Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

രണ്ടാം ഘട്ട വോട്ടെടുപ്പിൽ ബംഗാളിൽ പോളിങ് 80.43 ശതമാനം; അസമിൽ 73.03; വോട്ടെടുപ്പ് സമാധാനപരമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ; കേന്ദ്രത്തിനും കമ്മീഷനുമെതിരെ മമത; ദീദി രണ്ടാം മണ്ഡലത്തിൽ മത്സരിക്കുമോയെന്ന് മോദി

രണ്ടാം ഘട്ട വോട്ടെടുപ്പിൽ ബംഗാളിൽ പോളിങ് 80.43 ശതമാനം; അസമിൽ 73.03; വോട്ടെടുപ്പ് സമാധാനപരമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ; കേന്ദ്രത്തിനും കമ്മീഷനുമെതിരെ മമത; ദീദി രണ്ടാം മണ്ഡലത്തിൽ മത്സരിക്കുമോയെന്ന് മോദി

ന്യൂസ് ഡെസ്‌ക്‌

കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് നടന്ന ബംഗാളിലും അസമിലും മികച്ച പോളിങ്. ലഭ്യമായ കണക്കുപ്രകാരം ബംഗാളിൽ 80.43 ശതമാനവും അസമിൽ 73.03 ശതമാനവുമാണ് പോളിങ്. ബംഗാളിലെ 30 മണ്ഡലങ്ങളിലും അസമിലെ 39 മണ്ഡലങ്ങളാണ് വോട്ടെടുപ്പ് നടന്നത്.. 21,212 പോളിങ് സ്റ്റേഷനുകളിലായി നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പ് സമാധാനപരമായിരുന്നെന്നുവെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.

ബംഗാളിൽ മുഖ്യമന്ത്രി മമത ബാനർജിയും ബിജെപിയുടെ സുവേന്ദു അധികാരിയും ഏറ്റുമുട്ടിയ നന്ദിഗ്രാമിലേക്കായിരുന്നു എല്ലാ കണ്ണുകളും. ആദ്യഘട്ട വോട്ടെടുപ്പിനിടയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തമാക്കിയിരുന്നു. ബംഗാളിൽ കനത്ത പോരാട്ടം നടക്കുന്ന നന്ദിഗ്രാമിലെ പോളിങ് ബൂത്തുകളിൽ ചിലത് മമത സന്ദർശിച്ചു.

ബംഗാളിലെ ബാങ്കുര, പടിഞ്ഞാറൻ മിഡ്‌നാപുർ, കിഴക്കൻ മിഡ്‌നാപുർ, സൗത്ത് 24 പർഗനാസ് ജില്ലകളിലെ 30 സീറ്റുകളിലാണു വോട്ടെടുപ്പ് നടന്നത്. നന്ദിഗ്രാമിൽ വീൽചെയറിലെത്തി മമതയും കേന്ദ്ര നേതാക്കളെ ഇറക്കി ബിജെപിയും പ്രചാരണം കൊഴുപ്പിച്ചിരുന്നു. 651 കമ്പനി കേന്ദ്രസേനയെ ആണു വിന്യസിച്ചത്. അസമിൽ നാല് മന്ത്രിമാരും ഡപ്യൂട്ടി സ്പീക്കറും അടക്കം 345 സ്ഥാനാർത്ഥികളാണു ജനവിധി തേടിയത്.

വോട്ടെടുപ്പ് നടന്ന ചിലയിടങ്ങളിൽ ബിജെപി-തൃണമൂൽ പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. മമത ബാനർജി മത്സരിക്കുന്ന നന്ദിഗ്രാമിൽ ബൂത്ത് പിടിച്ചെന്നതടക്കമുള്ള പരാതികളും ഉയർന്നു. പരാതിയുള്ള ബൂത്തിലേക്ക് ബിജെപി- തൃണമൂൽ സംഘർഷ സാധ്യതയുടെ മുൾമുനയിൽ നിൽക്കേ മമത എത്തി. ഗവർണറെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും ഫോണിൽ വിളിച്ചു.

രണ്ട് മണിക്കൂറ് നേരത്തിനൊടുവിൽ ബൂത്തിൽ നിന്ന് ഇറങ്ങി വന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്രസർക്കാരിനുമെതിരെ രൂക്ഷ വിമർശനമാണ് മമത ഉയർത്തിയത്. നൽകിയ ഒറ്റപരാതിയിൽ പോലും തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുത്തില്ലെന്ന് മമത കുറ്റപ്പെടുത്തി. അമിത് ഷാ ഗുണ്ടകളെ നിയന്ത്രിക്കണം. ഇത്രയും മോശമായ തെരഞ്ഞെടുപ്പ് കണ്ടിട്ടില്ലെന്ന് പറഞ്ഞ അവർ നന്ദിഗ്രാമിലെ 90 ശതമാനം വോട്ടും ലഭിക്കുമെന്ന പ്രതീക്ഷയും പങ്കുവച്ചു.

പലയിടങ്ങളിലും ബൂത്ത് ഏജന്റുമാരെ ഇരിക്കാൻ അനുവദിക്കില്ലെന്ന് തൃണമൂലിനെതിരെ ബിജെപിയും, ബിജെപിക്കെതിരെ തൃണമൂലും പരാതി നൽകി. സംസംബാദിൽ ബിജെപി പ്രവർത്തകൻ ആത്മഹത്യ ചെയ്തത് തൃണമൂൽ സമ്മർദ്ദത്തെ തുടർന്നാണെന്നാണ് ബിജെപി ആരോപണം. പശ്ചിമ മിഡാനാപ്പൂരിൽ തൃണമൂൽ പ്രവർത്തകനെ കൊലപ്പെട്ട നിലയിൽ കണ്ടത്തിയിരുന്നു. ദേബ്രയിലും തൃണമൂൽ-ബിജെപി നേരിയ സംഘർഷമുണ്ടായി.

അതേസമയം മമത വീണ്ടുമൊരു മണ്ഡലത്തിൽ മത്സരിക്കാനുള്ള സാധ്യതയുണ്ടെന്ന അഭ്യൂഹം പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗാളിലെ റാലിയിൽ പരാമർശിച്ചു. 'ദീദീ രണ്ടാമതൊരു മണ്ഡലത്തിൽ നിന്ന് മത്സരിക്കുമെന്ന് കേൾക്കുന്നത് സത്യമാണോ, നന്ദിഗ്രാമിൽ പോയപ്പോൾ ജനങ്ങൾ മറുപടി തന്നു, എവിടെ പോയാലും നിങ്ങൾക്ക് ജനങ്ങൾ മറുപടി തരും' എന്നായിരുന്നു മോദി പറഞ്ഞത്.

ചിലയിടങ്ങളിൽ പോളിങ് യന്ത്രങ്ങൾ കേടായതിനെ തുടർന്ന് വോട്ടിങ് തടസ്സപ്പെട്ട സംഭവവും ബംഗാളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കനത്ത സുരക്ഷയൊരുക്കിയുള്ള തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സ്ത്രീകൾ അടക്കം കൂട്ടമായി എത്തി. എന്തായാലും നന്ദിഗ്രാമിന്റെ രാഷ്ട്രീയമനസ്സ് ആർക്കൊപ്പമെന്നത് കാത്തിരുന്നുതന്നെ കാണണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP