Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സെഞ്ചുറി കൂട്ടുകെട്ടോടെ ധവാനും രോഹിതും തുടക്കം മിന്നിച്ചു; മധ്യഓവറുകളിൽ ഋഷഭും ഹാർദികും തകർത്തടിച്ചു; വിക്കറ്റുകൾ വീണതോടെ ഇന്ത്യയ്ക്ക് പിഴച്ചത് ഫിനിഷിംഗിൽ; മൂന്നാം ഏകദിനത്തിൽ ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം 330 റൺസ്; സന്ദർശകർക്ക് വിക്കറ്റ് നഷ്ടമായി

സെഞ്ചുറി കൂട്ടുകെട്ടോടെ ധവാനും രോഹിതും തുടക്കം മിന്നിച്ചു; മധ്യഓവറുകളിൽ ഋഷഭും ഹാർദികും തകർത്തടിച്ചു; വിക്കറ്റുകൾ വീണതോടെ ഇന്ത്യയ്ക്ക് പിഴച്ചത് ഫിനിഷിംഗിൽ; മൂന്നാം ഏകദിനത്തിൽ ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം 330 റൺസ്; സന്ദർശകർക്ക് വിക്കറ്റ് നഷ്ടമായി

സ്പോർട്സ് ഡെസ്ക്

പുണെ: പുണെ: ഇംഗ്ലണ്ടിനെതിരായ നിർണായക മൂന്നാം ഏകദിന മത്സരത്തിൽ 330 റൺസ് വിജയലക്ഷ്യമുയർത്തി ഇന്ത്യ. തുടർച്ചയായ മൂന്നാം ഏകദിനത്തിലും ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 48.2 ഓവറിൽ 329 റൺസിന് ഓൾഔട്ടായി.

മറുപടി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് ഓപ്പണർമാരുടെ വിക്കറ്റുകൾ നഷ്ടമായി. 6 പന്തിൽ 14 റൺസ് എടുത്ത നിൽക്കെ ജേസൺ റോയെ ഭുവനേശ്വർ കുമാർ ബൗൾഡാക്കി. ഒന്നാം ഓവറിലെ ആദ്യ രണ്ട് പന്തുകളും ബൗണ്ടറി കടത്തി ഇന്നിങ്‌സിന് തുടക്കമിട്ട ജേസൺ അഞ്ചാം പന്തിലും ബൗണ്ടറിയടിച്ചു. എന്നാൽ ആറാം പന്തിൽ ജേസൺ റോയെ ബൗൾഡാക്കി ഭുവനേശ്വർ പകരം വീട്ടി. മൂന്നാം ഓവറിലെ അവസാന പന്തിൽ ജോണി ബെയർ സ്‌റ്റോയെ വിക്കറ്റിന് മുന്നിൽ കുരുക്കിയ ഭുവനേശ്വർ ഇംഗ്ലണ്ടിനെ ഞെട്ടിച്ചു. ഇംഗ്ലണ്ട് നിലവിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 40 റൺസ് എന്ന നിലയിലാണ്.

ശിഖർ ധവാൻ, ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ എന്നിവരുടെ ഇന്നിങ്സുകളാണ് ഇന്ത്യയെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. മധ്യ ഓവറുകളിൽ തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായില്ലായിരുന്നുവെങ്കിൽ ഇന്ത്യൻ സ്‌കോർ 350 കടക്കുമായിരുന്നു.

ആദ്യ 40 ഓവറിൽ തകർത്തടിച്ചിട്ടും അവസാന 10 ഓവറിൽ കൂറ്റൻ ഷോട്ടുകൾക്ക് 'കരുത്തർ' ക്രീസിൽ ഇല്ലാതെ പോയതാണ് ഫിനിഷിംഗിൽ പിഴച്ചത്. ഓപ്പണർ ശിഖർ ധവാൻ (56 പന്തിൽ 67), ഋഷഭ് പന്ത് (62 പന്തിൽ 78), ഹാർദിക് പാണ്ഡ്യ (44 പന്തിൽ 64) എന്നിവരുടെ അർധസെഞ്ചുറി പ്രകടനങ്ങളാണ് ഇന്ത്യൻ ഇന്നിങ്‌സിന് കരുത്തായത്. അവസാന ഓവറുകളിൽ തകർത്തടിച്ച് 21 പന്തിൽ ഒരു ഫോറും മൂന്നു സിക്‌സും സഹിതം 30 റൺസെടുത്ത ഷാർദുൽ താക്കൂറിന്റെ ഇന്നിങ്‌സും നിർണായകമായി.

പരമ്പരയിലാദ്യമായി തകർപ്പൻ സെഞ്ചുറി കൂട്ടുകെട്ടുമായി ഓപ്പണർമാർ ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ച മത്സരത്തിൽ, അവസാന ഓവറുകളിൽ പ്രതീക്ഷിച്ച രീതിയിൽ റൺനിരക്ക് ഉയർത്താനാകാതെ പോയതോടെയാണ് ഇന്ത്യ 329 റൺസിൽ ഒതുങ്ങിയത്. സെഞ്ചുറികളൊന്നും പിറന്നില്ലെങ്കിലും സെഞ്ചുറി പിന്നിട്ട ഓപ്പണിങ് കൂട്ടുകെട്ടും സെഞ്ചുറിയുടെ തൊട്ടടുത്തെത്തിയ ഹാർദിക് പാണ്ഡ്യ ഋഷഭ് പന്ത് കൂട്ടുകെട്ടുമാണ് ഇന്ത്യൻ ഇന്നിങ്‌സിന്റെ നട്ടെല്ല്.

ഓപ്പണിങ് വിക്കറ്റിൽ 91 പന്തിൽനിന്ന് 103 റൺസ് അടിച്ചുകൂട്ടിയ രോഹിത് ധവാൻ സഖ്യം, ഒട്ടേറെ നാഴികക്കല്ലുകളും പിന്നിട്ടു. പിന്നീട് വിക്കറ്റുകൾ കൊഴിഞ്ഞെങ്കിലും അഞ്ചാം വിക്കറ്റിൽ വെറും 73 പന്തിൽനിന്ന് 99 റൺസടിച്ച ഹാർദിക് പാണ്ഡ്യ ഋഷഭ് പന്ത് സഖ്യമാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോർ ഉറപ്പാക്കിയത്.

ധവാൻ 67 പന്തിൽ 10 ഫോറുകളോടെയാണ് 67 റൺസെടുത്തത്. ഏകദിനത്തിൽ തന്റെ ഉയർന്ന സ്‌കോർ കണ്ടെത്തിയ പന്ത്, 62 പന്തിൽ അഞ്ച് ഫോറും നാലു സിക്‌സും സഹിതം 78 റൺസെടുത്തു. കഴിഞ്ഞ മത്സരത്തിൽ നേടിയ 77 റൺസിന്റെ റെക്കോർഡാണ് പന്ത് മറികടന്നത്. ഏകദിനത്തിലെ 11ാം അർധസെഞ്ചുറി കുറിച്ച പാണ്ഡ്യ 44 പന്തിൽ അഞ്ച് ഫോറും നാലു സിക്‌സും സഹിതം 64 റൺസെടുത്തു.

രോഹിത് ശർമ (37 പന്തിൽ ആറു ഫോറുകളോടെ 37), ഷാർദുൽ താക്കൂർ (21 പന്തിൽ ഒരു ഫോറും മൂന്നു സിക്‌സും സഹിതം 30), ക്രുണാൽ പാണ്ഡ്യ (34 പന്തിൽ 25) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. അതേസമയം, ക്യാപ്റ്റൻ വിരാട് കോലി (10 പന്തിൽ ഏഴ്), കെ.എൽ. രാഹുൽ (18 പന്തിൽ ഏഴ്) എന്നിവർ നിരാശപ്പെടുത്തി. ഇംഗ്ലണ്ടിനായി മാർക്ക് വുഡ് ഏഴ് ഓവറിൽ 34 റൺസ് വഴഹ്ങി മൂന്നു വിക്കറ്റെടുത്തു. ആദിൽ റഷീദ് ഓപ്പണർമാരെ പുറത്താക്കിയെങ്കിലും 10 ഓവറിൽ 81 റൺസ് വഴങ്ങി. സാം കറൻ, റീസ് ടോപ്‌ലി, ബെൻ സ്റ്റോക്‌സ്, മോയിൻ അലി, ലിയാം ലിവിങ്സ്റ്റൺ തുടങ്ങി ഇംഗ്ലണ്ട് നിരയിൽ പന്തെറിഞ്ഞവർക്കെല്ലാം വിക്കറ്റ് ലഭിച്ചു.

ഓപ്പണിങ് വിക്കറ്റിൽ 14.4 ഓവറിൽ 103 റൺസടിച്ചുകൂട്ടിയാണ് രോഹിത് ധവാൻ സഖ്യം ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകിയത്. കഴിഞ്ഞ മത്സരത്തിലെ മെല്ലെപ്പോക്കിന്റെ പരാതി തീർത്ത ഇരുവരും ഓവറിൽ ശരാശരി ആറു റൺസ് എന്ന നിലയിലാണ് മുന്നേറിയത്. 48 പന്തിൽ ഇരുവരും ഇന്ത്യയെ 50 കടത്തി. അടുത്ത 50 റൺസിലേക്ക് വേണ്ടിവന്നത് വെറും 36 പന്തുകൾ മാത്രം. ഇതിനിടെ 44 പന്തിൽ ഒൻപത് ഫോറുകളോടെ ധവാൻ ഏകദിനത്തിലെ 32ാം അർധസെഞ്ചുറി തികച്ചു.

ഇന്ത്യ കൂറ്റൻ സ്‌കോറിലേക്കെന്ന് കരുതിയിരിക്കെയാണ് ആദിൽ റഷീദ് കളിതിരിച്ചത്. പിന്നീട് വെറും 18 റൺസിനിടെ ഇന്ത്യയ്ക്ക് നഷ്ടമായത് മൂന്നു നിർണായക വിക്കറ്റുകൾ. 37 പന്തുകൾ നേരിട്ട് ആറു ഫോറുകൾ സഹിതം 37 റൺസെടുത്ത രോഹിത് ശർമയാണ് ആദ്യം പുറത്തായത്. ആദിൽ റഷീദിന്റെ ഗൂഗ്ലിയിൽ ക്ലീൻ ബൗൾഡ്! അധികം വൈകാതെ ധവാനും പുറത്തായി. കൃത്യമായ ഇടവേളകളിൽ ഫോറുകൾ കണ്ടെത്തി സ്‌കോറുയർത്തിയ ധവാനെ റഷീദ് സ്വന്തം ബോളിങ്ങിൽ പിടികൂടി. 56 പന്തിൽ 10 ഫോറുകൾ സഹിതം 67 റൺസായിരുന്നു സമ്പാദ്യം. അധികം വൈകാതെ കോലിയും മടങ്ങി. 10 പന്തിൽ ഒരേയൊരു ഫോർ സഹിതം ഏഴു റൺസെടുത്ത കോലിയെ മോയിൻ അലി ക്ലീൻ ബൗൾഡാക്കി.

കഴിഞ്ഞ മത്സരത്തിലെ 'സെഞ്ചൂറിയൻ' കെ.എൽ. രാഹുലിനും ശോഭിക്കാനായില്ല. 18 പന്തുകൾ േനരിട്ട ഏഴു റൺസ് മാത്രമെടുത്ത രാഹുലിനെ ലിവിങ്സ്റ്റൺ മോയിൻ അലിയുടെ കൈകളിലെത്തിച്ചു. ഇതിനു പിന്നാലെയായിരുന്നു ഇന്ത്യയ്ക്ക് മികച്ച സ്‌കോർ ഉറപ്പാക്കിയ പന്ത് പാണ്ഡ്യ കൂട്ടുകെട്ട്. ഇന്ത്യൻ നിരയിലെ പവർഹിറ്റർമാർ ക്രീസിൽ ഒരുമിച്ചതോടെ ആരാധകർ ആവേശത്തിലായി. തകർത്തടിച്ച് മുന്നേറിയ ഇരുവരും ഇന്ത്യൻ സ്‌കോർ 250 കടത്തിയശേഷമാണ് പിരിഞ്ഞത്. കന്നി സെഞ്ചുറി ലക്ഷ്യമിട്ട് നീങ്ങിയ പന്തിനെ പുറത്താക്കി സാം കറനാണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ ഹാർദിക് പാണ്ഡ്യയും (44 പന്തിൽ 64) പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.

പിന്നീട് ഷാർദുൽ താക്കൂറിന്റെ കടന്നാക്രമണവും (21 പന്തിൽ 30) ക്രുണാൽ പാണ്ഡ്യയുടെ കരുതലുമാണ് (34 പന്തിൽ 25) ഇന്ത്യൻ സ്‌കോർ 300 കടത്തിയത്. വാലറ്റം അതിവേഗം കീഴടങ്ങിയതോടെ ഇന്ത്യ 329 റൺസിൽ പോരാട്ടം അവസാനിപ്പിച്ചു. ഭുവനേശ്വർ കുമാർ (3), പ്രസിദ്ധ് കൃഷ്ണ (0) എന്നിവരാണ് പുറത്തായ മറ്റുള്ളവർ.

ഓരോ മാറ്റങ്ങളുമായാണ് ഇരു ടീമുകളും നിർണാക മത്സരത്തിന് ഇറങ്ങിയത്. ഇന്ത്യ കുൽദീപ് യാദവിനെ ഒഴിവാക്കി പകരം പേസർ ടി.നടരാജനെ ഉൾപ്പെടുത്തി. ഇംഗ്ലണ്ട് നിരയിൽ ടോം കറന് പകരം മാർക്ക് വുഡ് തിരിച്ചെത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP