Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭാര്യ രമ്യയെ ആലപ്പുഴയിലെ വീട്ടിലെത്തിച്ച ശേഷം ബന്ധു വീട്ടിലേക്കാണെന്ന് പറഞ്ഞാണ് സനു മകളുമൊത്തിറങ്ങി; മകളുടെ മരണത്തിലെ ദുരൂഹത നീക്കാൻ അച്ഛനെ കണ്ടെത്തൽ അനിവാര്യത; ചെന്നൈയിൽ സനു മോഹൻ ഉണ്ടെന്ന് സൂചന; കൊച്ചിയിലെ ഇന്റീരിയർ ഡിസൈനറെ ഉടൻ പൊലീസ് പൊക്കുമോ?

ഭാര്യ രമ്യയെ ആലപ്പുഴയിലെ വീട്ടിലെത്തിച്ച ശേഷം ബന്ധു വീട്ടിലേക്കാണെന്ന് പറഞ്ഞാണ് സനു മകളുമൊത്തിറങ്ങി; മകളുടെ മരണത്തിലെ ദുരൂഹത നീക്കാൻ അച്ഛനെ കണ്ടെത്തൽ അനിവാര്യത; ചെന്നൈയിൽ സനു മോഹൻ ഉണ്ടെന്ന് സൂചന; കൊച്ചിയിലെ ഇന്റീരിയർ ഡിസൈനറെ ഉടൻ പൊലീസ് പൊക്കുമോ?

ആർ പീയൂഷ്

കൊച്ചി: പുഴയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ വൈഗ(13)യുടെ പിതാവ് സനുമോഹൻ ചെന്നൈയിൽ തന്നെയുണ്ടെന്ന് പൊലീസിന് നിർണ്ണായക വിവരം ലഭിച്ചു. കോയമ്പത്തൂരിലെത്തിയ തൃക്കാക്കര പൊലീസ് തമിഴ്‌നാട് പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ചെന്നൈയിലുണ്ടെന്ന് മനസ്സിലാക്കിയത്. ഇയാൾ താമസിക്കുന്ന സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണ്.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഇയാളുടെ കാർ കോയമ്പത്തൂരിൽ പ്രവേശിച്ചതായി കണ്ടെത്തി. ഇതേ തുടർന്നാണ് തൃക്കാക്കര പൊലീസ് കോയമ്പത്തൂരിലേക്ക് തിരിച്ചത്. എന്നാൽ പൊലീസ് എത്തിയപ്പോഴേക്കും ഇയാൾ ചെന്നൈയിലേക്ക് കടന്നതായാണ് വിവരം ലഭിച്ചത്. തുടർന്ന് ചെന്നൈ സിറ്റി പൊലീസിന്റെ സഹായത്തോടെ അന്വേഷണം ഊർജ്ജിതമാക്കുന്നതിനിടയിലാണ് നഗരത്തിലെ ഒരു അപ്പാർട്ട്മെന്റിൽ ഇയാൾ ഉണ്ടെന്ന് രഹസ്യ വിവരം ലഭിക്കുന്നത്. എന്നാൽ പൊലീസ് എത്തിയെങ്കിലും അടഞ്ഞു കിടക്കുകയായിരുന്നു.

സനുവുമായി കൂടുതൽ അടുപ്പമുണ്ടെന്നും സാമ്പത്തിക ഇടപാടുകളിൽ പങ്കാളിയാണെന്നും സംശയിക്കുന്ന ഒരു സുഹൃത്തിനെ കേന്ദ്രീകരിച്ചാണു ഇപ്പോൾ അന്വേഷണം. ഇന്നലെ പൊലീസ് എത്തുമ്പോൾ ഇദ്ദേഹം ചെന്നൈക്കു പുറത്താണ്. ഇയാൾ മടങ്ങി വരാൻ കാക്കുകയാണ് പൊലീസ്. സനു പുതിയ ഫോൺ കണക്ഷൻ എടുത്തിട്ടുണ്ടോയെന്നറിയാൻ ആധാർ നമ്പർ ഉപയോഗിച്ചു മൊബൈൽ കമ്പനികളിൽ അന്വേഷിച്ചെങ്കിലും പുതിയ സിം എടുത്തതായി വിവരം ലഭിച്ചില്ല. സനുവിന് പൂണെയിൽ വൻ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നെന്നും തട്ടിപ്പുകൾ നടത്തിയിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഇക്കാര്യങ്ങൾ പൂനൈ പൊലീസുമായി ബന്ധപ്പെട്ട് സ്ഥിരീകരിച്ചിട്ടുണ്ട്. നിർണായക വിവരങ്ങൾ പുണെ പൊലീസിൽ നിന്നു ലഭിച്ചിട്ടുണ്ട്. സനു മോഹനു വേണ്ടിയുള്ള തിരച്ചിൽ കൂടുതൽ സംസ്ഥാനങ്ങളിലേക്കു വ്യാപിപ്പിക്കുമെന്നു ഡിസിപി ഐശ്വര്യ ഡോങ്റെ പറഞ്ഞു. സനു മോഹന്റെ കുടുംബ പശ്ചാത്തലം, സാമ്പത്തിക ഇടപാടുകൾ, ഇതരസംസ്ഥാന ബന്ധം എന്നീ കാര്യങ്ങളാണു നിലവിൽ അന്വേഷിക്കുന്നത്. കേരളവുമായി ബന്ധപ്പെട്ടു മുൻകാല സാമ്പത്തിക കേസുകളുള്ള മാർവാഡി സംഘങ്ങളുടെ വിവരവും പൊലീസ് ശേഖരിച്ചു. സനുവിന്റെ ഏതാനും ബന്ധുക്കളും പൊലീസിന്റെ നിരീക്ഷണത്തിലാണ്.

മകൾ വൈഗയെ കൊലപ്പെടുത്തിയതാണെന്ന സംശയം നിലനിൽക്കുന്നുണ്ടെങ്കിലും ഇതിനെ സാധൂകരിക്കുന്ന തെളിവുകൾ ലഭിക്കാത്തതാണ് പൊലീസിനെ കുഴക്കുന്നത്. ഇതിനിടെ കങ്ങരപ്പടിയിലെ ഇവരുടെ ഫ്‌ളാറ്റിൽനിന്നു ലഭിച്ച രക്തക്കറ പരിശോധനയ്ക്കയച്ചിട്ടുണ്ട്. ഇതിന്റെ റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് അന്വേഷണ സംഘം. ഫ്‌ളാറ്റിൽ നിന്ന് ഞായറാഴ്ച രാത്രി പുറത്തേക്ക് പോകുമ്പോൾ വൈഗ അബോധാവസ്ഥയിലായിരുന്നെന്നും സി.സി.ടി.വി. ദൃശ്യങ്ങളിലുണ്ട്. കൂടാതെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മുങ്ങിമരണമാണെന്ന് വ്യക്തമായിട്ടുണ്ട്. എങ്കിലും ആന്തരികാവയവ പരിശോധനാ ഫലം ലഭ്യമായെങ്കിൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരികയുള്ളൂ. ഫലം വേഗത്തിൽ ലഭ്യമാക്കാൻ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പൊലീസ്.

അതേ സമയം വൈഗയുമായി പിതാവ് സനുമോഹൻ രണ്ടു മാസമായി അകൽച്ചയിലായിരുന്നുവെന്ന് കുട്ടിയുടെ അമ്മ രമ്യ പൊലീസിന് മൊഴി നൽകി. സനുമോഹനെ കാണാതായി ഒന്നരയാഴ്ചയായിട്ടും കാര്യമായ വിവരമൊന്നും ലഭിക്കാതെ കേസ് കുഴഞ്ഞുമറിയുന്ന സാഹചര്യത്തിലാണ് പൊലീസ് വീണ്ടും രമ്യയുടെ മൊഴിയെടുത്തത്. ആലപ്പുഴയിലെ ഇവരുടെ വീട്ടിലെത്തിയാണ് അന്വേഷണ സംഘം മൊഴിയെടുത്തത്. നേരത്തെ വലിയ സ്‌നേഹം കാണിച്ചിരുന്ന ഭർത്താവ് കുറച്ചുനാളായി തന്നോടും മകളോടും മാനസികമായ അകലം പാലിച്ചിരുന്നുവെന്നാണ് ഭാര്യ വ്യക്തമാക്കിയത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയാണ് മുട്ടാർ പുഴയിൽ മഞ്ഞുമ്മൽ ആറാട്ടുകടവ് റഗുലേറ്റർ കം ബ്രിഡ്ജിന് സമീപം 13 വയസുകാരി വൈഗയുടെ മൃതദേഹം കണ്ടെത്തിയത്. വൈഗക്കൊപ്പം തലേദിവസം മുതൽ അച്ഛൻ സനു മോഹനെയും കാണാതായിരുന്നു. മകളുമൊന്നിച്ച് പുഴയിൽ ചാടിയതാണോ എന്ന് സ്ഥിരീകരിക്കാൻ പൊലീസും ഫയർഫോഴ്സും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്നാണ് സനു മോഹന്റെ കാർ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയത്. വൈഗയുടെ മൃതദേഹം കണ്ടെത്തിയെ തിങ്കൾ പുലർച്ച രണ്ടുമണിയോടെ കാർ വാളയാർ ടോൾ പ്ലാസ കടന്നുപോയതായി പൊലീസ് കണ്ടെത്തി. ചെക്ക് പോസ്റ്റിൽ ടോൾ നൽകുന്നത് സനു മോഹൻ തന്നെയെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്.

ഞായാഴ്ച വൈകീട്ട് ഭാര്യ രമ്യയെ ആലപ്പുഴയിലെ വീട്ടിലെത്തിച്ച ശേഷം ബന്ധു വീട്ടിലേക്കാണെന്ന് പറഞ്ഞാണ് സനു മകളുമൊത്തിറങ്ങിയത്. ഇരുവരെയും കാണാതായതിനെ തുടർന്ന് അന്ന് രാത്രി തന്നെ സനുമോഹന്റെ ബന്ധുക്കൾ പൊലീസിന് പരാതി നൽകിയിരുന്നു. സനുവിന്റെ വാളയാർ കടന്നുപോയ വാഹനം ഇതുവരെ കണ്ടെത്താനായിട്ടില്ല. വൈഗ മരിക്കുന്നതിന് നാലു ദിവസം മുൻപ് തന്നെ സനുവിന്റെ സ്വന്തം ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. തകരാറിലായതിനെ തുടർന്ന് നന്നാക്കാൻ കൊടുത്തെന്ന് പറഞ്ഞ് ഭാര്യയുടെ ഫോണായിരുന്നു ഉപയോഗിച്ചിരുന്നത്. ഈ ഫോണും സ്വിച്ച് ഓഫ് ആണ്. തകരാറിലായ ഫോൺ എവിടെയാണ് നന്നാക്കാൻ കൊടുത്തതെന്ന വിവരവും ലഭിച്ചിട്ടില്ല. ശരിക്കും ഫോൺ തകരാറിലായിരുന്നോ എന്നതാണ് സംശയം.

കൊച്ചിയിൽ ഇന്റീരിയർ ഡിസൈനിങ് ജോലികൾ ചെയ്തിരുന്ന സനു കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. നേരത്തെ പുണെയിലായിരുന്ന സനു അവിടെ ചിലരുമായി പണമിടപാട് നടത്തിയിരുന്നു. ഈ വ്യക്തികളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്. ഫോൺ സ്വിച്ച് ഓഫ് ആവുന്നതിന് മുൻപുള്ള കോൾ രേഖകൾ സൈബർ പൊലീസിൽ നിന്ന് ശേഖരിച്ചിട്ടുണ്ട്. മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം. തമിഴ്‌നാട്, കർണാടക പൊലീസിന്റെയും സഹായം തേടിയിട്ടുണ്ട്. സനുവിന്റെ തിരോധാനം ഒരു തിരക്കഥയാണോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. തൃക്കാക്കര ഇൻസ്പെക്ടർ കെ.ധനപാലന്റെ നേതൃത്വത്തിലാണ് അന്വേഷണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP