Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓപ്പറേഷൻ ട്വിൻസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് ഗോ ഡാഡിയിൽ! വെബ് സൈറ്റ് ഹോസ്റ്റ് ചെയ്തിരിക്കുന്നത് സിംഗപ്പൂരിൽ! ഇലക്ഷൻ കമ്മീഷൻ സൈറ്റിൽ നിന്നും ആർക്കും ഡൗൺ ലോഡ് ചെയ്യാവുന്ന വിവരങ്ങൾ ചെന്നിത്തല മോഷ്ടിച്ച് വിദേശത്ത് കൈമാറി; ഗുരുതര ആരോപണവുമായി സിപിഎം; സൈബർ ലോകത്ത് ചെന്നിത്തലയെ അനുകൂലിച്ചും പ്രതികൂലിച്ചും സംവാദം

ഓപ്പറേഷൻ ട്വിൻസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് ഗോ ഡാഡിയിൽ! വെബ് സൈറ്റ് ഹോസ്റ്റ് ചെയ്തിരിക്കുന്നത് സിംഗപ്പൂരിൽ! ഇലക്ഷൻ കമ്മീഷൻ സൈറ്റിൽ നിന്നും ആർക്കും ഡൗൺ ലോഡ് ചെയ്യാവുന്ന വിവരങ്ങൾ ചെന്നിത്തല മോഷ്ടിച്ച് വിദേശത്ത് കൈമാറി; ഗുരുതര ആരോപണവുമായി സിപിഎം; സൈബർ ലോകത്ത് ചെന്നിത്തലയെ അനുകൂലിച്ചും പ്രതികൂലിച്ചും സംവാദം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ് സൈറ്റിൽ വോട്ടർ പട്ടിക ആർക്കു വേണമെങ്കിലും ഡൗൺ ലോഡ് ചെയ്ത് എടുക്കാവുന്നതാണ്. ഈ പട്ടിക ഡൗൺലോഡ് ചെയ്‌തെടുത്ത് മറ്റൊരു വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നത് ഡാറ്റാ മോഷണമാണോ? ഏതായാലും അങ്ങനെ ഒരു ആരോപണം ഉയർത്തുകയാണ് സിപിഎം. വോട്ടർ പട്ടികയിലെ വിവരങ്ങൾ സിംഗപൂർ വെബ്‌സൈറ്റിൽ ചെന്നിത്തല അപ്ലോഡ് ചെയ്തത് ഡാറ്റാ മോഷണമാണെന്നാണ് ആരോപണം. സിപിഎം നേതാവ് എംഎ ബേബി തന്നെ ആരോപണം ഉന്നയിച്ച് രംഗത്ത് വന്നു. അതിനിടെ ചെന്നിത്തലയെ പിന്തുണച്ചും സോഷ്യൽ മീഡിയയിൽ കാമ്പൈൻ സജീവമാണ്.

ഇതു സംബന്ധിച്ച് ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതിങ്ങനെ: നിങ്ങളെല്ലാവരും രമേശ് ചെന്നിത്തല ഇരട്ടവോട്ടിന്റെ ലിസ്റ്റ് പുറത്തുവിട്ട കാര്യം അറിഞ്ഞിരിക്കും ... എന്റെ മണ്ഡലത്തിലെ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയുടെ വീട്ടിൽ തന്നെ ഇരട്ടവോട്ട് ഉണ്ട് എന്നതാണ് ലിസ്റ്റ് നോക്കിയപ്പോൾ ആദ്യം കണ്ട കോമഡി .. അതൊക്കെ അവിടെ നിൽക്കട്ടെ ... അതിലെ വിവരങ്ങളുടെ മെറിട്ടിനെപ്പറ്റി പറയാനല്ല ഈ പോസ്റ്റ് .... ഞാൻ രമേശ് ചെന്നിത്തല വിവരങ്ങൾ പുറത്തുവിട്ട വെബ്‌സൈറ്റിന്റെ വിവരങ്ങൾ തപ്പുകയായിരുന്നു .. -->> https://operationtwins.com/ എന്ന വെബ്‌സൈറ്റ് രജിസ്റ്റർ ചെയ്തിരിക്കുന്നത് Godaddy എന്ന വെബ് സർവീസ് പ്രൊവൈഡറുടെ സെർവറിലാണ് ... -->> അതിന്റെ IP അഡ്രസ് എടുത്തുനോക്കി ... 184.168.121.38 എന്നതാണ് ഈ വെബ്‌സൈറ്റിന്റെ IP ... പിന്നെ ആ ഐപിയുടെയും വെബ്‌സൈറ്റിന്റെയും ലൊക്കേഷൻ എടുത്തുനോക്കി ... -->>അത് പ്രകാരം ഈ വെബ്‌സൈറ്റ് ഹോസ്റ്റ് ചെയ്തിരിക്കുന്നത് സിംഗപ്പൂരിൽ ആണ് ...

അപ്പോൾ ചോദ്യം വളരെ ലളിതമാണ് .. 1: ഇന്ത്യക്കാരുടെ വോട്ടർ ഐഡി, പേര് വിവരങ്ങൾ, അഡ്രസ് അടക്കമുള്ള വിവരങ്ങൾ എങ്ങനെയാണ് ഇന്ത്യക്ക് പുറത്തുള്ളൊരു ഇടത്തിൽ സ്റ്റോർ ചെയ്യാൻ രമേശ് ചെന്നിത്തല കൊടുത്തത് ? 2:വ്യക്തിവിവരങ്ങൾ അടക്കമുള്ള സെൻസിറ്റീവ് ഡാറ്റക്ക് cross border data transfer റെഗുലേഷൻ ബാധകമായ ഇന്ത്യയിൽ ഏത് നിയമപരമായ പെർമിഷൻ വച്ചാണ് നിങ്ങൾ ഡാറ്റ സിംഗപ്പൂരിൽ ഹോസ്റ്റ് ചെയ്ത സൈറ്റിലേക്ക് കൊടുത്തത് ? 3: ഏത് വ്യക്തിഗത കൺസെന്റ് വെച്ചിട്ടാണ് ഇത്രയും ആളുകളുടെ വിവരങ്ങൾ ശേഖരിച്ചതും, ഇമേജ് അനലൈസിങ് / കമ്പറിങ് ആപ്പ്‌ലിക്കേഷന്റെ സെർവറുകളിലേക്ക് കേരളത്തിലെ ജനങ്ങളുടെ ചിത്രങ്ങൾ അപ്ലോഡ് ചെയ്ത് പ്രോസസ്സ് ചെയ്തതും പുറത്തേക്ക് കൊടുത്തതും ?

കൃത്യം ഒരുകൊല്ലം മുൻപ് ശബരിനാഥന്റെ ചർച്ചകളിലെ ക്‌ളീഷേ ഡയലോഗായിരുന്നു 'data is the new oil'. അതിൽ ശബരി ഇപ്പോഴും ഉറച്ചുനിൽക്കുന്നുണ്ടോ എന്നും ഇക്കാര്യത്തിൽ എന്താണ് ശബരിയുടെയൊക്കെ അഭിപ്രായം എന്നും അറിയേണ്ടതുണ്ട് ... ശബരി അന്ന് 'എന്റെ ഡാറ്റ എന്റെ അവകാശം' എന്നോമറ്റോ പറഞ്ഞുകൊണ്ടൊരു പ്രൊഫൈൽ ഫ്രെയിം മാറ്റുന്ന കാമ്പയിനും ഒപ്പുശേഖരണവുമൊക്കെ നടത്തിയിരുന്നു ... അതേ ശബരിയുടെ നേതാവാണ് നാലരലക്ഷം പേരുടെ ഡാറ്റ ഇന്ത്യക്ക് പുറത്തേക്ക് കടത്തിയത് ... ഇതാണ് സിപിഎം അനുഭാവികൾ ഉയർത്തുന്ന വാദം. ഈ പോസ്റ്റ് വൈറലായതിന് പിന്നാലെയാണ് ആരോപണവുമായി എംഎ ബേബി രംഗത്ത് വന്നത്. ബുധനാഴ്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല 140 മണ്ഡലങ്ങളിലായുള്ള നാല് ലക്ഷത്തി മുപ്പതിനാലായിരം ഇരട്ടവോട്ടർമാരുടെ പട്ടിക ഓപ്പറേഷൻ ട്വിൻസ് എന്ന പേരിൽ പുറത്തുവിട്ടിരുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്നുമുണ്ടായ ഈ ഗുരുതമായ പിഴ അദ്ദേഹം കൃത്യതയോടെയും സൂക്ഷ്മതയോടെയുമാണ് പുറം ലോകത്ത് എത്തിച്ചത്. എന്നാൽ ഇപ്പോൾ പ്രതിപക്ഷ നേതാവ് ഇതുമായി ബന്ധപ്പെട്ട് ഫേസ്‌ബുക്കിൽ ഇട്ട പോസ്റ്റ് വലിയ വിവാദത്തിലാണ് ചെന്നുപെട്ടിരിക്കുന്നത്. ഇരട്ടവോട്ടുമായി ബന്ധപ്പെട്ട ചെന്നിത്തലയുടെ പോസ്റ്റിന് 13 മണിക്കൂർ പിന്നിടുമ്പോൾ ഇരുപത്തിരണ്ടായിരം റിയാക്ഷൻസാണ് ഉള്ളത്. എന്നാൽ മലയാളത്തിൽ ചെന്നിത്തലയിട്ട പോസ്റ്റുകൾക്ക് ലൈക്ക് വന്നിരിക്കുന്നതുകൊറിയയിൽ നിന്നും വിയറ്റ്നാമിൽ നിന്നുമെല്ലാമാണ്. സ്ഥലമേതാണെന്ന് കൃത്യമായി വാളിൽ എഴുതിയിട്ടില്ലാത്തവിദേശത്തു നിന്നുള്ള അനേകം പേരാണ് ചെന്നിത്തലയുടെ പോസ്റ്റ് ലൈക്ക് ചെയ്തിരിക്കുന്നത്. കൊറിയൻ ഭാഷയോട് സാമിപ്യമുള്ള പേരുകളാണ് ഇതിൽ കൂടുതലും.

ഇവരിൽ പലരും മലയാളികളല്ലെന്നും മലയാളികളായ മ്യൂച്ചൽ ഫ്രണ്ട്സ് പോലും ഇല്ലെന്നും ഈ പ്രൊഫൈലുകളിൽ ചെന്നു നോക്കിയാൽ മനസിലാകും. ചെന്നിത്തലയുടെ മുൻ പോസ്റ്റുകൾക്ക് കിട്ടാത്ത വിധത്തിലുള്ള ലൈക്കും റീച്ചും ഇരട്ട വോട്ടുമായി ബന്ധപ്പെട്ട പോസ്റ്റിന് ലഭിച്ചിട്ടുണ്ട്.

ചെന്നിത്തലയെ പുകഴ്‌ത്തി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പോസ്റ്റ്

രമേശ് ചെന്നിത്തല സമർത്ഥനായ ഒരു രാഷ്ട്രീയ നേതാവാണെന്നാണ് എന്റെ അഭിപ്രായം.

ഈ ഇരട്ട വോട്ട് ആരോപണത്തിലൂടെ അദ്ദേഹം നേടിയതെന്താണെന്നുനോക്കൂ

1. പണമില്ലാത്ത യുഡിഎഫിനുള്ള സൗജന്യ മീഡിയാ വാർത്താ പ്രസൻസ് . വിലയിട്ടാൽ വളരെ വലിയ പരസ്യങ്ങളേക്കാൾ ഇമ്പാക്റ്റാണ് അതുണ്ടാക്കിയത്

2. കള്ളവോട്ട് എന്നൊന്നുണ്ടെന്ന് തോന്നിപ്പിക്കൽ . അത് സ്വിങ് വോട്ടർമാരെ സ്വാധീനിക്കാൻ പോന്ന ഒന്നാണ്.

3. ഇടതുപക്ഷം ജയിച്ചാലും അതൊരു ന്യായമായ വിജയമായിരുന്നില്ല എന്ന് തോന്നിപ്പിക്കാനുള്ള പൊതുബോധ നിർമ്മാണം

4. ഇലക്ഷൻ കമ്മീഷനെക്കൊണ്ട് താൻ ഉന്നയിച്ചതിൽ ഒരു ഭാഗമെങ്കിലും ശരിയാണെന്ന് അംഗീകരിപ്പിക്കൽ

അതിനാൽ അവസാനം പ്രസിദ്ധീകരിച്ച ഇരട്ടവോട്ടുകളുടെ എണ്ണം പെരുപ്പിക്കലിനെ ശ്രദ്ധക്കുറവുകൊണ്ടുണ്ടായ അബദ്ധമായി കാണുന്നത് ശരിയല്ല. ഓൺലൈനിലെ കുറച്ചുപേർ മാത്രമേ ഫാക്റ്റ് ചെക്ക് ഒക്കെ നോക്കാൻ നിൽക്കൂ. അവർക്കുമുന്നിൽ മണ്ടനാവുന്നത് ചെന്നിത്തലയ്ക്ക് ഉത്തരവാദിത്വത്തിൽ മാറിനിൽക്കാനും സാങ്കേതിക സഹായം നൽകുന്നവരുടെ തെറ്റ് ഏറ്റെടുക്കാതിരിക്കാനും അവസരം നൽകും. നിസ്സാര ചെലവിലായിക്കും ഇതൊക്കെ നേടിയെടുത്തതും.

ഷർട്ട് പിന്നിയിടലിനും പുരപ്പുറത്ത് ജനം കയറലിനും കുഞ്ഞൂഞ്ഞ് വാർത്തകൾക്കും അപ്പുറം ഡിജിറ്റൽ സത്യാനന്തരകാലത്തേയ്ക്ക് എന്തൊരു അജണ്ട നിർമ്മാണമാണ് ഇതെന്നു നോക്കൂ. രമേശ് ചെന്നിത്തല ഉമ്മഞ്ചാണ്ടിയെ പിന്തള്ളി കോൺഗ്രസ്സിന്റെ അജണ്ട സെറ്റർ ആവുക കൂടിയാണ് കാണുന്നത്.

വിജയിച്ചില്ലെങ്കിൽ ബിജെപിയിലേക്ക് കൊഴിഞ്ഞേക്കും അണികൾ എന്ന് കരുതുന്ന ഒരു പാർട്ടിയിൽ , സ്വന്തം അണികളെയെങ്കിലും ' ആ കള്ളവോട്ടില്ലായിരുന്നെങ്കിൽ ' എന്ന് വിശ്വസിപ്പിക്കാനായി ഒരു വഴി കണ്ടുവെയ്ക്കുന്നത് ഒരു നേതൃലക്ഷണമാണ്. അതുകൊണ്ട് ഓൺലൈനിലെ ഇടതുപക്ഷ അനുഭാവികൾ മണ്ടത്തരമെന്ന് ചിത്രീകരിക്കുമ്പോഴും രമേശ് ചെന്നിത്തല മനസ്സിൽ ഊറിച്ചിരിക്കുകയായിരിക്കും..

വോട്ടർ വിവരത്തിലെ വിവാദത്തിൽ കുറ്റപ്പെടുത്തൽ പോസ്റ്റ്

നിങ്ങളെല്ലാവരും രമേശ് ചെന്നിത്തല ഇരട്ടവോട്ടിന്റെ ലിസ്റ്റ് പുറത്തുവിട്ട കാര്യം അറിഞ്ഞിരിക്കും ...

എന്റെ മണ്ഡലത്തിലെ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയുടെ വീട്ടിൽ തന്നെ ഇരട്ടവോട്ട് ഉണ്ട് എന്നതാണ് ലിസ്റ്റ് നോക്കിയപ്പോൾ ആദ്യം കണ്ട കോമഡി .. അതൊക്കെ അവിടെ നിൽക്കട്ടെ ... അതിലെ വിവരങ്ങളുടെ മെറിട്ടിനെപ്പറ്റി പറയാനല്ല ഈ പോസ്റ്റ് ....

ഞാൻ രമേശ് ചെന്നിത്തല വിവരങ്ങൾ പുറത്തുവിട്ട വെബ്‌സൈറ്റിന്റെ വിവരങ്ങൾ തപ്പുകയായിരുന്നു ..

-->> https://operationtwins.com/ എന്ന വെബ്‌സൈറ്റ് രജിസ്റ്റർ ചെയ്തിരിക്കുന്നത് Godaddy എന്ന വെബ് സർവീസ് പ്രൊവൈഡറുടെ സെർവറിലാണ് ...

-->> അതിന്റെ IP അഡ്രസ് എടുത്തുനോക്കി ... 184.168.121.38 എന്നതാണ് ഈ വെബ്‌സൈറ്റിന്റെ IP ... പിന്നെ ആ ഐപിയുടെയും വെബ്‌സൈറ്റിന്റെയും ലൊക്കേഷൻ എടുത്തുനോക്കി ...

-->>അത് പ്രകാരം ഈ വെബ്‌സൈറ്റ് ഹോസ്റ്റ് ചെയ്തിരിക്കുന്നത് സിംഗപ്പൂരിൽ ആണ് ...

അപ്പോൾ ചോദ്യം വളരെ ലളിതമാണ് ..

1: ഇന്ത്യക്കാരുടെ വോട്ടർ ഐഡി, പേര് വിവരങ്ങൾ, അഡ്രസ് അടക്കമുള്ള വിവരങ്ങൾ എങ്ങനെയാണ് ഇന്ത്യക്ക് പുറത്തുള്ളൊരു ഇടത്തിൽ സ്റ്റോർ ചെയ്യാൻ രമേശ് ചെന്നിത്തല കൊടുത്തത് ?

2:വ്യക്തിവിവരങ്ങൾ അടക്കമുള്ള സെൻസിറ്റീവ് ഡാറ്റക്ക് cross border data transfer റെഗുലേഷൻ ബാധകമായ ഇന്ത്യയിൽ ഏത് നിയമപരമായ പെർമിഷൻ വച്ചാണ് നിങ്ങൾ ഡാറ്റ സിംഗപ്പൂരിൽ ഹോസ്റ്റ് ചെയ്ത സൈറ്റിലേക്ക് കൊടുത്തത് ?

3: ഏത് വ്യക്തിഗത കൺസെന്റ് വെച്ചിട്ടാണ് ഇത്രയും ആളുകളുടെ വിവരങ്ങൾ ശേഖരിച്ചതും, ഇമേജ് അനലൈസിങ് / കമ്പറിങ് ആപ്പ്‌ലിക്കേഷന്റെ സെർവറുകളിലേക്ക് കേരളത്തിലെ ജനങ്ങളുടെ ചിത്രങ്ങൾ അപ്ലോഡ് ചെയ്ത് പ്രോസസ്സ് ചെയ്തതും പുറത്തേക്ക് കൊടുത്തതും ?

കൃത്യം ഒരുകൊല്ലം മുൻപ് ശബരിനാഥന്റെ ചർച്ചകളിലെ ക്‌ളീഷേ ഡയലോഗായിരുന്നു 'data is the new oil'. അതിൽ ശബരി ഇപ്പോഴും ഉറച്ചുനിൽക്കുന്നുണ്ടോ എന്നും ഇക്കാര്യത്തിൽ എന്താണ് ശബരിയുടെയൊക്കെ അഭിപ്രായം എന്നും അറിയേണ്ടതുണ്ട് ... ശബരി അന്ന് 'എന്റെ ഡാറ്റ എന്റെ അവകാശം' എന്നോമറ്റോ പറഞ്ഞുകൊണ്ടൊരു പ്രൊഫൈൽ ഫ്രെയിം മാറ്റുന്ന കാമ്പയിനും ഒപ്പുശേഖരണവുമൊക്കെ നടത്തിയിരുന്നു ... അതേ ശബരിയുടെ നേതാവാണ് നാലരലക്ഷം പേരുടെ ഡാറ്റ ഇന്ത്യക്ക് പുറത്തേക്ക് കടത്തിയത് ...

രമേശ് ചെന്നിത്തല അന്ന് പറഞ്ഞതുപോലെ 'ഡാറ്റ വിറ്റു' എന്നൊന്നും ഞാൻ പറയുന്നില്ല .. വിൽക്കാൻ മാത്രം മൂല്യം അതിനില്ല... പക്ഷെ രമേശ് ചെയ്തത് തെറ്റായ കാര്യമാണ് ... കാരണം വോട്ടർ ഐഡി എന്നത് സെൻസിറ്റീവ് പേർസണൽ ഇൻഫർമേഷൻ ആണ് ... അത് ഒരുകാരണവശാലും ഇന്ത്യക്ക് പുറത്തേക്ക് കൊണ്ടുപോയി സ്റ്റോർ ചെയ്യാൻ പാടില്ലാത്തതാണ് ... ഇന്ത്യയിലെ IT നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണത് ... രണ്ടാമതായി, സ്വകാര്യ വിവരങ്ങൾ എങ്ങനെയാണു വ്യക്തിയുടെ അനുമതിയില്ലാതെ പ്രോസസ്സ് ചെയ്ത് ഇന്ത്യക്ക് പുറത്ത് സ്റ്റോർ ചെയ്തത് എന്നും രമേശ് ചെന്നിത്തല മറുപടി പറയേണ്ട കാര്യമാണ് ... സ്വകാര്യതയും, ഡാറ്റ ഈസ് ദി ന്യൂ ഓയിൽ എന്ന ക്‌ളീഷേ ഡയലോഗുമൊക്കെ ചർച്ചയിൽ പറയാൻ മാത്രമുള്ളതല്ല എന്നേ എനിക്ക് പ്രതിപക്ഷത്തോട് പറയാനുള്ളൂ ...

ഡാറ്റയുടെ കാര്യത്തിൽ വലിയ വെപ്രാളം കാണിച്ചിരുന്ന മാധ്യമങ്ങളുടെ നിലപാടും ഇതിൽ അറിയേണ്ടതുണ്ട് .. സ്വന്തം ചെന്നിത്തല ചെയ്തതായതുകൊണ്ടു പ്രശ്‌നമില്ല എന്നാണെങ്കിൽ പിന്നെ ഒന്നും പറയാനില്ല ...

വാൽക്കഷ്ണം: ഇത് CDN (Content Delivery Network) ആണെന്ന ന്യായവുമായൊന്നും ദയവായി വരരുത് :) ... ആ സൈറ്റ് വെറും നൂറോ ഇരുന്നൂറോ pdf ഫയലുകൾ മാത്രമുള്ള ഒന്നാണ് ..അതിനുവേണ്ടി CDN ഉണ്ടാക്കാനൊന്നും ആരും നിൽക്കില്ല .. CDN ന്റെയൊക്കെ ഉപയോഗം വേറെയാണ് ... നാലും മൂന്നും ഏഴ് ഡോക്യുമെന്റ് ഫയലുകൾക്കൊന്നും ആരും CDN ഉണ്ടാക്കില്ല ... :)

രമേശ് ചെന്നിത്തലയെ പിന്തുണച്ച് ജി ശക്തിധരൻ എഴുതിയ ഫെയ്‌സ് ബുക്ക് കുറിപ്പ്

എന്തിനാണ് രമേശ് ചെന്നിത്തലയെ ഭയക്കുന്നത്?

കേരളം കണ്ടിട്ടുള്ള ഏറ്റവും അപകടകാരിയായ മനുഷ്യൻ ആരെന്ന് ചോദിച്ചാൽ കമ്മ്യുണിസ്റ്റ്കാർക്ക് ഇപ്പോൾ ഒറ്റ ഉത്തരമേയുണ്ടാവൂ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആ കുറിയ മനുഷ്യന്റെ ശരീരഭാഷയും നിൽപ്പും നടപ്പും നോട്ടവും എല്ലാം കമ്മ്യുണിസ്റ്റ്കാർക്ക് ഇപ്പോൾ ചതുർഥിയാണ്. താൻ പത്രപ്രസ്താവനയോ പത്രസമ്മേളനമോ നടത്തിയാൽ അതിന്റെ ചൂടാറും മുമ്പേ സോഷ്യൽ മീഡിയയിൽ തനിക്കെതിരെ നിരന്തര തെറി അഭിഷേകം തുടങ്ങും എന്ന് പരിതപിക്കുന്നത് പ്രതിപക്ഷ നേതാവ് തന്നെയാണ്. ആയിരക്കണക്കിനു സൈബർ പോരാളികൾ അവരുടെ തട്ടകങ്ങളിൽ അതിന് കണ്ണിൽ എണ്ണ ഒഴിച്ചിരിക്കുകയാണ്. 'കോഴി ഇതാ മുട്ടയിട്ടു ഉടൻ ഇറങ്ങിക്കോ' എന്നാണ് സബൈർ സഖാക്കൾ ഇതിന് കൈമാറുന്ന സന്ദേശം. കേട്ട പാതി കേൾക്കാത്ത പാതി സൈബർ കൂലിപ്പട കാപ്‌സ്യുളുകൾ തുടർന്ന് വർഷിച്ചു കൊണ്ടിരിക്കുമത്രേ. തെരുവിൽ കാണുന്ന കാളികൂളി സംഘം മാത്രമല്ല, കോളജ് പ്രൊഫസർമാർ, പാർട്ടി പത്രത്തിലും അതിന് പുറത്തുമുള്ള മാധ്യമപ്രവർത്തകർ എന്നിവരെല്ലാം ഈ വേട്ടയ്ക്ക് ഉണ്ട്. അതിൽ ചിലർക്ക് നല്ല പ്രതിഫലവും കിട്ടുന്നുണ്ട്.

എന്തു കാരണത്താലാണ് മുഖ്യമന്ത്രി മുതൽ സൈബർ പോരാളി വരെയുള്ളവർ ചെന്നിത്തലയെ ഭയപ്പെടുന്നത്? ഒറ്റതിരിച്ച് ഇങ്ങിനെ വേട്ടയാടുന്നത്? പ്രതിപക്ഷ നേതാവിനെ എങ്ങിനെ വേണമെങ്കിലും തേജോവധം ചെയ്യാം എന്നൊരു അവകാശം ഇതിനകം ഭരണപക്ഷം തീറെഴുതി എടുത്തിട്ടുണ്ട്. ലക്ഷക്കണക്കിന് വ്യാജവോട്ടുകൾ പ്രതിപക്ഷ നേതാവ് പുറത്തുകൊണ്ടുവന്നതോടെ നിൽക്കക്കള്ളിയില്ലാതായപ്പോൾ അദ്ദേഹത്തിന്റെ അമ്മ കള്ളവോട്ട് ചേർത്തു എന്ന് ആക്ഷേപിക്കാൻ മുഖ്യമന്ത്രിക്ക് അടക്കം ഒരു കൂസലുമുണ്ടായില്ല. സർവകലാശാല വിദ്യാർത്ഥികൾക്ക് അനധികൃത മാർക്ക് നൽകിയ വിവാദം കത്തി നിന്നപ്പോൾ വിദ്യാഭ്യാസമന്ത്രി ജലീൽ തിരിച്ചടിച്ചത്, പ്രതിപക്ഷനേതാവ് അദ്ദേഹത്തിന്റെ മകന്റെ സിവിൽ സർവീസ് പരീക്ഷയിൽ ഇന്റർവ്യൂ നടന്നപ്പോൾ രഹസ്യമായി ഡൽഹിയിലെത്തി മാർക്ക് കൂട്ടിയിടീക്കാൻ ശ്രമിച്ചു എന്നായിരുന്നു. മുഖ്യമന്ത്രിയെ പോലും അത് വേദനിപ്പിച്ചു. എന്തുകൊണ്ടാണ് ഇത്രയ്ക്ക് പ്രതിപക്ഷ നേതാവിനെ ഭയപ്പെടുന്നത്?

പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കുമ്പോൾ പ്രതിപക്ഷ നേതാവ് വെടിമരുന്നു പോലെ ജ്വലിക്കുന്ന പടക്കമാകരുതെന്നും ക്ലിഫ് ഹൗസിലെ ഫ്രിഡ്ജിലെ സാധനം പോലെ ഇരുന്നുകൊള്ളണമെന്നുമാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ കണ്ണോടിച്ചാൽ നമുക്ക് മനസിലാകുക. എപ്പോഴും സുഖശീതളമായ അന്തരീക്ഷത്തിൽ കഴിയുന്ന പ്രതിപക്ഷ നേതാവിനെയാണ് അവർക്ക് പ്രിയം. നിയമസഭയിൽ മൗനവ്രതത്തിൽ കഴിയുകയും ശീതികരിച്ച വിമാനത്തിലും ആഡംബര കാറിലും നിരന്തരം സഞ്ചരിച്ചുകൊണ്ടിരിക്കുകയും ജനങ്ങളുടെ മുന്നിൽ സന്തോഷപൂർവ്വം കൈകൂപ്പി നിൽക്കുകയും ആർക്കെതിരെയും വിരൽചൂണ്ടാതിരിക്കുകയും കമാ എന്ന് ശ്ബദിക്കാതിരിക്കുകയും ചെയ്യുന്ന ഒരു പ്രതിപക്ഷ നേതാവാണ് നമുക്ക് വേണ്ടതെന്ന് കരുതുന്നവരാണവർ. അഴിമതിയുടെ കരിമ്പാറക്കെട്ടുകൾ ബർമ്മ വെച്ച് തുരന്നു വെടിമരുന്ന് കയറ്റി നിരന്തരം സ്‌ഫോടനം നടത്തുന്ന പ്രതിപക്ഷ നേതാവ് നമുക്ക് എന്തിന് എന്നാണവരുടെ ചോദ്യം?

ഒരു കല്ലെടുത്ത് മറ്റൊരു കല്ലിൽ പ്രതിഷ്ഠച്ചിട്ടാണ് ശ്രീനാരായണ ഗുരു സ്വന്തം ദൈവത്തെ സൃഷ്ടിച്ചിരിക്കുന്നതെന്ന് പറഞ്ഞതുപോലെ ഒരു വോട്ടറെ തന്നെ അടുത്തവീട്ടിലെയും അതിന്റെ അടുത്ത വീട്ടിലെയും പിന്നെയും കാണുന്ന വീട്ടിലെയും വോട്ടറായി വെച്ചു കൊണ്ടാണല്ലോ പിണറായി വിജയൻ തുടർഭരണ സ്വപ്നം നെയ്‌തെടുക്കുന്നത്. എന്നാൽ അവിടെയും കയറി കുഴപ്പമുണ്ടാക്കുകയാണ് പ്രതിപക്ഷ നേതാവ്! വോട്ടർപട്ടികയിൽ ഇനി ശുദ്ധികലശം നടത്തുന്നത് ഒന്ന് കാണട്ടെ എന്നാണ് ഇപ്പോൾ മുഖ്യമന്ത്രി വീമ്പടിക്കുന്നത്.

ഗാന്ധിജിയെ കൊന്നത് ഗോദ്‌സെയാണോ എന്ന് എപ്പോഴും സംശയിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു ആശയസംഹിതയുടെ മേധാവിത്വത്തിൻ കീഴിലാണ് നാം ജീവിക്കുന്നത്. പ്രതിപക്ഷ നേതാവാണോ ശരിയെന്ന മറ്റൊരു സംശയം കൂടി ഇവിടെ കൂട്ടിച്ചേർക്കണമെങ്കിൽ അത് വളരെ എളുപ്പമാണ്. അതാണ് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ആരാധക വൃന്ദവും ചെയ്തുകൊണ്ടിരിക്കുന്നത്. എം ശിവശങ്കറിലൂടെയും സ്വപ്നാ സുരേഷിലൂടെയും പുതിയ ആശയങ്ങളും കർമ്മ പദ്ധതികളും മാധ്യമങ്ങളുടെ ഒത്താശയോടെ നമ്മളെ പഠിപ്പിക്കുകയായിരുന്നു പിണറായി വിജയൻ. അതാണ് നമ്മെ ഇവിടെ കൊണ്ടെത്തിച്ചത്. അവരെ അതിൽ ചിലരെ പുറംതള്ളേണ്ടിവന്നപ്പോൾ ആ ദൗത്യം മുഖ്യമന്ത്രി തന്നെ ഏറ്റെടുത്തു. അങ്ങിനെയാണ് ആഴക്കടലിൽ ചെന്ന് പതിച്ചത്.മാർക്‌സിസത്തിന് മലിനീകരണം സംഭവിച്ചു കഴിഞ്ഞാൽ പതനം കടലിലോ ആകാശത്തോ എന്ന ഭേദമില്ല.

പിണറായി വിജയനെപ്പോലെ ഇത്ര നല്ല നേതാവ് വേറെയില്ലെന്നും അദ്ദേഹം ചെയ്യുന്നത് മാത്രമാണ് ശരിയെന്നും വിശ്വസിക്കുന്നവരുണ്ട്. പിണറായി വിജയൻ പറയുന്നതാണ് വികസനം. താൻ നടക്കുന്ന പാതയെല്ലാം വികസനപാതയായി സങ്കൽപ്പിച്ചു തന്റെ മെതിയടി പിന്തുടരണമെന്ന് അദ്ദേഹം ശഠിച്ചാൽ അത് നടന്നെന്ന് വരില്ല. ഞാൻ പപ്പടം പൊട്ടിച്ചവനാണെന്ന് ഒരാൾ വീമ്പ് പറയുമ്പോൾ അതിന്റെ പൊള്ളത്തരം തുറന്നുകാട്ടാൻ ഒരു ചെറു പുഞ്ചിരി മാത്രം കാഴ്‌ച്ചവെക്കുന്ന പ്രകൃതമാണല്ലോ രമേശ് ചെന്നിത്തലയുടേത്.

മാധ്യമങ്ങൾക്ക് ക്രൂശിക്കാൻ എപ്പോഴും ഒരാളെങ്കിലും വേണം. ഒന്നുകിൽ സരിത അല്ലെങ്കിൽ സ്വപ്ന അതുമല്ലെങ്കിൽ എം ശിവശങ്കർ അങ്ങിനെ അങ്ങിനെ. മാധ്യമങ്ങൾക്ക് ഭരണപക്ഷത്തിന് കടുത്ത വെല്ലുവിളി ഉയർത്തുന്നവരെ ചിലപ്പോൾ നിർദയം വക്രീകരിക്കേണ്ടിവരും. അതാണ് കേരളത്തിൽ രമേശ് ചെന്നിത്തലയ്ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത്. നിങ്ങളുടെ കയ്യിൽ ഒരു പിണറായി വിജയൻ ഉണ്ടെങ്കിൽ രണ്ടോ അതിലേറെയോ രമേശ് ചെന്നിത്തലമാരുടെ കഥകഴിക്കാം. ഇത് മറ്റൊരു തരത്തിൽ വിജയൻ മാഷ് മുമ്പ് പറഞ്ഞിട്ടുണ്ട്.നിങ്ങളുടെ കയ്യിൽ രണ്ട് പേജ് നുണയുണ്ടെങ്കിൽ ആറു പേജുള്ള പത്രം ഇറക്കാം. അതാണ് ഇപ്പോൾ സംഭവിക്കുന്നത്.

മാധ്യമങ്ങളുടെ കൗതുകകരമായ 'അവയവദാനമാണ്' ചാനൽ സർവേകളുടെ പേരിൽ കേരളത്തിൽ അരങ്ങേറുന്നത്. സർവേഫലത്തിൽ സമ്പൂർണ്ണ വിജയം ആണ് വേണ്ടതെങ്കിൽ കോടികൾ, കോടികൾ കൈമാറണം. വൃക്കയോ കരളോ പോലെ ഏതെങ്കിലും ഒന്ന് മതിയെങ്കിൽ അതിനനുസരിച്ച് തുക കുറയും. അതിന് ചേരുന്ന ചോദ്യാവലികൾ മുന്നോട്ടുവെക്കും.മുഖ്യമന്ത്രി പദത്തിൽ എത്തണമെന്ന് എത്രശതമാനം പേരാണ് ആഗ്രഹിക്കുന്നതെന്ന് മാത്രം വോട്ടെടുപ്പ് നടത്തി പ്രഖ്യാപിച്ചാൽ മതിയെങ്കിൽ അതിനനുസരിച്ച പ്രതിഫലം കൊടുത്താൽ മതിയാകും. കെ എം മാണി ബാർ കോഴ സമയത്ത് വീട്ടിൽ സൂക്ഷിച്ചിരുന്നു എന്ന് ആരോപിക്കപ്പെട്ടിരുന്നത് നോട്ടെണ്ണൽ യന്ത്രമായിരുന്നുവെങ്കിൽ ഇവിടെ നോട്ട് എണ്ണലും വോട്ട് ഇരട്ടിപ്പിക്കലും ചേർന്ന പുതിയ യന്ത്രമാണ് ചാനലുകളിൽ ഉപയോഗത്തിലുള്ളത്. ഈ യന്ത്രങ്ങൾ വഴിയാണ് സർവേ ഫലം പുറത്തുവരുന്നത്. ഒന്നിൽക്കൂടി നോട്ടും മറ്റൊന്നിൽ കൂടി വോട്ടും.

കേരളത്തിൽ കഴിഞ്ഞ രണ്ടോമൂന്നോ വർഷത്തെപ്പോലെ ഇത്രയേറെ കൊടിയ അഴിമതികൾ താണ്ഡവനൃത്തം ആടിയ കാലമുണ്ടായിട്ടുണ്ടോ? അഴിമതി എന്ന വിഷയത്തിൽ നിന്ന് കേരളത്തിലെ വൻകിട മാധ്യമങ്ങൾ സൗകര്യപൂർവ്വം ഒഴിഞ്ഞപ്പോൾ ആണ് പ്രതിപക്ഷ നേതാവ് ആ വിഷയം ഏറ്റെടുക്കുന്നത്. അത് ഒറ്റപ്പെട്ട ഒരു സംഭവമായി കെട്ടടങ്ങും എന്ന് ആശ്വസിച്ചിരിക്കുമ്പോഴാണ് പൂരപ്പറമ്പിലെ അമിട്ട് പോലെ ഒന്നിന് പുറകെ മറ്റൊന്നായി ബോംബുകൾ പൊട്ടിത്തുടങ്ങിയത്. മാധ്യമങ്ങൾ ഈ കുംഭകോണങ്ങൾ ജനശ്രദ്ധയിൽ നിന്ന് മറച്ചു പിടിക്കാൻ നിപ്പയും പേമാരിയും മഹാമാരിയും മറ്റും തരാതരം പോലെ ഉപയോഗിച്ചു സർക്കാരിന് താൽക്കാലിക ആശ്വാസം നൽകി.അതിനു തക്ക പ്രതിഫലവും കിട്ടി.

കഴിഞ്ഞ അഞ്ചുവർഷം പത്രപ്രവർത്തനത്തിൽ വന്ന മാറ്റം എന്താണ് എന്ന് അറിയണമെങ്കിൽ, എളുപ്പ മാർഗ്ഗം, രമേശ് ചെന്നിത്തല എന്ന പ്രതിപക്ഷ നേതാവ് എന്താണെന്ന് പഠിച്ചാൽ മതി. മാധ്യമപ്രവർത്തനത്തിലെ ആ മാറ്റം തിരിച്ചറിയാൻ ഒറ്റ ഉദാഹരണം പറയാം. ജനങ്ങളെ ഗൗരവതരമായി ബാധിക്കുന്ന സംഭവങ്ങളെ അതിന്റെ കാഠിന്യം കുറച്ചു ചെറിയ നോവലുകളോ കഥകളോ ആക്കി ആക്കി മാറ്റുന്ന റിപ്പോർട്ടിങ് രീതിയിലേക്ക് മാധ്യമങ്ങൾ മാറിയിരിക്കുകയാണ്. പെരുമ്പാവൂരിൽ ജിഷ എന്ന കോളജ് വിദ്യാർത്ഥിനിയുടെ കൊലപാതകത്തിനെതിരെ ഉയർന്ന ജനരോഷത്തിൽ നിന്നു കൂടിയാണല്ലോ പിണറായി വിജയൻ മന്ത്രിസഭ ജന്മം കൊണ്ടത്. അന്നത്തെ പ്രതിപക്ഷത്തിന് ആ വിഷയത്തിൽ ഇടപെടാൻ ഇടം ഉണ്ടായിരുന്നു. അങ്ങിനെ ആയിരുന്നു അന്നത്തെ വാർത്തകൾ. എന്നാൽ ഈ ഭരണത്തിൽ വാളയാറിലെ രണ്ടുബാലികമാരുടെ സംശയകരമായ മരണം സംഭവിച്ചപ്പോൾ അതിൽ ആരും ഇടപെട്ട് സമയം കളയണ്ട എന്ന കഥാ നിർമ്മിതികൾ ആരംഭിച്ചു. സർക്കാർ അങ്ങിനെ രക്ഷപ്പെട്ടു. പിന്നെ നിഗൂഡതകൾ, ഗൂഢാലോചനകൾ. ഇതാണ് വാർത്തകളിലെ മാറ്റം. ആ അമ്മയുടെ കണ്ണുകളിൽ നിറഞ്ഞു നിന്ന കണ്ണുനീർ തുള്ളികൾ അവിടെത്തന്നെ ഘനീഭവിച്ചു നിൽക്കുകയും ലേഖകന്മാരുടെ ഇക്കിളി കഥകൾ പകരം വെക്കുകയും ചെയ്തു. അവിടെയാണ് ഒരു പ്രതിപക്ഷ നേതാവിന്റെ ഇടപെടൽ ജനങ്ങൾ ആഗ്രഹിക്കുന്നത്. ആ ഇടപെടൽ രമേശ് ചെന്നിത്തലയുടെ കാര്യത്തിൽ വേണ്ടുവോളം ഉണ്ടായോ എന്നതിൽ രണ്ടഭിപ്രായം ഉണ്ടാകാം.

ഒരു ഇടതുപക്ഷ ഭരണത്തിൽ പ്രതിപക്ഷം യുദ്ധം ചെയ്യേണ്ടത് എപ്പോൾ എവിടെനിന്നെന്ന് ്തിരിച്ചറിഞ്ഞ മറ്റൊരു പ്രതിപക്ഷ നേതാവിനെ എനിക്ക് ചൂണ്ടിക്കാട്ടാനില്ല. ഇന്ത്യൻ പാർലമന്റിന്റെ ഇരുസഭകളും കേരള നിയമസഭയും ദീർഘകാലം റിപ്പോർട്ട് ചെയ്ത അനുഭവത്തിൽ നിന്നാണ് ഞാനിത് പറയുന്നത്.ഇടതുപക്ഷം അതിന്റെ അടിസ്ഥാന തത്വങ്ങൾ ബലികഴിക്കുമ്പോഴാണ്, വില്ല് കുലയ്‌ക്കേണ്ടതെന്നു പഠിപ്പിച്ചത് രമേശ് ചെന്നിത്തല തന്നെയാണ്.അതാണ്ഭരണാധികാരികളെ പരിഭ്രാന്തിയിലാഴ്‌ത്തിയത്. അതിന്റെ പല രൂപകങ്ങളാണ് നാം പോരാട്ട ഭൂമികയിൽ കണ്ട സ്പ്രിങ്ങ്‌ലർ മുതൽ ഓരോന്നും. ഇവിടെ പാർട്ടികൾ ഹെലികോപ്റ്ററിലേക്ക് മാറ്റി പാർപ്പിക്കപ്പെട്ടപ്പോഴും രമേശ് ചെന്നിത്തല പഴയ രമേശ് ചെന്നിത്തലയായി തുടർന്നു. പ്രതിപക്ഷ നേതാവിന് ഒരു പുതിയ നിർവചനം നൽകുകയാണ് രമേശ് ചെന്നിത്തല കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് ചെയ്തത്.നമ്മൾക്ക് അത് കാണാതിരിക്കാം. പക്ഷെ നിന്ദിച്ചുകൂടാ. രമേശ് ചെന്നിത്തല ഉയർത്തിയ വിഷയങ്ങൾക്ക് അദ്ദേഹത്തിന്റേതായ വ്യക്തിത്വം കൈവന്നു കഴിഞ്ഞു എന്നതാണ് സത്യം. അതിന് ബദലായി മുഖ്യമന്ത്രി മുന്നോട്ടുവെക്കുന്ന വിഷയങ്ങൾക്ക് കോർപ്പറേറ്റ് വ്യക്തിത്വമേ ഉണ്ടാകൂ. ഇവിടെയാണ് ഇടതുപക്ഷ ആശയങ്ങൾക്ക് മലിനീകരണം സംഭവിക്കുന്നത്. മാർക്‌സിസം ജീർണിച്ചാൽ പിണറായിസം ആയി മാറുമെന്നതാണ് നാം ഓർക്കേണ്ടത് ആ ഘട്ടമെത്തിയാൽ പിന്നെ അത് പശ്ചിമ ബംഗാളോ ത്രിപുരയോ ആയി നിലം പൊത്തും.
ജി ശക്തിധരന്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP