Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രണയം വിവാഹമായത് ബന്ധുക്കളുടെ അനുഗ്രഹത്തോടെ; പൂണെയിലെ സ്‌പെയർപാർട് കച്ചവടത്തിനിടെ വില്ലനായി സാമ്പത്തിക പ്രശ്‌നമെത്തി; അച്ഛന്റെ മരണത്തിന് പോലും വീട്ടിൽ എത്താത്തത് ഗുണ്ടകളെ ഭയന്ന്; ആറ്റുനോറ്റുണ്ടായ കുഞ്ഞിനെ കൊല്ലാൻ അവന് കഴിയില്ലെന്ന് വിശ്വസിച്ച് ബന്ധുക്കൾ; വൈഗയെ ഇല്ലാതാക്കിയത് ക്വട്ടേഷൻ സംഘമോ? സനു മോഹൻ ബന്ധുക്കൾക്ക് ഇന്നും പ്രിയങ്കരൻ

പ്രണയം വിവാഹമായത് ബന്ധുക്കളുടെ അനുഗ്രഹത്തോടെ; പൂണെയിലെ സ്‌പെയർപാർട് കച്ചവടത്തിനിടെ വില്ലനായി സാമ്പത്തിക പ്രശ്‌നമെത്തി; അച്ഛന്റെ മരണത്തിന് പോലും വീട്ടിൽ എത്താത്തത് ഗുണ്ടകളെ ഭയന്ന്; ആറ്റുനോറ്റുണ്ടായ കുഞ്ഞിനെ കൊല്ലാൻ അവന് കഴിയില്ലെന്ന് വിശ്വസിച്ച് ബന്ധുക്കൾ; വൈഗയെ ഇല്ലാതാക്കിയത് ക്വട്ടേഷൻ സംഘമോ? സനു മോഹൻ ബന്ധുക്കൾക്ക് ഇന്നും പ്രിയങ്കരൻ

ആർ പീയൂഷ്

കൊച്ചി: ദുരൂഹ സാഹചര്യത്തിൽ 13കാരിയെ പുഴയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ കാണാതായ പിതാവ് സനുമോഹൻ സ്വഭാവ ദൂഷ്യമൊന്നുമില്ലാത്തയാളാണെന്ന് ബന്ധുക്കൾ. ബന്ധുക്കളോട് വളരെ സൗമ്യനായാണ് ഇയാൾ ഇടപെട്ടിരുന്നത്. കൂടാതെ ഭാര്യയെയും മകളെയും ജീവനുതുല്യം സ്നേഹിക്കുന്നയാളാണ് എന്നും ഇവരുടെ ബന്ധു ഉമേഷ് മറുനാടനോട് പറഞ്ഞു.

മാധ്യമ വാർത്തകളിൽ കാണുന്നതു പോലെ സനുമോഹൻ ഒരിക്കലും മകളെ കൊലപ്പെടുത്തില്ല എന്നാണ് വിശ്വാസം. വളരെ മിടുക്കിയായ കുട്ടിയായിരുന്നു വൈഗ. നൃത്തത്തിലും ചിത്ര രചനയിലും പ്രഗത്ഭയായിരുന്നു. അരങ്ങേറ്റം കുറിച്ചത് ഗുരുവായൂർ ക്ഷേത്രത്തിലുമായിരുന്നു. ഏക മകളായതിനാൽ സനുവിന് ഏറെ പ്രിയപ്പെട്ടവളുമായിരുന്നു. അങ്ങനെയുള്ളപ്പോൾ ഒരിക്കലും ഇത്തരം ഒരു കടുംകൈ ചെയ്യാൻ കഴിയുമെന്നു കരുതുന്നില്ല എന്നും ഉമേഷ് പറഞ്ഞു.

കഴിഞ്ഞ ആറുമാസമായിട്ടാണ് സനുവും ഭാര്യയും ബന്ധുക്കളുമായി വീണ്ടും അടുക്കുന്നത്. പൂണെയിലെ സാമ്പത്തിക പ്രശ്നങ്ങൾ മൂലം കഴിഞ്ഞ 5 വർഷമായി ബന്ധുക്കളുമായി അകന്ന് കഴിയുകയായിരുന്നു. ഇവർ എവിടെയായിരുന്നു എന്ന് ആർക്കും അറിയില്ലായിരുന്നു. ആറുമാസം മുൻപ് സനു വലിയപറമ്പിലെ സ്വന്തം വീട്ടിലെത്തുകയും പിന്നീട് ബന്ധുക്കളുമായി അടുക്കുകയുമായിരുന്നു. നാട്ടിലെത്തിയാൽ ഉമേഷുമായായിരുന്നു ഏറെ അടുപ്പം കാട്ടിയിരുന്നത്. നേരത്തെ അച്ഛൻ മരിച്ചപ്പോൾ പോലും സനു മോഹൻ വീട്ടിൽ എത്തിയിരുന്നില്ല. ക്വട്ടേഷൻ ഗുണ്ടകളെ ഭയന്നായിരുന്നു ഇത്.

സനു മോഹൻ അയൽക്കാരോട് പോലും അധികം മിണ്ടാറില്ലായിരുന്നു. പൂണെയിലെ സാമ്പത്തിക പ്രശ്നങ്ങൾ നാട്ടിൽ ചർച്ചാ വിഷയമാകുകയും ഏറെ നാണക്കെടുണ്ടാക്കുകയും ചെയ്തിരുന്നു അതിനാലാണ് അയൽക്കാരോട് അകലം പാലിച്ചിരുന്നത് എന്നാണ് വിവരം. കാണാതാകുന്നതിന് ദിവസങ്ങൾക്ക് മുൻപ് ഉമേഷിനോട് നാട്ടിൽ എന്തെങ്കിലും സംരംഭം തുടങ്ങാനായി പണം നിക്ഷേപിക്കാമെന്ന് പറഞ്ഞിരുന്നു. അതിന്റെ ചർച്ചകൾ നടക്കുന്നതിനിടെയാണ് അത്യാഹിതം സംഭവിച്ചതും സനുവിനെ കാണാതാകുന്നതും.

കാണാതാകുന്ന ദിവസം ഉമേഷിന്റെ തൃക്കുന്നപ്പുഴ പല്ലനയിലെ വീട്ടിൽ സനുമോഹൻ കുടുംബ സമേതം എത്തിയത്. മകൾക്ക് ഒരു 'സർപ്രൈസ്' കൊടുക്കാനുണ്ട് എന്ന് പറഞ്ഞാണ് ഭാര്യ രമ്യയെ ഉമേഷിന്റെ വീട്ടിലാക്കി സനു നകൾ വൈഗയുമായി പോയത്. ഉമേഷിനോട് കരീലക്കുളങ്ങരയിലെ അമ്മാവന്റെ വീടുവരെ പോകുകയാണ് എന്നാണ് പറഞ്ഞത്. അവിടെ നിന്നും പോയ ശേഷം പിന്നീട് ഇവരെ പറ്റി യാതൊരു വിവരവും ഇല്ലാതാവുകയായിരുന്നു. കരീലക്കുളങ്ങരയിലെ വീട്ടിൽ അന്വേഷിച്ചപ്പോൾ അവിടെ എത്തിയില്ല എന്ന് അറിഞ്ഞു. ഫോണിൽ പലവട്ടം ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫ് എന്ന മറുപടിയാണ് ലഭിച്ചത്. പിന്നീടാണ് കളമശ്ശേരി മഞ്ഞുമ്മൽ ഗ്ലാസ് കോളനിക്കു സമീപം മുട്ടാർ പുഴയിൽ നിന്നും വൈഗയുടെ മൃതദേഹം കണ്ടെത്തുന്നത്.

ക്രിമിനൽ സ്വഭാവമുള്ളയാളല്ല സനുവെന്നാണ് ബന്ധുക്കൾ ഉറപ്പിച്ച് പറയുന്നത്. പണ്ടുമുതലേ അധികം ആരോടും സംസാരിക്കാതെ ഒതുങ്ങിക്കൂടുന്ന പ്രകൃതമായിരുന്നു. സനുവിന്റെയും രമ്യയുടെയും പ്രണയ വിവാഹമായിരുന്നു. സനു അമ്മാവന്റെ വീട്ടിൽ നിന്നായിരുന്നു പഠനമൊക്കെ നടത്തിയിരുന്നത്. ഇതിനിടയിലാണ് സ്വന്തം വീടിനടുത്ത് തന്നെ താമസിക്കുന്ന രമ്യയെ പരിചപ്പെടുന്നതും പ്രണയത്തിലാകുന്നതും. രമ്യ ഡിഗ്രിക്ക് പഠിക്കുന്ന കാലത്തായിരുന്നു ഇവരുവരും അടുത്തത്. പ്രണയം വീട്ടുകാരൊക്കെ അറിയുകയും പിന്നീട് വിവാഹം കഴിച്ചു കൊടുക്കുകയുമായിരുന്നു. വിവാഹ ശേഷം ഇരുവരും പൂണെയിലേക്ക് പോകുകയായിരുന്നു. അവിടെ സ്പെയർപാർട്സ് ബിസിനസ് നടത്തി ജീവിതെ മുന്നോട്ട് പോകുമ്പോഴാണ് സാമ്പത്തിക പ്രശ്നം ഉണ്ടാകുന്നതും പൂണെയിൽ നിന്നും നാടു വിടുന്നതും. പിന്നീട് ഇവരെകുറിച്ച് യാതൊരു വിവരവും ഇല്ലായിരുന്നു.

സാമ്പത്തിക പ്രശ്നത്തിന്റെ ഭാഗമായി ആരോ സനുവിനെയും മകളെയും തട്ടിക്കൊണ്ടു പോകുകയും ഭീഷണിപ്പെടുത്തുന്നതിനിടെ വൈഗ കൊല്ലപ്പെട്ടതാകാമെന്നുമാണ് ബന്ധുക്കൾ വിശ്വസിക്കുന്നത്. ആറ്റുനോറ്റുണ്ടായ കുഞ്ഞിനെ കൊല്ലാൻ മാത്രമുള്ള മാനസികാവസ്ഥ സനുവിനില്ല. കുഞ്ഞിനെ കൊലപ്പെടുത്തിയിട്ട് എന്തെങ്കിലും നേട്ടമുണ്ടെങ്കിൽ സനുവാണ് കൊലപാതകി എന്ന് കരുതാമായിരുന്നു. എന്നാൽ അങ്ങനെ ഒന്നും ഇല്ല. അതിനാൽ തന്നെയാണ് സനു കുഞ്ഞിനെ കൊലപ്പെടുത്തുകയില്ല എന്ന് ബന്ധുക്കൾ ഇപ്പോഴും ഉറച്ചു വിശ്വസിക്കുന്നത്. എന്നാൽ ബന്ധുവീട്ടിലേക്ക് പോകുകയാണ് എന്ന് കള്ളം പറഞ്ഞതെന്തിനാണ് എന്ന കാര്യം ബന്ധുക്കളെ ആശങ്കയിലാഴ്‌ത്തുന്നുമുണ്ട്. സത്യം എന്താണെന്നറിയാനായി സനുമോഹന് യാതൊരു ആപത്തും ഉണ്ടാകാതെ തിരിച്ചു വരാൻ പ്രാർത്ഥിക്കുകയാണ് ബന്ധുക്കൾ.

അതേ സമയം സനു മോഹൻ നാടുവിടാൻ ഉപയോഗിച്ച സ്വന്തം കാർ പൊളിച്ചു വിറ്റതായി സൂചന ലഭിച്ചുമെന്ന് പൊലീസ് പറയുന്നു. ചെന്നൈയിലേക്കു പോയ അന്വേഷണ സംഘത്തിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പഴയ കാർ വർക്ഷോപ്പുകളിൽ തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിട്ടില്ല. നേരത്തെ സനു മറ്റൊരു കാർ പൊളിച്ചു വിറ്റതായി പൊലീസിനു വിവരം ലഭിച്ചു. കോയമ്പത്തൂരിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനം. ഇതിനിടെ സനുവിനെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചു. മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും കേരളത്തിലും മാധ്യമങ്ങൾ വഴിയും ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, ആൾത്തിരക്കുള്ള കേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിലും സനുവിന്റെ ഫോട്ടോയും പ്രാദേശികഭാഷയിൽ വിശദാംശങ്ങളും പരസ്യപ്പെടുത്തും. കാറിനെപ്പറ്റി വിവരം ലഭിച്ചാൽ അറിയിക്കണമെന്നും നോട്ടിസിലുണ്ട്. സനുവിനെ കണ്ടെത്താൻ ചെന്നൈക്കു പോയ പൊലീസ് സംഘം അവിടെ ക്യാംപ് ചെയ്യുകയാണ്. പൂണെയിലും പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തും.

സനുവുമായി ബന്ധമുള്ള ആരെയും ഫോൺ രേഖകളുടെ പരിശോധനയിൽ കണ്ടെത്താനായിട്ടില്ല. പൂണെയിൽ സനുവുമായി കേസുള്ള വ്യക്തികളിൽ നിന്നു കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാനുള്ള ശ്രമത്തിലാണു പൊലീസ്. ക്വട്ടേഷൻ സംഘം തന്നെ ആക്രമിക്കാൻ സാധ്യതയുണ്ടെന്ന ഭയം സനുവിന് ഉണ്ടായിരുന്നതായി പൊലീസിനു സൂചന കിട്ടിയിരുന്നു. മാർവാഡി പണമിടപാടു സംഘങ്ങൾ കേരളത്തിലുണ്ടെങ്കിലും അവരുമായി സനുവിന് ഇടപാടുകൾ ഉള്ളതായി കണ്ടെത്താനായില്ല. തൃക്കാക്കര അസി.പൊലീസ് കമ്മിഷണർ ആർ.ശ്രീകുമാർ, ഇൻസ്പെക്ടർ കെ.ധനപാലൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. സനു മോഹനുമായി തൊഴിൽപരമായും അല്ലാതെയും ബന്ധമുള്ള ഒട്ടേറെ പേരെ പൊലീസ് വിളിച്ചു വരുത്തി വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP