Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അരിതയുടെ കൊച്ചു വീട്ടിലെത്തിയ ട്വിസ്റ്റ്; തൊഴിലുറപ്പ് ജോലി ചെയ്തു കുടുംബം പോറ്റുന്ന ചിറയിൻകീഴിലെ സ്ഥാനാർത്ഥിയുടെ അമ്മ സുദേവിയെ പേരെടുത്ത് വിളിച്ച കരുതൽ; ഒരു നോക്ക് കാണാൻ റിസ്‌ക് എടുത്തവരോട് ഇറങ്ങുമ്പോൾ സൂക്ഷിക്കണമെന്ന് പറഞ്ഞ ജാഗ്രത; പിണറായിയേയും മോദിയേയും കടന്നാക്രമിച്ച 'ഇന്ദിര ടച്ചും': പ്രിയങ്കയുടെ വരവ് എല്ലാം അപ്രസക്തമാക്കുമോ?

അരിതയുടെ കൊച്ചു വീട്ടിലെത്തിയ ട്വിസ്റ്റ്; തൊഴിലുറപ്പ് ജോലി ചെയ്തു കുടുംബം പോറ്റുന്ന ചിറയിൻകീഴിലെ സ്ഥാനാർത്ഥിയുടെ അമ്മ സുദേവിയെ പേരെടുത്ത് വിളിച്ച കരുതൽ; ഒരു നോക്ക് കാണാൻ റിസ്‌ക് എടുത്തവരോട് ഇറങ്ങുമ്പോൾ സൂക്ഷിക്കണമെന്ന് പറഞ്ഞ ജാഗ്രത; പിണറായിയേയും മോദിയേയും കടന്നാക്രമിച്ച 'ഇന്ദിര ടച്ചും': പ്രിയങ്കയുടെ വരവ് എല്ലാം അപ്രസക്തമാക്കുമോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കടുത്ത മത്സരം നടക്കുന്നിടങ്ങളിലായിരുന്നു പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോ. എല്ലാം സമ്പൂർണ്ണ വിജയം. അതുകൊണ്ട് തന്നെ ഇലക്ഷനിലെ സർവ്വേ ഫലങ്ങളെല്ലാം അപ്രസക്തമാകുമെന്ന് കോൺഗ്രസ് കരുതുന്നു. കായംകുളത്തെ അരിത ബാബുവിന് പ്രിയങ്കയുടെ വരവ് നേട്ടമായി എന്നാണ് വിലയിരുത്തൽ. തിരുവനന്തപുപത്ത് കാട്ടക്കടയിൽ പ്രിയങ്ക തന്നെ കാണാൻ കെട്ടിടങ്ങളുടെ മുകളിൽ കയറിക്കൂടിയവരെ നോക്കി പറഞ്ഞു ''ഇറങ്ങുമ്പോൾ സൂക്ഷിക്കണം'. കായംകുളത്ത് നിന്ന് തിരുവനന്തപുരം വരെ നീളുന്ന നിരവധി പരിപാടികൾ. എങ്കിലും ക്ഷീണമില്ലാതെ അവസാന റാലിയിൽ വരെ അതിഗംഭീര ഇടപെടൽ. പ്രിയങ്കയുടെ വരവ് കാര്യങ്ങൾ മാറ്റിമറിച്ച് വമ്പൻ വിജയം നൽകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.

ഇന്ദിരാ ഗാന്ധിയുടെ കൊച്ചുമകളെ കേരളവും സ്‌നേഹം നൽകിയാണ് സ്വീകരിച്ചത്. ഇടപെടലുകളിൽ ഏവർക്കും ആ ഇന്ദിരാ ടച്ചും കാണാനായി. പാവങ്ങളോടുള്ള കരുതലും രാഷ്ട്രീയ എതിരാളികളെ കടന്നാക്രമിക്കുന്നതിലും പക്വത കാട്ടി പ്രിയങ്ക താരമായി. കേരള രാഷ്ട്രീയത്തെ സമഗ്രമായി സ്പർശിക്കുന്നതായിരുന്നു പ്രസംഗം. തട്ടിപ്പിന്റെയും അഴിമതിയുടെയും സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള ഇഎംസിസി കരാറിൽ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടതിന്റെ വാട്‌സാപ് ചാറ്റ് പുറത്തുവന്നപ്പോഴും ലൈഫ് മിഷനിൽ വിദേശസഹായം സ്വീകരിച്ചതിലെ അഴിമതി പുറത്തായപ്പോഴും സ്പ്രിൻക്ലർ ഇടപാടിൽ ആയിരക്കണക്കിനു കേരളീയരുടെ ഡേറ്റ വിദേശകമ്പനി ചോർത്തിയപ്പോഴും മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ഉൾപ്പെട്ട സ്വർണക്കള്ളക്കടത്ത് പുറത്തുവന്നപ്പോഴും ഒന്നും അറിഞ്ഞില്ലെന്നാണ് പിണറായി വിജയൻ പറയുന്നത്. അങ്ങനെയെങ്കിൽ കേരളം ഭരിക്കുന്നത് ആരാണ്?-ഇതായിരുന്നു ഉയർത്തി ചോദ്യം.

യഥാർഥ സ്വർണം കേരളത്തിലെ കഠിനാധ്വാനികളായ ജനങ്ങളാണ്. അവരെ വിസ്മരിച്ച് വിദേശത്തുനിന്നു സ്വർണം കടത്തുന്നതിലായിരുന്നു സർക്കാരിനു താൽപര്യം. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ അല്ല, കോർപറേറ്റ് മാനിഫെസ്റ്റോ ആണ് അവരെ നയിക്കുന്നത്. പ്രിയങ്ക ആരോപിച്ചു. 20 ലക്ഷം തൊഴിൽ വാഗ്ദാനം ചെയ്ത സർക്കാർ ഒന്നും ചെയ്തില്ല. പകരം, സർക്കാർ തസ്തികകളിൽ ഇഷ്ടക്കാരെ വച്ചു. ആയിരക്കണക്കിനു യുവാക്കൾ പ്രതിഷേധിച്ചപ്പോൾ ലാത്തി കൊണ്ട് അടിച്ചൊതുക്കി. യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ടപ്പോൾ കൊലപാതകികളെ സംരക്ഷിച്ചു. ലൗ ജിഹാദിനെക്കുറിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ അതേ ഭാഷയിലാണു കേരളത്തിലെ ഇടതുനേതാക്കൾ സംസാരിക്കുന്നത്. ബിജെപിയുടെയും സിപിഎമ്മിന്റെയും ഫാഷിസ്റ്റ് സമീപനങ്ങൾ തമ്മിൽ നേരിയ വ്യത്യാസമേയുള്ളൂ. തങ്ങൾക്കെതിരെ സംസാരിക്കുന്നവരെ അടിച്ചൊതുക്കാൻ ശ്രമിക്കും-അങ്ങനെ ചുരുങ്ങിയ വാക്കുകളിൽ പിണറായി സർക്കാരിനേയും മോദിയേയും പ്രതിക്കൂട്ടിൽ നിർത്തിയുള്ള മുന്നേറ്റം.

ഹത്രസ് പീഡനക്കേസ് ഉത്തർപ്രദേശ് സർക്കാർ കൈകാര്യം ചെയ്തതുപോലെയാണ് വാളയാർ കേസ് പിണറായി സർക്കാർ കൈകാര്യം ചെയ്തത്. തെളിവുകൾ നശിപ്പിച്ചു, കൊലപാതകം ആത്മഹത്യയാണെന്നു വരുത്താൻ ശ്രമിച്ചു, അന്വേഷണത്തിൽ വെള്ളം ചേർത്തു, പ്രതിഭാഗം അഭിഭാഷകനെ ശിശുക്ഷേമ സമിതി ചെയർമാനായി നിയമിച്ചു. പ്രിയങ്ക പറഞ്ഞു.

അരിതയെ താരമാക്കി പ്രിയങ്ക

കായംകുളത്തെ സ്ഥാനാർത്ഥി അരതി ബാബുവിന് ഇത് അത്ഭുത നിമിഷമാണ് നൽകിയത്. റോഡ് ഷോയ്ക്കിടെയായിരുന്നു ആ ട്വിസ്റ്റ്. ഒഎൻകെ ജംക്ഷൻ എത്തിയപ്പോഴാണ് പ്രിയങ്ക അരിതയോടു വീട്ടിലേക്കു വഴി ചോദിച്ചത്. കമലാലയം ജംക്ഷനെത്തിയപ്പോൾ ഇവിടെ അടുത്താണ് വീടെന്ന് അരിത പറഞ്ഞു. പ്രിയങ്ക പറഞ്ഞതനുസരിച്ച് കാർ പെട്ടെന്നു പടിഞ്ഞാറോട്ടു തിരിഞ്ഞു. റോഡ് ഷോയിലുണ്ടായിരുന്ന ഒട്ടേറെ വാഹനങ്ങൾ ഇതറിയാതെ മുന്നോട്ടു പോയിരുന്നു.

തന്റെ വീട്ടിലേക്കാണു പ്രിയങ്ക വരുന്നതെന്നറിഞ്ഞ് അരിത ആദ്യം അമ്പരന്നു. വേഗം വീട്ടുകാരെ ഫോണിൽ വിളിച്ചു വിവരം പറഞ്ഞു. അപ്പോൾ കാർ ഗോവിന്ദമുട്ടം വഴി അരിതയുടെ വീടിനോട് അടുക്കുകയായിരുന്നു. വടക്കു കൊച്ചുമുറിയിലെ അരിതയുടെ വീട്ടിൽ പ്രിയങ്ക എത്തുമ്പോൾ വീട് പൂട്ടിക്കിടക്കുന്നു. അരിതയുടെ മാതാപിതാക്കളും സഹോദരൻ അരുണും ഭാര്യ അനുവും മകൻ ആരവും റോഡ് ഷോ നടത്തുന്നതു കാണാൻ കൃഷ്ണപുരത്തു നിൽക്കുകയായിരുന്നു. പ്രിയങ്ക ഗാന്ധി അവരെ കാത്ത് അരിതയുടെ വീടിന്റെ വരാന്തയിലും. വീട്ടുകാർ വേഗം മടങ്ങിയെത്തി. അതുവരെ പ്രിയങ്ക വീടിന്റെ വരാന്തയിൽ നിന്നു.

നാട്ടുകാർ ആ മുറ്റത്തു വന്നു നിറഞ്ഞു. ആളുകളെ നിയന്ത്രിച്ച് വീട്ടുകാരെ പ്രിയങ്കയുടെ അടുത്തെത്തിക്കാൻ സുരക്ഷാ ഭടന്മാർ പാടുപെട്ടു. തിരക്കിൽ അരിതയുടെ പിതാവിനു ചെറിയ പരുക്കുമേറ്റു.വീട്ടുകാർ എത്തി വാതിൽ തുറന്നെങ്കിലും പ്രിയങ്ക അകത്തേക്കു കയറിയില്ല. വരാന്തയിൽനിന്നു തന്നെ കുടുംബാംഗങ്ങളോടു കുശലം പറഞ്ഞു. ഓടിക്കൂടിയ നാട്ടുകാരുടെ സെൽഫിക്കു പോസ് ചെയ്തു. പിന്നെ സ്വന്തം ഫോണിൽ അരിതയുടെ കുടുംബത്തെ സെൽഫിയാക്കി. 15 മിനിറ്റോളം പ്രിയങ്ക അവിടെയുണ്ടായിരുന്നു.

കായംകുളത്തു നിന്ന് കൊട്ടാരക്കര വഴി ആറ്റുകാൽ

തിരികെ കായംകുളത്തെത്തി കരുനാഗപ്പള്ളിയിലേക്കുള്ള പ്രയാണം. ഓച്ചിറയിൽ കായംകുളം മണ്ഡലത്തിന്റെ അതിർത്തിയാണെങ്കിലും അരിതയെ പ്രിയങ്ക വിട്ടില്ല. കരുനാഗപ്പള്ളി വരെ കൂട്ടിക്കൊണ്ടുപോയി. അവിടത്തെ വേദിയിൽ അടുത്തു തന്നെ ഇരുത്തി. പ്രതിസന്ധികളെ വെല്ലുന്ന സ്ത്രീകളുടെ പ്രതീകമായി പ്രസംഗത്തിൽ അരിതയെ പരിചയപ്പെടുത്തി. അങ്ങനെ അരിത താരമായി

1.15നു കൊല്ലം ജില്ലയിലെ ആദ്യ സമ്മേളന വേദിയായ കരുനാഗപ്പള്ളി വവ്വാക്കാവിലെത്തി. ഇന്ദിരാ ഗാന്ധിയുടെ ഗാംഭീര്യം അനുസ്മരിപ്പിച്ച പ്രസംഗം. ആവേശവും ഗൗരവവും ഒട്ടും ചോരാതെ ജ്യോതി വിജയകുമാർ ആ വാക്കുകൾ പരിഭാഷപ്പെടുത്തി. അങ്ങനെ പ്രിയങ്ക ആളുകളിലേക്ക് കത്തിക്കയറി. അടുത്ത സമ്മേളനം കൊല്ലത്ത്.കേന്ദ്ര കേരള സർക്കാരുകൾക്കെതിരായ കുറ്റപത്രത്തിനൊപ്പം യുഡിഎഫിന്റെ പ്രകടന പത്രികയും ജനസമക്ഷം നിരത്തി മടക്കം.

കൊട്ടാരക്കരയിലെ സമ്മേളേനവേദിയിൽ സ്ഥാനാർത്ഥി ആർ. രശ്മി അപ്രതീക്ഷിതമായി പ്രിയങ്കയുടെ പാദങ്ങളെ തൊട്ടു. മടങ്ങാൻ തയ്യാറെടുത്തപ്പോഴാണ് മാർത്തോമ്മാ സഭയ്ക്കു കീഴിലുള്ള അഗതി മന്ദിരത്തിലെ അമ്മമാരെ കണ്ടത്. സുരക്ഷാ ഭടന്മാരെ മറികടന്ന് അവരെ ചേർത്തു പിടിച്ചു.

2 മണിക്കൂറോളം വൈകിയെങ്കിലും വെഞ്ഞാറമൂട് മാണിക്കം ഗ്രൗണ്ടിൽ വൻജനാവലി പ്രിയങ്കയ്ക്കായി കാത്തിരുന്നു. കാറിന്റെ ജാലകപ്പടിയിൽ ഇരുന്നു കൊണ്ടു ജനങ്ങളെ അഭിവാദ്യം ചെയ്തുള്ള വെറൈറ്റി റോഡ് ഷോ കണ്ടു ജനം ആശ്ചര്യത്തിലായി. വെഞ്ഞാറമൂട്ടിലെ വേദിയിൽ ഒപ്പമിരുന്ന ആനാട് ജയൻ, പി.എസ്. പ്രശാന്ത്, ബി.ആർ.എം. ഷഫീർ, എ. ശ്രീധരൻ, ബി.എസ്. അനൂപ് എന്നീ സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്നും കേരളത്തിൽ വലിയ മാറ്റമാണു പുതിയ തലമുറ നിയമസഭയിലെത്തുമ്പോൾ സംഭവിക്കുകയെന്നും പ്രിയങ്ക ഓർമിപ്പിച്ചു. അനൂപിന്റെ മാതാവ് തൊഴിലുറപ്പ് ജോലി ചെയ്തു കുടുംബം പോറ്റുന്ന സുദേവിയെ പ്രിയങ്ക പേരെടുത്തു വിളിച്ചു.

കാട്ടാക്കടയിൽ പി.എം. വില്യം ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ മലയിൻകീഴ് വേണുഗോപാൽ, കെ.എസ്. ശബരീനാഥൻ, അൻസജിത റസൽ എന്നീ സ്ഥാനാർത്ഥികൾക്കു വേണ്ടി വോട്ടഭ്യർഥിച്ച പ്രിയങ്ക തന്നെ കാണാൻ കെട്ടിടങ്ങളുടെ മുകളിൽ കയറിക്കൂടിയവരെ നോക്കി പറഞ്ഞു ''ഇറങ്ങുമ്പോൾ സൂക്ഷിക്കണം''. രാത്രി എട്ടരയ്ക്കു മുൻപ് നേമം മണ്ഡലത്തിന്റെ ഭാഗമായ ആറ്റുകാൽ ദേവീക്ഷേത്രത്തിൽ എത്തി പ്രാർത്ഥന.

ശശി തരൂർ, കെ. മുരളീധരൻ, വീണ എസ്. നായർ എന്നിവരുമായി കൃത്യം 8.30ന് ആറ്റുകാലിലെത്തി ക്ഷേത്ര ദർശനം നടത്തി. അവിടെ നിന്ന് തീരമേഖലയായ പൂന്തുറയിലേക്ക്. രാത്രി 9 കഴിഞ്ഞെങ്കിലും വി എസ്. ശിവകുമാറിനൊപ്പം കടലോരം കാത്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP