Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിറഞ്ഞു കളിച്ച് കോൺഗ്രസ്; നായർ വോട്ടുകളിൽ വിള്ളലുണ്ടാക്കാൻ ബിജെപി; പോരാത്തതിന് ഇടതു മുന്നണിയിലെ തമ്മിൽ തല്ലും; സിപിഐയും എംഎൽഎയും നേർക്കു നേർ പോരിലേക്ക്; കാലുവാരൽ രാഷ്ട്രീയം തിരിച്ചറിഞ്ഞ് സിനിമാക്കാരനായ രാഷ്ട്രീയക്കാരൻ; പത്തനാപുരത്ത് ഗണേശിന് അടിതെറ്റുമോ? ചാമക്കാല ഫാക്ടർ ചലനമുണ്ടാക്കുമ്പോൾ

നിറഞ്ഞു കളിച്ച് കോൺഗ്രസ്; നായർ വോട്ടുകളിൽ വിള്ളലുണ്ടാക്കാൻ ബിജെപി; പോരാത്തതിന് ഇടതു മുന്നണിയിലെ തമ്മിൽ തല്ലും; സിപിഐയും എംഎൽഎയും നേർക്കു നേർ പോരിലേക്ക്; കാലുവാരൽ രാഷ്ട്രീയം തിരിച്ചറിഞ്ഞ് സിനിമാക്കാരനായ രാഷ്ട്രീയക്കാരൻ; പത്തനാപുരത്ത് ഗണേശിന് അടിതെറ്റുമോ? ചാമക്കാല ഫാക്ടർ ചലനമുണ്ടാക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

പത്തനാപുരം: മോഹൻലാൽ വോട്ട് അഭ്യർത്ഥിച്ചിട്ടും പത്തനാപുരത്ത് ഗണേശ് കുമാറിന്റെ തലവേദന തീരുന്നില്ല. ഇടതു മുന്നണിയിൽ സിപിഐ സിറ്റിങ് എംഎൽഎയോട് കട്ടക്കലിപ്പിലാണ്. എൽഡിഎഫ് പത്തനാപുരം തിരഞ്ഞെടുപ്പ് മണ്ഡലം എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ കെ.ബി.ഗണേശ്‌കുമാർ എംഎൽഎയും സിപിഐ നേതാക്കളും തമ്മിൽ പോർവിളി നടന്നതോടെ പ്രശ്‌നങ്ങൾ പുതു തലത്തിലെത്തുന്നു. തിരഞ്ഞെടുപ്പ് അവലോകനത്തിനായി തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ ചേർന്ന യോഗത്തിലാണ് സംഭവം. സിപിഎമ്മിനും പ്രശ്‌നം പറഞ്ഞു തീർക്കാൻ കഴിയുന്നില്ല. പത്തനാപുരത്ത് സിപിഐയ്ക്ക് വ്യക്തമായ സ്വാധീനമുണ്ട്.

പ്രസംഗമധ്യേ, സിപിഐ നേതാക്കൾ കാലുവാരൽ നടത്തുന്നതായി പൊതുവേ ആക്ഷേപം ഉണ്ടെന്നും ഇതു മറികടക്കാൻ പത്രസമ്മേളനം വിളിച്ചു നേതാക്കൾ വ്യക്തത വരുത്തണമെന്നും കെ.ബി.ഗണേശ്‌കുമാർ ആവശ്യപ്പെട്ടതോടെയാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്. സിപിഐ സംസ്ഥാന കൗൺസിൽ അംഗം എസ്.വേണുഗോപാൽ, മണ്ഡലം സെക്രട്ടറി എം.ജിയാസുദ്ദീൻ എന്നിവർ ഗണേശ്‌കുമാറിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. പിറപ്പുദോഷമുള്ളവരല്ലെന്നും ആക്ഷേപം തെളിയിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. ഗണേശ്‌കുമാർ എൽഡിഎഫിൽ എത്തിയ ശേഷം കഴിഞ്ഞ 5 വർഷത്തിനിടെ ഒരാവശ്യത്തിനും എംഎൽഎയുടെ ഓഫിസിനു മുന്നിൽ പോയിട്ടില്ലെന്നും സിപിഐ പറഞ്ഞു.

സിപിഐയെക്കുറിച്ചു മനസ്സിലാക്കാൻ ആർ.ബാലകൃഷ്ണപിള്ളയോടു ചോദിക്കണമെന്നും ആവശ്യപ്പെട്ടാണ് നേതാക്കൾ വിമർശനം അവസാനിപ്പിച്ചത്. എംഎൽഎയ്ക്ക് എന്തെങ്കിലും ആക്ഷേപം ഉണ്ടായിരുന്നെങ്കിൽ നേതൃതല സ്റ്റിയറിങ് കമ്മിറ്റിയിൽ പറയണമായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ്(ബി)യുടെ നേതൃത്വത്തിലാണു സിപിഐ സ്ഥാനാർത്ഥികൾക്കെതിരെ വിമതരെ മത്സരിപ്പിക്കുകയും വിമത പ്രവർത്തനം നടത്തുകയും ചെയ്തത്. ഇതു മറന്നിട്ടല്ല എൽഡിഎഫിനു വേണ്ടി പ്രവർത്തിക്കുന്നതെന്നും സിപിഐ നേതാക്കൾ പറഞ്ഞു. ഗണേശ്‌കുമാറും സിപിഐ നേതാക്കളും വാക്ക്‌പോര് തുടർന്നപ്പോൾ സിപിഎം നേതാക്കൾ മൗനം പാലിച്ചു. അവർക്ക് വ്യക്തമായ ഉത്തരവും ഉണ്ടായിരുന്നില്ല. പത്തനാപുരത്ത് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാലയാണ് സ്ഥാനാർത്ഥി. ഗണേശിന് വലിയ ഭീഷണിയാണ് ചാമക്കാല ഉയർത്തുന്നത്. ഇതിനിടെയാണ് മുന്നണിയിലെ പ്രശ്‌നവും.

ആരോഗ്യകാരണങ്ങളാൾ പ്രശ്‌നങ്ങൾ പറഞ്ഞു തീർക്കാൻ ബാലകൃഷ്ണ പിള്ളയും സജീവമായി രംഗത്തില്ല. ഇതും ഗണേശിന് വെല്ലുവിളിയാണ്. ഗണേശിന്റെ കോട്ടയാണ് പത്തനാപുരം. സിപിഐയിൽ നിന്ന് മണ്ഡലം പിടിച്ചെടുത്ത ഗണേശിന് പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. യുഡിഎഫിലും എൽഡിഎഫിലും നിന്ന് ജയിച്ചു. 20 വർഷത്തെ പരാജയമറിയാത്ത മുന്നോട്ട് പോക്ക്. കോൺഗ്രസ് വക്താവ് ജ്യോതികുമാർ ചാമക്കാല മണ്ഡലം ഇളക്കിമറിച്ചുള്ള പ്രചാരണത്തിലാണ്. ഗണേശിന് വലിയ വെല്ലുവിളി സൃഷ്ടിക്കാൻ ചാമക്കാലയ്ക്കും യുഡിഎഫിനും കഴിഞ്ഞിട്ടുണ്ട്. ഇതിനിടെ നായർവോട്ടുകൾ ലക്ഷ്യമിട്ടുള്ള ബിജെപിയുടെ കടന്നു കയറ്റം.

നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷിയെ സ്വാധീനിക്കാൻ തന്റെ പി.എ ശ്രമിച്ചുവെന്ന വിവാദമാണ് ഇത്തവണ ഗണേശ് നേരിടുന്നത്. ഇതിനെ ചൊല്ലി മണ്ഡലത്തിൽ പ്രതിപക്ഷ പ്രതിഷേധവും അരങ്ങേറി. കൊട്ടാരക്കര താലൂക്കിലെ മേലില, വെട്ടിക്കവല പഞ്ചായത്തുകളും പത്തനാപുരം താലൂക്കിലെ പത്തനാപുരം, പട്ടാഴി, പട്ടാഴി വടക്കേക്കര, പിറവന്തൂർ, തലവൂർ, വിളക്കുടി പഞ്ചായത്തുകളും ചേർന്നതാണ് പത്തനാപുരം നിയമസഭാ നിയോജക മണ്ഡലം. 1987 മുതൽ 1996 വരെ സിപിഐയുടെ കൈയിലുണ്ടായിരുന്ന മണ്ഡലമാണ് പത്തനാപുരം. പിന്നീട് 2001 ൽ ഗണേശ് ജയിച്ചു. അട്ടിമറി വിജയമായിരുന്നു അത്.

2001ലെ കന്നിപ്പോരാട്ടത്തിൽ 9931 വോട്ടിന്റെ ഭൂരിപക്ഷവുമായി വിജയിച്ച ഗണേശ് മൂന്നുവർഷം ഗതാഗതമന്ത്രിയായിരുന്നു. 2006ലെ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം 11814 വോട്ടായി വർധിപ്പിച്ചു. 2011ൽ 20402 വോട്ടിന്റെ ഭൂരിപക്ഷവുമായി ഹാട്രിക് വിജയം നേടി. യുഡിഎഫ് മന്ത്രി സഭയിൽ 2013 വരെ വനം, പരിസ്ഥിതി, സിനിമാ മന്ത്രിയുമായിരുന്നു. കുടുംബപരമായ പ്രശ്നങ്ങളെ തുടർന്നുണ്ടായ വിവാദത്തിനൊടുവിൽ 2013 ഏപ്രിൽ ഒന്നിന് മന്ത്രിസ്ഥാനം രാജിവച്ച അദ്ദേഹം പിന്നീട് യു.ഡി.എഫ്. വിടുകയും ഇടത് മുന്നണിയുടെ ഭാഗമായി മാറുകയും ചെയ്തു. പിന്നീട് 2016ൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായാണ് ഗണേശ് കുമാർ നിയമസഭയിലേക്ക് എത്തിയത്. 2016ലെ താരപോരാട്ടത്തിൽ ഗണേശ് കുമാർ ഒരിക്കൽ കൂടി തന്റെ ഭൂരിപക്ഷം ഉയർത്തി 24,562 ആക്കുകയായിരുന്നു.

ചലച്ചിത്രതാരം ജഗദീഷ് യു ഡി എഫ് സ്ഥാനാർത്ഥിയായും ഭീമൻ രഘു ബിജെപി സ്ഥാനാർത്ഥിയായും മത്സരരംഗത്തെത്തി. ഇതോടെ താരപോരാട്ടത്താൽ ഏറെ ശ്രദ്ധയാകർഷിച്ച മണ്ഡലമായി പത്തനാപുരം മാറുകയായിരുന്നു. എന്നിട്ടും ഗണേശിന് ഒന്നും സംഭവിച്ചില്ല. എന്നാൽ ഇടതുപക്ഷത്തെ പ്രശ്‌നങ്ങൾ ഗണേശിന് വിനയാകുമെന്ന ആശങ്ക കേരളാ കോൺഗ്രസിനുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP