Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പൊലീസുകാരുടെ തപാൽ വോട്ട് നേടാൻ അസോസിയേഷൻ നേതാക്കളുടെ ഭീഷണി; അവധിയെടുത്തും നേതാക്കൾ വോട്ടുപിടുത്തത്തിൽ; ഡിജിപി വിരട്ടിയിട്ടും നേതാക്കൾ വോട്ടിനായി ഭീഷണി തുടരുന്നു; തപാൽ വോട്ട് ചെയ്യിക്കാനായി വീട്ടിലെത്തുന്ന ഉദ്യോഗസ്ഥർ വിവരം മുൻകൂട്ടി സ്ഥാനാർത്ഥിയെ അറിയിക്കാനും നിർദ്ദേശം

പൊലീസുകാരുടെ തപാൽ വോട്ട് നേടാൻ അസോസിയേഷൻ നേതാക്കളുടെ ഭീഷണി; അവധിയെടുത്തും നേതാക്കൾ വോട്ടുപിടുത്തത്തിൽ; ഡിജിപി വിരട്ടിയിട്ടും നേതാക്കൾ വോട്ടിനായി ഭീഷണി തുടരുന്നു; തപാൽ വോട്ട് ചെയ്യിക്കാനായി വീട്ടിലെത്തുന്ന ഉദ്യോഗസ്ഥർ വിവരം മുൻകൂട്ടി സ്ഥാനാർത്ഥിയെ അറിയിക്കാനും നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറെ നിർണായകമാകുക തപാൽവോട്ടുകളാകും. ശക്തമായ പോരാട്ടം നടക്കുന്ന ചില മണ്ഡലങ്ങളുടെ ഗതി നിർണയിക്കുന്നത് പോലും തപാൽ വോട്ടുകളാകാം. അതുകൊണ്ട് തന്നെ നിർണായകമായ തപാൽ വോട്ടുകൾ പോക്കറ്റിലാക്കാൻ പലവഴികളാണ് ഇടതു മുന്നണി ചെയ്യുന്നത്. പൊലീസുകാരുടെ വോട്ടു പോക്കറ്റിലാക്കാൻ വേണ്ടി അസോസിയേഷൻ നേതാക്കളെ ഉപയോഗിച്ചുള്ള ഭീഷണിപ്പെടുത്തൽ അടക്കം പതിവുപോലെ നടക്കുകയാണ്.

ഡിജിപിയും ജില്ലാ പൊലീസ് മേധാവികളും കർശന മുന്നറിയിപ്പു നൽകിയിട്ടും തപാൽ വോട്ട് ചെയ്യാൻ എത്തുന്ന പൊലീസുകാരെ നേതാക്കൾ ഭീഷണിപ്പെടുത്തുന്നത് തുടരുകയാണ്. നേതാക്കൾ അവധിയെടുത്തും അല്ലാതെയും ഇടതു സ്ഥാനാർത്ഥികൾക്കായി വോട്ടു പിടിക്കുന്നതായി സംസ്ഥാന ഇന്റലിജൻസ് റിപ്പോർട്ട് നൽകിയിട്ടും ഡിജിപിയും കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ നിയോഗിച്ച 3 അംഗ സമിതിയും അതു പൂഴ്‌ത്തിയിരുന്നു. റിപ്പോർട്ടിൽ ഒരു നടപടിയും വേണ്ടെന്നായിരുന്നു പൊലീസ് ആസ്ഥാനത്തെ തപാൽ വോട്ട് കൈകാര്യം ചെയ്യുന്ന നോഡൽ ഓഫിസറായ എഐജിക്കു ലഭിച്ച നിർദ്ദേശം.

തുടർന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ കഴിഞ്ഞ ദിവസം ഫോണിൽ വിളിച്ചു. തപാൽ വോട്ട് ചെയ്യാൻ എത്തുന്നവരെ നേതാക്കൾ ഭീഷണിപ്പെടുത്തിയാൽ ഡിജിപിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നു മുന്നറിയിപ്പു നൽകി. തപാൽ വോട്ട് ചെയ്യാൻ പൊലീസുകാർ എത്തുന്ന ബൂത്തുകൾക്കു മുന്നിൽ നിൽക്കുന്ന അസോസിയേഷൻ നേതാക്കൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ വയർലെസ് സന്ദേശത്തിലൂടെ ജില്ലാ പൊലീസ് മേധാവികൾക്ക് അദ്ദേഹം ഉടൻ നിർദ്ദേശം നൽകി.

ഇതിനു പിന്നാലെ തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവി അടക്കം പല ഉദ്യോഗസ്ഥരും വയർലെസ് സെറ്റിലൂടെ മുന്നറിയിപ്പ് ആവർത്തിച്ചു. ഭീഷണിപ്പെടുത്തുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി ഉണ്ടാകുമെന്നാണു തിരുവനന്തപുരം റൂറൽ എസ്‌പി പറഞ്ഞത്. നിഷ്പക്ഷരായ പൊലീസുകാർ വോട്ടു ചെയ്യാനെത്തുമ്പോൾ ഇടതു സ്ഥാനാർത്ഥിക്കു വോട്ട് ചെയ്യണമെന്നും അതിന്റെ ഫോട്ടോ മൊബൈലിൽ എടുത്തു തങ്ങളെ കാണിക്കണമെന്നുമാണു നേതാക്കൾ ആവശ്യപ്പെട്ടത്. ചെയ്തില്ലെങ്കിൽ ഭരണം വരുമ്പോൾ അനുഭവിക്കുമെന്ന ഭീഷണിയും. പലരും ഈ ഭീഷണിക്ക് വഴങ്ങുകയാണെന്നാണ് ആക്ഷേപം.

അതേസമയം വിമർശനങ്ങളൊന്നും വകവെക്കാതെ അസോസിയേഷൻ നേതാക്കൾ പല മണ്ഡലങ്ങളിലും ഇടപെടൽ തുടരുകയാണ്. അരുവിക്കര മണ്ഡലത്തിലെ തപാൽ വോട്ട് പോളിങ് സ്റ്റേഷനായ വെള്ളനാട് എൽപിഎസിൽ തിങ്കളാഴ്ച പേരൂർക്കട എസ്എപി ക്യാംപിലെ അസോസിയേഷൻ നേതാവാണ് തമ്പടിച്ചത്. ഇദ്ദേഹം എസ്എപിയിലെ എപിഎസ്‌ഐ ആണ്. പൊലീസുകാർ പരാതിപ്പെട്ടതോടെ ആര്യനാട് സ്റ്റേഷൻ ഹൗസ് ഓഫിസർ എത്തി ഇദ്ദേഹത്തോടു പുറത്തു പോകാൻ ആവശ്യപ്പെട്ടു. നേതാവ് വഴങ്ങിയില്ല. തുടർന്നു സ്റ്റേഷനിലേക്കു മടങ്ങിയ സിഐ ആര്യനാടു സ്റ്റേഷനിലെ ജനറൽ ഡയറിയിൽ ഇക്കാര്യം രേഖപ്പെടുത്തി. എന്നിട്ടും ജില്ലാ പൊലീസ് മേധാവിക്കോ ഡിജിപിക്കോ ഒരു നടപടിയെടുക്കാനും കഴിഞ്ഞില്ല.

വട്ടിയൂർക്കാവ് മണ്ഡലത്തിലെ തപാൽ വോട്ട് രേഖപ്പെടുത്തുന്ന കനകനഗർ സ്‌കൂളിൽ അസോസിയേഷന്റെ സിറ്റി ജില്ലാ കമ്മിറ്റി നേതാവാണു വിരട്ടാൻ എത്തിയത്. പേരൂർക്കട സ്റ്റേഷനിലെ കോൺസ്റ്റബിളാണ് ഇദ്ദേഹം. വോട്ടു ചെയ്യാനെത്തിയ ട്രാഫിക് സ്റ്റേഷനിലെ കോൺസ്റ്റബിളുമായി സ്‌കൂളിനു മുൻപിൽ വാക്കേറ്റമുണ്ടായി. സ്‌പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോൾ നേതാവ് തടിതപ്പി. നേതാക്കൾക്ക് ഡ്യൂട്ടി പോലും നൽകാതെ രാഷ്ട്രീയം കളിക്കാൻ വിട്ടിരിക്കുകാണ് മേലുദ്യോഗസ്ഥർ. തപാൽ വോട്ട് ചൊവ്വാഴ്ച കൂടി രേഖപ്പെടുത്താം.

അതേസമയം തപാൽ വോട്ട് ചെയ്യിക്കാനായി വോട്ടർമാരുടെ വീട്ടിലെത്തുന്ന പോളിങ് ഉദ്യോഗസ്ഥർ, അവർ എത്തുന്ന വിവരം മുൻകൂട്ടി സ്ഥാനാർത്ഥിയെ അറിയിച്ചിരിക്കണമെന്നു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ചു. ഈ മാസം 13ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ സംസ്ഥാനങ്ങളിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർമാർക്ക് അയച്ച മാർഗനിർദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ, ഈ നിർദ്ദേശം പാലിക്കപ്പെടുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. വീട്ടിൽ വോട്ടു ചെയ്യിക്കാൻ എത്തുന്ന പോളിങ് സംഘം ചില സ്ഥാനാർത്ഥികളെ മുൻകൂട്ടി വിവരം അറിയിക്കുന്നില്ലെന്നു പരാതിയുണ്ട്. ഇത്തരത്തിൽ അറിയിക്കണമെന്ന നിർദേശമില്ലെന്നാണ് ചില ഉദ്യോഗസ്ഥർ വാദിക്കുന്നത്.

80 വയസ്സിനു മേലുള്ളവർ, ഭിന്നശേഷിക്കാർ, കോവിഡ് പോസിറ്റീവായവർ, ക്വാറന്റീനിൽ കഴിയുന്നവർ എന്നിവർക്കാണ് തപാൽ വോട്ട്, ബിഎൽഒമാർ വീട്ടിലെത്തി കൈമാറുന്ന അപേക്ഷ പൂരിപ്പിച്ച് ഒപ്പിട്ടു നൽകുന്നവർക്കു മാത്രമേ തപാൽ വോട്ട് അനുവദിക്കൂ. ഇങ്ങനെ അനുവദിക്കുന്നവരുടെ പട്ടിക സ്ഥാനാർത്ഥികൾക്കു കൈമാറണം. തപാൽ വോട്ടു ചെയ്യിക്കാൻ എത്തുന്ന വിവരവും മുൻകൂട്ടി അറിയിക്കണം. വോട്ടെടുപ്പ് സ്ഥാനാർത്ഥിക്കോ പ്രതിനിധിക്കോ ബൂത്ത് ഏജന്റിനോ പുറത്തുനിന്നു നിരീക്ഷിക്കാം.

നിരീക്ഷിക്കുന്നവരുടെ ഹാജർ പോളിങ് ഓഫിസർ രേഖപ്പെടുത്തണം. അതേസമയം, രേഖപ്പെടുത്തുന്ന വോട്ട് പെട്ടിയിൽ തന്നെ നിക്ഷേപിക്കണമെന്നു മാർഗനിർദേശത്തിലില്ല. അതിനാൽ, ശേഖരിക്കുന്ന വോട്ടുകൾ തിരികെ ഓഫിസിലെത്തിച്ച് സ്‌ട്രോങ് റൂമിലേക്കു മാറ്റുന്നതു വരെ തിരിമറി നടത്താനുള്ള സാധ്യത ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതു കണക്കിലെടുത്ത്, ശേഖരിക്കുന്ന വോട്ടുകൾ ഓഫിസിലെത്തിച്ച് പെട്ടിയിലാക്കി സീൽ ചെയ്ത് സ്‌ട്രോങ് റൂമിലേക്കു മാറ്റുന്നതു വരെ സ്ഥാനാർത്ഥിയുടെ പ്രതിനിധിക്ക് നിരീക്ഷിക്കാൻ അവസരം നൽകാൻ ചില കലക്ടർമാർ തീരുമാനിച്ചിട്ടുണ്ട്.

20,441 ബൂത്തുകളിൽ വെബ് കാസ്റ്റിങ്

കള്ളവോട്ട് തടയാൻ കഴിയുംവിധം 20,441 പോളിങ് ബൂത്തുകളിൽ വെബ് കാസ്റ്റിങ് സൗകര്യം ഒരുക്കിയതായി തിരഞ്ഞെടുപ്പ് കമ്മിഷൻ ഹൈക്കോടതിയിൽ അറിയിച്ചു. വോട്ടർ പട്ടികയിലെ ഇരട്ട/വ്യാജ വോട്ടുകൾ സംബന്ധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജി പരിഗണിച്ചപ്പോഴാണ് കമ്മിഷൻ ഇക്കാര്യം വ്യക്തമാക്കിയത്.

സിഎപിഎഫും കേരള പൊലീസും ഉൾപ്പെടെ സംഘർഷബാധിത പോളിങ് സ്റ്റേഷനുകളിൽ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഇതുകൂടാതെ, കേന്ദ്രസർക്കാർ, പൊതു മേഖല സ്ഥാപനങ്ങളിൽനിന്നു സൂക്ഷ്മ നിരീക്ഷകരെയും അധിക ജാഗ്രതയ്ക്കായി നിയോഗിച്ചിട്ടുണ്ടെന്നും കമ്മിഷൻ വിശദീകരിച്ചു.

വോട്ടർപട്ടികയിൽ 3.24 ലക്ഷം ഇരട്ടവോട്ടുകളും 1.09 ലക്ഷം വ്യാജവോട്ടുകളും ഉൾപ്പെട്ടിട്ടുണ്ടെന്നാരോപിച്ചാണ് ചെന്നിത്തല ഹർജി നൽകിയത്. കമ്മിഷനു പലതവണ പരാതി നൽകിയിട്ടും മറുപടി ലഭിച്ചില്ലെന്നും ആരോപിച്ചിരുന്നു. ഇരട്ടിപ്പ് കണ്ടെത്താൻ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്ന് കമ്മിഷന്റെ അഭിഭാഷകൻ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP