Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കണ്ണൂരിലെ പാർട്ടികളിൽ നേതൃമാറ്റത്തിന് കളമൊരുങ്ങും; സതീശൻ പാച്ചേനി തോറ്റാൽ മാർട്ടിൻ ജോർജിനെ അധ്യക്ഷ പദവിയിലേക്ക് കൊണ്ടുവരാൻ ആലോചിച്ചു കെ സുധാകരൻ; ബിജെപിയിൽ എൻ ഹരിദാസിന് പകരക്കാരനെത്തും; ഭരണത്തുടർച്ച ഉണ്ടായാൽ എം.വി ജയരാജൻ പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി ആയേക്കും; പകരം ജില്ലാ സെക്രട്ടറിയാകുക പി ശശി

തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കണ്ണൂരിലെ പാർട്ടികളിൽ നേതൃമാറ്റത്തിന് കളമൊരുങ്ങും; സതീശൻ പാച്ചേനി തോറ്റാൽ മാർട്ടിൻ ജോർജിനെ അധ്യക്ഷ പദവിയിലേക്ക് കൊണ്ടുവരാൻ ആലോചിച്ചു കെ സുധാകരൻ; ബിജെപിയിൽ എൻ ഹരിദാസിന് പകരക്കാരനെത്തും; ഭരണത്തുടർച്ച ഉണ്ടായാൽ എം.വി ജയരാജൻ പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി ആയേക്കും; പകരം ജില്ലാ സെക്രട്ടറിയാകുക പി ശശി

അനീഷ് കുമാർ

കണ്ണൂർ: കണ്ണൂരിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പാർട്ടികളിൽ തലപ്പത്ത് അഴിച്ചു പണിയുണ്ടായേക്കും. കോൺഗ്രസ്, ബിജെപി, സിപിഎം പാർട്ടികളിലാണ് നേതൃതലത്തിൽ മാറ്റം വരിക. കണ്ണൂർ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സതീശൻ പാച്ചേനി ജയിക്കുകയാണെങ്കിൽ ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തു നിന്നും സതീശൻ പാച്ചേനി തുടരാൻ സാധ്യതയുണ്ട്. എന്നാൽ അനുകൂല സാഹചര്യങ്ങളേറെയുണ്ടായിട്ടും ഇത്തവണയും പരാജയപ്പെടുകയാണെങ്കിൽ പാച്ചേനി യുടെ രാഷ്ടീയ ജീവിതത്തിന് കരിനിഴൽ വീഴ്‌ത്തും.

കോൺഗ്രസ് രാഷ്ടീയത്തിലെ ദുരന്ത നായകനായി പാച്ചേനി മാറിയേക്കും. മികച്ച ഡി.സി.സി പ്രസിഡന്റുമാരിലൊരാളായി സംഘടനാ രംഗത്ത് പേരെടുത്ത പാച്ചേനിക്ക് പകരം മറ്റൊരാളെ കണ്ടെത്തുകയന്നെത് കോൺഗ്രസിനെ സംബന്ധിച്ച് വെല്ലുവിളികളിലൊന്നാണ്. ഇരിക്കൂർ പാക്കേജിന്റെ ഭാഗമായി തങ്ങൾക്ക് ഡി.സി.സി പ്രസിഡന്റ് സ്ഥാനം വേണമെന്ന് എ വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും സുധാകര വിഭാഗം ഇതുവരെ സമ്മതിച്ചിട്ടില്ല. തന്റെ വിശ്വസ്തനായ മാർട്ടിൻ ജോർജിനെ അധ്യക്ഷ പദവിയിലേക്ക് കൊണ്ടുവരാനാണ് സുധാകരൻ ലക്ഷ്യമിടുന്നത്.

തലശേരി എൻ.ഡി.എസ്ഥാനാർത്ഥിയായി മത്സരിച്ച ജില്ലാ അധ്യക്ഷൻ എൻ. ഹരിദാസിന്റെ നാമനിർദ്ദേശ പത്രിക തള്ളിപ്പോയതാണ് ബിജെപിയിൽ സംഘടനാ പ്രതിസന്ധി ഉടലെടുക്കാൻ കാരണം. തലശേരി പോലെ പാർട്ടിക്ക് ഏറെ വൈകാരികമായി ബന്ധമുള്ള ബലിദാനികളുടെ മണ്ണിൽ വിടർന്ന താമര ചിഹ്നത്തിൽ മത്സരിക്കാൻ സ്വന്തം സ്ഥാനാർത്ഥിയില്ലാത്തത് അണികളിൽ ഏറെ വിമർശനത്തിനിടയാക്കിയിട്ടുണ്ട്. സുരേന്ദ്രൻ പക്ഷക്കാരനായി ജില്ലാ പ്രസിഡന്റായി നിയമിതനായ എൻ. ഹരിദാസിന് ഗുരുതര വീഴ്‌ച്ച സംഭവിച്ചെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

ഈ വിഷയത്തിൽ ആർ.എസ്.എസും കടുത്ത അതൃപ്തിയിലാണ് നേതൃമാറ്റം അവർ ഇതിനകം ആവശ്യപെട്ടിട്ടുണ്ട്. ഇന്ത്യൻ ഗാന്ധിയൻ പാർട്ടി സ്ഥാനാർത്ഥിയായി സി.ഒ.ടി നസീറിന് ഫുട്‌ബോൾ ചിഹ്നത്തിൽ വോട്ടുചെയ്യണമെന്ന് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അണികൾ ഇതുവരെ സ്വീകരിച്ചിട്ടില്ല. എൻ. ഹരിദാസിന് പകരം മുതിർന്ന ജില്ലാ ജനറൽ സെക്രട്ടറി മോഹനൻ മാനന്തേരി തൽസ്ഥാനത്തേക്ക് വരുമെന്നാണ് വിവരം.

ഇടതു ഭരണ തുടർച്ചയുണ്ടായാൽ സിപിഎം കണ്ണൂർ ജില്ലാ നേതൃത്വത്തിലും മാറ്റമുണ്ടായേക്കും മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ നിയമിതനായേക്കും. ജയരാജൻ പദവി വിട്ടൊഴിഞ്ഞ് കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മാറിയതു മുതലാണ് മുഖ്യമന്ത്രിയുടെ ഓഫിസ് സ്വർണകടത്തു പോലുള്ള ഗുരുതരമായ ആരോ പണങ്ങൾ നേരിടേണ്ടിവന്നത്. അതുകൊണ്ടു തന്നെ ഇനിയൊരിക്കൽ കൂടി റിസ്‌കെടുക്കാൻ സിപിഎം സംസ്ഥാന നേതൃത്വം തയ്യാറായേക്കില്ല.

അതുകൊണ്ടാണ് എം.വി ജയരാജനെ വീണ്ടും പഴയ ലാവണത്തിലേക്ക് തന്നെ നിയോഗിക്കുന്നത്. എന്നാൽ ജയരാജനു പകരം പി.ശശിയെ തന്നെ വീണ്ടും ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് മുഖ്യമന്ത്രി പിണറായി വിജയന് താൽപര്യം. ഇപ്പോൾ ധർമ്മടം മണ്ഡലത്തിൽ സ്ഥാനാർത്ഥിയായ പിണറായിയുടെ ചീഫ് ഇലക്ഷൻ ഏജന്റാണ് ശശി. നേരത്തെ പാർട്ടിക്കുള്ളിലെ ലൈംഗികാരോപണ വിവാദത്തെ തുടർന്ന് സെക്രട്ടറി സ്ഥാനത്തു നിന്നും പുറത്തു പോകേണ്ടി വന്ന പി.ശശിയിപ്പോൾ ജില്ലാകമ്മിറ്റിയംഗവും ആൾ കേരള ലോയേഴ്‌സ് യൂനിയൻ നേതാവുമാണ്. ശശി വീണ്ടും ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് വരുന്നതിനോട് പിണറായി വിഭാഗത്തിലെ തന്നെ ഒരു വിഭാഗം നേതാക്കൾക്ക് താൽപ്പര്യമില്ല.

ഈ സാഹചര്യത്തിൽ പിണറായിയുടെ മറ്റൊരു വിശ്വസ്തനായ കെ.കെ. രാഗേഷ് എംപിയെയും ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. എം.വി ജയരാജന് വരുന്ന ജില്ലാ സമ്മേളനം വരെ പദവിയിൽ തുടരാമെങ്കിലും മെയ് ആദ്യവാരം തന്നെ പുതിയ സർക്കാർ അധികാരത്തിൽ വരേണ്ടതു കൊണ്ട് സ്ഥാനമൊഴിയുന്നതിന് പാർട്ടി സമ്മേളനം വരെ കാത്തു നിൽക്കില്ലെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP