Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'അച്ഛനെപ്പോലെ മികച്ച നേതാവും മികച്ച മന്ത്രിയുമായിരുന്നു ഷിബു'; 'തന്റെ മണ്ഡലത്തെപറ്റിയുള്ള കരുതൽ നാട്ടുകാർക്കറിയാം'; 'അവരുടെ കാര്യം കഴിഞ്ഞ് മാത്രമേ ഷിബുവിന് എന്തുമുള്ളൂ'; ഷിബു ബേബി ജോണിന് വിജയാശംസകളുമായി നടൻ മോഹൻലാൽ

'അച്ഛനെപ്പോലെ മികച്ച നേതാവും മികച്ച മന്ത്രിയുമായിരുന്നു ഷിബു'; 'തന്റെ മണ്ഡലത്തെപറ്റിയുള്ള കരുതൽ നാട്ടുകാർക്കറിയാം';  'അവരുടെ കാര്യം കഴിഞ്ഞ് മാത്രമേ ഷിബുവിന് എന്തുമുള്ളൂ'; ഷിബു ബേബി ജോണിന് വിജയാശംസകളുമായി നടൻ മോഹൻലാൽ

ന്യൂസ് ഡെസ്‌ക്‌

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിൽ ശക്തമായ പോരാട്ടം നടക്കുന്ന ചവറ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷിബു ബേബി ജോണിന് ആശംസകളുമായി മോഹൻലാൽ. സഹോദരതുല്യനായ സുഹൃത്ത് ഷിബുവിന് വീഡിയോയിലൂടെയാണ് മോഹൻലാൽ ആശംസയർപ്പിച്ചത്.

അച്ഛനെപ്പോലെ മികച്ച നേതാവും മികച്ച മന്ത്രിയുമായിരുന്നു ഷിബു. തന്റെ മണ്ഡലത്തെപറ്റി അദ്ദേഹത്തിനുള്ള കരുതൽ നാട്ടുകാർക്കറിയാം. അവരുടെ കാര്യം കഴിഞ്ഞ് മാത്രമേ ഷിബുവിന് എന്തുമുള്ളൂ. മോഹൻലാൽ പറയുന്നു.

2016ലെ തിരഞ്ഞെടുപ്പിൽ ഇടത് തരംഗത്തിൽ കൊല്ലം ജില്ലയിലെ എല്ലാ സീറ്റുകളും യുഡിഎഫിന് നഷ്ടമായിരുന്നു. അന്ന് മന്ത്രിയായിരുന്ന ഷിബു ബേബി ജോണിനും തന്റെ മണ്ഡലമായ ചവറയിൽ പരാജയപ്പെട്ടിരുന്നു.

സിഎംപിയിലെ നേതാവായ വിജയൻ പിള്ളയോടാണ് മണ്ഡലത്തിൽ അടിയറവ് പറഞ്ഞത്. എന്നാൽ കഴിഞ്ഞ അഞ്ച് വർഷവും മണ്ഡലത്തിൽ നിറഞ്ഞുനിൽക്കുന്ന പ്രവർത്തനത്തിലൂടെ മണ്ഡലത്തിൽ വീണ്ടും സജീവ സാന്നിദ്ധ്യമാണ് ഷിബു ബേബി ജോൺ. ഷിബു ബേബി ജോണിന് വിജയാശംസകളുമായി നിരവധി പ്രമുഖർ രംഗത്തെത്തിയിരുന്നു.

ആർ എസ് പിയുടെ ഉരുക്കു കോട്ടയായിരുന്നു ഒരു കാലത്തുകൊല്ലത്തിന്റെ ചവറ. പാർട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളായ ബേബി ജോണിനെ മൂന്ന് പതിറ്റാണ്ട് നിയമസഭയിലേക്കെത്തിച്ച മണ്ഡലം. അച്ഛന് പിന്നാലെ കേരള രാഷ്ട്രീയത്തിൽ സജീവമായ മകൻ ഷിബു ബേബി ജോണിനെ ചവറയിലെ ജനങ്ങൾ രണ്ട് തവണ നിയമസഭയിലേക്ക് അയച്ചു. 2004 ൽ ആർ എസ് പി ഇടത് മുന്നണി വിടുകയും പിന്നീട് യു ഡി എഫിനൊപ്പം ചേരുകയും ചെയ്തപ്പോൾ എൽ.ഡി.എഫിന് നഷ്ടമായ മണ്ഡലം എൻ. വിജയൻപിള്ളയിലൂടെയാണ് പാർട്ടി തിരിച്ച് പിടിച്ചത്.

കൊല്ലം നഗരസഭയുടെ 1 മുതൽ 5 വരേയും 49,50 എന്നീ വാർഡുകളും കരുനാഗപ്പള്ളി താലൂക്കിലെ ചവറ, നീണ്ടകര, പന്മന, തെക്കുംഭാഗം, തേവലക്കര എന്നീ പഞ്ചായത്തുകളും ചേർന്നതാണ് ചവറ നിയമസഭ നിയോജക മണ്ഡലം. മത്സ്യത്തൊഴിലാളികളും, കശുവണ്ടി തൊഴിലാളികളും നിർണായക സ്വാധീന ശക്തികളാകുന്ന ഇടമാണ് ചവറ.

1977 മുതൽ നടന്ന തിരഞ്ഞെടുപ്പിൽ ഒരു തവണ മാത്രമാണ് ആർ എസ് പിയെ മണ്ഡലം കൈവിട്ടത്. ചവറ മണ്ഡലം രൂപീകരിച്ചതിന് ശേഷമുള്ള ആദ്യ ആർ എസ് പി ഇതര എം എൽ എയായി 2016 ലെ തിരഞ്ഞെടുപ്പിൽ എൻ വിജയൻപിള്ള മാറി. ഷിബു ബേബി ജോണിനെ 6189 വോട്ടുകൾക്ക് തോൽപ്പിച്ചാണ് വിജയൻപിള്ള മണ്ഡലം ആർ എസ് പിയിൽ നിന്നും പിടിച്ചെടുത്തത്. ഇത്തവണ വിജയൻപിള്ളയുടെ മകൻ ഡോ. സുജിത് വിജയനാണ് സിപിഎം.സ്ഥാനാർത്ഥി. വിജയൻപിള്ളക്ക് ഉണ്ടാക്കാൻ സാധിച്ച നേട്ടം, മണ്ഡലത്തിലെ വിജയൻപിള്ളയുടെ വ്യക്തിപരമായ സ്വാധീനവും അതോടൊപ്പം സഹതാപതരംഗവും വോട്ടാക്കി മാറ്റാമെന്ന പ്രതീക്ഷയിലാണ് സിപിഎം.

ആർ എസ് പിയും എൽ ഡി എഫും ശക്തമായി കൊമ്പുകോർക്കുന്നിടത്ത് ബിജെപി സ്ഥാനാർത്ഥിയായി എത്തിയിരിക്കുന്നത് സിനിമ സീരിയൽ നടൻ കൂടിയായ വിവേക് ഗോപനാണ്. ബിജെപിയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായാണ് വിവേക് പാർട്ടിയിൽ ചേർന്നത്.

മണ്ഡലത്തിലെ ജനങ്ങൾക്ക് താൻ അപരിചിതനല്ലെന്നും പ്രധാനമന്ത്രി മോദിയുടെ ഭരണ മികവ് കൊല്ലത്തെ ചവറയിലെ ജനങ്ങൾക്ക് എത്തിക്കാനാണ് തന്റെ ശ്രമമെന്നും വിവേക് പറയുന്നു. മത്സരം കടുക്കുമ്പോൾ ആർ എസ് പിയെ കൈവിട്ട മണ്ഡലം എൽ ഡി എഫിനൊപ്പം തുടരുമോ അതോ തിരികെ ആർ എസ് പിയിലേക്ക് തന്നെ മടങ്ങുമോ എന്ന് കണ്ടറിയണം. ഇരുമുന്നണികളേയും കൂടാതെ ത്രികോണ മത്സരത്തിന് ബിജെപി സാധ്യത തുറക്കുമ്പോൾ ചവറയിലെ ജനങ്ങളുടെ വോട്ട് ചിന്ത ആർക്കൊപ്പമെന്നത് നിർണായകമാകും.

 

https://fb.watch/4Ae1p1YndN/

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP