓടിയെത്തിയങ്കിലും ആരെയും കണ്ടില്ല. അതുകൊണ്ട് തന്നെ അപകടത്തിൽപെട്ട വിവരം മനസ്സിലായതുമില്ല.

ഈ സമയത്ത് അടുത്ത ഷിഫ്റ്റ് ജോലിയിൽ പ്രവേശിക്കാനെത്തിയ മറ്റൊരു ജീവനക്കാരൻ പമ്പ് ഹൗസിന്റെ അകത്തു കയറിയപ്പോഴാണ് സ്ലാബ് തകർന്നതു കണ്ടത്. അപകടം മണത്ത ഇയാൾ ഉടൻ പൊലീസിലും അഗ്‌നിരക്ഷാസേനയിലും വിവരമറിയിച്ചു. കിണറ്റിൽ വായുസഞ്ചാരമില്ലാത്തതും രക്ഷാ പ്രവർത്തനത്തിനു തടസ്സമായി. പാലായിൽ നിന്നെത്തിയ അഗ്‌നിരക്ഷാസേനയും കോട്ടയത്തു നിന്നുള്ള സ്‌കൂബ ഡൈവിങ് സംഘവും ചേർന്നാണ് 9.30നു മൃതദേഹം പുറത്തെത്തിച്ചത്. വീഴ്ചയിൽ രാജേഷിന്റെ താടി ഭാഗത്തു പരുക്കുണ്ട്.

കിണറിന്റെ പകുതിയിലേറെ വെള്ളമുണ്ടായിരുന്നു. ചുറ്റും കോൺക്രീറ്റ് ചെയ്തിരിക്കുന്ന കിണറ്റിൽ ഇറങ്ങണമെങ്കിൽ ആൾനൂഴിയുടെ സ്ലാബ് നീക്കണം .ഓക്‌സിജൻ ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെ സംഘത്തിലെ ഒരാൾ കിണറ്റിലിറങ്ങി വല ഉപയോഗിച്ചാണ് മൃതദേഹം പുറത്തെടുത്തത്. രണ്ട് മാസം മുൻപാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി രാജേഷ് പമ്പ് ഹൗസിൽ ജോലിക്കു കയറിയത്.

പരേതനായ രാമചന്ദ്രന്റെയും സുമതിയുടെയും മകനാണ്. ഭാര്യ ഷൈബി രാമപുരം നെല്ലിയാനിക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: അമൃതലക്ഷ്മി, ആരാധ്യലക്ഷ്മി. സംസ്‌കാരം ഇന്നു 3നു കടയത്തെ വീട്ടുവളപ്പിൽ. മരണത്തിൽ ദുരൂഹതയുണ്ടെന്നും അപകടവിവരം ജല അഥോറിറ്റി അധികൃതർ അറിയിച്ചില്ലെന്നും കാണിച്ചു ഭാര്യ കിടങ്ങൂർ പൊലീസിൽ പരാതി നൽകി.

ജില്ലയിലെ പഴക്കമേറിയ ശുദ്ധജല പദ്ധതികളിൽ ഒന്നാണ് കാവാലിപ്പുഴ പദ്ധതി. സുരക്ഷാ മാനദണ്ഡങ്ങളൊന്നും ഇവിടെയില്ല. സ്ലാബിന്റെയും പമ്പ് ഹൗസിന്റെയും ദയനീയാവസ്ഥ അധികൃതരെ പല തവണ അറിയിച്ചിട്ടും നടപടി സ്വീകരിച്ചില്ലെന്നു നാട്ടുകാർ പറയുന്നു. പമ്പ് ഹൗസ് പലയിടങ്ങളിലും വിണ്ടുകീറി സിമന്റ് പാളി അടർന്ന നിലയിലാണ്. സ്ലാബിന്റെ ബലക്കുറവാണ് തകരാൻ ഇടയാക്കിയതെന്നു ജീവനക്കാർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP