Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

തലശ്ശേരിയിൽ എ എൻ ഷംസീറിന് അടിപതറുമോ? ഷംസീറിന്റെ തട്ടകത്തിൽ കൊട്ടുമായി പി ജയരാജൻ; സി.ഒ.ടി നസീറിനെ അക്രമിച്ചത് നേരത്തെ പാർട്ടി തള്ളി പറഞ്ഞതാണെന്ന് ഓർമ്മപ്പെടുത്തൽ; നസീർ സ്ഥാനാർത്ഥിയാകാൻ തുനിഞ്ഞപ്പോൾ പിന്തിരിപ്പിക്കാൻ സംസാരിച്ചിരുന്നെന്നും പിജെ; നസീറ് വേണ്ടെന്ന് പറഞ്ഞാലും പിന്തുണയ്ക്കാൻ ബിജെപിയും

തലശ്ശേരിയിൽ എ എൻ ഷംസീറിന് അടിപതറുമോ? ഷംസീറിന്റെ തട്ടകത്തിൽ കൊട്ടുമായി പി ജയരാജൻ; സി.ഒ.ടി നസീറിനെ അക്രമിച്ചത് നേരത്തെ പാർട്ടി തള്ളി പറഞ്ഞതാണെന്ന് ഓർമ്മപ്പെടുത്തൽ; നസീർ സ്ഥാനാർത്ഥിയാകാൻ തുനിഞ്ഞപ്പോൾ പിന്തിരിപ്പിക്കാൻ സംസാരിച്ചിരുന്നെന്നും പിജെ; നസീറ് വേണ്ടെന്ന് പറഞ്ഞാലും പിന്തുണയ്ക്കാൻ ബിജെപിയും

അനീഷ് കുമാർ

കണ്ണൂർ: തലശ്ശേരി നിയമസഭാ മണ്ഡലത്തിൽ മത്സരം മുറുകുമ്പോൾ സിപിഎം സംസ്ഥാനാർത്ഥി എം എൻ ഷംസീറിന് അടിപതറുമോ എന്ന ചോദ്യം ഉയർന്നു കഴിഞ്ഞു. കാരണം ബിജെപിക്ക് ഇവിടെ സ്ഥാനാർത്ഥി ഇല്ലാതായചതോടെ ആ വോട്ടുകൾ എങ്ങോട്ടു പോകുമെന്ന ചോദ്യമാണ് ഉയരുന്നത്. ഇതിനിടെ പി ജയരാജനെ പിന്തുണക്കുന്നവർ സിഒടി നസീറിനെ പിന്തുണയ്ക്കുമോ എന്ന ആശങ്കയും ശക്തമാണ്. സിപിഎം കുടുംബമായിരുന്നു സിഒടി നസീറിന്റേത്. ഷംസീറിന്റെ ശത്രവും.

സി ഒ ടി നസീറിനെ ആക്രമിച്ച സംഭവത്തെ പാർട്ടി നേരത്തെ തള്ളി പറഞ്ഞതാണെന്ന് പി ജയരാജൻ ഓർമ്മപ്പെടുത്തി ഇന്ന് രംഗത്തുവന്നിരുന്നു. തലശേരിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നുണകൾ ഉൽപ്പാദിപ്പിക്കുന്ന ഫാക്ടറികളാണ് കേരളത്തിൽ യുഡിഎഫും ബിജെപിയും. അവർ ഏകോദര സഹോദരങ്ങളെപ്പോലെ എൽഡിഎഫിനെതിരെ നുണ ഉൽപാദിപ്പിച്ചു കൊണ്ടിരിക്കുന്നു ഒരു നുണ കഴിഞ്ഞാൽ വേറൊന്ന്. നുണ ബോംബുകൾ ജനങ്ങൾ പ്രതീക്ഷിക്കണം. തെറ്റിദ്ധരിക്കരുത് എന്ന ജാഗ്രത കൊടുക്കാനുള്ള അഭിപ്രായമാണ് ഇടതുപക്ഷ മുന്നണി നേതാക്കൾ നൽകിയത്. ജനങ്ങൾ അത് നല്ല സ്പിരിറ്റിൽ എടുത്തിട്ടുണ്ട്. സിപി എമ്മിൽ പ്രശ്‌നങ്ങൾ ഉണ്ട് എന്ന് പറയുന്ന മുല്ലപ്പള്ളി സ്വന്തം പാർട്ടിയിലെ കാര്യം ആലോചിച്ചിട്ടുണ്ടോന്നും പി ജയരാജൻ തലശേരിയിൽ പറഞ്ഞു.

ഇരിക്കൂറിൽ സ്ഥാനാർത്ഥി നിർണയം നടത്തിയപ്പോൾ ഹൈക്കമാൻഡ് ലോ കമാന്റായി എന്നു പറഞ്ഞത് കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് കെ സുധാകരൻ ആണ്. ജില്ലയിലെ എ ഗ്രൂപ്പുകാരെ ചവിട്ടി അരച്ചു കൊണ്ടാണ് സ്ഥാനാർത്ഥി നിർണയം എന്ന വിമർശനം ഉയർന്നു. അത് മറച്ചുവച്ചുകൊണ്ട് സിപിഎമ്മിൽ പ്രശ്‌നമുണ്ട് എന്ന് മുല്ലപ്പള്ളി നടത്തുന്ന പ്രചരണത്തിന് കോൺഗ്രസുകാർ പോലും വില കൊടുക്കില്ല. ഇ പി ജയരാജൻ ഇനി മത്സരിക്കാൻ ഇല്ല എന്ന് പറഞ്ഞതിനെ കുറിച്ച് അദ്ദേഹത്തോട് ചോദിച്ച് വ്യക്തത വരുത്തണമെന്നും പി ജയരാജൻ .

എന്നാൽ നസീർ നാമ നിർദ്ദേശ പത്രിക നൽകുന്നതുമായി മുന്നോട്ട് പോയി സി ഒ ടി ആക്രമിക്കപ്പെട്ടപ്പോൾ എല്ലാ നേതാക്കളും സന്ദർശിച്ചു. ഞാനും സന്ദർശിച്ചു. സി ഒ ടി നസീർ സ്ഥാനാർത്ഥിയാകാൻ തയ്യാറാക്കുന്നു എന്ന വന്നപ്പോൾ അദ്ദേഹത്തിന്റെ സഹോദരൻ ആവശ്യപെട്ട പ്രകാരം സി ഒ ടി നസീറുമായി സംസാരിച്ചു. എന്നാൽ നാമ നിർദ്ദേശം നൽകാനാണ് സി ഒ ടി നസീർ തീരുമാനിച്ചതെന്നും പി ജയരാജൻ പറഞ്ഞു.

അതിനിടെ സി.ഒ.ടി നസീർ വേണ്ടെന്ന് പറഞ്ഞാലും തലശ്ശേരിയിൽ അദ്ദേഹത്തിന് തന്നെ പിന്തുണ നൽകുമെന്ന് മുതിർന്ന ബിജെപി നേതാവ് സി. കെ പത്മനാഭൻ. ബിജെപി പ്രവർത്തകർ പ്രചാരണത്തിന് ഇറങ്ങുന്നില്ല എന്ന നസീറിന്റെ ആരോപണം ശരിയാണെന്നും പത്മനാഭൻ പറഞ്ഞു. തലശ്ശേരിയിൽ ബിജെപിക്കുള്ളിലെ പ്രതിസന്ധി രൂക്ഷമാണ്. അതിനാലാണ് പ്രശ്നങ്ങളെന്നും നസീറിനായി വോട്ട് ചോദിക്കാൻ പ്രവർത്തകരെ നേതൃത്വം തന്നെ ഇറക്കണമെന്നും സി. കെ പത്മനാഭൻ ആവശ്യപ്പെട്ടു. ബിജെപിയുടെ പിന്തുണ വേണ്ടെന്ന് വെക്കാൻ നസീറിനെ പ്രേരിപ്പിച്ചതിന് പിന്നിൽ സിപിഐ.എം നേതാവ് പി. ജയരാജൻ ആകാൻ സാധ്യതയുണ്ടെന്നും സി. കെ പത്മനാഭൻ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി പിന്തുണ വേണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസം സി.ഒ.ടി നസീർ പറഞ്ഞത്. പിന്തുണയ്ക്കുന്നുവെന്ന് പറഞ്ഞതല്ലാതെ ബിജെപി തങ്ങളുമായി സഹകരിക്കുന്നില്ലെന്നും നസീർ പറഞ്ഞിരുന്നു. 'ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ എന്നെ പിന്തുണയ്ക്കുന്നുവെന്ന് പറഞ്ഞതല്ലാതെ യാതൊരു സഹകരണവും ഇതുവരെയുണ്ടായില്ല. തലശ്ശേരിയിലെ ബിജെപി നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് യാതൊരു പിന്തുണയുമില്ല. പേരിന് മാത്രം പിന്തുണ എന്നുപറയുന്നതിൽ കാര്യമില്ല. മറ്റുള്ള കാര്യങ്ങൾ സഹപ്രവർത്തകരുമായി ചേർന്ന് ആലോപിച്ച് തീരുമാനിക്കും', എന്നായിരുന്നു സി.ഒ.ടി നസീർ പറഞ്ഞത്.

മാർച്ച് 29നാണ് തലശ്ശേരിയിൽ സി.ഒ.ടി നസീറിനെ പിന്തുണയ്ക്കാൻ ബിജെപി നേതൃത്വം തീരുമാനിച്ചത്. സി.ഒ.ടി നസീർ ബിജെപി പിന്തുണനൽകണമെന്ന് അഭ്യർത്ഥിച്ചതിനെ തുടർന്നായിരുന്നു തീരുമാനം. തലശ്ശേരിയിൽ എൻ.ഡി.എ സ്ഥാനാർത്ഥി എൻ. ഹരിദാസിന്റെ പത്രിക തള്ളിപോയിരുന്നു. നിലവിൽ എൻ.ഡി.എയ്ക്ക് തലശ്ശേരിയിൽ സ്ഥാനാർത്ഥിയില്ല. ബിജെപിക്ക് സ്ഥാനാർത്ഥിയില്ലാത്തതിനാൽ വോട്ട് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി സി.ഒ.ടി നസീർ നേരത്തെ പറഞ്ഞിരുന്നു. തുടർ നടപടി ബിജെപി നേതാക്കളുമായി സംസാരിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

തലശ്ശേരിയിൽ ബിജെപിയുമായി സഖ്യത്തിനില്ലെന്ന് നേരത്തെ സി.ഒ.ടി നസീർ അറിയിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ മത്സരിച്ചതിന് ആക്രമിക്കപ്പെട്ടയാളാണ് നസീർ. ആക്രമണത്തിന് പിന്നിൽ തലശ്ശേരി എംഎ‍ൽഎ ഷംസീറാണെന്ന് നസീർ പറഞ്ഞിരുന്നു. സിപിഐ.എം ലോക്കൽ കമ്മിറ്റി അംഗവും, നഗരസഭാ കൗൺസിലറും ആയിരുന്നു നസീർ. 2016ൽ കണ്ണൂർ ജില്ലയിൽ ബിജെപിക്ക് ഏറ്റവും കൂടുതൽ വോട്ട് കിട്ടിയ മണ്ഡലമാണ് തലശേരി. 22,125 വോട്ടുകളാണ് ബിജെപിക്ക് വേണ്ടി മത്സരിച്ച സജീവൻ അന്ന് ഇവിടെ നേടിയത്. ഇവിടെയാണ് ജില്ലാ പ്രസിഡന്റ് കൂടിയായ എൻ. ഹരിദാസിന്റെ പത്രിക തള്ളിയത്. ബിജെപി ഇത്തവണ ഏറെ പ്രതീക്ഷ വെച്ചിരുന്ന മണ്ഡലം കൂടിയായതിനാലാണ് ബിജെപി ജില്ലാ പ്രസിഡന്റിനെ തന്നെ രംഗത്തിറക്കാൻ തീരുമാനിച്ചിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP