Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന നേമത്ത് മൂന്ന് മുന്നണികളും ഒപ്പത്തിനൊപ്പം; തിരുവനന്തപുരത്ത് ബിജെപിയുടെ കൃഷ്ണകുമാർ വിജയിക്കും; യുഡിഎഫിന്റെ വി എസ് ശിവകുമാർ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും 24 ന്യൂസ് മെഗാ പ്രീ പോൾ സർവേ; മനോരമ ന്യൂസ് സർവേയ്ക്ക് പിന്നാലെ 24 ന്യൂസും ജയം പ്രവചിച്ചതോടെ പ്രചാരണം ശക്തമാക്കാൻ എൻഡിഎ

രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന നേമത്ത് മൂന്ന് മുന്നണികളും ഒപ്പത്തിനൊപ്പം; തിരുവനന്തപുരത്ത് ബിജെപിയുടെ കൃഷ്ണകുമാർ വിജയിക്കും; യുഡിഎഫിന്റെ വി എസ് ശിവകുമാർ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും 24 ന്യൂസ് മെഗാ പ്രീ പോൾ സർവേ; മനോരമ ന്യൂസ് സർവേയ്ക്ക് പിന്നാലെ 24 ന്യൂസും ജയം പ്രവചിച്ചതോടെ പ്രചാരണം ശക്തമാക്കാൻ എൻഡിഎ

ന്യൂസ് ഡെസ്‌ക്‌

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി കൃഷ്ണകുമാർ വിജയിക്കുമെന്ന് 24 ന്യൂസ് മെഗാ പ്രീ പോൾ സർവേ ഫലം. എൽ.ഡി.എഫ് സ്ഥാനാർത്ഥി ആന്റണി രാജുവിനേക്കാൾ രണ്ട് ശതമാനം വോട്ട് അധികം ലഭിച്ചായിരിക്കും കൃഷ്ണകുമാർ വിജയിക്കുകയെന്നാണ് പ്രവചനം.

യു.ഡി.എഫിന്റെ വി എസ് ശിവകുമാർ മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും പ്രവചനം പറയുന്നു. നേമംമണ്ഡലത്തിൽ മൂന്ന് മുന്നണികളും ഒപ്പത്തിനൊപ്പമാണ് മത്സരമെന്നും
ആരാണ് വിജയിയെന്ന് പ്രവചിക്കാനാവില്ലെന്നും സർവേ പറയുന്നു.

വട്ടിയൂർക്കാവിൽ ഒന്നാം സ്ഥാനത്ത് എൽഡിഎഫും, രണ്ടാം സ്ഥാനത്ത് ബിജെപിയുടെ വി.വി.രാജേഷുമാണ്. കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രൻ തന്നെ വിജയിക്കുമെന്നാണ് സർവേ ഫലം.

എൽ.ഡി.എഫിന് 76 സീറ്റ് ലഭിക്കുമെന്നും യു.ഡി.എഫിന് 46 സീറ്റും എൻ.ഡി.എയ്ക്ക് 1 സീറ്റുമാണ് പ്രവചനം. 17 ഇടത്തെ റിസൽട്ട് പ്രവചനാധീതമാണെന്നും സർവേ പറയുന്നു.

എഴുപതിനായിരം വോട്ടർമാരെ നേരിട്ട് കണ്ടാണ് സർവേ തയ്യാറാക്കിയിരിക്കുന്നതെന്നാണ് 24 ന്യൂസ് പറയുന്നത്.

തിരുവനന്തപുരം ജില്ലയിൽ ഒൻപത് മണ്ഡലങ്ങളിൽ എൽഡിഎഫും മൂന്ന് മണ്ഡലങ്ങളിൽ യുഡിഎഫും ജയിക്കുമെന്നാണ് സർവേയുടെ പ്രവചനം. എൻഡിഎ ഒരു മണ്ഡലം പിടിക്കുമെന്നും സർവേയിൽ പറയുന്നു.

വർക്കല, ആറ്റിങ്ങൽ ചിറയൻകീഴ് മണ്ഡലങ്ങളിൽ എൽഡിഎഫ് ജയിക്കുമെന്നാണ് പ്രവചനം. നെടുമങ്ങാട് പിഎസ്.പ്രശാന്തിലൂടെ യുഡിഎഫ് തിരിച്ചുപിടിക്കും. വാമനപുരത്ത് ഡി.കെ.മുരളിയും കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രനും സീറ്റ് നിലനിർത്തുമെന്ന് പറയുന്നു.

വട്ടിയൂർക്കാവിൽ വി.കെ.പ്രശാന്തും അരുവിക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ.എസ്.ശബരീനാഥും ജയം തുടരുമെന്നാണ് പ്രവചനം. പാറശാല മണ്ഡലത്തിൽ സികെ.ഹരീന്ദ്രനും കാട്ടാക്കടയിൽ ഐ.ബി.സതീഷും നെയ്യാറ്റിൻകരയിൽ കെ ആൻസലനും ജയിക്കുമെന്ന് 24 ന്യൂസ് മെഗാ പ്രീ പോൾ സർവേ വിലയിരുത്തുന്നു. കോവളത്ത് യുഡിഎഫ് ജയിക്കുമെന്നും നേമത്ത് മൂന്ന് മുന്നണികളും ഒപ്പത്തിനൊപ്പമെന്നാണ് സർവേ പറയുന്നത്.

സംസ്ഥാനത്ത് എൽഡിഎഫിന് തുടർഭരണം പ്രവചിച്ച മനോരമ ന്യൂസ്‌വി എംആർ അഭിപ്രായ സർവേയിലും എൻഡിഎ 3 സീറ്റ് വരെ നേടുമെന്ന് വിലയിരുത്തിയിരുന്നു.
എൽഡിഎഫ് 43.65%, യുഡിഎഫ് 37.37%, എൻഡിഎ 16.46%, മറ്റു കക്ഷികൾ 2.52 ശതമാനം എന്നിങ്ങനെയാണ് ലഭിക്കാൻ സാധ്യതയുള്ള വോട്ട് വിഹിതം. മഞ്ചേശ്വരം, നേമം, തിരുവനന്തപുരം മണ്ഡലങ്ങളിലാണ് എൻഡിഎയ്ക്ക് അനുകൂലമായ സാധ്യതകൾ. പൂഞ്ഞാറിൽ മൂന്ന് മുന്നണികൾക്കും പുറത്തുള്ള സ്ഥാനാർത്ഥിക്ക് അനുകൂലമായ പശ്ചാത്തലം ചൂണ്ടിക്കാട്ടിയിരുന്നു.

രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന  തൃശൂർ നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസും ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് ട്വന്റിഫോർ പ്രീ പോൾ സർവ്വേ പറയുന്നു. പത്മജ വേണുഗോപാൽ ആണ് ഇവിടത്തെ കോൺഗ്രസ് സ്ഥാനാർത്ഥി. സിനിമ താരവും രാജ്യസഭ എംപിയും ആയ സുരേഷ് ഗോപിയാണ് ബിജെപി സ്ഥാനാർത്ഥി. പി ബാലചന്ദ്രനാണ് ഇവിടത്തെ സിപിഐ സ്ഥാനാർത്ഥി.

പത്മജ വേണുഗോപാലിന് നേരിയ മുൻതൂക്കമുണ്ട് എന്നാണ് ട്വന്റിഫോർ പ്രീ പോൾ സർവ്വേ പ്രവചിക്കുന്നത്. സർവ്വേ പ്രകാരം, രണ്ടാം സ്ഥാനത്തുള്ള സുരേഷ് ഗോപിയും ഒന്നാം സ്ഥാനത്തുള്ള പത്മജ വേണുഗോപാലും തമ്മിൽ നേരിയ വ്യത്യാസം മാത്രമേ ഉള്ളു. അതുപോലെ തന്നെ എൽഡിഎഫ് സ്ഥാനാർത്ഥി ഏറെ പിറകിലും അല്ല.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 6,987 വോട്ടിനായിരുന്നു മന്ത്രി വി എസ് സുനിൽ കുമാർ വിജയിച്ചത്. സ്ഥാനാർത്ഥി നിർണയത്തിന്റെ സിപിഐ മാനദണ്ഡ പ്രകാരം വി എസ് സുനിൽ കുമാറിനെ മാറ്റി നിർത്തുകയായിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും യുഡിഎഫിന് മേൽക്കൈ ഉണ്ടായിരുന്ന മണ്ഡലം ആണ് തൃശൂർ.

വി എസ് സുനിൽകുമാറിലൂടെ ആയിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സിപിഐ മണ്ഡലം തിരിച്ചുപിടിച്ചത്. തുടർച്ചയായി അഞ്ച് തവണ കോൺഗ്രസ് നേതാവും മുൻ സ്പീക്കറും ആയ തേറമ്പിൽ രാമകൃഷ്ണൻ വിജയിച്ച മണ്ഡലമാണിത്. കഴിഞ്ഞ തവണയും പത്മജ വേണുഗോപാൽ ആയിരുന്നു ഇവിടത്തെ യുഡിഎഫ് സ്ഥാനാർത്ഥി.

കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി തന്നെ ആയിരുന്നു. മൂന്നാം സ്ഥാനത്ത് മാത്രമേ എത്താൻ സാധിച്ചുള്ളു എങ്കിലും മൂന്ന് ലക്ഷത്തിനടുത്ത് വോട്ടുകൾ സമാഹരിക്കാൻ അന്ന് ബിജെപിക്ക് സാധിച്ചിരുന്നു.

പത്മജ വേണുഗോപാലിനെ സംബന്ധിച്ചും ഈ തിരഞ്ഞെടുപ്പ് ഏറെ നിർണായകമാണ്. ഇതുവരെ പലതവണ മത്സരിച്ചെങ്കിലും ഒരിക്കൽ പോലും വിജയിക്കാൻ പത്മജയ്ക്ക് കഴിഞ്ഞിട്ടില്ല. കെ കരുണാകരന്റെ മകളും കെ മുരളീധരന്റെ സഹോദരിയും ആണ് പത്മജ. കെ മുരളീധരൻ ഇത്തവണ നേമത്തെ കോൺഗ്രസ് സ്ഥാനാർത്ഥിയാണ്.

ഇത്തവണ വി എസ് സുനിൽകുമാറിനെ തന്നെ രംഗത്തിറക്കണം എന്ന ആവശ്യം സിപിഐയിൽ ഉയർന്നിരുന്നു. ഭരണത്തുടർച്ച എന്ന സാധ്യത മുൻനിർത്തിയായിരുന്നു ഈ ആവശ്യം. എന്നാൽ പാർട്ടി മാനദണ്ഡങ്ങൾ മാറ്റേണ്ടതില്ലെന്ന നിലപാടായിരുന്നു സിപിഐ എടുത്തത്.

കഴിഞ്ഞ തവണ സുനിൽ കുമാർ വിജയിച്ചത് രാഷ്ട്രീയ വോട്ടുകൾ കൊണ്ട് മാത്രമല്ലെന്നാണ് വിലയിരുത്തൽ. വ്യക്തിപരമായ വോട്ടുകളും അദ്ദേഹത്തിന് ഗുണം ചെയ്തിരുന്നു. എന്നാൽ സുനിൽ കുമാർ മാറുമ്പോൾ ആവോട്ടുകൾ എൽഡിഎഫിന് ലഭിക്കുമോ എന്നാണ് ചോദ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP