Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോക്‌സഭയിലെ വോട്ട് വിഹിതം നിയമസഭയിൽ കാണാനില്ല; കാരണം കണ്ടെത്താൻ വോട്ടർ പട്ടിക അരിച്ചു പെറുക്കാൻ നിയോഗിച്ചത് ഐഎഎമ്മിൽ നിന്ന് വിരമിച്ച പ്രഫസറെ; 140 മണ്ഡലങ്ങളിലായി 2500 സാങ്കേതിക വിദഗ്ദ്ധർ പണിയെടുത്തു; നിർണ്ണായകമായത് വനിതാ വോട്ടർമാരുടെ അനുപാത കൂടുതൽ കണ്ടെത്തിയത്; ക്ലൈമാക്‌സിൽ ബോണസായി കിട്ടിയത് സ്പ്രിൻക്ലറും; വ്യാജ വോട്ട് ചർച്ചയാകുമ്പോൾ

ലോക്‌സഭയിലെ വോട്ട് വിഹിതം നിയമസഭയിൽ കാണാനില്ല; കാരണം കണ്ടെത്താൻ വോട്ടർ പട്ടിക അരിച്ചു പെറുക്കാൻ നിയോഗിച്ചത് ഐഎഎമ്മിൽ നിന്ന് വിരമിച്ച പ്രഫസറെ; 140 മണ്ഡലങ്ങളിലായി 2500 സാങ്കേതിക വിദഗ്ദ്ധർ പണിയെടുത്തു; നിർണ്ണായകമായത് വനിതാ വോട്ടർമാരുടെ അനുപാത കൂടുതൽ കണ്ടെത്തിയത്; ക്ലൈമാക്‌സിൽ ബോണസായി കിട്ടിയത് സ്പ്രിൻക്ലറും; വ്യാജ വോട്ട് ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കള്ളവോട്ട് തടഞ്ഞാൽ ഏത് കോട്ടയും പിടിക്കാമെന്ന് കോൺഗ്രസിന് കാട്ടികൊടുത്തത് അടൂർ പ്രകാശായിരുന്നു. ആറ്റിങ്ങലിലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അടൂർ പ്രകാശിന്റെ അട്ടിമറി ജയത്തിന് പിന്നിൽ കള്ളവോട്ട് കണ്ടെത്തിയ കഠിനാധ്വാനം ഉണ്ടായിരുന്നു. ഇതാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വീണ്ടും ആവർത്തിച്ചത്. മാനേജ്‌മെന്റ് വിദഗ്ധന്റെ സഹായത്തോടെ വ്യാജ വോട്ടർമാരെ കണ്ടെത്തി. അത് ഇലക്ഷൻ കമ്മീഷന് പരാതി നൽകി. ഇതോടെയാണ് വ്യാജ വോട്ടിൽ കോൺഗ്രസ് നിർണ്ണായക വിജയം കൈവരിച്ചത്.

ഒടുവിൽ കണ്ടെത്തിയ കള്ളവോട്ട് പട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്തു. എല്ലാത്തിനും സാങ്കേതിക വിദഗ്ദ്ധർ നേതൃത്വം നൽകിയപ്പോൾ ലീഡറായത് രമേശ് ചെന്നിത്തലയാണ്. എന്തിനും കുറ്റവും കുറവും കണ്ടെത്തുന്ന സൈബർ സഖാക്കൾ ഇവിടേയും ചിലത് കണ്ടെത്തി. എന്നാൽ എല്ലാം പൊളിയുകയാണ്. മാത്രമല്ല ഇനി കള്ളവോട്ട് ചെയ്യാൻ ആളെ കിട്ടില്ലെന്നതാണ് വസ്തുത. അതിശക്തമായ ത്രികോണ പോര് നടക്കുന്ന നേമം പോലുള്ള മണ്ഡലങ്ങളിൽ ഓരോ വോട്ടും നിർണ്ണായകമാണ്. അതുകൊണ്ട് തന്നെ വ്യാജ വോട്ടർമാരുടെ കണ്ടെത്തൽ യഥാർത്ഥ വിജയിയെ നിശ്ചയിക്കുമെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ.

വ്യാജവോട്ടുകൾ തടയാനുള്ള കോൺഗ്രസിന്റെ 'ഓപ്പറേഷൻ ട്വിൻസ്' ദൗത്യത്തിൽ 140 മണ്ഡലങ്ങളിലായി സാങ്കേതികവിദഗ്ദ്ധർ ഉൾപ്പെടെ 2500 പേർ നേരിട്ടു പങ്കാളിയായി. ഇനിയും പരിശോധന തുടരും. ക്രമക്കേടു സംശയിക്കുന്ന 25 ലക്ഷത്തോളം പേരുടെ പട്ടിക ബൂത്തുകളിലെത്തിച്ച് വ്യാജവോട്ടുകൾ പൂർണമായി തടയാനാണു ശ്രമം. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിയെങ്കിലും യുഡിഎഫിന്റെയും എൽഡിഎഫിന്റെയും വോട്ടുവിഹിതത്തിലെ വ്യത്യാസം കുറയുന്നത് എന്തുകൊണ്ട് എന്ന ചോദ്യമാണ് വോട്ടർപട്ടികയെക്കുറിച്ചുള്ള അന്വേഷണത്തിലേക്കു കോൺഗ്രസ് നേതൃത്വത്തെ നയിച്ചത്. 2014, 2019 ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ ഈ കുറവ് ഉണ്ടായില്ല. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനു വൻ തോൽവി നേരിട്ടതോടെ സംശയം ബലപ്പെട്ടു. ഇതോടെയാണ് അന്വേഷണത്തിന് ടീമിനെ നിയോഗിച്ചത്.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽനിന്നു വിരമിച്ച പ്രഫസർ ഉൾപ്പെടെ വിദഗ്ധരെ ഇതിനായി ചുമതലപ്പെടുത്തി. ഏകോപനത്തിനായി സംസ്ഥാനതലത്തിൽ ബൂത്ത് മാനേജ്‌മെന്റ് കമ്മിറ്റി (ബിഎംസി) രൂപീകരിച്ചു. 140 മണ്ഡലങ്ങളിലെയും വോട്ടർപട്ടിക പരിശോധിക്കാൻ പ്രവർത്തകരെ ചുമതലപ്പെടുത്തുകയും പരിശീലനം നൽകുകയും ചെയ്തു. ബിഎംസിയിലെ വിദഗ്ദ്ധർ എല്ലാ ജില്ലകളിലുമെത്തി നേരിട്ട് അന്വേഷണത്തിനു നേതൃത്വം നൽകി. പല മണ്ഡലങ്ങളിലും വനിതാ വോട്ടർമാരുടെ അനുപാതം സാധാരണയിൽ കൂടുതൽ വർധിച്ചുവെന്ന കണ്ടെത്തൽ വഴിത്തിരിവായി. ഇരട്ടിപ്പും വോട്ടർ അറിയാതെ പല ബൂത്തുകളിലും പല മണ്ഡലങ്ങളിലുമായി വ്യാജ വോട്ടർ ഐഡി കാർഡുകൾ സൃഷ്ടിച്ചതും സാങ്കേതികവിദ്യയുടെ സഹായത്തോടെ കണ്ടെത്തി.

അന്വേഷിച്ചുറപ്പിച്ചതോടെയാണ് വിഷയം പൊതുസമൂഹത്തിനു മുന്നിൽ അവതരിപ്പിക്കാനും തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നൽകാനും തീരുമാനിച്ചത്. വോട്ടുകൾ ഇരട്ടിക്കുന്നതു സ്വാഭാവികമാണെങ്കിലും ഒരേ വോട്ടറുടെ ഫോട്ടോ ഉപയോഗിച്ച് അയാളറിയാതെ അഞ്ചും എട്ടും പേരുകളിലും വിലാസത്തിലും വോട്ടർ ഐഡി കാർഡുകൾ ഉണ്ടാക്കിയതു തെളിഞ്ഞതോടെയാണു പ്രശ്‌നത്തിന്റെ ഗൗരവം സമൂഹം തിരിച്ചറിഞ്ഞത്. ഓപ്പറേഷൻ ട്വിൻസ് പൊതുജനങ്ങൾക്കുള്ള വെബ്‌സൈറ്റ് ആണെങ്കിൽ മണ്ഡലങ്ങളിൽ പാർട്ടി ചുമതലപ്പെടുത്തിയവർക്കായി ഡിജിറ്റൽ പ്ലാറ്റ്‌ഫോം വേറെയുണ്ട്. അതിലൂടെയാണു നിർദേശങ്ങൾ നൽകുന്നത്. ഒരു ബൂത്തിൽ ശരാശരി 100 വോട്ടുകൾ പരിശോധിച്ച് ഇരട്ടിപ്പും വ്യാജനും രേഖപ്പെടുത്താനാണു നിർദേശിച്ചിരിക്കുന്നത്. വോട്ടെടുപ്പു ദിവസം തിരഞ്ഞെടുപ്പു കമ്മിഷൻ നൽകുന്ന പട്ടിക കൂടി പരിശോധിച്ച് ക്രമക്കേടുകൾ കയ്യോടെ കണ്ടെത്താനാണു ശ്രമം. എതിർപ്പുണ്ടാകാനുള്ള സാധ്യത മുന്നിൽക്കണ്ട്, ബൂത്ത് ഏജന്റുമാർക്കു സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പു കമ്മിഷനു ചെന്നിത്തല കത്തു നൽകിയിട്ടുണ്ട്.

ഇത്രയും നാൾ നടത്തിവന്ന കള്ളവോട്ട് കയ്യോടെ പിടിച്ചതിന്റെ വെപ്രാളമാണു വോട്ട് ഇരട്ടിപ്പ് ലിസ്റ്റ് പുറത്തു വിട്ടതിനെക്കുറിച്ചുള്ള സിപിഎമ്മിന്റെ പ്രതികരണത്തിൽ കാണുന്നതെന്നു ര്രമേശ് ചെന്നിത്തല പറയുന്നു. കള്ളം കയ്യോടെ പിടിക്കപ്പെട്ടപ്പോൾ വിവരച്ചോർച്ച എന്നു പറഞ്ഞ് ജനശ്രദ്ധ തിരിച്ചു വിടാനാണ് സിപിഎം ശ്രമിക്കുന്നത്. വ്യാജവോട്ട് സംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധീകരിച്ചതിൽ ഒരു ചോർച്ചയുമില്ല. ഏതെല്ലാമാണ് സെൻസിറ്റീവ് സ്വകാര്യ ഡേറ്റ, ഏതെല്ലാമാണ് അല്ലാത്തത് എന്നതിനെക്കുറിച്ച് സിപിഎമ്മിന്റെ പ്രഖ്യാപിത ബുദ്ധിജീവികൾക്കു പോലും അറിയാത്തത് കഷ്ടമാണ്. യഥാർഥ വിവരച്ചോർച്ച എന്താണെന്ന് അറിയണമെങ്കിൽ ആരോപണമുന്നയിച്ച എം.എ.ബേബി സ്പ്രിൻക്ലർ ഇടപാട് ഒന്നു കൂടി മനസ്സിരുത്തി പഠിക്കണമെന്നും ചെന്നിത്തല സമൂഹമാധ്യമത്തിൽ വ്യക്തമാക്കി.

തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ ഡേറ്റ ചോർച്ച എന്ന ഗൗരവമേറിയ വിഷയം വീണ്ടും ചർച്ചയ്ക്ക് കൊണ്ടുവന്നതിന് സിപിഎമ്മിനെ നന്ദി അറിയിക്കുന്നു. സിപിഎമ്മിന്റെയും ഇടതുപക്ഷത്തിന്റെയും പ്രഖ്യാപിത നയമായിരുന്ന ഡേറ്റാ സ്വകാര്യത ലംഘിക്കപ്പെട്ട സ്പ്രിൻക്ലർ ഇടപാടിൽ സർക്കാരിനു വേണ്ടി ഘോരഘോരം വാദിച്ചവർ ഇപ്പോൾ ഈ വിഷയം മുന്നോട്ടു കൊണ്ടുവന്നു എന്നത് സ്വാഗതാർഹമാണ്. എന്നാൽ ഏതെല്ലാമാണ് സെൻസിറ്റീവ് സ്വകാര്യ ഡേറ്റ, ഏതെല്ലാമാണ് അല്ലാത്തത് എന്നതിനെക്കുറിച്ച് സിപിഎമ്മിന്റെ പ്രഖ്യാപിത ബുദ്ധിജീവികൾക്കു പോലും അറിയാത്തത് കഷ്ടമാണ്. സർക്കാരിന്റെ തട്ടിപ്പുകൾ പൊടിപൊടിക്കുന്ന കാലത്തൊന്നും ഇവിടെ കാണാതിരുന്ന പൊളിറ്റ് ബ്യൂറോ അംഗങ്ങളെ ഇപ്പോൾ കാണുന്നതിൽ സന്തോഷമുണ്ട്.

തിരഞ്ഞെടുപ്പു പട്ടികയിലെ വ്യാജ വോട്ടുകളും ഇരട്ടവോട്ടുകളും യുഡിഎഫ് കണ്ടെത്തിയത് ദീർഘമായ പ്രയത്‌നത്തിനൊടുവിലാണ്. ഇലക്ഷൻ കമ്മിഷൻ പ്രസിദ്ധീകരിച്ച, ഇന്റർനെറ്റിൽ ലഭ്യമായ, ലോകത്തിന്റെ എവിടെനിന്നും ആർക്കും പ്രാപ്യമായ വിവരങ്ങൾ എടുത്ത് ഡേറ്റാ അനലിറ്റിക്‌സ് നടത്തുക മാത്രമാണ് യുഡിഎഫ് പ്രവർത്തകർ ചെയ്തത്. ഇത് ഡേറ്റാ പ്രൈവസിയിലുള്ള കടന്നുകയറ്റമാണ് എന്നെല്ലാം പറഞ്ഞു കേൾക്കുന്നത് കൗതുകകരമാണ്. സ്പ്രിൻക്ലർ ഇടപാട് പരിശോധിച്ചാൽ എന്താണ് ഡേറ്റാ ചോർച്ച എന്ന് മനസ്സിലാക്കാം. സെൻസിറ്റീവ് പഴ്‌സനൽ ഡേറ്റയായ ആരോഗ്യ വിവരങ്ങളാണ് സർക്കാർ ശേഖരിച്ച് ഒരു മാനദണ്ഡങ്ങളുമില്ലാതെ അമേരിക്കൻ കമ്പനിക്ക് നൽകിയത്. എന്താണ് സെൻസിറ്റീവ് പഴ്‌സനൽ ഡേറ്റ എന്നത് സംബന്ധിച്ച് കൃത്യമായ നിർവചനമുണ്ട്. ആരോഗ്യവിവരങ്ങൾ സെൻസിറ്റീവ് പഴ്‌സനൽ വിവരങ്ങളാണ്.

അതുകൊണ്ടാണ് സ്പ്രിൻക്ലർ കേസ് കോടതിയിലെത്തിയപ്പോൾ ഇത്തരം സെൻസിറ്റീവ് വിവരങ്ങൾ ശേഖരിക്കുമ്പോൾ ആളുകളുടെ അനുമതി എഴുതി വാങ്ങണം എന്ന് ഹൈക്കോടതി ആവശ്യപ്പെട്ടത്. ഇവിടെ വോട്ടേഴ്‌സ് ഐഡിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇലക്ഷൻ കമ്മിഷൻ വെബ്‌സൈറ്റിൽ ശേഖരിച്ചിട്ടുള്ള, ആർക്കും പ്രാപ്യമായ വിവരങ്ങളാണ്. ഇത് ഡൗൺലോഡ് ചെയ്ത് ക്രോഡീകരിക്കുക മാത്രമാണ് ഓപ്പറേഷൻ ട്വിൻസിൽ നടത്തിയിട്ടുള്ളത്. ഇലക്ഷൻ കമ്മിഷൻ പ്രസിദ്ധീകരിച്ച വിവരങ്ങൾ മറ്റ് ഏതെങ്കിലും രാഷ്ട്രത്തിലിരുന്ന് കോപ്പി ചെയ്ത് എടുക്കുന്നതിനും, സൂക്ഷിക്കുന്നതിനും നിയമപരമായി വിലക്കില്ല. ഏതെങ്കിലും വിവരങ്ങൾ പബ്ലിക് ഡൊമൈനിൽ ലഭ്യമാണെങ്കിൽ അത് സെൻസിറ്റീവ് ഡേറ്റയായി പരിഗണിക്കില്ല എന്നാണ് ചട്ടം. അത് എവിടെ വേണമെങ്കിലും ഹോസ്റ്റ് ചെയ്യാം-ചെന്നിത്തല പറയുന്നു.

സ്പ്രിൻക്ലർ ഇടപാടിൽ കോടികളുടെ സ്വകാര്യ ഡേറ്റയുടെ കച്ചവടമാണ് നടന്നത്. സ്പ്രിൻക്ലർ എന്ന കമ്പനിയുടെ കച്ചവടത്തിനായി മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പരസ്യത്തിൽ അഭിനയിക്കുകയും ചെയ്തു. തട്ടിപ്പു കേസിൽ പിന്നീട് അദ്ദേഹം ജയിലിലായി. പ്രതിപക്ഷം ഈ വിഷയം ഉയർത്തുകയും ഹൈക്കോടതി നിയന്ത്രണങ്ങൾ വരുത്തുകയും ചെയ്തതോടെ ഇടതു സർക്കാരിന്റെ ഡേറ്റ കച്ചവടം പൂട്ടിപ്പോയി. ഡേറ്റാ പ്രൈവസിയെക്കുറിച്ച് നിലപാട് എടുത്തിരുന്ന സിപിഎം, പിണറായി വിജയൻ മുഖ്യമന്ത്രിയായതോടെ ഇതെല്ലാം കാറ്റിപ്പറത്തി അമേരിക്കൻ കമ്പനിയുമായി ചങ്ങാത്തം കൂടി. പുതിയ സാഹചര്യത്തിൽ സ്പ്രിൻക്ലർ ഇടപാടിലെ തട്ടിപ്പും ഡേറ്റാ കച്ചവടവും സിപിഎം നേതാക്കൾ ഒന്ന് പുനർവിചിന്തനം നടത്തുന്നത് നല്ലതായിരിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. അങ്ങനെ ചെന്നിത്തലയ്ക്ക് അപ്രതീക്ഷിതമായി ചർച്ച ചെയ്യാൻ സ്പ്രിൻക്ലർ ഇടപാടും ഇതിലൂടെ വീണു കിട്ടി.

ഓരോ മണ്ഡലത്തിലും പതിനായിരത്തിലേറെ വ്യാജ വോട്ടർമാരെ കുത്തിനിറച്ചിട്ടുണ്ടെന്നും ഇതിനു പിന്നിൽ സിപിഎമ്മിന്റെ ഗൂഢാലോചനയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ഇടതുപക്ഷക്കാരായ സർക്കാർ ഉദ്യോഗസ്ഥരെയാണ് ഈ അട്ടിമറി നടത്താൻ ഉപയോഗിച്ചത്. ഒരേ ശൈലിയിലാണ് സംസ്ഥാനത്തുടനീളം ഈ കൃത്രിമം നടന്നിരിക്കുന്നത്. യഥാർഥ വോട്ടർ അറിഞ്ഞോ അറിയാതെയോ അയാളുടെ ഫോട്ടോ ഉപയോഗിച്ച് പല പേരുകളിൽ ഒരേ ബൂത്തിലും വിവിധ ബൂത്തുകളിലും വിവിധ മണ്ഡലങ്ങളിലും വ്യാജ വോട്ടർമാരെ സൃഷ്ടിച്ചു. ഇത് വ്യക്തമായ തിരഞ്ഞെടുപ്പ് അഴിമതിയാണ്. ഇതിനു പിന്നിൽ പ്രവർത്തിച്ച സർക്കാർ ഉദ്യോഗസ്ഥരെ പിടികൂടിയാലേ അട്ടിമറി തടയാൻ കഴിയൂവെന്ന് ചെന്നിത്തല പറയുന്നു.

തിരിമറി തടയാനുള്ള പ്രാഥമിക ബാധ്യത തിരഞ്ഞെടുപ്പ് കമ്മിഷനാണ്. കുറ്റമറ്റ തിരഞ്ഞെടുപ്പ് ഉറപ്പാക്കാനുള്ള ബാധ്യത കമ്മിഷൻ ഇനിയെങ്കിലും നിറവേറ്റണം. 4.34 ലക്ഷം വ്യാജ വോട്ടർമാരുടെ തെളിവ് കൊടുത്തിട്ടും കമ്മിഷൻ കണ്ടെത്തിയത് 38,586 എണ്ണം മാത്രമാണ്. കമ്മിഷൻ ഇപ്പോൾ മുന്നോട്ടുവച്ചതും കോടതി അംഗീകരിച്ചതുമായ നിബന്ധനകൾ കൊണ്ടു മാത്രം അട്ടിമറി ഫലപ്രദമായി തടയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP