Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇരട്ട വോട്ട് കണ്ടുപിടിക്കാൻ ഡാറ്റ ചോർത്തിയിട്ടില്ല; തിരഞ്ഞെടുപ്പ് കമ്മീഷൻ വെബ്‌സൈറ്റിൽ ആർക്കും കിട്ടുന്ന വിവരങ്ങൾ; ഡാറ്റ ചോർച്ച ചർച്ചാവിഷയമാക്കിയ സിപിഎമ്മിന് നന്ദി; സെൻസിറ്റിവ് സ്വകാര്യ ഡേറ്റ ഏതെല്ലാമെന്ന് പ്രഖ്യാപിത ബുദ്ധിജീവികൾക്കു പോലും അറിയാത്തത് കഷ്ടമെന്നും പരിഹസിച്ച് ചെന്നിത്തല

ഇരട്ട വോട്ട് കണ്ടുപിടിക്കാൻ ഡാറ്റ ചോർത്തിയിട്ടില്ല; തിരഞ്ഞെടുപ്പ് കമ്മീഷൻ വെബ്‌സൈറ്റിൽ ആർക്കും കിട്ടുന്ന വിവരങ്ങൾ; ഡാറ്റ ചോർച്ച ചർച്ചാവിഷയമാക്കിയ സിപിഎമ്മിന് നന്ദി; സെൻസിറ്റിവ് സ്വകാര്യ ഡേറ്റ ഏതെല്ലാമെന്ന് പ്രഖ്യാപിത ബുദ്ധിജീവികൾക്കു പോലും അറിയാത്തത് കഷ്ടമെന്നും പരിഹസിച്ച് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇരട്ട വോട്ട് സംഭവത്തിൽ ഡാറ്റ ചോർത്തിയെന്ന സിപിഎം ആരോപണത്തിന് പതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മറുപടി. വോട്ടേഴ്‌സ് ഐ.ഡിയുമായി ബന്ധപ്പെട്ട വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റിൽ ആർക്കും ആർക്കും പ്രാപ്യമായ വിവരങ്ങളാണ്. ഇത് ഡൗൺലോഡ് ചെയ്ത് ക്രോഡീകരിക്കുക മാത്രമാണ് ഓപ്പറേഷൻ ട്വിൻസിൽ നടത്തിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ ഡാറ്റ ചോർച്ച എന്ന ഗൗരവമേറിയ വിഷയം വീണ്ടും ചർച്ചയ്ക്ക് കൊണ്ടുവന്നതിന് സിപിഎമ്മിനെ നന്ദി അറിയിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.. ഏതെല്ലാമാണ് സെൻസിറ്റിവ് സ്വകാര്യ ഡേറ്റ, ഏതെല്ലാമാണ് അല്ലാത്തത് എന്നതിനെക്കുറിച്ച് സിപിഎമ്മിന്റെ പ്രഖ്യാപിത ബുദ്ധിജീവികൾക്കു പോലും അറിയാത്തത് കഷ്ടമാണെന്നും ചെന്നിത്തല പരിഹസിച്ചു.

വോട്ടർമാരുടെ വിവരങ്ങൾ ചെന്നിത്തല ചോർത്തിയെന്നാണ് സി പി എമ്മിന്റെ ആരോപണം. ഇരട്ടവോട്ട് സംബന്ധിച്ച വിരങ്ങൾ ചെന്നിത്തല പ്രസിദ്ധീകരിച്ച് സിംഗപ്പൂരിൽ ഹോസ്റ്റ് ചെയ്തത് വെബ്‌സൈറ്റിലെന്നാണ് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി ആരോപിക്കുന്നത്. വ്യക്തികളുടെ അനുമതിയോടെയല്ല വിവരങ്ങൾ പ്രസിദ്ധീകരിച്ചതെന്നും ഇത് ഗൗരവമായ നിയമപ്രശ്‌നമാണന്നും കുറ്റപ്പെടുത്തിയ അദ്ദേഹം നടപടി സ്വകാര്യതയ്ക്ക് മുകളിലുള്ള കടന്നുകയറ്റമാണെന്നും വ്യക്തമാക്കി.ഇന്നലെയാണ് വ്യാജ, ഇരട്ടവോട്ടുള്ളവരുടെ പട്ടിക പ്രതിപക്ഷ നേതാവ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചത്. മണിക്കൂറുകൾക്കുള്ളിൽ ഓപ്പറേഷൻ ട്വിൻസ് വെബ്സൈറ്റ് ലക്ഷക്കണക്കിന് വ്യാജ വോട്ടർമാരുടെ വിശദമായ ലിസ്റ്റുമായി വൈറലായി. മൂന്ന് തരത്തിലുള്ള വ്യാജന്മാരെയാണ് തരംതിരിച്ച് വെബ്സൈറ്റിൽ നിരത്തിയിരിക്കുന്നത്. ഒരേ ഫോട്ടോ ഉപയോഗിച്ച് വ്യത്യസ്ത പേരുകളിൽ വോട്ടർ പട്ടികയിലുള്ളവർ, ഒരേ വോട്ടർ രണ്ട് മണ്ഡലങ്ങളിലുള്ളവർ, ഒരേ മണ്ഡലത്തിൽ വ്യത്യസ്ത ബൂത്തുകളിലുള്ളവർ എന്നിങ്ങിനെ. സംസ്ഥാനത്തെ എല്ലാ ജില്ലകളിലേയും നിയമസഭാ മണ്ഡലങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ലിസ്റ്റ്.

പ്രതിപക്ഷ നേതാവിന്റെ പോസ്റ്റ്:

തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ ഡേറ്റ ചോർച്ച എന്ന ഗൗരവമേറിയ വിഷയം വീണ്ടും ചർച്ചയ്ക്ക് കൊണ്ടുവന്നതിന് സിപിഎമ്മിനെ നന്ദി അറിയിക്കുന്നു. സിപിഎമ്മിന്റെയും ഇടതുപക്ഷത്തിന്റെയും പ്രഖ്യാപിത നയമായിരുന്ന ഡേറ്റാ സ്വകാര്യത ലംഘിക്കപ്പെട്ട സ്പ്രിംക്ലർ ഇടപാടിൽ സർക്കാരിനു വേണ്ടി ഘോരഘോരം വാദിച്ചവർ ഇപ്പോൾ ഈ വിഷയം മുന്നോട്ടു കൊണ്ടുവന്നു എന്നത് സ്വാഗതാർഹമാണ്.

എന്നാൽ ഏതെല്ലാമാണ് സെൻസിറ്റിവ് സ്വകാര്യ ഡേറ്റ, ഏതെല്ലാമാണ് അല്ലാത്തത് എന്നതിനെക്കുറിച്ച് സിപിഎമ്മിന്റെ പ്രഖ്യാപിത ബുദ്ധിജീവികൾക്കു പോലും അറിയാത്തത് കഷ്ടമാണ്. സർക്കാറിന്റെ തട്ടിപ്പുകൾ പൊടിപൊടിക്കുന്ന കാലത്തൊന്നും ഇവിടെ കാണാതിരുന്ന പൊളിറ്റ് ബ്യൂറോ അംഗങ്ങളെ ഇപ്പോൾ കാണുന്നതിൽ സന്തോഷമുണ്ട്.

തിരഞ്ഞെടുപ്പു പട്ടികയിലെ വ്യാജ വോട്ടുകളും ഇരട്ടവോട്ടുകളും യുഡിഎഫ് കണ്ടെത്തിയത് ദീർഘമായ പ്രയത്‌നത്തിനൊടുവിലാണ്. ഇലക്ഷൻ കമ്മീഷൻ പ്രസിദ്ധീകരിച്ച, ഇന്റർ നെറ്റിൽ ലഭ്യമായ , ലോകത്തിന്റെ എവിടെ നിന്നും ആർക്കും പ്രാപ്യമായ വിവരങ്ങൾ എടുത്ത് ഡേറ്റ അനലിറ്റിക്‌സ് നടത്തുക മാത്രമാണ് യുഡിഎഫ് പ്രവർത്തകർ ചെയ്തത്. ഇത് ഡേറ്റാ പ്രൈവസിയിലുള്ള കടന്നുകയറ്റമാണ് എന്നെല്ലാം പറഞ്ഞു കേൾക്കുന്നത് കൗതുകകരമാണ്.

സ്പ്രിംക്ലർ ഇടപാട് പരിശോധിച്ചാൽ എന്താണ് ഡേറ്റാ ചോർച്ച എന്ന് മനസ്സിലാക്കാം. സെൻസിറ്റിവ് പേഴ്‌സണൽ ഡേറ്റായായ ആരോഗ്യ വിവരങ്ങളാണ് സർക്കാർ ശേഖരിച്ച് ഒരു മാനദണ്ഡങ്ങളുമില്ലാതെ അമേരിക്കൻ കമ്പനിക്ക് നൽകിയത്. എന്താണ് സെൻസിറ്റീവ് പേഴ്‌സണൽ ഡേറ്റ എന്നത് സംബന്ധിച്ച് കൃത്യമായ നിർവചനമുണ്ട്. ആരോഗ്യവിവരങ്ങൾ സെൻസിറ്റീവ് പേഴ്‌സണൽ വിവരങ്ങളാണ്. അതുകൊണ്ടാണ് സ്പ്രിംക്ലർ കേസ് കോടതിയിലെത്തിയപ്പോൾ ഇത്തരം സെൻസിറ്റിവ് വിവരങ്ങൾ ശേഖരിക്കുമ്പോൾ ആളുകളുടെ അനുമതി എഴുതി വാങ്ങണം എന്ന് ഹൈക്കോടതി ആവശ്യപ്പെട്ടത്. ഇവിടെ വോട്ടേഴ്‌സ് ഐഡിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇലക്ഷൻ കമ്മീഷൻ വെബ് സൈറ്റിൽ ശേഖരിച്ചിട്ടുള്ള, ആർക്കും പ്രാപ്യമായ വിവരങ്ങളാണ്. ഇത് ഡൗൺലോഡ് ചെയ്ത് ക്രോഡീകരിക്കുക മാത്രമാണ് ഓപ്പറേഷൻ ട്വിൻസിൽ നടത്തിയിട്ടുള്ളത്.

ഇലക്ഷൻ കമ്മീഷൻ പ്രസിദ്ധീകരിച്ച വിവരങ്ങൾ മറ്റ് ഏതെങ്കിലും രാഷ്ട്രത്തിലിരുന്ന് കോപ്പി ചെയ്ത് എടുക്കുന്നതിനും,സൂക്ഷിക്കുന്നതിനും നിയമപരമായി വിലക്കില്ല. ഏതെങ്കിലും വിവരങ്ങൾ പബ്ലിക് ഡൊമൈനിൽ ലഭ്യമാണെങ്കിൽ അത് സെൻസിറ്റീവ് ഡാറ്റയായി പരിഗണിക്കില്ല എന്നാണ് ചട്ടം. അത് എവിടെ വേണമെങ്കിലും ഹോസ്റ്റ് ചെയ്യാം .

സ്പ്രിംക്ലർ ഇടപാടിൽ കോടികളുടെ സ്വകാര്യ ഡേറ്റയുടെ കച്ചവടമാണ് നടന്നത്. സ്പ്രിംക്ലർ എന്ന കമ്പനിയുടെ കച്ചവടത്തിനായി മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പരസ്യത്തിൽ അഭിനയിക്കുകയും ചെയ്തു. തട്ടിപ്പു കേസിൽ പിന്നീട് അദ്ദേഹം ജയിലിലായി. പ്രതിപക്ഷം ഈ വിഷയം ഉയർത്തുകയും ഹൈക്കോടതി നിയന്ത്രണങ്ങൾ വരുത്തുകയും ചെയ്തതോടെ ഇടതു സർക്കാരിന്റെ ഡേറ്റാ കച്ചവടം പൂട്ടിപ്പോയി.

ഡേറ്റാ പ്രൈവസിയെക്കുറിച്ച് നിലപാട് എടുത്തിരുന്ന സിപിഎം, പിണറായി വിജയൻ മുഖ്യമന്ത്രിയായതോടെ ഇതെല്ലാം കാറ്റിപ്പറത്തി അമേരിക്കൻ കമ്പനിയുമായി ചങ്ങാത്തം കൂടി. പുതിയ സാഹചര്യത്തിൽ സ്പ്രിംക്ലർ ഇടപാടിലെ തട്ടിപ്പും ഡേറ്റാ കച്ചവടവും സി പി എം നേതാക്കൾ ഒന്ന് പുനർവിചിന്തനം നടത്തുന്നത് നല്ലതായിരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP