Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വോട്ടർ ഐഡി എന്നത് സെൻസിറ്റീവ് പേർസണൽ ഇൻഫർമേഷൻ; അത് ഒരുകാരണവശാലും ഇന്ത്യക്ക് പുറത്തേക്ക് കൊണ്ടുപോയി സ്റ്റോർ ചെയ്യാൻ പാടില്ലാത്തതെന്ന സൈബർ സഖാക്കളുടെ വാദം പൊളിച്ച് ഹരീഷ് വാസുദേവൻ; 'സെൻസിറ്റീവ് പേഴ്സണൽ ഡാറ്റ'യിലെ പോസ്റ്റ് ചർച്ചകളിൽ; ചെന്നിത്തല പുറത്തു വിട്ട 'ഇരട്ട വോട്ടിൽ' ചർച്ച സ്പ്രിങ്ലറിലേക്കും

വോട്ടർ ഐഡി എന്നത് സെൻസിറ്റീവ് പേർസണൽ ഇൻഫർമേഷൻ; അത് ഒരുകാരണവശാലും ഇന്ത്യക്ക് പുറത്തേക്ക് കൊണ്ടുപോയി സ്റ്റോർ ചെയ്യാൻ പാടില്ലാത്തതെന്ന സൈബർ സഖാക്കളുടെ വാദം പൊളിച്ച് ഹരീഷ് വാസുദേവൻ;  'സെൻസിറ്റീവ് പേഴ്സണൽ ഡാറ്റ'യിലെ പോസ്റ്റ് ചർച്ചകളിൽ; ചെന്നിത്തല പുറത്തു വിട്ട 'ഇരട്ട വോട്ടിൽ' ചർച്ച സ്പ്രിങ്ലറിലേക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വോട്ടർ പട്ടികയിലെ വിവരങ്ങൾ പ്രസിദ്ധീകരിച്ച രമേശ് ചെന്നിത്തല ഐടി നിയമങ്ങൾ ലംഘിച്ചോ? ചെന്നിത്തല നടത്തിയത് ഗുരുതര ചട്ടലംഘനമാണെന്ന് സിപിഎം ആരോപിക്കുന്നു. സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയാണ് ഈ ആരോപണവുമായി സജീവമായത്. ഇതിന് പിന്നിൽ സ്പ്രീംഗ്ലറിലെ ചട്ടലംഘനം ചർച്ചയാക്കുകയെന്ന ദുരുദ്ദേശമാണുള്ളതെന്ന സംശയം സിപിഎം കേന്ദ്രങ്ങൾക്കുമുണ്ട്. ഇതോടെ വോട്ടർ പട്ടിക ചോർത്തലിലെ വിവാദം പുതിയ തലത്തിൽ എത്തുകയാണ്.

ഇരട്ട വോട്ടിന്റെ വിവരങ്ങൾ വിദേശ വെബ് സൈറ്റിൽ ഇട്ടത് ഗുരുത ചട്ടലംഘനമാണെന്ന കുറിപ്പ് സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എംഎ ബേബി ആരോപണവുമായി രംഗത്ത് വന്നത്. രമേശ് ചെന്നിത്തല അന്ന് പറഞ്ഞതുപോലെ 'ഡാറ്റ വിറ്റു' എന്നൊന്നും ഞാൻ പറയുന്നില്ല .. വിൽക്കാൻ മാത്രം മൂല്യം അതിനില്ല... പക്ഷെ രമേശ് ചെയ്തത് തെറ്റായ കാര്യമാണ് ... കാരണം വോട്ടർ ഐഡി എന്നത് സെൻസിറ്റീവ് പേർസണൽ ഇൻഫർമേഷൻ ആണ് ... അത് ഒരുകാരണവശാലും ഇന്ത്യക്ക് പുറത്തേക്ക് കൊണ്ടുപോയി സ്റ്റോർ ചെയ്യാൻ പാടില്ലാത്തതാണ് ... ഇന്ത്യയിലെ IT നിയമങ്ങളുടെ നഗ്നമായ ലംഘനമാണത് ... രണ്ടാമതായി, സ്വകാര്യ വിവരങ്ങൾ എങ്ങനെയാണു വ്യക്തിയുടെ അനുമതിയില്ലാതെ പ്രോസസ്സ് ചെയ്ത് ഇന്ത്യക്ക് പുറത്ത് സ്റ്റോർ ചെയ്തത് എന്നും രമേശ് ചെന്നിത്തല മറുപടി പറയേണ്ട കാര്യമാണ് ... സ്വകാര്യതയും, ഡാറ്റ ഈസ് ദി ന്യൂ ഓയിൽ എന്ന ക്ളീഷേ ഡയലോഗുമൊക്കെ ചർച്ചയിൽ പറയാൻ മാത്രമുള്ളതല്ല എന്നേ എനിക്ക് പ്രതിപക്ഷത്തോട് പറയാനുള്ളൂ ...-ഇതായിരുന്നു സോഷ്യൽ മീഡിയയിൽ ചെന്നിത്തലയ്‌ക്കെതിരെ വൈറലായ കുറിപ്പ്.

ഇതിന് പിന്നാലെ ഹരീഷ് വാസുദേവനൻ ഇട്ട പോസ്റ്റാണ് ചെന്നിത്തലയ്ക്ക് രക്ഷയാകുന്നത്. ഇൻഫർമേഷൻ ടെക്നോളജി നിയമത്തിന്റെ കീഴിൽ 2011 ഏപ്രിൽ 11 നു കേന്ദ്രസർക്കാർ ഉണ്ടാക്കിയ information Technology (Reasonable security practices and procedures and sensitive personal data or information) Rules, 2011 ലെ ചട്ടം 3 ആണ് എന്താണ് 'സെൻസിറ്റീവ് പേഴ്സണൽ ഡാറ്റ' എന്നു വ്യക്തമാക്കുന്നത്. ഈ വസ്തുത വെച്ചു വേണം നാം ചർച്ച ചെയ്യാൻ. ഇനി ചർച്ച തുടരാം.-എന്ന് ഹരീഷ് വാസുദേവൻ കുറിച്ചു. ഇതിനൊപ്പം ചട്ടം മൂന്ന് കൊടുക്കുകയും ചെയ്തു. ഇതിൽ കാര്യങ്ങൾ വ്യക്തമാണ്. ഈ പശ്ചാത്തലത്തിൽ ഇനി കരുതലോടെ മാത്രമേ സിപിഎം ഈ വിഷയത്തിൽ പ്രതികരണം നടത്തൂ.

പാസ് വേർഡ്,ധനകാര്യ വിശദാംശങ്ങൾ, ആരോഗ്യ വിവരങ്ങൾ തുടങ്ങി പത്ത് കാര്യങ്ങളാണ് സെൻസിറ്റീവ് പട്ടികയിൽ ഉള്ളത്. ഇതിൽ വോട്ടേഴ്‌സ് ലിസ്റ്റ് വരില്ല. ആർക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്ന വിവരങ്ങളാണ് ഇത്. ഇതിനിടെയാണ് എംഎ ബേബിയുടെ ലക്ഷ്യം സ്പ്രീംഗ്ലറിലേക്ക് ചർച്ച എത്തിക്കുകയാണോ എന്ന സംശയം ശക്തമാകുന്നത്. ചെന്നിത്തലയ്‌ക്കെതിരെ ആരോപണം ഉന്നയിക്കുമ്പോൾ അതിനെ നേരിടാൻ സ്പ്രീംഗ്ലർ സ്വാഭാവികമായും പ്രതിപക്ഷം ചർച്ചയാക്കും. അതും സംഭവിച്ചു കഴിഞ്ഞു. ഇതിനൊപ്പം ഡാറ്റാ ചോർച്ച ഗുരുതര കുറ്റമാണെന്ന് ബേബി സമ്മതിക്കുക കൂടിയാണ്.

ഇരട്ടവോട്ട് വിഷയവുമായി ബന്ധപ്പെട്ട് നാലുലക്ഷം പേരുടെ വിവരങ്ങൾ പ്രതിപക്ഷ നേതാവ് അപ്ലോഡ് ചെയ്തത് സിംഗപ്പുർ ആസ്ഥാനമായ കമ്പനിയുടെ ഐ.പി. അഡ്രസിൽനിന്നാണെന്ന ആരോപണവുമായി എം.എ. ബേബി രംഗത്തു വന്നത് ഇന്ന് രാവിലെയാണ്. വ്യക്തിഗത വിവരങ്ങൾ അടക്കം ചിത്രങ്ങളോടെ ഇങ്ങനെ വിദേശത്തേക്ക് കൈമാറിയതിൽ ഗൗരവമായ നിയമപ്രശ്നങ്ങളുണ്ട്. വ്യക്തികളുടെ അനുമതിയോടെ അല്ല പ്രതിപക്ഷ നേതാവ് ഇത്തരത്തിൽ വിവരങ്ങൾ കൈമാറിയതെന്നും എം.എ. ബേബി ആരോപിച്ചു. കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലെ 4,34,000 ഇരട്ട വോട്ടർമാരുടെ പട്ടിക ബുധനാഴ്ചയാണ് ഓപ്പറേഷൻട്വിൻസ് ഡോട്ട് കോം എന്ന വെബ്സൈറ്റിലൂടെ യു.ഡി.എഫ്. പുറത്തുവിട്ടത്.

ഒരോ നിയോജക മണ്ഡലങ്ങളിലുമുള്ള വിവിധ ബൂത്തുകളിൽ ചേർത്ത ഇരട്ടവോട്ടർമാരുടെ വിവരങ്ങളും അതേ വോട്ടർമാരുടെ ഫോട്ടോ ഉപയോഗിച്ച് സമീപ നിയോജകമണ്ഡലങ്ങളിലെ ബൂത്തുകളിൽ വ്യത്യസ്ത പേരുകളിലും വിലാസങ്ങളിലും വോട്ടർ ഐ.ഡിയിലും ചേർത്ത വോട്ടർമാരുടെ പേര് വിവരങ്ങളാണ് വെബ്സൈറ്റിൽ ഉൾപ്പെട്ടിട്ടുള്ളതെന്ന ആരോപണവും സിപിഎം ഉന്നയിച്ചിരുന്നു. കേരളത്തിലെ മുഴുവൻ ഇരട്ടകളെയും കള്ളവോട്ടുകാരാക്കിയ ചെന്നിത്തല ഒരേ പേരുള്ള ആരെയും വെറുതെ വിട്ടിട്ടില്ല. നിരവധിപ്പേർ സോഷ്യൽ മീഡിയയിലൂടെ തന്നെ ഇതിനകം പ്രതികരിച്ചുകഴിഞ്ഞു. തങ്ങളെ കള്ളന്മാരാക്കിയ ചെന്നിത്തലയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നു ചിലർ മുന്നറിയിപ്പ് നൽകുന്നു. യുഡിഎഫ് സ്ഥാനാർത്ഥികളുടെയും നേതാക്കളുടെയും ഇരട്ടവോട്ടുകളും ചെന്നിത്തലയുടെ അമ്മ ദേവകിയമ്മയുടെ ഇരട്ടവോട്ടും ഒഴിവാക്കിയാണ് പട്ടിക സൈറ്റിൽ കൊടുത്തിരിക്കുന്നതെന്നും സിപിഎം ആരോപിച്ചിരുന്നു.



ഇരട്ട സഹോദരന്മാരും സഹോദരിമാരും പടം ഒരേപോലെ ഇരിക്കുന്നതിനാൽ ലിസ്റ്റിൽ പെട്ടു. അവർ രണ്ടുപേരിൽ വോട്ടുചേർത്ത കള്ളവോട്ടുകാരാണെന്നു ചെന്നിത്തല 'കണ്ടെത്തു'ന്നു.അതുപോലെ പരീദിന്റെ മകൻ സുധീറും ശങ്കരനാരായണന്റെ മകൻ സുധീറും ഒരേപേരുകാരായതിനാൽ 'കള്ള'ന്മാരായി. ചെന്നിത്തലയുടെ കണക്കിലെ എണ്ണപ്പിശകും സ്വകാര്യതാ ലംഘനവും പലരും ചൂണ്ടിക്കാട്ടുന്നുവെന്നും സിപിഎം ആരോപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP