Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഫിനാൻസ് ആക്ട് പരിഷ്‌കരണം വഴി പ്രവാസി മലയാളികൾ ഇനി ഇന്ത്യയിൽ നികുതി അടക്കേണ്ടി വരുമോ? വിദേശത്തു ജോലി ചെയ്യുന്നവർ നാട്ടിലെ ഇൻകം ടാക്സ് പരിധിയിൽ പെടുമോ? പ്രവാസികളെ ആശങ്കപ്പെടുത്തുന്ന നിയമത്തിന്റെ വിശദാംശങ്ങൾ അറിയാം

ഫിനാൻസ് ആക്ട് പരിഷ്‌കരണം വഴി പ്രവാസി മലയാളികൾ ഇനി ഇന്ത്യയിൽ നികുതി അടക്കേണ്ടി വരുമോ? വിദേശത്തു ജോലി ചെയ്യുന്നവർ നാട്ടിലെ ഇൻകം ടാക്സ് പരിധിയിൽ പെടുമോ? പ്രവാസികളെ ആശങ്കപ്പെടുത്തുന്ന നിയമത്തിന്റെ വിശദാംശങ്ങൾ അറിയാം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഫിനാൻസ് ആക്ട് 2021 -ൽ കൊണ്ടുവന്ന ഭേദഗതി വിവാദമാക്കി ത്രിണമൂൽ കോൺഗ്രസ്സ് എം പി മഹുവ മോയ്ത്ര. നേരത്തേ ഗൾഫ് രാജ്യങ്ങളിൽ ജോലിചെയ്യുന്നവർക്ക് ഇന്ത്യയിൽ വരുമാന നികുതി നൽകേണ്ടതില്ലെന്ന് പറഞ്ഞതിനു വിപരീതമായി നികുതി ഈടാക്കാനാണ് പുതിയ ഭേദഗതി എന്നായിരുന്നു അവർ ട്വീറ്ററിലൂടെ ആരോപിച്ചത്. വളരെ സങ്കീർണ്ണങ്ങളായ പദങ്ങൾ ഉപയോഗിച്ച് ആശയക്കുഴപ്പമുണ്ടാക്കുന്നു എന്നും അവർ ആരോപിച്ചിരുന്നു.

ഇതിനെ പിന്താങ്ങി ശശി തരൂരും എത്തിയതോടെ കാര്യം കൂടുതൽ വിവാദമായി. വിദേശരാജ്യങ്ങളിൽ എവിടെയും ജോലി ചെയ്യുന്നവർ ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന പണത്തിന് നികുതി നൽകേണ്ടതില്ല എന്ന മുൻ തീരുമാനത്തിൽ നിന്നും മന്ത്രി മലക്കം മറഞ്ഞിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. പാർലമെന്റ് സമ്മേളനത്തിന്റെ അവസാന നാളുകളിൽ ധനകാര്യ ബിൽ ചർച്ചയിൽ ഭേദഗതികൊണ്ടുവന്നാണ് ഇത് നടത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാൽ, മുൻ തീരുമാനത്തിൽ നിന്നും സർക്കാർ ഒരിഞ്ചുപോലും പുറകോട്ട് പോയിട്ടില്ലെന്ന് വ്യക്തമാക്കി ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ രംഗത്തെത്തി. പുതിയ ഭേദഗതി പ്രകാരം സൗദി, യു എ ഇ, ഒമാൻ, ഖത്തർ തുടങ്ങി ഒരു ഗൾഫ് രാജ്യങ്ങളിലും ജോലി ചെയ്യുന്നവർ ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന പണത്തിൽ നികുതി അടയ്ക്കേണ്ടതില്ലെന്ന് അവർ വ്യക്തമാക്കി. പുതിയ നികുതിയോ അധിക നികുതിയോ സർക്കാരിന്റെ പരിഗണനയിൽ ഇല്ലെന്നും അവർ വ്യക്തമാക്കി.

വരുമാന നികുതി നിയമത്തിലെ, നികുതി വിധേയമായ വരുമാനം എന്ന പദപ്രയോഗത്തിന് വ്യക്തമായ ഒരു നിർവ്വചനം നൽകാൻ ഉദ്ദേശിച്ചുകൊണ്ടുള്ളതു മാത്രമായിരുന്നു ആ ഭേദഗതി എന്നാണ് നിർമ്മല സീതാരാമൻ വ്യക്തമാക്കുന്നത്. ഗൾഫ് നാടുകളിൽ ജോലി ചെയ്യുന്നവരുടെ ശമ്പളത്തിലൂടെയുള്ള വരുമാനത്തിന് നികുതിയുമായി ബന്ധപ്പെട്ട സ്വഭാവത്തിന് ഈ ഭേദഗതി കൊണ്ട് ഒരു വ്യത്യാസവും വരുന്നില്ല. അത് ഇനിയും ഇന്ത്യയിൽ നികുതി മുക്തമായി തന്നെ തുടരുമെന്നും അവർ പറഞ്ഞു.

കാര്യങ്ങൾ പൂർണ്ണമായും മനസ്സിലാക്കാതെ ഇത്തരം അനുമാനങ്ങളിൽ എത്തുന്നത് നല്ലതല്ല എന്നു പറഞ്ഞധനമന്ത്രി, അത്തരം അനുമാനങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രകടിപ്പിക്കുന്നത് ജനങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ ഗൾഫിൽ ജോലിചെയ്യുന്ന ഇന്ത്യാക്കാർ അനാവശ്യമായി ആശങ്കപ്പെടേണ്ടതില്ല എന്നു പറഞ്ഞ നിർമ്മലാ സീതാരാമൻ, അവരുടെ വരുമാനവുമായി ബന്ധപ്പെട്ട് നികുതി വിഷയത്തിൽ ഇതുവരെ തുടർന്നു വന്ന നയത്തിൽ നിന്നും വ്യതിചലിക്കുന്നില്ല എന്നും വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP