Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നവോത്ഥാന മതിൽ തീർക്കാൻ നൽകിയ പിന്തുണയെല്ലാം നിരുപാധികം പിൻവലിച്ചു; ഇടതുപക്ഷത്തേക്ക് ചായാൻ ഇക്കുറി പുന്നല ശ്രീകുമാറില്ല; മുന്നാക്ക സംവരണത്തിൽ മൂന്ന് മുന്നണികൾക്കും ഒരേ നിലപാടെന്ന് വിമർശനം; നിയമസഭാ തെരഞ്ഞെടുപ്പിൽ ആരെയും പിന്തുണയ്ക്കില്ലെന്ന് കേരള പുലയ മഹാസഭ

നവോത്ഥാന മതിൽ തീർക്കാൻ നൽകിയ പിന്തുണയെല്ലാം നിരുപാധികം പിൻവലിച്ചു; ഇടതുപക്ഷത്തേക്ക് ചായാൻ ഇക്കുറി പുന്നല ശ്രീകുമാറില്ല; മുന്നാക്ക സംവരണത്തിൽ മൂന്ന് മുന്നണികൾക്കും ഒരേ നിലപാടെന്ന് വിമർശനം; നിയമസഭാ തെരഞ്ഞെടുപ്പിൽ ആരെയും പിന്തുണയ്ക്കില്ലെന്ന് കേരള പുലയ മഹാസഭ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമല കാലത്ത് സർക്കാർ തീർത്ത നവോത്ഥാന വനിതാ മതിലിനെ പിന്തുണച്ചു രംഗത്തുവന്നവരുടെ കൂട്ടത്തിലായിരുന്നു കേരള പുലയ മഹാസഭ. പുന്നല ശ്രീകുമാർ അടക്കം സർക്കാറിനെ വലിയ തോതിൽ പിന്തുണയുമായി രംഗത്തുവന്നിരുന്നു. എന്നാൽ സാമ്പത്തിക സംവരണത്തെ എതിർത്തതോടെ പുന്നലയുടെ സർക്കാർ അനുകൂല നിലപാടിന് മാറ്റം വന്നു. ഇക്കുറി ഒരു മുന്നണിക്കും പിന്തുണ നൽകേണ്ടെന്നാണ് കേരള പുലയ മഹാസഭ തീരുമാനിച്ചരിക്കുന്നത്.

മുന്നാക്ക സംവരണ വിഷയത്തിൽ മൂന്ന് മുന്നണികളും സ്വീകരിച്ചത് ഒരേ നിലപാട് ആണെന്നും അതിനാലാണ് ഇത്തവണ ആരെയും പിന്തുണയ്ക്കാതിരിക്കുന്നതെന്നും കെ.പി.എം.എസ് പ്രസ്താവനയിലൂടെ അറിയിച്ചു. കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റിലായിരുന്നു തീരുമാനം. പട്ടികജാതി- വർഗ്ഗ പിന്നോക്ക വിഭാഗങ്ങളുടെ സാമൂഹ്യ പുരോഗതിയെ പ്രതികൂലമായി ബാധിക്കുന്ന മുന്നാക്ക സംവരണ കാര്യത്തിൽ മൂന്നു മുന്നണികളും ഒരേ നിലപാടാണ് സ്വീകരിച്ചത്. കൃത്യമായ പഠനമോ സ്ഥിതിവിവര കണക്കോ വിലയിരുത്താതെയാണ് മുന്നാക്ക സംവരണം നടപ്പാക്കിയത്. ഇത് സാമൂഹ്യ സമത്വത്തിനായുള്ള ഭരണഘടനയുടെ സംവരണ തത്വത്തെ അട്ടിമറിക്കുന്നതാണെന്നും കെ.പി.എം.എസ് അറിയിച്ചു.

ജനസംഖ്യാനുപാതികമായി അധികാര നഷ്ടം സംഭവിച്ച വിഭാഗങ്ങൾക്ക് പരിരക്ഷ നൽകുകയാണ് വേണ്ടത്. അതിനാൽ, പ്രാതിനിധ്യ പഠനത്തിനും പരിഹാര നിർദ്ദേശങ്ങൾക്കുമായി കമ്മീഷനെ നിയമിക്കണമെന്ന ആവശ്യം മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ മുമ്പാകെ സംഘടന വച്ചിരുന്നെങ്കിലും അത് നിരാകരിക്കപ്പെട്ടു. പൗരത്വ ഭേദഗതി നിയമവും, പുതിയ കാർഷിക നിയമങ്ങളും നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച സംസ്ഥാന സർക്കാരാണ് മുന്നാക്ക സംവരണം തിടുക്കത്തിലും മുൻകാല പ്രാബല്യത്തോടും കൂടി സംസ്ഥാനത്ത് നടപ്പാക്കിയത്.

പുതിയ സംവരണ നിയമം സൃഷ്ടിക്കുന്ന സാമൂഹ്യ വിള്ളലുകളെ കുറയ്ക്കാൻ കഴിയുന്ന സ്വകാര്യ, എയ്ഡഡ് മേഖല സംവരണ കാര്യത്തിൽ പ്രഖ്യാപിത നിലപാടുള്ള രാഷ്ട്രീയ പാർട്ടികളും മൗനം പാലിക്കുന്നു. സാമൂഹ്യ പരിഷ്‌ക്കരണത്തെ പ്രതിലോമകരമായി ബാധിക്കുന്ന നിയമ നിർമ്മാണം വാഗ്ദാനം ചെയ്യുന്നതും, ഇത്തരം പരിഷ്‌ക്കരണ ശ്രമങ്ങളിലേർപ്പെട്ടിരുന്നവർ നിലപാടുകളിൽ നിന്നും പിന്നോക്കം പോയതും യാഥാസ്ഥിതിക കാഴ്ചപ്പാടുകൾക്ക് ശക്തി പകരുന്നു. കേരളത്തെ അതിന്റെ പുരോഗമന ആശയ പരിസരത്ത് ഉറപ്പിച്ചു നിർത്താനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിൽ മുന്നണികൾ പരാജയപ്പെട്ടുവെന്നും കെ.പി.എം.എസ് അറിയിച്ചു.

കാർഷിക മേഖലയുടെ വികാസവും ആധുനികവൽക്കരണവും മുന്നോട്ടു വെച്ച മുന്നണികൾ, ഉത്പാദനോപാധിയായ ഭൂമിയുടെ വിതരണ കാര്യത്തിൽ നിയമപരവും പ്രായോഗികവുമായ നിലപാട് വ്യക്തമാക്കുന്നില്ല. പൊതുവിൽ, ക്ഷേമ പദ്ധതികൾക്കപ്പുറം പട്ടിക വിഭാഗങ്ങളുടെ വിദ്യാഭ്യാസ തൊഴിൽ പുരോഗതിക്കുതകുന്ന നയം രൂപീകരിക്കുന്ന കാര്യത്തിൽ മത്സരരംഗത്തുള്ള മുന്നണികളുടെ പ്രകടന പത്രികയും പ്രഖ്യാപിത പരിപാടികളും പിന്നോക്കം പോയി. ഈ സാഹചര്യങ്ങളെല്ലാം പരിഗണിച്ച് ഏപ്രിൽ 6-ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്രമായി സമ്മതിദാനാവകാശം വിനിയോഗിക്കാൻ കെ.പി.എം.എസ് ആഹ്വാനം ചെയ്യുന്നു.

നയപരമായ വിഷയമായതിനാൽ തീരുമാനം പാർലമെന്റിനു വിട്ട് സാമ്പത്തിക സംവരണ കാര്യത്തിൽ നിരീക്ഷണം നടത്തുന്ന കോടതികളുടെയും, യുക്തി രഹിതവും സാമുഹിക യാഥാർത്ഥ്യങ്ങളെ വിസ്മരിക്കുന്നതുമായ നിലപാടുകളിലൂടെ സംവരണ കാര്യത്തിൽ പ്രീണനം നടത്തുന്ന രാഷ്ട്രീയ പാർട്ടികളുടെയും സമീപനം ആശങ്കയുളവാക്കുന്നതാണെന്ന അഭിപ്രായം കൂടി പ്രത്യേകമായി രേഖപ്പെടുത്തുന്നുവെന്ന് കെ.പി.എം.എസ് പ്രസ്താവനയിൽ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP