Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭൂരിഭാഗവും ആഗ്രഹിക്കുന്നത് പിണറായിയെ മുഖ്യനായി വീണ്ടും കാണാൻ; മുസ്ലിം വോട്ടുകൾ ലീഗിനെ തുണയ്ക്കുമ്പോൾ കോൺഗ്രസിന് കിട്ടുന്നുമില്ല; സ്ഥാനാർത്ഥി മികവ് വിജയത്തെ സ്വാധീനിക്കുന്നതിന് കൊടുവള്ളിയും കുന്ദമംഗലവും അഴീക്കോടും സാക്ഷി; കുറ്റ്യാടിയിൽ ജയിക്കുന്നത് 'വിമത വിപ്ലവം'; ഉത്തര മലബാറിലെ ഇടത് തരംഗത്തിന്റെ കാരണങ്ങൾ ഇങ്ങനെ

ഭൂരിഭാഗവും ആഗ്രഹിക്കുന്നത് പിണറായിയെ മുഖ്യനായി വീണ്ടും കാണാൻ; മുസ്ലിം വോട്ടുകൾ ലീഗിനെ തുണയ്ക്കുമ്പോൾ കോൺഗ്രസിന് കിട്ടുന്നുമില്ല; സ്ഥാനാർത്ഥി മികവ് വിജയത്തെ സ്വാധീനിക്കുന്നതിന് കൊടുവള്ളിയും കുന്ദമംഗലവും അഴീക്കോടും സാക്ഷി; കുറ്റ്യാടിയിൽ ജയിക്കുന്നത് 'വിമത വിപ്ലവം'; ഉത്തര മലബാറിലെ ഇടത് തരംഗത്തിന്റെ കാരണങ്ങൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കണ്ണൂരിലേയും കാസർകോട്ടേയും വയനാട്ടിലേയും കോഴിക്കോട്ടേയും മറുനാടൻ സർവ്വേയിൽ നിറയുന്നത് പിണറായി വിജയൻ ഫാക്ടർ. ഭരണ വിരുദ്ധ വികാരമില്ല, പിണറായി വിജയൻ മുഖ്യമന്ത്രിയായി കാണാൻ ഭൂരിഭാഗം പേരും ആഗ്രഹിക്കുന്നു. മുസ്ലിം വോട്ട് പൗരത്വ ഭേദഗതി വിഷയത്തിൽ ഇടപെട്ടതോടെ ഇടത്തോട്ട് ചായുന്നുണ്ടെന്നും സർവ്വേ വ്യക്തമാക്കുന്നു. ഈ മേഖലയിൽ മുസ്ലിം വോട്ടുകൾ നേടാൻ മുസ്ലിം ലീഗിന് കഴിയുന്നുണ്ട്. എന്നാൽ ലീഗ് വോട്ടുകൾ പെട്ടിയിലാക്കാൻ കോൺഗ്രസിന് കഴിയുന്നതുമില്ല. ഇതാണ് കോൺഗ്രസിന് ഉത്തര മലബാറിൽ തിരിച്ചടിയാകുന്നത്.

കണ്ണൂരിലും പേരാവൂരിലും ബത്തേരിയിലും എല്ലാം ഇത് ദൃശ്യമാണ്. വ്യക്തിമികവ് ഈ തെരഞ്ഞെടുപ്പിൽ നിർണ്ണായകമാണ്. കെ എം ഷാജി, കാരാട്ട് റസാഖ്, പി.ടി.എ റഹീം തുടങ്ങിയവർ പിന്നിൽ നിൽക്കുന്നത് ഉദാഹരണം. നാദാപുരത്ത് ഇ കെ വിജയൻ എന്ന ഇടതു എംഎ‍ൽഎക്കെതിരെ ജന വികാരമുണ്ട്. ഇവിടെ ഇടതിന്റെ സാധ്യത തുലാസിലാണ്. എന്നാൽ ജനം പാർട്ടിയെ തിരുത്തിച്ച കുറ്റ്യാടിയിൽ സിപിഎം സ്ഥാനാർത്ഥി കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർക്ക് നല്ല ലീഡ് കാണുന്നു. ഇതിന് കാരണവും കുഞ്ഞഹമ്മദ് മാസ്റ്റർക്ക് മേഖലയിലുള്ള ജനസ്വാധീനമാണ്. കൂത്തുപറമ്പിൽ ബിജെപി രണ്ടാമത് എത്തുന്നുവെന്നതും ശ്രദ്ധേയം.

കണ്ണൂരിൽ ഇടതുതരംഗമാണ് മറുനാടൻ മലയാളി റാൻഡം സർവേ പ്രവചിക്കുന്നത്. ഇരിക്കൂറിൽ മാത്രമാണ് യു.ഡി.എഫിന് നേരിയ മേൽക്കൈയുള്ളത്. അഴീക്കോട് പേരാവൂർ അടക്കം ബാക്കി 10 മണ്ഡലങ്ങളിലും എൽ.ഡി.എഫ് മുന്നിലെന്ന് സർവേ പറയുന്നു. കണ്ണൂർ, കല്ല്യാശ്ശേരി, തളിപ്പറമ്പ്, പയ്യന്നൂർ, ധർമ്മടം, തലശ്ശേരി, മട്ടന്നൂർ, പേരാവൂർ മണ്ഡലങ്ങൾ എൽഡിഎഫിനാണ് സാധ്യത പ്രവചിക്കുന്നത്. കെ എം ഷാജിയുടെ സിറ്റിങ്ങ് സീറ്റായ അഴീക്കോടും സർവേയിൽ എൽ.ഡി.എഫിനാണ് മുൻതൂക്കം കാണുന്നത്. ഇതിന് കാരണം ഷാജിക്കെതിരെ ഉയർന്ന ആരോപണങ്ങളാണ്. ഇതിനൊപ്പം കെവി സുമേഷ് എന്ന സ്ഥാനാർത്ഥിക്ക് ഈ മേഖലയിൽ വ്യക്തിപരമായി കടന്നു കയറാൻ കഴിയുന്നു. ഇടത് കോട്ടകൾ തകരാതെ നിലയുറപ്പിക്കുന്നതാണ് മറ്റൊരു ചിത്രം. പേരാവൂരിൽ പോലും നേട്ടമുണ്ടാകുന്നതിന് കാരണം ഇതാണ്.

മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന ധർമ്മടത്തും, മന്ത്രി കെ കെ ശൈലജ മത്സരിക്കുന്ന മട്ടന്നൂരിലും അവർ നല്ല ഭൂരിപക്ഷത്തിന് ജയിക്കാനുള്ള സാധ്യതയാണ് സർവേയിൽ കാണുന്നത്. എൻ.ഡി.എക്ക് സ്ഥാനാർത്ഥിയില്ലാത്ത തലശ്ശേരിയിലും അവർക്ക് 18 ശതമാനം പേരുടെ പിന്തുണ കിട്ടിയിട്ടുണ്ട്. ഈ വോട്ടുകൾ എങ്ങോട്ടുപോകും എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും അവിടുത്തെ അന്തിമ ഫലം. ബിജെപിക്കു നിർണായക സ്വാധീനമുള്ള മണ്ഡലമാണു കൂത്തുപറമ്പ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 20787 വോട്ട് നേടിയ ബിജെപി തദ്ദേശ തിരഞ്ഞെടുപ്പിൽ ഇവിടെ 27120 വോട്ട് സമാഹരിച്ചിരുന്നു. ആരു ജയിക്കണമെന്നു തീരുമാനിക്കാൻ ബിജെപി പിടിക്കുന്ന വോട്ടുകൾക്കാകും. ഇവിടെ ബിജെപി രണ്ടാമത് എത്തുമ്പോഴും എൽജെഡിയുടെ കെപി മോഹനന് ജയിക്കാനുകുമെന്നതാണ് ചിത്രം. എൽജെഡിക്ക് ലഭിക്കുന്ന ഏക സീറ്റും ഇതാകും. വടകരയിലും കൽപ്പറ്റയിലും എൽജെഡി പിന്നിലാണ്.

കുറ്റ്യാടിയിലെ സീറ്റ് കേരളാ കോൺഗ്രസിന് നൽകാത്തതും സിപിഎമ്മിന് ഗുണകരമാകുന്നു. സിപിഎമ്മിലെ പ്രാദേശിക വികാരത്തെ നേതൃത്വം അംഗീകരിച്ചതിന്റെ ആവേശം അവിടെ കാണുന്നുണ്ട്. കുറ്റ്യാടിയെ ഇടതു കോട്ടയായി കുഞ്ഞഹമ്മദ് മാറ്റുമ്പോൾ അത് ഭരണ തുടർച്ചയ്ക്ക് ഉത്തര മലബാറിന്റെ സംഭവനയാകുകയാണ് സിപിഎമ്മിന്. കൊടുവള്ളിയിൽ എംകെ മുനീറിനെ നിയോഗിച്ചതും വെറുതെയായില്ല ലീഗിനെ സംബന്ധിച്ചിടത്തോളം. മുനീറിന്റെ മികവിൽ കൊടുവള്ളിയിൽ കാരാട്ട് റസാഖിന് അടിപതറുന്നു.

കോഴിക്കോട് നോർത്തിലും സൗത്തിലും അട്ടിമറികൾ ഉണ്ടാകില്ലെന്നാണ് സൂചനകൾ. സൗത്തിൽ മുനീറിന്റെ വിജയ തുടർച്ച ലീഗ് വനിതാ സ്ഥാനാർത്ഥിയിലൂടെ തുടരുന്നു. നോർത്തിലും പ്രദീപ് കുമാറിനെ മാറ്റിയെങ്കിലും സിപിഎമ്മിന് പ്രശ്‌നമില്ല. തോട്ടത്തിൽ രവീന്ദ്രനിലൂടെ ഭൂരിപക്ഷ വോട്ടുകൾ നഷ്ടമാകാതെ നോക്കാൻ കഴിയും. മുസ്ലിം വോട്ടുകൾ ആകർഷിക്കുന്നതും ജയത്തിന് കാരണമാകും. നോർത്തിൽ മുസ്ലിം വോട്ടുകൾ സിപിഎമ്മിനും സൗത്തിൽ അത് മുസ്ലിം ലീഗിനും എന്നതാണ് അവസ്ഥ. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ചർച്ചകൾ ഇതിന് കാരണമാകുന്നുവെന്നാണ് വിലയിരുത്തൽ.

വയനാട്ടിൽ രാഹുൽ പ്രഭാവം കാണുന്നില്ലെന്നതാണ് മറുനാടൻ സർവ്വേയുടെ കണ്ടെത്തൽ. കൽപ്പറ്റയിൽ ടി സിദ്ദിഖ് ജയിച്ചെത്തുമ്പോൾ ബത്തേരിയും മാനന്തവാടിയും സിപിഎമ്മിനെ തുണക്കും. മുസ്ലിം വോട്ടുകളാണ് ഇതിൽ നിർണ്ണായകമാകുന്നത്. കോൺഗ്രസിലെ വിമത വോട്ടുകളും ബത്തേരിയിൽ സിപിഎം നേടുന്നു. വിശ്വാഥനെ സ്ഥാനാർത്ഥിയാക്കിയ തീരുമാനമാണ് ഇവിടെ നിർണ്ണായകമാകുന്നത്. മാനന്തവാടിയിലും പികെ ജയലക്ഷ്മിക്ക് കോൺഗ്രസിനെ ജയിപ്പിക്കാൻ കഴിയുന്നില്ലെന്നതാണ് വസ്തുത. ബത്തേരിയിൽ സികെ ജാനു പിടിക്കുന്ന വോട്ടുകളും നിർണ്ണായകമാണ്. ഇതും സിപിഎമ്മിന് ഈ മണ്ഡലം പിടിക്കാൻ സഹായകമാകുന്നുവെന്നതാണ് വസ്തുത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP