Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നാമോരോരുത്തരും മിനിമം 2 വോട്ടെങ്കിലും കുടുംബത്തിന് പുറത്തു നിന്നും കൊണ്ടു വന്നാൽ ചരിത്രവിജയത്തിൽ പങ്കാളികളാവാം; 35 സീറ്റ് നേടി ലക്ഷ്യമിടുന്നത് കർണ്ണാടകാ മോഡൽ ഓപ്പറേഷൻ ലോട്ടസ്; പത്ത് സീറ്റിൽ അധികം ജയിച്ചാൽ അധികാരം പിടിക്കാൻ എല്ലാ തന്ത്രങ്ങളും പയറ്റും; അംഗ ബലത്തിന്റെ നാലിൽ ഒന്നിൽ കെ സുരേന്ദ്രൻ നോട്ടമിടുമ്പോൾ

നാമോരോരുത്തരും മിനിമം 2 വോട്ടെങ്കിലും കുടുംബത്തിന് പുറത്തു നിന്നും കൊണ്ടു വന്നാൽ ചരിത്രവിജയത്തിൽ പങ്കാളികളാവാം; 35 സീറ്റ് നേടി ലക്ഷ്യമിടുന്നത് കർണ്ണാടകാ മോഡൽ ഓപ്പറേഷൻ ലോട്ടസ്; പത്ത് സീറ്റിൽ അധികം ജയിച്ചാൽ അധികാരം പിടിക്കാൻ എല്ലാ തന്ത്രങ്ങളും പയറ്റും; അംഗ ബലത്തിന്റെ നാലിൽ ഒന്നിൽ കെ സുരേന്ദ്രൻ നോട്ടമിടുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളം പിടിക്കാൻ 71 പ്‌ളസ് ഇതായിരുന്നു കുമ്മനം രാജശേഖരൻ 2016ൽ ഉയർത്തിയ മുദ്രാവാക്യം. എന്നാൽ 2021ൽ അധികാരം പിടിക്കാൻ കെ സുരേന്ദ്രന് ലക്ഷ്യമിടുന്നത് 35 സീറ്റും. പത്തിൽ കൂടുതൽ നിയമസഭാ സീറ്റിൽ ജയിച്ചാൽ പോലും അധികാരം പിടിച്ചെടുക്കാൻ ബിജെപി ശ്രമിക്കുമെനനും സൂചനകളുണ്ട്.

വോട്ടെടുപ്പു ഫലപ്രഖ്യാപനം കഴിഞ്ഞ് എംഎൽഎമാരായ പലരും ഇരു മുന്നണികളും വിട്ടു ബിജെപിയിലേക്കു വരുമെന്നു സംസ്ഥാന പ്രസിഡന്റ് ആവർത്തിച്ചു പറയുന്നു. കർണാടകയിലും മധ്യപ്രദേശിലുമെല്ലാം ബിജെപി നടത്തിയ 'ഓപ്പറേഷൻ ലോട്ടസ്' കേരളത്തിലും ആവർത്തിക്കാനാണ് ബിജെപി പദ്ധതി. ചെറു കക്ഷികളെ ഒപ്പമെത്തിക്കുക. ഇതിനൊപ്പം സിപിഎമ്മിനേയും കോൺഗ്രസിനേയും പിളർത്തുക. അയോഗ്യതാ പരിധിയിൽ നിന്ന് അകന്നു നിൽക്കാൻ കഴിയുന്ന വിധമുള്ള കൂറുമാറ്റം. ഇതാണ് ബിജെപി ലക്ഷ്യമിടുന്നത്. അതുകൊണ്ട് തന്നെ ബിജെപി സ്ഥാനാർത്ഥിക്ക് ബിജെപി തന്നെ വോട്ടിടുകയെന്ന പ്രചരണ തന്ത്രവും ബിജെപി ഗ്രൂപ്പുകളിൽ സജീവമാക്കുന്നു.

വാട്‌സാപ്പ് ഗ്രൂപ്പുകളിൽ ബിജെപി പ്രചരിപ്പിക്കുന്ന സന്ദേശം ചുവടെ

ചരിത്ര വിജയത്തിന് എല്ലാവരും കർമ്മനിരതരാവുക.
1. കുടുംബ വോട്ടുകൾ ഉറപ്പാക്കുക.
2. അയൽപക്കത്തുള്ളവരുമായി സംസാരിച്ച് BJP ക്ക് വോട്ടുചെയ്യാൻ പ്രേരിപ്പിക്കുക. BJP ജയിക്കില്ലെന്നു കരുതി മറ്റു പാർട്ടികൾക്ക് വോട്ട് ചെയ്യാൻ താല്പര്യപ്പെട്ടു നിൽക്കുന്നവരെ BJP യുടെ ജയസാധ്യത പറഞ്ഞു മനസിലാക്കി താമരക്ക് വോട്ട് ചെയ്യാൻ പ്രേരിപ്പിക്കുക.
2. അയൽപക്കങ്ങളിൽ bjp യോട് അൽപമെങ്കിലും അനുഭാവം പ്രകടിപ്പിച്ചവരുണ്ടെങ്കിൽ വോട്ടെടുപ്പ് ദിവസം അവരെല്ലാം വോട്ട് ചെയ്യുന്നു എന്ന് ഉറപ്പ് വരുത്തുക.
3. ഗ്രൗണ്ട് ലെവലിൽ പ്രവർത്തിക്കുന്ന പ്രവർത്തകരോടൊപ്പം പരസ്യപ്രചാരണത്തിന് ഇറങ്ങാൻ കഴിയാത്ത അനുഭാവികളും കൂടി ഫോൺ/വാട്‌സാപ്പ് വഴിയും പരമാവധി ആൾക്കാരുമായി സമ്പർക്കം ചെയ്ത് എങ്ങനേയും 10 വോട്ട് BJP യിൽ വീഴാൻ കഠിന പ്രയത്‌നം ചെയ്യുക. നാമോരോരുത്തരും മിനിമം 2 വോട്ടെങ്കിലും കുടുംബത്തിന് പുറത്തു നിന്നും bjp യിലേക്ക് കൊണ്ടു വന്നാൽ ചരിത്രവിജയത്തിൽ പങ്കാളികളാവാം.

ഈ കാമ്പൈനിലൂടെ പരമാവധി സീറ്റുകളാണ് ബിജെപി ലക്ഷ്യമിടുന്നത്. അതിന് ശേഷം ഓപ്പറേഷൻ ലോട്ടസ്. ജയിക്കാൻ കഴിയുന്ന പാർട്ടിയാണ് ബിജെപിയെന്ന് തെളിയിച്ചാൽ പ്രമുഖ പാർട്ടികൾ പോലും എൻഡിഎയിൽ എത്തും. അതിന് വേണ്ടിയാണ് ഈ തെരഞ്ഞെടുപ്പിൽ 45 മണ്ഡലങ്ങളിൽ വീറും വാശിയും പ്രചരണത്തിൽ ബിജെപി നയിക്കുന്നത്. ഇ ശ്രീധരനെ മുഖ്യമന്ത്രിയായി പിന്തുണയ്ക്കുന്നതിന് വേണ്ടി എംഎൽഎമാർ കൂട്ടത്തോടെ ബിജെപിയിൽ എത്തുമെന്നാണ് പ്രതീക്ഷ.

കർണാടകയിലും മധ്യപ്രദേശിലുമെല്ലാം ഇത്തരം രാഷ്ട്രീയ കുതിരക്കച്ചവടങ്ങൾക്കു നേതൃത്വം നൽകിയ ബിജെപി നേതാക്കൾ കേരളത്തിൽ നിലവിൽ നിരന്തരം സന്ദർശിക്കുന്നുണ്ടെന്നും പ്രചാരണ രംഗത്തുണ്ടെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഏതാനും ദിവസം മുൻപു ചൂണ്ടിക്കാട്ടിയിരുന്നു. രണ്ടു മുന്നണികളിൽനിന്നും നേതാക്കൾ ബിജെപിയോടൊപ്പം ചേരുമെന്നും അങ്ങനെ ബിജെപി മന്ത്രിസഭ രൂപീകരിക്കുമെന്നുമാണു സുരേന്ദ്രന്റെ അവകാശവാദം.

35 എന്നാൽ കേരള നിയമസഭയുടെ ആകെ അംഗബലത്തിന്റെ നാലിലൊന്ന്. അതിന്റെ ഇരട്ടിയും പിന്നെ ഒന്നുംകൂടി വേണം ഭരിക്കാനുള്ള കേവല ഭൂരിപക്ഷത്തിന്. നിലവിലെ നിയമസഭയിൽ ബിജെപിക്കുള്ളത് കേവലം ഒരു അംഗം മാത്രം. മഞ്ചേശ്വരം, കോന്നി, പാലക്കാട്, മലമ്പുഴ, കഴക്കൂട്ടം, നേമം, കാട്ടാക്കട, ചെങ്ങന്നൂർ, തൃശൂർ, തിരുവനന്തപുരം, വട്ടിയൂർക്കാവ്, ചാത്തന്നൂർ തുടങ്ങി ഏതാനും മണ്ഡലങ്ങളിൽ വിജയ പ്രതീക്ഷയിലാണ് എൻഡിഎ. ബിജെപിയുടെ ഉൾപ്പാർട്ടി കണക്കുകൂട്ടലുകളിൽ ഈ മണ്ഡലങ്ങളെല്ലാം വിജയിച്ചു വരുന്നവയുടെ ഗണത്തിലാണ്. മണലൂർ, കാസർകോട്, ആറ്റിങ്ങൽ തുടങ്ങി കുറച്ചെല്ലാം പ്രതീക്ഷ വയ്ക്കുന്ന മണ്ഡലങ്ങൾ വേറെയുമുണ്ട്.

ശബരിമല വിഷയം വീണ്ടും സജീവമാകുന്നതോടെ പ്രതീക്ഷകൾ കൂടുതൽ ശോഭയുള്ളതാകുമെന്നാണു ബിജെപി കരുതുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായുമെല്ലാം പ്രചാരണത്തിൽ സജീവമാകിയതും ഇതിന് വേണ്ടിയാണ്. അതിനിടെ സംസ്ഥാനത്തു ബിജെപി വലിയ മുന്നേറ്റമുണ്ടാക്കുമെന്ന അവകാശവാദവുമായി പാലക്കാട്ടെ എൻഡിഎ സ്ഥാനാർത്ഥികൂടിയായ ഇ.ശ്രീധരൻ രംഗത്തെത്തിയിട്ടുണ്ട്. 'ചുരുങ്ങിയതു 40 സീറ്റിലെങ്കിലും എൻഡിഎ ഇത്തവണ കേരളത്തിൽ വിജയിക്കും. ഇത് 75 വരെയായി ഉയരാം. കേരളത്തിൽ ബിജെപി അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രിയാകുക ഞാനാണോ എന്നറിയില്ല. എന്നാൽ പാർട്ടി അത്തരമൊരു ആവശ്യം ഉന്നയിച്ചാൽ എതിർക്കില്ല'- ശ്രീധരൻ പറയുന്നു.

കർണാടകയിലെയും മധ്യപ്രദേശിലെയും രാജസ്ഥാനിലെയും പോലെ എളുപ്പത്തിൽ കുതിരക്കച്ചവടത്തിന് ഇരയാകുന്നവരാണു കേരളത്തിലെ രാഷ്ട്രീയ പ്രവർത്തകരെന്നു കേരളത്തിലെ ബിജെപി നേതാക്കൾപോലും കരുതുന്നില്ല. എന്നാൽ 35 സീറ്റ് നേടിയാൽ ബിജെപിയിലേക്കു വരാൻ ഇരുമുന്നണികളിൽനിന്നും എംഎൽഎമാരുണ്ടാകുമെന്നാണു കെ.സുരേന്ദ്രന്റെ അവകാശവാദം. കേരളത്തിൽ ക്യാംപ് ചെയ്യുന്ന ബിജെപി ദേശീയ നേതാക്കൾ എല്ലാ സാധ്യതയും തേടുന്നുണ്ടെന്നതാണ് വസ്തുത. എന്നാൽ ബിജെപിക്ക് മൂന്നിൽ കൂടുതൽ സീറ്റിൽ ജയിക്കാനാകില്ലെന്നാണ് സർവ്വേ ഫലങ്ങൾ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP