Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തലസ്ഥാനത്തെ വനിതാ ഡോക്ടറിൽ നിന്നും ഒന്നരക്കോടി തട്ടിയെടുത്ത കേസിൽ ഓൺലൈൻ തട്ടിപ്പു സംഘത്തലവൻ ബീഹാർ സ്വദേശി നിർമൽ ചൗധരിക്ക് ജാമ്യമില്ല; പ്രതി ഇരുമ്പഴിക്കുള്ളിൽ കിടന്ന് വിചാരണ നേരിടാൻ ജില്ലാ കോടതി ഉത്തരവ്

തലസ്ഥാനത്തെ വനിതാ ഡോക്ടറിൽ നിന്നും ഒന്നരക്കോടി തട്ടിയെടുത്ത കേസിൽ ഓൺലൈൻ തട്ടിപ്പു സംഘത്തലവൻ ബീഹാർ സ്വദേശി നിർമൽ ചൗധരിക്ക് ജാമ്യമില്ല; പ്രതി ഇരുമ്പഴിക്കുള്ളിൽ കിടന്ന് വിചാരണ നേരിടാൻ ജില്ലാ കോടതി ഉത്തരവ്

അഡ്വ നാഗരാജ്

തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ ആശുപത്രി തുടങ്ങാൻ വിദേശ ധനസഹായം വാഗ്ദാനം ചെയ്ത് തലസ്ഥാനത്തെ വനിതാ ഡോക്ടറിൽ നിന്നും ഒന്നരക്കോടി രൂപ വിശ്വാസ വഞ്ചന ചെയ്ത് ചതിച്ചെടുത്ത കേസിൽ റിമാന്റിൽ കഴിയുന്ന ഓൺലൈൻ തട്ടിപ്പു സംഘത്തലവൻ ബീഹാർ സ്വദേശി നിർമൽകുമാർ ചൗധരിയെന്ന ബാബുവിന് ജാമ്യമില്ല. ബാബുവിന്റെ ജാമ്യ ഹർജി തള്ളിയ തിരുവനന്തപുരം അഡീ. ജില്ലാ സെഷൻസ് കോടതി പ്രതി കൽ തുറുങ്കിനുള്ളിൽ കഴിഞ്ഞ് വിചാരണ നേരിടാൻ ഉത്തരവിട്ടു.

ഗൗരവമേറിയ കുറ്റകൃത്യം ചെയ്തതായി ആരോപണമുള്ള അന്യ സംസ്ഥാനക്കാരനായ പ്രതിയെ ജാമ്യത്തിൽ വിട്ടയച്ച് സ്വതന്ത്രനാക്കിയാൽ പ്രതി ഏതു വിധേനയും രാജ്യം വിടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അപ്രകാരം സംഭവിച്ചാൽ വിചാരണക്ക് പ്രതിക്കൂട്ടിൽ കയറി നിൽക്കാൻ പ്രതിയെ ലഭിക്കാത്ത സ്ഥിതിയുണ്ടാകും. തെളിവുകൾ നശിപ്പിക്കാനുള്ള സാധ്യതയുമുണ്ട്. സാക്ഷികളെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും ആദ്യ പൊലീസ് മൊഴി വിചാരണയിൽ തിരുത്തി കൂറുമാറ്റി പ്രതിഭാഗം ചേരാനുള്ള സാധ്യതയുള്ളതായും ജാമ്യം നിരസിച്ച ഉത്തരവിൽ ജില്ലാ കോടതി വ്യക്തമാക്കി. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 437 പ്രകാരം ആദ്യ ജാമ്യഹർജി തള്ളിയ അതേ സാഹചര്യങ്ങളാണ് ഇപ്പോഴും നിലവിലുള്ളതെന്നും ജാമ്യം നൽകാൻ പാകത്തിന് സാഹചര്യങ്ങളിൽ മാറ്റങ്ങളുണ്ടായിട്ടില്ലെന്നും ജില്ലാ കോടതി വ്യക്തമാക്കി. പൊലീസ് കുറ്റപത്രം സമർപ്പിക്കുന്ന മുറയ്ക്ക് വിചാരണ വേഗത്തിൽ പൂർത്തിയാക്കി വിധി പ്രസ്താവിക്കാനും കീഴ്‌ക്കോടതിക്ക് ജില്ലാ കോടതി നിർദ്ദേശം നൽകി.

ആദ്യ ജാമ്യ ഹർജി തള്ളിയ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ടിന്റെ ഉത്തരവ് ചോദ്യം ചെയ്താണ് പ്രതി ജില്ലാ കോടതിയെ സമീപിച്ചത്. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 439 പ്രകാരമാണ് സെഷൻസ് കോടതിയിൽ ജാമ്യഹർജി സമർപ്പിച്ചത്. 2021 ജനുവരിയിലാണ് കേസിനാസ്പദമായ സൈബർ ക്രൈം നടന്നത്. തലസ്ഥാനത്തെ വനിതാ ഡോക്ടറടക്കമുള്ള പ്രൊഫഷണലുകളെയാണ് സംഘം തട്ടിപ്പിനിരയാക്കിയത്. തലസ്ഥാനത്തെ വനിതാ ഡോക്ടർക്ക് ആധുനിക സൗകര്യങ്ങളുള്ള മൾട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ കെട്ടിപ്പടുക്കാൻ കോടികളുടെ വിദേശ ധനസഹായം വാഗ്ദാനം ചെയ്താണ് ഒന്നരക്കോടി രൂപ തട്ടിയെടുത്തത്. സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെടുന്ന പ്രൊഫഷണലുകളെയാണ് സംഘം തട്ടിപ്പിനായി ലക്ഷ്യമിട്ടിരുന്നത്. പ്രൊഫഷണലുകളിൽ നിന്ന് വിവിധ ആവശ്യങ്ങൾക്കെന്നു പറഞ്ഞ് കരസ്ഥമാക്കുന്ന തിരിച്ചറിയൽ കാർഡുകളിലെ ഫോട്ടോകളും വിവരങ്ങളും ഉപയോഗിച്ച് സിം കാർഡുകൾ സംഘടിപ്പിച്ച് വിവിധ ബാങ്ക് അക്കൗണ്ടുകൾ ആരംഭിച്ച് ക്രെഡിറ്റ് കാർഡുകൾ എടുത്തും തട്ടിപ്പ് നടത്തിയിരുന്നു.

2021 ജനുവരി 20 നാണ് പ്രതിയെ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി റിമാന്റ് ചെയ്തത്. പ്രതി തെളിവു നശിപ്പിക്കാൻ സാധ്യതയുള്ളതിനാലും സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുള്ളതിനാലും ഒളിവിൽ പോകാൻ സാധ്യതയുള്ളതിനാലും സി. ജെ. എം. ആർ. രേഖ പ്രതിയുടെ ജാമ്യ ഹർജി തള്ളിയിരുന്നു. ആ ഉത്തരവുമായാണ് പ്രതി ജില്ലാ കോടതിയെ സമീപിച്ചത്. താൻ നിരപരാധിയാണെന്നും കേസന്വേഷണം പ്രായോഗികമായി പൂർത്തിയായെന്നും അതിനാൽ തന്റെ തുടർ കസ്റ്റഡി യാതൊരന്വേഷണത്തിനും ആവശ്യമില്ലെന്നും തനിക്ക് കേസ് നടത്താൻ ജാമ്യം നൽകി സ്വതന്ത്രനാക്കണമെന്നുമാവശ്യപ്പെട്ടാണ് ജില്ലാ കോടതിയിൽ ജാമ്യഹർജി സമർപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP