Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രിയദർശനും ടികെ രാജീവ് കുമാറും പിന്മാറിയതും 'അമ്മ'യുടെ ചുമതലകളിൽ നിന്ന് ഗണേശ് ഒഴിഞ്ഞതും തമ്മിൽ ബന്ധമുണ്ടോ? താര സംഘടനയുടെ സിനിമയിൽ വൈശാഖ് എത്തിയതോടെ തിരുവനന്തപുരം ലോബി പിണക്കത്തിലോ? ഒന്നും പറയാതെ ഒഴിഞ്ഞ് ഇടവേള ബാബു; മൗനം തുടർന്ന് മോഹൻലാലും മമ്മൂട്ടിയും; 'അമ്മ'യിൽ സംഭവിക്കുന്നത് എന്ത്?

പ്രിയദർശനും ടികെ രാജീവ് കുമാറും പിന്മാറിയതും 'അമ്മ'യുടെ ചുമതലകളിൽ നിന്ന് ഗണേശ് ഒഴിഞ്ഞതും തമ്മിൽ ബന്ധമുണ്ടോ? താര സംഘടനയുടെ സിനിമയിൽ വൈശാഖ് എത്തിയതോടെ തിരുവനന്തപുരം ലോബി പിണക്കത്തിലോ? ഒന്നും പറയാതെ ഒഴിഞ്ഞ് ഇടവേള ബാബു; മൗനം തുടർന്ന് മോഹൻലാലും മമ്മൂട്ടിയും; 'അമ്മ'യിൽ സംഭവിക്കുന്നത് എന്ത്?

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: താരസംഘടനയായ അമ്മയുടെ ചുമതലകളിൽ നിന്നു പൂർണമായും ഒഴിയുകയാണെന്നു കെ.ബി ഗണേശ്‌കുമാർ പ്രഖ്യാപിച്ചത് ദിവസങ്ങൾക്ക് മുമ്പാണ്. നിലവിൽ അമ്മയുടെ വൈസ് പ്രസിഡന്റ് ആണ് ഗണേശ്‌കുമാർ. ഇനി ഭാരവാഹിത്വത്തിലേക്കു മൽസരിക്കില്ലെന്നും ഗണേശ് കുമാർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അമ്മയുടെ സ്വപ്‌ന സിനിമയിൽ നിന്നുള്ള പ്രിയദർശൻ-ടികെ രാജീവ് കുമാർ കൂട്ടുകെട്ടിന്റെ പിന്മാറ്റം. ഇതോടെ 'അമ്മ'യിൽ കലഹമുണ്ടെന്ന റിപ്പോർട്ടുകളും സജീവമാകുകയാണ്.

ഏറെ പ്രതീക്ഷയോടെയാണ് ട്വന്റി-ട്വന്റി മോഡലിൽ അമ്മയുടെ നിർമ്മാണത്തിൽ സിനിമ പ്രഖ്യാപിച്ചത്. അമ്മയ്ക്ക് വേണ്ടി ആന്റണി പെരുമ്പാവൂർ നിർമ്മാണ ചുമതലയും ഏറ്റെടുത്തു. പ്രിയനും രാജീവ് കുമാറും സിനിമയുടെ തിരക്കുകളിലേക്ക് മാറി. എന്നാൽ ഏവരേയും ഞെട്ടിച്ചു കൊണ്ട് പ്രിയനും രാജിവ് കുമാറും പ്രോജക്ടിൽ നിന്ന് പിന്മാറി. സിനിമാ സംവിധാനത്തിന്റെ ദൗത്യം വൈശാഖ് ഏറ്റെടുക്കുകയും ചെയ്തു. പുലിമുരുകനിലൂടെ ഏവരുടേയും കൈയടി നേടിയ സംവിധായകൻ. പ്രിയനെ മാറുമ്പോൾ വൈശാഖ് എത്തി. ഇതോടെ സിനിമയിലെ കൊച്ചി-തിരുവനന്തപുരം ലോബികൾ തമ്മിൽ പ്രശ്‌നമുണ്ടെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന.

സിനിമയിൽ രണ്ട് ലോബികളുണ്ട്. തിരുവനന്തപുരം ലോബിയും കൊച്ചി ലോബിയും. മോഹൻലാലും ഗണേശ് കുമാറും പ്രിയദർശനും എല്ലാമായിരുന്നു തിരുവനന്തപുരം ലോബിയുടെ പിന്നിൽ. ദിലീപ് എത്തിയതോടെ കൊച്ചി ലോബിക്കായി കരുത്ത്. നടിയെ ആക്രമിച്ച കേസ് സമവാക്യങ്ങൾ മാറ്റി. വീണ്ടും തിരുവനന്തപുരം ലോബി പിടിമുറുക്കി. എന്നാൽ ഗണേശ് കുമാർ അടക്കമുള്ളവർക്ക് കൂടുതൽ താൽപ്പര്യം ദിലീപിനോടായിരുന്നു. ദിലീപിനെ അമ്മയുടെ അംഗത്വത്തിൽ നിന്ന് പുറത്താക്കുന്നതിനെ ഗണേശ് അതിശക്തമായി എതിർത്തു. ഇതിനിടെ മോഹൻലാലിന്റെ നയതന്ത്രം എല്ലാം പരിഹിച്ചു.

ഇതിനിടെയാണ് അമ്മയ്ക്കായി പുതിയ കെട്ടിടം വാങ്ങുന്നതും ഫണ്ടുണ്ടാക്കാൻ സിനിമ പ്രഖ്യാപിക്കുന്നതും. അമ്മയുടെ ആദ്യ സിനിമയുടെ നിർമ്മാണ ചുമതല ഏറ്റെടുത്ത് വിജയിപ്പിച്ചത് ദിലീപായിരുന്നു. ദിലീപ് മാറി നിൽക്കുന്ന സാഹചര്യത്തിൽ ഉത്തരവാദിത്തം മോഹൻലാലും ആശിർവാദവം ഏറ്റെടുത്തു. മരയ്ക്കാൽ അറബിക്കടലിന്റെ സിംഹം എന്ന ചരിത്ര സിനിമയ്ക്ക് ശേഷമുള്ള പ്രിയന്റെ സിനിമ അമ്മയുടേതാകുമെന്നും പ്രഖ്യാപിച്ചു. എന്നാൽ പൊടുന്നനേ വൈശാഖ് സംവിധായകനായി. ഇതിനും ഗണേശിന്റെ അമ്മയിൽ നിന്നുള്ള പിന്മാറ്റത്തിനും ബന്ധമുണ്ടെന്നാണ് സൂചന. പ്രിയൻ അടക്കമുള്ളവരുമായി ഗണേശിന് ആത്മബന്ധമുണ്ട്.

മോഹൻലാലും പ്രിയനും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഗണേശിന് വേണ്ടി വോട്ട് ചോദിക്കാൻ എത്തിയിരുന്നു. സൗഹൃദങ്ങൾക്ക് ഏറെ വിലകൊടുക്കുന്ന പ്രിയൻ എന്തുകൊണ്ടാണ് അമ്മയുടെ പ്രോജക്ടിൽ നിന്ന് മാറുന്നതെന്ന് ഇനിയും വ്യക്തമല്ല. പ്രിയന് ഹിന്ദിയിൽ സിനിമാ തിരക്കുണ്ടെന്നും അതിനാൽ ആ പ്രോജക്ട് തൽകാലം മാറ്റി വച്ചുവെന്നുമാണ് സിനിമയിലെ പ്രമുഖൻ മറുനാടനോട് പ്രതികരിച്ചത്. ഇതോടെ വൈശാഖന് പുതിയ പ്രോജക്ടുമായി എത്തി. മമ്മൂട്ടി അടക്കമുള്ളവർക്ക് വൈശാഖിന്റെ പ്രോജക്ടിൽ താൽപ്പര്യവും ജനിച്ചുവെന്നും പറയുന്നു.

എന്തുകൊണ്ട് പ്രിയൻ പിന്മാറിയെന്ന് അമ്മയുടെ ജനറൽ സെക്രട്ടറിയായ ഇടവേള ബാബു പോലും വ്യക്തമാക്കുന്നില്ല. ഇക്കാര്യത്തിൽ വ്യക്തമായ തീരുമാനം ഒന്നും വന്നില്ലെന്നാണ് ഇടവേള ബാബു മറുനാടനോട് പറഞ്ഞത്. ഇതോടെ പ്രിയൻ ചിത്രം ഉപേക്ഷിച്ചതാണോ അതോ മാറ്റി വച്ചതാണോ എന്ന് പോലും വ്യക്തതയില്ലാത്ത സ്ഥിതി വരുന്നു. മോഹൻലാൽ ബറോസിന്റെ തിരക്കിലാണ്. ഇതിന് ശേഷം മാത്രമേ അമ്മയുടെ സിനിമ തുടങ്ങുക പോലുമുള്ളൂവെന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ ഹിന്ദി സിനിമയിലെ തിരക്കുകൾ കാരണം ഇപ്പോൾ പ്രിയൻ മാറുന്നത് ചർച്ചകൾക്കും ഇട നൽകും.

അമ്മ'യ്ക്കുവേണ്ടി ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഫെബ്രുവരി 6നാണ് നടന്നത്. സംഘടന കൊച്ചിയിൽ പണികഴിപ്പിച്ച പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന ദിവസം തന്നെയായിരുന്നു ഈ ചിത്രത്തിന്റെ പ്രഖ്യാപനം. ട്വന്റി 20 മാതൃകയിൽ ഒരുക്കുന്ന ചിത്രം ഒരു ക്രൈം ത്രില്ലർ ആയിരിക്കുമെന്നും ടി കെ രാജീവ് കുമാറിന്റെ തിരക്കഥയിൽ അദ്ദേഹവും പ്രിയദർശനും ചേർന്ന് സംവിധാനം ചെയ്യും എന്നുമായിരുന്നു പ്രഖ്യാപനം. എന്നാൽ ഈ പ്രോജക്റ്റിനെക്കുറിച്ച് അനൗൺസ് ചെയ്യപ്പെട്ടതിൽനിന്ന് വ്യത്യസ്തമായാണ് നിലവിൽ ആലോചനകൾ പുരോഗമിക്കുന്നത്.

പ്രിയദർശൻ-ടി കെ രാജീവ്കുമാർ ചിത്രം ഉപേക്ഷിച്ചുവെന്നും പകരം ഉദയകൃഷ്ണയുടെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാവും വരികയെന്നും വാർത്തകൾ പുറത്തുവരുന്നുണ്ട്. എന്നാൽ ഈ കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഈ വാർത്തയെക്കുറിച്ച് തനിക്ക് അറിവില്ലെന്നാണ് പ്രതികരണം ആരാഞ്ഞപ്പോൾ ടി കെ രാജീവ്കുമാർ പറഞ്ഞത്. തന്റെ കുടുംബത്തിനൊപ്പം മമ്മൂട്ടിയും മോഹൻലാലും ഇരിക്കുന്ന വ്യത്യസ്ത ഫോട്ടോകൾ ചേർത്തുള്ള ഒരു കൊളാഷ് വൈശാഖ് തന്റെ ഫേസ്‌ബുക്ക് കവർ ഫോട്ടോ ആക്കിയിരുന്നു. ഇത് 'അമ്മ'യുടെ മൾട്ടിസ്റ്റാർ ചിത്രത്തിന്റെ സൂചന തന്നെയാണെന്ന തരത്തിലാണ് ആരാധകരുടെ പ്രതികരണം. രണ്ടുപേർക്കും ഒരേപോലെയുള്ള പ്രാധാന്യം കൊടുക്കണമെന്നും ട്വന്റി 20യേക്കാൾ നന്നാവണമെന്നുമൊക്കെ ഈ പോസ്റ്റിനുതാഴെ കമന്റുകൾ ഉണ്ട്. അതേസമയം ഈ വിഷയത്തിൽ ഔദ്യോഗിക പ്രതികരണം വരും ദിവസങ്ങളിൽ ഉണ്ടാവുമെന്ന് കരുതപ്പെടുന്നു.

'അമ്മ'യ്ക്ക് മുന്നോട്ടുപോകാനുള്ള സാമ്പത്തിക അടിത്തറയ്ക്കുവേണ്ടിയാണ് ട്വന്റി 20 മാതൃകയിൽ സിനിമാ നിർമ്മാണം ആലോചിച്ചിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ ഒരു ഷോ നടത്താനുള്ള പ്രായോഗിക ബുദ്ധിമുട്ടിനാൽ അണിയറക്കാർ സിനിമ എന്ന ആശയത്തിലേക്ക് എത്തുകയായിരുന്നു. ടി കെ രാജീവ്കുമാറിന്റെ തിരക്കഥയിൽ ഒരുങ്ങാനിരുന്ന സിനിമയിൽ 140 ആർട്ടിസ്റ്റുകൾക്ക് വർക്ക് ചെയ്യാമെന്നാണ് പ്രഖ്യാപനവേളയിൽ മോഹൻലാൽ പറഞ്ഞിരുന്നത്. ഇതിന് പിന്നാലെയാണ് ഗണേശ് അമ്മയുമായുള്ള ബന്ധം ഉപേക്ഷിക്കുന്നുവെന്ന് വെളിപ്പെടുത്തിയത്. ആരോടും പിണക്കമുണ്ടായിട്ടല്ലെന്നും സിനിമയിലും രാഷ്ട്രീയത്തിലും കൂടുതൽ ശ്രദ്ധതിരിക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെയൊരു തീരുമാനമെന്നും ഗണേശ് പറഞ്ഞു.

അമ്മയുടെ ഭാരവാഹിത്വത്തിലേക്ക് ഇനി ഇല്ല. സംഘടനക്ക് രൂപം കൊടുക്കാൻ ഏറ്റവുമധികം പ്രയത്‌നിച്ചത് ഞാനും മണിയൻപിള്ള രാജുവും ആണ്. പക്ഷേ, 'അമ്മ' എഴുതുന്ന ചരിത്രത്തിൽ എന്തെഴുതും എന്ന് തനിക്കറിയില്ലെന്നും ഗണേശ് കുമാർ പറയുന്നു. അന്ന് ഞാനും മണിയൻപിള്ളയും സ്വന്തം കാറെടുത്ത് എല്ലാ നടീനടന്മാരുടെയും വീട്ടിൽ പോയി കണ്ടു സംസാരിച്ചാണ് അവരെ അംഗങ്ങളാക്കിയത്. 2500 രൂപയായിരുന്നു അന്നത്തെ അംഗത്വ ഫീസ്. ഞങ്ങളെ അന്നു ചിലർ പുച്ഛത്തോടെയാണ് മടക്കി അയച്ചത്.

പിന്നീട് അവരെല്ലാം സംഘടനയിൽ അംഗങ്ങളായി. അമ്മയിൽ നിന്ന് കൈനീട്ടം വാങ്ങുന്നവരായി. വേണു നാഗവള്ളി, എം ജി സോമൻ ഇവരെല്ലാം ആത്മാർഥമായി സഹകരിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു. പത്തനാപുരത്ത് ഇടതുമുന്നണി സ്ഥാനാർത്ഥിയാണ് ഗണേശ് കുമാർ. കഴിഞ്ഞ പല അവസരങ്ങളിലും ഗണേശ് കുമാറിന്റെ പ്രചാരണത്തിനു മുൻനിര താരങ്ങളെത്തിയിരു ന്നു. കഴിഞ്ഞ തവണ മറ്റൊരു താരമായ ജഗദീഷ് ആയിരുന്നു ഗണേശ്‌കുമാറിന്റെ എതിരാളി. അന്ന് അവർ തമ്മിലുണ്ടായ വാക്‌പോര് സിനിമയിലും പുറത്തും വലിയ വാർത്തയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP